വീണ്ടും തിളങ്ങി കെൻ ലോച്ച്
വീണ്ടും തിളങ്ങി കെൻ ലോച്ച്
ആക്ഷൻ... മൂവി കാമറയുടെ പിന്നിൽ നിലയുറപ്പിച്ച് കെന്നത്ത് കെൻ ലോച്ച് ഇങ്ങനെ നിർദേശിക്കുമ്പോൾ അഭിനേതാക്കൾ അടക്കമുള്ള സഹപ്രവർത്തകർ മാത്രമല്ല, അന്തരീക്ഷവും ജീവസുറ്റതാകും. ആയുസിന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പ്രായം കൂടുതൽ പിറകിലേക്ക് പോവുകയാണോ എന്ന പ്രതീതി ഉടലെടുക്കും. കാൻ ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമാ ജീവിതത്തിലെ രണ്ടാമത്തെ പാം ഡി ഓർ (ഗോൾഡൻ പാം) പുരസ്കാരത്തിന് കഴിഞ്ഞ ദിവസം അർഹനായ ലോച്ചിന്റെ ഹാപ്പി ബർത്ത്ഡേ അടുത്ത മാസം 17 നാണ്. ലോകപ്രശസ്തനായ ഈ ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകന് അന്ന് 80 വയസ് തികയും. മാനവികതയെയാണ് ഈ കലാകാരൻ എക്കാലവും നെഞ്ചോടു ചേർത്തിട്ടുള്ളത്.

ആദ്യം സ്വാധീനിച്ചത് ദ് ബൈസിക്കിൾ തീവ്സ്

ജോൺ ലോച്ചിന്റെയും വിവിയന്റെയും മകനായി വാർവിക്ക്ഷെയറിൽ ജനിച്ച കെൻ ലോച്ചിന് ബാല്യത്തിൽ സിനിമയോട് യാതൊരു താത്പര്യവും തോന്നിയില്ല. നാടകങ്ങളോടായിരുന്നു കമ്പം. സ്ട്രാറ്റ്ഫോർഡിൽ ഷേക്സ്പിയറിനെ കാണാനുള്ള ആഗ്രഹം കൗമാരം കടന്നപ്പോഴും മനസിൽ ബാക്കി. 1950കളുടെ അവസാനം ദ് ബൈസിക്കിൾ തീവ്സ് എന്ന ചലച്ചിത്രം കാണാനിടയായി. സിനിമ, സാധാരണക്കാരന്റെയും അവരുടെ വിഷമവൃത്തങ്ങളുടെയും കഥയാണെന്ന് ബോധ്യപ്പെട്ടു. താരങ്ങളുടെയും സമ്പന്നരുടെയും ബുദ്ധിശൂന്യമായ സാഹസികതകളുടെയും സിനിമയായിരുന്നില്ലല്ലോ ദ് ബൈസിക്കിൾ തീവ്സ്. നാടകത്തിന്റെ അതിരുകൾക്കുള്ളിൽ നിന്ന് ടെലിവിഷൻ പരിപാടികളുടെ നിർമാണവുമായി കഴിയവേയാണ് മിലോസ് ഫോർമാന്റെ ചെക്ക് ചലച്ചിത്രമായ എ ബ്ലോണ്ട് ഇൻ ലൗ കണ്ടത്. ആളുകളുടെയും കുടുംബങ്ങളുടെയും കഥ ലളിതമായി പറയുന്ന ചിത്രം ദ് ബൈസിക്കിൾ തീവ്സ് പോലെ ലോച്ചിനെ വല്ലാതെ സ്വാധീനിച്ചു.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ാമ്യ25ൗമ2.ഷുഴ മഹശഴി=ഹലളേ>

ആവിഷ്കാരത്തിൽ ആത്മാർഥത

നാടകത്തിന്റെ ആധാരശിലയിൽ നിന്നു വെള്ളിത്തിരയുടെ വിസ്മയലോകത്ത് രംഗപ്രവേശം ചെയ്തപ്പോഴും ആവിഷ്കാരത്തിൽ പുലർത്തുന്ന ആത്മാർഥതയ്ക്ക് അൽപ്പവും ഇടിവ് സംഭവിച്ചില്ല. പ്രായം 81 ആകുമ്പോഴും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ, ഇരുത്തം വന്ന ഈ സംവിധായകൻ സ്വതസിദ്ധമായ റിയലിസ്റ്റിക് അപ്രോച്ച് തുടരുമെന്നതിൽ സംശയമില്ല. പുവർ കൗ ആണ് ആദ്യ ചലച്ചിത്രം. നെൽ ഡണ്ണുമായി ചേർന്ന് ലോച്ച് തന്നെ ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചു. അടുത്ത ചിത്രമായ കെസ് പതിനഞ്ചുകാരനായ ബില്ലി കാസ്പറിന്റെ കഥ പറയുന്നു. പതിന്നാല് വയസിനുള്ളിൽ കാണേണ്ട 50 ചലച്ചിത്രങ്ങളുടെ ഗണത്തിൽ ഈ സിനിമ ആദ്യ പത്തിൽ ഉൾപ്പെട്ടു. 1991 –ൽ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ റിഫ് റാഫിലും 2001– ൽ പുറത്തിറങ്ങിയ ദ് നാവിഗേറ്റേഴ്സിലും തൊഴിൽ അവകാശങ്ങളാണ് പ്രമേയം. സ്പാനിഷ് സിവിൽ യുദ്ധം പശ്ചാത്തലമാക്കിയുള്ള ലാൻഡ് ആൻഡ് ഫ്രീഡം, കുട്ടികളുടെ സാഹസികചിത്രമായ ബ്ലാക്ക് ജാക്ക് എന്നിങ്ങനെ ഫീച്ചർ ഫിലിമുകളുടെ നിര നീളുന്നു. ലുക്കിംഗ് ഫോർ എറിക് എന്ന ചിത്രം ഒരു ഫുട്ബോൾ കോമഡിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന എറിക് കന്റോണയാണ് ചിത്രത്തിലെ ഒരു ആകർഷണം. എറിക് കന്റോണയുടെ സുന്ദരമായ ഒരു പാസിൽ നിന്നാണ് എല്ലാം ആരംഭിച്ചത് എന്ന വാചകത്തോടെ ആരംഭിക്കുന്ന സിനിമ ലോച്ചിന്റെ മറ്റു ഗൗരവപരമായ ചിത്രങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തം. മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന അമേരിക്കൻ അഭിഭാഷകന്റെ ജീവിതത്തിലൂടെ ബ്രിട്ടണിലെ തീവ്രവാദത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഹിഡൻ അജണ്ട. ദേവാലയത്തിലെ ചടങ്ങുമായി ബന്ധപ്പെട്ട് മകൾക്ക് പുതിയ വസ്ത്രം വാങ്ങി നൽകാനാവാത്ത പിതാവിന്റെ മാനസികവ്യഥയും പണം സ്വരൂപിക്കാനുള്ള പ്രയത്നങ്ങളും വിവരിക്കുന്നു റെയ്നിംഗ് സ്റ്റോൺസ്. നിയമങ്ങൾ തച്ചുടച്ച് തന്റെ സിനിമ കാണാൻ ടീനേജുകാരോട് കെൻ ലോച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വീറ്റ് സിക്സ്റ്റീൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലായിരുന്നു ലോച്ചിന്റെ ഈ ആഹ്വാനം. ചിത്രത്തിലെ ചില അശ്ലീലപദപ്രയോഗങ്ങളുടെ പേരിൽ ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ ലോച്ചിനെതിരേ ശബ്ദമുയർത്തിയെങ്കിലും 2002–ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വീറ്റ് സിക്സ്റ്റീൻ നേടി.


ഐ, ഡാനിയൽ ബ്ലേക്ക്

ഐ, ഡാനിയൽ ബ്ലേക്ക് എന്ന ഏറ്റവും പുതിയ ചിത്രമാണ് ലോച്ചിനെ മികച്ച സിനിമയുടെ സംവിധായകനുള്ള ഗോൾഡൻ പാം പുരസ്കാരത്തിലേക്ക് നയിച്ചത്. ലോച്ചിന് പാം ഡി ഓർ ബഹുമതി ആദ്യം ലഭിച്ചത് 2006–ൽ. ബ്രിട്ടനോട് പൊരുതാനിറങ്ങുന്ന ഐറിഷ് പോരാളികളായ ഡോക്ടറിന്റെയും സഹോദരന്റെയും കഥ പറഞ്ഞ ദ് വിൻഡ് ദാറ്റ് ഷേക്ക്സ് ദ് ബാർലിയാണ് പുരസ്കാരത്തിന് ലോച്ചിനെ അർഹനാക്കിയത്. ഐ, ഡാനിയൽ ബ്ലേക്ക് പതിറ്റാണ്ടുകൾക്കിടയിൽ വീണ്ടും ലോച്ചിനെ സമ്മാനജേതാവാക്കുമ്പോൾ മറ്റൊരു സവിശേഷത കൂടിയുണ്ട്. രണ്ടു തവണ കാൻ പുരസ്കാരം പ്രാപ്തമായ ലോകത്തിലെ ഒമ്പതു സംവിധായകരുടെ പട്ടികയിൽ ലോച്ചും ഇടം പിടിച്ചു. അമ്പതിലേറെ ചിത്രങ്ങളുടെ സംവിധായകനായ ലോച്ച് പതിമൂന്നാം തവണയാണ് കാനിൽ സിനിമയുമായി എത്തുന്നത്. ബ്രിട്ടനിൽ ചെലവു ചുരുക്കലിന്റെ കാലത്ത് ഹൃദയാഘാതത്തിനു ശേഷം ജീവിക്കാൻ പെടാപ്പാട് പെടുന്ന വൃദ്ധന്റെ കഥയാണ് ഐ, ഡാനിയൽ ബ്ലേക്ക്. മരപ്പണിക്കാരനായ ഡാനിയൽ ബ്ലേക്കിന് ഹൃദയാഘാതം നേരിടുന്നു. അദ്ദേഹത്തോട് ഡോക്ടർമാർ നടുക്കുന്ന ആ സത്യം പറയുന്നു. ഇനി ഒരിക്കലും അദ്ദേഹത്തിന് ഈ ജോലി ചെയ്യാനാവില്ല. അതേ സമയം, വർക്ക് ആൻഡ് പെൻഷൻസ് ഡിപ്പാർട്ട്മെന്റിന്റെ വിലയിരുത്തൽ പ്രകാരം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. ബ്ലേക്ക് പൂർണ ആരോഗ്യവാനാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ചുരുക്കത്തിൽ ബ്ലേക്കിനെ കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്നതായിരുന്നു ആ നടപടി. പ്രതിഷേധത്തിന്റെ സ്വരം വ്യക്‌തമാക്കുന്ന ഈ കലാസൃഷ്ടിയിൽ ഹൃദയസ്പർശിയായ പ്രകടനമാണ് നായകനായ ബ്ലേക്കിന് ജീവൻ നൽകിയ ഡേവ് ജോൺസിന്റേത്. ന്യൂകാസ്റ്റിൽ നഗരത്തിൽ ബ്ലേക്കിന്റെ സുഹൃത്താകുന്ന കേയ്റ്റിനെ ഹെയ്ലേ സ്ക്വിയ്ഴ്സ് അവതരിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മയും വിധവയുമാണ് കേയ്റ്റ്. ബ്രിട്ടന്റെ ക്ഷേമപദ്ധതികളുടെ പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്ന ഐ, ഡാനിയൽ ബ്ലേക്കിലൂടെ താൻ നേരത്തെ സ്വീകരിച്ചിട്ടുള്ള കടുത്ത നിലപാടുകളിൽ നിന്നു തെല്ലും മാറിയിട്ടില്ലായെന്ന പ്രഖ്യാപനം കൂടിയാണ് ലോച്ച് നിർവഹിക്കുന്നത്.

ഗോൾഡൻ പാം പുരസ്കാരം സ്വീകരിച്ച് ഫ്രാൻസിലെ ഗ്രാൻഡ് തിയറ്റർ ഡി ലൂമിയേഴ്സിലെ പ്രൗഢഗംഭീരമായ സദസിനെ അഭിവാദ്യം ചെയ്ത് കെൻ ലോച്ച് പറഞ്ഞു: എന്റെ ടീം അംഗങ്ങൾക്ക്, എഴുത്തുകാരൻ പോൾ ലവേർട്ടിക്ക്, നിർമാതാവ് റെബേക്ക ഒ ബ്രയന്, എല്ലാപേർക്കും നന്ദി. കാൻ ചലച്ചിത്രോത്സവത്തിലെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി. ദാക്ഷിണ്യമില്ലാത്ത നമ്മുടെ ലോകം ഒരു ദുരന്തത്തിന്റെ വക്കിലാണ്. അപ്പോൾ മറ്റൊരു ലോകം സാധ്യമാണ് എന്ന പ്രതീക്ഷ നമ്മൾ നൽകേണ്ടിയിരിക്കുന്നു. സുഖോപഭോഗനിഷേധത്തിന്റെ അപകടകരമായ വക്കിലാണ് നാം. നിയോ– ലിബറലിസം എന്ന് വിളിക്കുന്ന ആശയങ്ങളാൽ ഇവ നിയന്ത്രിക്കപ്പെടുന്നു. എന്തായാലും, മഹാവിപത്തിലാണ് എത്തിനിൽക്കുന്നത്... നിരവധി ബഹുമതികളും പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള കെൻ ലോച്ച് ഓർമിപ്പിക്കുന്നത് മുന കൂർത്ത യാഥാർഥ്യങ്ങളാണ്. അനുഭവങ്ങളാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠങ്ങൾ.

<യ> –ഗിരീഷ് പരുത്തിമഠം