കൂടെ നിൽക്കാനും ധൈര്യം പകരാനും
കൂടെ നിൽക്കാനും ധൈര്യം പകരാനും
ഫാമിലി വിഷനിലൂടെ രണ്ട് കുടുംബങ്ങളെയാണ് ഞാനിന്നു വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. ആദ്യത്തേത്, എനിക്ക് മുൻകൂർ പരിചയം തെല്ലും ഇല്ലാത്ത ഒരു കുടുംബമാണ്. അയാൾ തോംസൺ. കുറച്ചുനാൾ ഗൾഫിലായിരുന്നു. അയാളുടെ ഭാര്യ ലൈസമ്മ അയാൾ പോകുംമുമ്പ് ഗൾഫിൽ പോയ ആളാണ്. നഴ്സിംഗ്് വിദ്യാഭ്യാസം കഴിഞ്ഞ് രണ്ടു വർഷം ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി നോക്കിയശേഷമാണ് ലൈസമ്മ ഗൾഫിലേക്കു പോയത്. അവരിരുവരോടുമൊപ്പം മക്കളായ അതുലും അമൂല്യയും എന്നെ കാണാൻ വന്നിരുന്നു. തോംസൺ ഗൾഫിൽനിന്നു തിരിച്ചു നാട്ടിലെത്തി രണ്ടു വർഷം കഴിഞ്ഞാണ് ലൈസമ്മ ഗൾഫിലെ ജോലി അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയശേഷം വെറുതെ ഇരിക്കേണ്ട എന്ന് കരുതി ഒരു ബന്ധുവിന്റെ ഉപദേശപ്രകാരമാണ് തോംസൺ തടി ബിസിനസ് തുടങ്ങിയത്.

പരിചയമില്ലാത്ത തൊഴിലായിരുന്നതിനാലാകാം ആ ബിസിനസ് അധികനാൾ നീണ്ടുനിന്നില്ല. എന്നുമാത്രമല്ല, ആ വഴിക്കു കൈവശം കരുതൽധനമെന്നോണം ഇരുന്നതിൽ മുക്കാൽ പങ്കും അയാൾക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ തോംസണും ലൈസമ്മയും തമ്മിലുണ്ടായ കലഹംമൂലം പൊറുതി മുട്ടിയ മക്കൾ തന്നെയാണു തങ്ങളുടെ മാതാപിതാക്കളെ തമ്മിൽ അനുരഞ്ജിപ്പിക്കാനുള്ള വഴിതേടി അവരുടെ കുടുംബസുഹൃത്തും എന്റെ സുഹൃത്തുമായ മാത്തച്ചനെ സമീപിച്ചത്. ശണ്ഠ ഇരുവരും പ്രകടമാക്കിത്തുടങ്ങിയതു നിശബ്ദതയിലും നിസഹകരണത്തിലുമാണെങ്കിലും കാര്യം ഒച്ചപ്പാടിലേക്കും വാക്കേറ്റത്തിലേക്കും നീങ്ങാൻ അധികസമയം വേണ്ടിവന്നില്ല. ഏറെ നാളുകളായി അന്യോന്യമുണ്ടായിരുന്ന പരാതികളും പരിഭവങ്ങളും അതോടെ മറനീക്കി പുറത്തുവരികയും ചെയ്തു. ഒച്ചപ്പാടും വാക്കേറ്റവും അവ മൂലമുണ്ടായ ബഹളങ്ങളും അയൽപക്കക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നാണക്കേടുമൂലം മക്കൾക്കിരുവർക്കും പുറത്തിറങ്ങാൻ കഴിയാതെയായി. കാര്യങ്ങൾ കൈവിട്ടുപോകും എന്നു കണ്ടതിനാലാണു പ്രശ്നപരിഹാരത്തിനായി സമയം തെല്ലും കാത്തിരിക്കേണ്ടതില്ല എന്നു തീരുമാനിച്ച് അവരിരുവരും മാതാപിതാക്കളെ നിർബന്ധപൂർവം കൂട്ടിക്കൊണ്ട് എന്റെ അടുത്തേക്കു വന്നത്.

ഇനി രണ്ടാമത്തെ കുടുംബത്തെ പരിചയപ്പെടാം. സേവിയാച്ചനും ഭാര്യ കുഞ്ഞൂഞ്ഞമ്മയും. മക്കൾ മൂന്നുപേരാണ് ഇവർക്ക്. കുഞ്ഞൂഞ്ഞമ്മ ഹൗസ് വൈഫാണ്. കോൺട്രാക്ടറായ സേവിയാച്ചൻ ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്. ഈ കുടുംബത്തെ ഞാൻ പരിചയപ്പെടുന്നത് എന്റെ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽവെച്ചാണ്. ആ പരിചയം പിന്നീട് അവരുമായുളള അടുപ്പത്തിലേക്ക് പോയതിനാലാണ് എനിക്ക് ആ കുടുംബത്തെ അടുത്തറിയാൻ കഴിഞ്ഞത്. ചെറിയ കാര്യങ്ങളിൽ പോലും പരസ്പരം വഴക്കുകൂടുന്നവർ. അതാണ് ഈ ഭാര്യാഭർത്താക്കന്മാരെ അടുത്തറിഞ്ഞപ്പോൾ അവരെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ, ഇവരെ നന്നായി അറിയാമായിരുന്ന എനിക്ക് കൃത്യമായി അറിയാമായിരുന്ന മറ്റൊരു കാര്യം ഇരുവരും തമ്മിലുണ്ടാകുന്ന വഴക്കുകൾ ഒരു രാത്രിക്കപ്പുറം അവർ നീട്ടിക്കൊണ്ടുപോയിരുന്നില്ല എന്നതാണ്. കുഞ്ഞൂഞ്ഞമ്മ തന്റെ ഭർത്താവ് സേവിയാച്ചനെ എത്രകണ്ട് ആത്മാർഥമായി സ്നേഹിക്കുന്നു എന്ന കാര്യം എനിക്ക് മനസിലായ ഒരു സന്ദർഭം രണ്ടു വർഷം മുമ്പാണ് അവരുടെ ജിവിതത്തിൽ സംഭവിച്ചത്. സേവിയാച്ചൻ ഒരു കോൺട്രാക്ടറാണെന്നു പറഞ്ഞല്ലോ. ചെറിയചെറിയ മരാമത്തു പണികൾ മാത്രമല്ല, സ്‌ഥലം വാങ്ങി വീടുവെച്ച് വിൽക്കുന്ന ഏർപ്പാടും അയാൾക്കുണ്ടായിരുന്നു. ഇവയോടൊക്കെ ബന്ധപ്പെട്ട മിക്ക കാര്യങ്ങളും സേവിയാച്ചൻ തന്റെ ഭാര്യയുമായി സംസാരിക്കുമായിരുന്നെങ്കിലും കുഞ്ഞൂഞ്ഞമ്മ അറിയാതെ നിർമാണപ്രവർത്തനത്തോട് ബന്ധപ്പെട്ട ആവശ്യത്തിനായി അയാൾ നാട്ടുകാരനായ ഒരാളിൽനിന്ന് അഞ്ചുലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. പറഞ്ഞ തീയതിയിൽ തുക തിരിച്ചുനൽകാൻ കഴിയാതെ വന്നതിനാൽ പണം നൽകിയ ആളിന്റെ നിർബന്ധപ്രകാരം സേവിയാച്ചൻ അയാൾക്ക് അഞ്ചു ലക്ഷം രൂപയുടെ “പോസ്റ്റ് ഡേറ്റഡ് ചെക്ക് ” നൽകിയിരുന്നു. അവസാനം വണ്ടിച്ചെക്ക് കേസുവരെ കാര്യങ്ങൾ പോയി.


എല്ലാം കൈവിട്ടുപോയ അവസ്‌ഥയിൽ മാത്രമാണ് കുഞ്ഞൂഞ്ഞമ്മ കാര്യങ്ങളൊക്കെ അറിയുന്നത്. ഇവയോടൊക്കെ ബന്ധപ്പെട്ട് ഏറെ വിഷണ്ണനായിത്തീർന്ന തന്റെ ഭർത്താവിനെ ആ സ്ത്രീ പഴിച്ചില്ല. “സാരമില്ല, ദൈവം കൂടെയുണ്ടല്ലോ, എന്നും മറ്റും പറഞ്ഞ് ആശ്വസിപ്പിക്കുകയാണു ചെയ്തത്. മാത്രമല്ല, വിൽക്കാതെയും ആർക്കും കൈമാറാതെയും കരുതിവെച്ചിരുന്ന തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ കടം വീട്ടുന്നതിനായി ഭർത്താവിന്റെ കൈകളിൽ കുഞ്ഞൂഞ്ഞമ്മ ഏൽപ്പിക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകളോടെയാണു സേവിയാച്ചൻ തന്റെ ഭാര്യയുടെ കൈകളിൽനിന്ന് അന്നാ സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത്. ആ സംഭവം അവരിരുവരെയും അന്യോന്യം അകറ്റുകയല്ല, അടുപ്പിക്കുകയാണു ചെയ്തത്. ഇതിനെക്കുറിച്ച് കുഞ്ഞൂഞ്ഞമ്മയോട് ഞാൻ പിന്നീട് ചോദിച്ചപ്പോൾ തന്റെ ഭർത്താവിനെ അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളിൽ മനസറിഞ്ഞ് സഹായിക്കേണ്ടതു താനല്ലാതെ മറ്റാരാണ,് എന്നാണ് പ്രതികരിച്ചത്. ജീവിതപങ്കാളിക്ക് ബോധപൂർവമോ അല്ലാതെയോ ഉള്ള വീഴ്ചകളുണ്ടാകുമ്പോൾ തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും എളുപ്പമാണ്. അത്തരം അവസരങ്ങളിൽ എല്ലാം മറന്ന് “ഞാനില്ലേ കൂടെ,” എന്ന് പറഞ്ഞു കൂടെനിൽക്കാനും ധൈര്യം പകരാനും മനസും ശരീരവും ജീവിതം തന്നെയും അന്യോന്യം പങ്കുവയ്ക്കാനും നിയോഗിക്കപ്പെട്ട ഭാര്യാഭർത്താക്കന്മാർക്കല്ലാതെ മറ്റാർക്കാണു കഴിയുക. ജീവിതത്തെയും അന്യോന്യം പങ്കുവെയ്ക്കാൻ നിയോഗിക്കപ്പെട്ട ഭാര്യക്കല്ലാതെ, ഭർത്താവിനല്ലാതെ മറ്റാർക്കാണു കഴിയുക.

<ആ>സിറിയക് കോട്ടയിൽ