വയനാടൻ കൃഷിപ്പെരുമ
വയനാടൻ കൃഷിപ്പെരുമ
വയനാടിന്റെ കാർഷികപെരുമയ്ക്ക് എന്നും അലങ്കാരമായി ഉയർന്നുനിൽക്കുന്ന സ്‌ഥാപനമാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം. ഒരു ജനതയുടെ കാർഷിക സംസ്കാരത്തെ കരുപ്പിടിപ്പിക്കുന്നതിൽ ഈ സ്‌ഥാപനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജൈവസമ്പത്തുകൊണ്ടും പ്രകൃതിരമണീയതകൊണ്ടും ലോകശ്രദ്ധ നേടിയ വയനാടിന്റെ ജൈവ കാർഷിക മേഖലയെ സമ്പുഷ്‌ടീകരിക്കുന്നതിൽ മഹനീയ പരിശ്രമമാണ് അമ്പലവയൽ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം നടത്തുന്നത്. പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട് അതീവ പാരിസ്‌ഥിതിക ലോലപ്രദേശമായതു കൊണ്ടുതന്നെ ഇവിടെ അവലംബിക്കേണ്ട കൃഷിരീതിയും അതീവ ശ്രദ്ധയോടുകൂടിയുള്ളതാകണമെന്ന് ഓരോ ഘട്ടത്തിലും കർഷകരെ ഇവർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

വയനാട് കൊളോണിയൽ സ്കീമിന്റെ ഭാഗമായി 1946ൽ മദ്രാസ് പ്രസിഡൻസിയുടെ കീഴിലാണ് അമ്പലവയലിൽ കാർഷിക വകുപ്പ് എന്ന സ്‌ഥാപനം ആരംഭിച്ചത്. കേരള സംസ്‌ഥാന രൂപീകരണത്തിനുശേഷം കേന്ദ്ര ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ്് ആയി 1966ൽ ഇത് ഉയർത്തപ്പെട്ടു. പിന്നീട് 1983ൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമായി മാറി. നാളിന്നുവരെ മലയോര മേഖലയിലെ കാർഷിക വികസനത്തിന് ഉതകുന്നതരത്തിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. 87 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 ബ്ലോക്കുകളിലായി ജൈവ കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഗവേഷണ സ്‌ഥാപനത്തിനപ്പുറം വയനാടിന്റെ കാർഷിക സംസ്കൃതിയെ അതിന്റെ തനിമയോടെ നിലനിർത്താനുള്ള ശ്രമവും ഈ സ്‌ഥാപനം നടത്തുന്നു. ഇതിന്റെ ഭാഗമായി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ സ്ത്രീകൾക്ക് മാത്രമായി സ്വയംസഹായസംഘങ്ങളും രൂപികരിച്ചു.

60 ഓളം സ്ത്രീകൾ ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്. നന്മയുടെ കാർഷിക പാഠങ്ങൾ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളേയും കർഷകരേയും ചൊല്ലിപ്പഠിപ്പിക്കുന്നതിൽ ഇവർക്കും വലിയൊരു സ്‌ഥാനമുണ്ട്. 87 ഹെക്ടറിൽ 15 ബ്ലോക്കുകളിലായി സുഗന്ധവിളകളും, പച്ചക്കറികളും, പഴവർഗങ്ങളും നാട്ടുനനച്ച് വളർത്തുന്നത് ഇവരാണ്. ഇതിന്റെ വിപണനവും ഇവർ തന്നെ നടത്തുന്നു. ഇതിൽ നിന്നുള്ള ആദായം തന്നെയാണ് ഇവരുടെ ജീവിതോപാധിയും. കാർഷിക ഗവേഷണ കേന്ദ്രത്തിനോട് ചേർന്നുതന്നെ വിപണന കേന്ദ്രങ്ങളുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ തന്നെയാണ് ഇവിടെവച്ചു വിൽക്കുന്നത്. അതിനോടൊപ്പം തന്നെ ഉത്പന്നങ്ങൾ സംസ്കരിച്ചെടുത്ത് പലതരത്തിലുള്ള അച്ചാറുകളും സ്ക്വാഷുകളുമുണ്ടാക്കി വിൽക്കുന്നു. 150ലേറെ സ്വാദൂറുന്ന, ഗുണമേന്മയുള്ള വിവിധയിനം അച്ചാറുകളും സ്ക്വാഷുകളും ജാമുകളും, സുഗന്ധവ്യഞ്ജനങ്ങളും ദിവസേന ഈ കൗണ്ടറുകൾ വഴി വിറ്റുപോകുന്നുണ്ട്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില03സമ2.ഷുഴ മഹശഴി=ഹലളേ>

വയനാടിന്റെ വിനോദസഞ്ചാര മേഖലയിൽ അമ്പലവയലിനെന്നും പ്രഥമ സ്‌ഥാനമുണ്ട്. ആദിമ മനുഷ്യന്റെ ചരിത്രം കോറിയിട്ട എടക്കൽ ഗുഹ സന്ദർശിക്കാനെത്തുന്നവർ കാർഷിക ഗവേഷണ കേന്ദ്രവും അവരുടെ വിനോദസഞ്ചാര ഭൂപടത്തിൽ കോറിയിടുന്നു. തദ്ദേശീയരായ സഞ്ചാരികളെ ആകർഷിക്കുവാനും പുതിയൊരു കാർഷിക സംസ്കാരം അവരിലേക്ക് വളർത്താനുമായി 2014 ൽ ‘പൂപ്പൊലി’യെന്ന പേരിൽ പുഷ്പോത്സവത്തിന് തുടക്കം കുറിച്ചു. മൂന്നാമത്തെ പൂപ്പൊലി ഫെബ്രുവരി നാലിന് കൊടിയിറങ്ങുമ്പോൾ പുത്തനൊരു കാർഷികരീതി നമ്മുടെ മണ്ണിലും ഫലവത്താക്കാൻ കഴിയുമെന്ന് കർഷകരെ പഠിപ്പിക്കുവാൻ കാർഷിക ഗവേഷണ കേന്ദ്രത്തിനും കാർഷിക വിജ്‌ഞാന കേന്ദ്രത്തിനും കഴിഞ്ഞു. പുഷ്പകൃഷിയിലൂടെ നമ്മുടെ തൊട്ടടുത്ത സംസ്‌ഥാനങ്ങൾ ലാഭം കൊയ്യുമ്പോൾ നമ്മുടെ കർഷകർക്കും പുഷ്പകൃഷിയുടെ സാധ്യതകൾ തുറന്നിട്ടുകൊടുക്കുകയാണ് ഈ സ്‌ഥാപനങ്ങൾ. പുതിയ തലമുറ പുഷ്പകൃഷിയോട് കാണിക്കുന്ന താത്പര്യത്തിനു പുറകിലും ഇവരുടെ ശ്രമഫലംതന്നെയാണ്. കാർഷിക ടൂറിസത്തിന്റെ ഈറ്റില്ലമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തെ വിശേഷിപ്പിക്കാം. ദിവസവും വിദേശികളും സ്വദേശിയരുമായി നിരവധി സഞ്ചാരികളാണ് കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിക്കാനെത്തുന്നത്. ഇതുവഴി കാർഷിക ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായി മാറാൻ വയനാടിന് കഴിയും.


അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിനോട് ചേർന്നുതന്നെയാണ് കാർഷിക വിജ്‌ഞാനകേന്ദ്രവും. കാർഷകർക്കാവശ്യമുള്ള ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും കർഷകനു സജ്‌ജീകരിച്ചു നൽകുന്നത് ഇവിടെനിന്നാണ്. കാർഷികവൃത്തിയിലുണ്ടാകുന്ന എല്ലാത്തരം സംശയങ്ങളും ദുരീകരിച്ചുനൽകുന്നതും ഇവർ തന്നെ. മണ്ണറിഞ്ഞ് വളം പ്രയോഗിക്കുക എന്ന ചൊല്ല് ബലപ്പെടുത്തുന്ന തരത്തിലാണ് കാർഷിക വിജ്‌ഞാന കേന്ദ്രത്തിന്റെ പ്രവർത്തനവും. മലയോരമേഖലയിൽ കർഷകർക്കായി ക്ലാസുകളും ട്രെയിനിംഗും നടത്തിവരുന്നു.

കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉപദേശക സമിതിയായി ആത്മ വിജ്‌ഞാനവ്യാപനകേന്ദ്രവും നിലകൊള്ളുന്നുണ്ട്. ഓരോ മാസവും ചെയ്യേണ്ട കർഷിക വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ചാർട്ട് ചെയ്യുന്നതും ആത്മ വിജ്‌ഞാന കേന്ദ്രവുമായുള്ള സംയുക്‌ത പ്രവർത്തനത്തിലൂടെയാണ്. ഓർമയായ പല തനത് നാടൻ വിത്തുകളുടെ അമൂല്യ ശേഖരവും ഇവിടെയുണ്ട്. അതിൽതന്നെ നെല്ലാണ് പ്രധാനം. കുടാതെ ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക് എന്നിവയുടെ അപൂർവ ജനിതകശേഖരവും ഇവിടെ സൂക്ഷിക്കുന്നുണ്ട്.

കർഷകന് മണ്ണറിഞ്ഞുള്ള വളപ്രയോഗത്തിന് മണ്ണ് പരിശോധന കേന്ദ്രവും ഇതിനോടൊപ്പം പ്രവർത്തിക്കുന്നു. രാസവളപ്രയോഗം വയനാടിന്റെ ജൈവമണ്ഡലത്തിന് സാരമായ ആഘാതങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾകൊണ്ട് ഇത് മാറ്റിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവർ. നമ്മുടെ മണ്ണിൽനിന്ന് നഷ്‌ടപ്പെട്ടുപോയ പല സൂക്ഷ്മജീവികളുടേയും തിരിച്ചുവരവിന് ഇനിയെങ്കിലും മണ്ണറിഞ്ഞുള്ള വളപ്രയോഗമാണ് വേണ്ടതെന്ന് ഇവർ ഓർമിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കാർഷികരീതികൾ വയനാടിന്റെ മണ്ണും ജലവും വിഷലിപ്തമാക്കുമ്പോഴും നന്മയുടെ പാഠങ്ങൾ ചൊല്ലിക്കൊടുക്കുകയാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം.

തയാറാക്കിയത്: <യ>ആർ. സൂരജ്
ഫോട്ടോ: ജോജി വർഗീസ്

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില03സമ3.ഷുഴ മഹശഴി=ഹലളേ>