കടിച്ചെടുത്ത ജീവിതം
കടിച്ചെടുത്ത ജീവിതം
രണ്ടര വയസിൽ പോളിയോ ബാധിച്ചതിന്റെ ലക്ഷണം ശരീരത്തിൽ പ്രകടമായി. ശരീരം ശോഷിച്ചുതുടങ്ങി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലെ കുളിമുറിയിൽ കാൽ തെന്നി വീണു. ആറുമാസം കിടപ്പിലായി. തുടർന്ന് എണീറ്റ് നിൽക്കുക, നടക്കുക എന്നത് അസാധ്യമായി. പല ചികിത്സകളും നടത്തി. അൽപം ആശ്വാസം എന്നതിനപ്പുറം പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെയായി. ഓടിച്ചാടി നടന്ന ബാല്യകാലത്തെയാണ് പോളിയോ കാൽവച്ച് വീഴ്ത്തിയത്. എന്നിട്ടും രവീന്ദ്രൻ തോൽവി സമ്മതിച്ചില്ല. കൈ–കാലുകൾക്ക് നഷ്‌ടപ്പെട്ട ചലനശേഷിയെ മറികടക്കാൻ നിറങ്ങളാണ് രവീന്ദ്രന് കൂട്ടുനിന്നത്. കണ്ണിൽ കണ്ടതൊക്കെയും രവീന്ദ്രൻ കാൻവാസിലേക്ക് പകർത്തി. പൂക്കളും പൂമ്പാറ്റകളും മരങ്ങളും പക്ഷികളും സൂര്യനും കടലും ആകാശവും ആ കാൻവാസിൽ നിറഞ്ഞു. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നോക്കി പലരും അത്ഭുതപ്പെട്ടു. അവരൊക്കെയും അതേ അത്ഭുതത്തോടെ രവീന്ദ്രനെ നോക്കി. രവീന്ദ്രൻ ഒന്നുചിരിച്ചു. നിശ്ചലമായ ആ കൈകൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. എല്ലാം പറഞ്ഞത് വായിൽ കടിച്ചുപിടിച്ച ബ്രഷുകളായിരുന്നു.

ചിത്രങ്ങൾ വരയ്ക്കാൻ ജന്മസിദ്ധമായി കിട്ടിയ കഴിവ് ഒരു അക്കാദമിക് മേമ്പൊടിയും കൂടാതെയാണ് രവീന്ദ്രൻ ഉപയോഗപ്പെടുത്തിയത്. ആദ്യം കൈ കൊണ്ടും പിന്നീട് വായ കൊണ്ടും. ഇന്ന് സ്വിറ്റ്സർലൻഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർടിസ്റ്റ്സ് (എഎംഎഫ്പിഎ) എന്ന സംഘടയിലെ അസോസിയേറ്റ് മെമ്പറാണ് രവീന്ദ്രൻ. ഇദ്ദേഹം കടിച്ചുപിടിച്ച് ബ്രഷ് കൊണ്ടുവരച്ച ചിത്രങ്ങൾ ഇന്ന് ലോകത്തിന്റെ പലയിടങ്ങളിൽ പല രൂപത്തിൽ എഎംഎഫ്പിഎ വഴി ആൾക്കാർ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് തായിനേരിയിലെ വീട്ടിൽ ചക്രകസേരയിലിരുന്ന് ജീവിതം പറയുകയാണ് രവീന്ദ്രൻ. കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ കടിച്ചെടുത്ത കഥ.

<യ> ആദ്യം കാലുകളോട്

ചെന്നൈയിൽ താമസമാക്കിയ മലയാളികളായ കുഞ്ഞിരാമൻ–നാരായണി ദമ്പതികൾക്ക് ആറു മക്കളാണ്. അഞ്ചു പെണ്ണും ഒരാണും. ഏറ്റവും ഇളയ ആൺസന്തതിയെ അവർ രവീന്ദ്രൻ എന്നു വിളിച്ചു. 1969 ലാണ് എം.വി. രവീന്ദ്രന്റെ ജനനം. വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിപ്പിച്ചു. പഠിക്കാൻ മോശമായതുകൊണ്ടായിരുന്നില്ല അക്കാദമിക് വിദ്യാഭ്യാസത്തിന് രവീന്ദ്രൻ പൂർണവിരാമമിട്ടത്. ചെറുപ്രായത്തിൽ പിടികൂടിയ പോളിയോ കാലുകളെ പൂർണമായും കീഴടക്കിയതോടെയാണ് രവീന്ദ്രൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്.

അക്കാലത്തിനിടയിൽതന്നെ ചിത്രകലയിൽ തനിക്കുള്ള അഭിരുചി രവീന്ദ്രൻ തിരിച്ചറിഞ്ഞിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരും വിദ്യാർഥികളും ഏറെ പ്രോത്സാഹനം നൽകുകയും ചെയ്തു.

പതിനൊന്നാം വയസിൽ കുളിമുറിയിലെ വീഴ്ചയിൽ കാലുകൾക്കുണ്ടായ തളർച്ചയ്ക്ക് പ്രതിവിധി തേടി രക്ഷിതാക്കൾ രവീന്ദ്രനെ ചെന്നൈയിൽ പലയിടത്തും ചികിത്സയ്ക്ക് വിധേയനാക്കി. ഒന്നും ഫലിക്കാതെ വന്നപ്പോൾ ജന്മനാട്ടിൽ മെച്ചപ്പെട്ട ആയുർവേദ ചികിത്സയുണ്ടെന്നറിഞ്ഞ് പയ്യന്നൂരിലേക്ക് വണ്ടി കയറി. അങ്ങനെ തന്റെ 15–ാം വയസിൽ, കൃത്യമായി പറഞ്ഞാൽ 1984 ൽ രവീന്ദ്രൻ പയ്യന്നൂരിലെത്തി. ഇവിടെ ചികിത്സ പലതും പരീക്ഷിച്ചു. ഒന്നിനും രവീന്ദ്രനെ സ്വന്തം കാലിൽ എഴുന്നേറ്റുനിൽക്കാൻ പ്രാപ്തനാക്കിയില്ല.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ാമ്യ28ംമ2.ഷുഴ മഹശഴി=ഹലളേ>

<യ> തളരാതെ മുന്നോട്ട്

വീൽചെയറിലായി പിന്നീടുള്ള യാത്രകൾ. എങ്കിലും രവീന്ദ്രൻ വെറുതെയിരുന്നില്ല. കൈകൾ കൊണ്ട് ചിത്രം വരച്ച് മനസിനെ ശാന്തമാക്കി. പ്രകൃതിയെ പകർത്താനാണ് അന്നും രവീന്ദ്രന് ഇഷ്‌ടം. അതോടൊപ്പം വ്യക്‌തികളുടെ ചിത്രങ്ങളും. സിനിമാ നടൻമാരേയും രാഷ്ര്‌ടീയക്കാരേയും വരച്ചുതുടങ്ങിയ രവീന്ദ്രൻ പതിയെ ബന്ധുക്കളുടെ ഫോട്ടോകൾ നോക്കി അതുപോലെ പകർത്താൻ തുടങ്ങി.

അത്തരം ചിത്രങ്ങൾ കണ്ടവർ ചില ഫോട്ടോകൾ കൊടുത്ത് ഇതുപോലെ വരച്ചുതരാമോ എന്ന് രവീന്ദ്രനോടു ചോദിച്ചു. ശ്രമിച്ചുനോക്കാം എന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ശ്രമം വിജയിച്ചു. പലരുടേയും ഫോട്ടോകൾ നോക്കി അതുപോലെ വരച്ചുകൊടുത്തു. വ്യക്‌തികളുടെ ഫോട്ടോകൾ നോക്കിയുള്ള ചിത്രരചന ഒരു പ്രഫഷണൽ ജോലിയായി രവീന്ദ്രൻ തെരഞ്ഞെടുത്തു. വരച്ചുകൊടുത്തവയ്ക്ക് പ്രതിഫലവും ലഭിച്ചു. ചിത്രങ്ങൾ വരച്ചുകൊടുക്കപ്പെടും എന്നൊരു ബോർഡും വീടിനരികിൽ സ്‌ഥാപിച്ചു. അതുകൊണ്ട് മംഗളൂരുവിൽ നിന്നടക്കം ഓർഡറുകൾ കിട്ടി.


എന്നാൽ വിധി പിന്നെയും രവീന്ദ്രനെ വേട്ടയാടി. കൈകളുടെ ചലനശേഷി മനസിന്റെ ആഗ്രഹത്തിനനുസരിച്ച് നടക്കാതെ പോയി. കൈകൾക്ക് തളർച്ച അനുഭവപ്പെട്ടു തുടങ്ങി. ചിത്രരചനയുടെ താളവും കൃത്യതയും ആരോ അടർത്തിയെടുത്തതു പോലെ. രവീന്ദ്രൻ അവിടെയും പൊരുതി. കൈകൾ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്ത ചിത്രങ്ങളെ വായ കൊണ്ട് രവീന്ദ്രൻ പൂർത്തിയാക്കി. ബ്രഷ് കടിച്ചുപിടിച്ചായിരുന്നു രവീന്ദ്രന്റെ പരീക്ഷണം. അത്തരം ഒരു രീതിയെക്കുറിച്ച് മുമ്പ് എപ്പോഴോ വായിച്ചറിഞ്ഞ അറിവു മാത്രമേ രവീന്ദ്രനുണ്ടായിരുന്നുള്ളൂ. ഏറെ സമയമെടുത്തതാണ് ആദ്യമൊക്കെ ചിത്രം പൂർത്തിയാക്കിയത്. താൻ വായ കൊണ്ടു ചിത്രം വരയ്ക്കുന്ന കാര്യം മറ്റുള്ളവരോട് പറയാൻ രവീന്ദ്രന് അന്നു മടിയായിരുന്നു. എന്നാൽ എന്നോ എപ്പോഴോ ആ സത്യം പുറം ലോകമറിഞ്ഞു. കേട്ടവരും കണ്ടവരും പ്രോത്സാഹിപ്പിച്ചു.

<യ> വഴിത്തിരിവ്

വായ കൊണ്ട് ചിത്രം വരയ്ക്കുന്ന കുഞ്ഞിമംഗലം സ്വദേശി ഗണേഷ് കുമാറിനെ നേരിൽ കണ്ടു സംസാരിച്ചതും രവീന്ദ്രന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ അനിവാര്യ ഘടകമായി. കുഞ്ഞിമംഗലത്തെ ചിത്രകലാധ്യാപകനായ കെ.ടി. നാരായണൻ മാസ്റ്ററെ പരിചയപ്പെട്ടതോടെ ചിത്രരചനയെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ വാതായനങ്ങൾ തുറക്കുന്നതിനും കാരണമായി. നാരായണൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് രവീന്ദ്രൻ ഏഴു ചിത്രങ്ങൾ എഎംഎഫ്പിഎ എന്ന സംഘടയ്ക്ക് അയച്ചുകൊടുക്കുന്നത്. സംഘടനയിൽ അതിനു മുമ്പേ അംഗമായിരുന്ന ഗണേഷ് കുമാറിന്റെ സഹായത്തോടെയാണ് ചിത്രങ്ങൾ അയച്ചത്. പ്രകൃതിയിലെ കാഴ്ചകളാണ് അതിലേക്കും പകർത്തിയത്.

മൂന്നുമാസം കഴിഞ്ഞപ്പോൾ ഒരു അറിയിപ്പുകിട്ടി. സംഘടനയുടെ മുംബൈയിലെ പ്രസാധക കേന്ദ്രത്തിലേക്ക് നേരിട്ട് വരണം എന്നായിരുന്നു അറിയിപ്പ്. രവീന്ദ്രന്റെ ശാരീരിക വൈകല്യത്തെ കുറിച്ചും വരയ്ക്കാനുള്ള കഴിവിനെ കുറിച്ചും നേരിട്ടറിയാനാണ് മുംബൈയിലേക്ക് വിളിപ്പിച്ചത്. ആറുദിവസം രവീന്ദ്രൻ മുംബൈയിൽ തങ്ങി. അവിടെ എക്സിബിഷൻ ഹാളിൽ ജനങ്ങളുടെ ഇടയിൽനിന്ന് വരയ്ക്കണം. വിഷയങ്ങളൊന്നുമില്ല, എന്തും വരയ്ക്കാം. രവീന്ദ്രൻ മൂന്നു ചിത്രങ്ങൾ വരച്ചു. അങ്ങനെ 2003 ൽ എഎംഎഫ്പിഎയിൽ രവീന്ദ്രന് സ്റ്റുഡന്റ് മെമ്പർഷിപ്പ് ലഭിച്ചു.

സംഘടനയിൽ അംഗമായാൽ പിന്നെയുള്ള വരകൾ അവർക്കു വേണ്ടി മാത്രമാണ്. അതിനുള്ള പ്രതിഫലവും അവർ തരും. ചിത്രരചനയെ കുറിച്ച് കൂടുതൽ പഠിക്കാൻ സ്കോളർഷിപ്പും ലഭിക്കും. നല്ല ചിത്രങ്ങൾ വരച്ച് അവർക്ക് അയച്ചുകൊടുക്കുക. അവർ ചിത്രങ്ങൾ വിലയിരുത്തി മെച്ചപ്പെട്ടത് തെരഞ്ഞെടുത്ത് വിപണിയിൽ എത്തിക്കും. അങ്ങനെ രവീന്ദ്രന്റെ ചിത്രങ്ങളും ലോകം കണ്ടുതുടങ്ങി. വരകളുടെയും വർണങ്ങളുടെയും നിയമാവലിക്കപ്പുറത്ത് നിന്ന് തന്റേതായ ചിത്രബോധത്തിൽനിന്നും വിരിയിച്ചെടുത്ത രവീന്ദ്രന്റെ രചനകൾക്ക് ഇന്നു ലോകമെങ്ങും ആവശ്യക്കാർ ഏറെയാണ്.

<യ> സ്വന്തം കാലിൽ

സംഘടനയിൽ സ്റ്റുഡന്റ് മെമ്പറായി തുടങ്ങിയ രവീന്ദ്രന് 2011 ലാണ് അസോസിയേറ്റ് മെമ്പർഷിപ്പ് ലഭിച്ചത്. വിവിധ രാജ്യങ്ങളിലായി സംഘടന വിളിച്ചുചേർക്കുന്ന യോഗത്തിലടക്കം അസോസിയേറ്റ് മെമ്പർക്ക് പങ്കെടുക്കേണ്ടതായുണ്ട്. അതിനുള്ള യാത്രാ ചെലവടക്കം മുഴുവൻ തുകയും സംഘടനയാണ് നൽകുക.

രവീന്ദ്രൻ ഇന്ന് ‘സ്വന്തം കാലിലാണ്’ നിൽക്കുന്നത്. എഎംഎഫ്പിഎ എന്ന സംഘടയിൽ അംഗമായതുവഴി ചിത്രരചയിൽ കൂടുതൽ മെച്ചപ്പെടാനും സാമ്പത്തികമായി മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും സാധിക്കുന്നുണ്ടെന്ന് രവീന്ദ്രൻ പറയുന്നു. ആദ്യം കാലുകളിലും പിന്നീട് കൈകളിലും വിധി നടത്തിയ വേട്ടയിൽനിന്നും ജീവിതത്തെ കടിച്ചെടുക്കുകയായിരുന്നു രവീന്ദ്രൻ. ഫോൺ നമ്പർ: 9497296993.

<യ> –ഷിജു ചെറുതാഴം

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ാമ്യ28ംമ3.ഷുഴ മഹശഴി=ഹലളേ>