പന്നികളിൽ ഭീമൻ
പന്നികളിൽ ഭീമൻ
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പന്നി എന്ന ബഹുമതി 2009 ഫെബ്രുവരി അഞ്ചിന് അന്ത്യശ്വാസം വലിച്ച ഒരു ഭീമാകാരനായിരുന്നു. ഇംഗ്ലണ്ടിലെ ലയണിംഗ് പ്രൊവിൻഷ്യൽ അഗ്രികൾച്ചറൽ മ്യൂസിയത്തിൽ സംരക്ഷിച്ചിരുന്ന ആ ഭീമൻ പന്നിയുടെ ഭാരം 900 കിലോഗ്രാം (1984 പൗണ്ട്) ആയിരുന്നു. അന്ത്യശ്വാസം വലിക്കുമ്പോൾ അതിന് 2.5 മീറ്റർ നീളവും നാസികയ്ക്ക് 14.4 സെന്റിമീറ്റർ നീളവുമാണ് ഉണ്ടായിരുന്നത്. എന്നാൽ, ലോകചരിത്രത്തിലെ ഏറ്റവും ഭാരമേറിയ പന്നി എന്ന പദവി ബിഗ് ബില്ലിന് ആയിരുന്നു.

അമേരിക്കയിലെ ടെന്നസിയിലുള്ള ജാക്സണിൽ ജീവിച്ചിരുന്ന എലിയാസ് ബുഫോർഡ് ബടലറായിരുന്നു അവന്റെ യജമാൻ. പോളണ്ട് സ്വദേശിയായ പിതാവിനും ചൈനക്കാരിയായ മാതാവിനും ജനിച്ചതായിരുന്നു ബിഗ് ബിൽ. ചിക്കാഗോ വേൾഡ് ഫെയറിൽ പങ്കെടുത്ത അവന്റെ ഉയരം അഞ്ചടിയും നീളം ഒമ്പതടിയും ആയിരുന്നു. എക്കാലവും ജീവിച്ചിരുന്നതിൽ ഏറ്റവും വലിയ പന്നിയും ബിഗ്ബിൽ തന്നെ. 1933ൽ ചാകുമ്പോൾ അവന് 1,157 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു.


അമേരിക്കക്കാരനായ ജാമിസൺ സ്റ്റോണിന്റെ പതിനൊന്നുകാരനായ മകൻ ഉപദ്രവകാരിയായ ഒരു ഭീമൻ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. അതിന്റെ ഭാരം 1,051 പൗണ്ടും നീളം ഒമ്പതടി നാലിഞ്ചും ആയിരുന്നു. അലബാമ സംസ്‌ഥാനത്തെ ഒരു വനപ്രദേശത്തായിരുന്നു അതിന്റെ വാസം. ഹോഗ്സില്ല എന്നു പേരുള്ള മറ്റൊരു കൂറ്റൻ കാട്ടുപന്നിയെക്കുറിച്ചും ജന്തുശാസ്ത്ര ചരിത്രത്തിനു പറയാനുണ്ട്. അമേരിക്കയിലെതന്നെ ജോർജിയയിലുള്ള അലഫഹ ഗ്രാമത്തിൽ ജീവിച്ചിരുന്ന ക്രിസ് ഗിഫിൻ എന്ന കർഷകന്റെ വെടിയേറ്റാണു ഹോഗ്സില്ല ജീവൻ വെടിഞ്ഞത്. 2004 ജൂൺ 17ന് കെൻ ഹോളിയോക് എന്ന ധനാഢ്യന്റെ മത്സ്യഫാമിലായിരുന്നു വെടിവയ്പ്. ഹോഗ്സില്ലയുടെ നാസിക മുതൽ വാലറ്റം വരെ നീളം 12 അടിയും ഭാരം 450 കിലോഗ്രാമും ആയിരുന്നു.