ഒന്നു ചെവിയോർത്തിരുന്നെങ്കിൽ!
ഒന്നു ചെവിയോർത്തിരുന്നെങ്കിൽ!
സാധാരണക്കാർ ഭക്ഷണം കഴിക്കുന്ന ഒരു റസ്റ്ററന്റായിരുന്നു അത്. എന്നാൽ, അവിടെ പോയിരുന്നവർ ഭക്ഷണം വാരി അകത്താക്കിയിട്ട് ഓടിക്കളയുന്നവരായിരുന്നില്ല. വിശ്രമിക്കുന്നതിനും ശാന്തമായി കൂടെയുള്ളവരോടു സംസാരിക്കുന്നതിനും അവിടെ ഭക്ഷണം കഴിക്കാൻ പോയിരുന്നവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ എത്തുന്നവർ എത്ര സമയമെടുത്താലും റസ്റ്ററന്റിന്റെ ഉടമയ്ക്കു തടസവുമില്ലായിരുന്നു.

അമേരിക്കൻ പ്രചോദനാത്മക സാഹിത്യകാരനായ ബോബ് പെർക്കിൻസ് ഈ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതു തനിയെ ആയിരുന്നു. അദ്ദേഹം സൗകര്യപ്രദമായ ഒരു ടേബിൾ തെരഞ്ഞെടുത്തു. ആ ടേബിളിനു തൊട്ടടുത്ത ടേബിളിൽ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. എൺപതു വയസ് തോന്നിക്കുന്ന ഒരു വൃദ്ധനും അദ്ദേഹത്തിന്റെ മകനെന്നു തോന്നിക്കുന്ന ഒരു മധ്യവയസ്കനും. വൃദ്ധൻ മാന്യമായ രീതിയിൽ വസ്ത്രധാരണം ചെയ്തിരുന്നു. മധ്യവയസ്കനാകട്ടെ ജോലി സ്‌ഥലത്തുനിന്ന് എത്തിയതുപോലെയായിരുന്നു വസ്ത്രം ധരിച്ചിരുന്നത്. “

ഇപ്പോൾ നല്ല വിശപ്പുണ്ട്. രാവിലെ മുഴുവൻ മഞ്ഞുമാറ്റുന്ന പണിയായിരുന്നു. അയാൾ പറഞ്ഞു നിർത്തിയപ്പോൾ വൃദ്ധൻ പറഞ്ഞു: അപ്പോൾപിന്നെ വിശക്കാതിരിക്കില്ല. അവരുടെ സംഭാഷണം അവിടെ അവസാനിച്ചതായി തോന്നി. കുറെ നേരത്തേക്ക് അവർ ഇരുവരും ഒന്നും പറഞ്ഞില്ല. അതിനിടയിൽ മധ്യവയസ്കൻ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു.

അല്പം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു: ദാ, അവർ വരുന്നുണ്ട്. അവരുടെ വരവ് അയാൾക്ക് ആശ്വാസം പകർന്നതുപോലെ തോന്നി. ഒരു സ്ത്രീയും അവളുടെ മകളുമായിരുന്നു അത്. വന്നയുടനെ ആ സ്ത്രീ പറഞ്ഞു: ഹലോ ഡാഡ്! കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം!”അപ്പോൾ വൃദ്ധൻ പറഞ്ഞു: എനിക്കും!”ആ വൃദ്ധന്റെ മകളും കൊച്ചുമകളുമായിരുന്നു അവർ. ഡാഡ്, അങ്ങയെ കണ്ടാൽ മിടു ക്കനായിരിക്കുന്നു, മധ്യവയസ്കൻ പറഞ്ഞു. അപ്പോൾ വൃദ്ധന്റെ മകളും കൊച്ചുമകളും അതു ശരിവച്ചു. പക്ഷേ, പിന്നീട് ആരും ഒന്നും പറഞ്ഞില്ല. ഒരു നീണ്ട മൗനമായിരുന്നു അവരുടെയിടയിൽ.

വെയ്റ്റ്റസ് വന്നു ഭക്ഷണത്തിനുള്ള ഓർഡർ എടുത്തു. വെയ്റ്റ്റസ് പോയിക്കഴിഞ്ഞപ്പോൾ വൃദ്ധൻ പറഞ്ഞു: ഞാൻ ബാത്ത് റൂമിലൊന്നു പോകട്ടെ”. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകൻ പറഞ്ഞു: ദൈവമേ, അപ്പച്ചനോട് എന്താണു പറയേണ്ടതെന്ന് എനിക്കറിയില്ല. അപ്പച്ചൻ വെറുതെ ഇരിക്കുകയേയുള്ളൂ. ഒന്നും സംസാരിക്കുകയില്ല. അപ്പോൾ അയാളുടെ സഹോദരി പറഞ്ഞു: ശരിയാണ്! അമ്മച്ചി മരിച്ചതിനുശേഷം അപ്പച്ചൻ ഒന്നും സംസാരിക്കാറില്ല. ഇതുകേട്ടയുടനെ കൊച്ചുമകൾ പറഞ്ഞു: വല്യപ്പച്ചന് ഏറെ വയസായി. അപ്പോൾപിന്നെ എന്തിനെപ്പറ്റിയാണു വല്യപ്പച്ചൻ സംസാരിക്കുക?”

അടുത്ത മേശക്കരിക്കിലിരുന്നിരുന്ന ബോബ് പെർക്കിൻസ് അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവരുടെ നേരേ തിരിഞ്ഞു പറഞ്ഞു: അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെക്കുറിച്ചു ചോദിച്ചുനോക്കൂ. ഇതു കേൾക്കാനിടയായ വൃദ്ധന്റെ മകൾ ചോദിച്ചു: ക്ഷമിക്കണെ. നിങ്ങൾ ഞങ്ങളോടാണോ സംസാരിച്ചത്?”
“അതെ, നിങ്ങളോടുതന്നെ”, പെർക്കിൻസ് പറഞ്ഞു. ഞാൻ ഇക്കാര്യത്തിൽ ഇടപെടുന്നതു ശരിയാണോ എന്നറിയില്ല. എങ്കിലും ഞാൻ പറയുകയാണ്. നിങ്ങളുടെ അപ്പച്ചന് ഒത്തിരിക്കാര്യങ്ങളെക്കുറിച്ചു നിങ്ങളോടു സംസാരിക്കാനുണ്ടാകും. നിങ്ങൾ വെറുതെ ഒന്നു ചോദിച്ചുനോക്കൂ.


അവർ മൗനം പൂണ്ടു കേട്ടിരിക്കുമ്പോൾ പെർക്കിൻസ് തുടർന്നു: ഉദാഹരണമായി, അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെക്കുറിച്ചു ചോദിച്ചു നോക്കൂ. ഇപ്പോൾ മഞ്ഞുകാലമാണല്ലോ. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ മഞ്ഞുകാലം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിക്കാമല്ലോ. തീർച്ചയായും അദ്ദേഹത്തിന് ഒട്ടേറെ ഓർമകൾ അയവിറക്കാനുണ്ടാകും. പെർക്കിൻസ് പറഞ്ഞുനിർത്തിയപ്പോഴേക്കും വൃദ്ധൻ ടേബിളിൽ തിരിച്ചെത്തി. അപ്പോൾ സംസാരിക്കാൻ പെർക്കിൻസ് അവരോട് ആംഗ്യം കാണിച്ചു. ഉടനെ കൊച്ചുമകൾ ചോദിച്ചു: വല്യപ്പച്ചാ, വല്യപ്പച്ചനു ചെറുപ്പമായിരുന്നപ്പോൾ ഇതുപോലെ മഞ്ഞുപെയ്യുമായിരുന്നോ?”

അപ്പോൾ ഒരു പുഞ്ചിരിയോടെ വൃദ്ധൻ പറഞ്ഞു: മഞ്ഞു പെയ്യുമായിരുന്നോന്നോ? അക്കാലത്ത് ഇതിലും കൂടുതൽ മഞ്ഞുപെയ്യുമായിരുന്നു. ഒരു വർഷം മഞ്ഞു പെയ്തു പെയ്തു വീടുമുഴുവൻ മൂടിപ്പോയകഥ ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ?”ഉടനെ മകൾ പറഞ്ഞു: ആ കഥ ഞാൻ പോലും കേട്ടിട്ടില്ലല്ലോ.”

“എങ്കിൽ ആ കഥ പറയാം,” വൃദ്ധൻ ആവേശപൂർവം തന്റെ ചെറുപ്പകാലത്തുണ്ടായ വലിയ മഞ്ഞുവീഴ്ചയുടെ കഥ പറയാൻ തുടങ്ങി. അടുത്ത പതിനഞ്ചു മിനിറ്റു നേരത്തേക്ക് അദ്ദേഹം ആ സംഭവം അതിമനോഹരമായി അവർക്കു വിവരിച്ചുകൊടുത്തു. അതിനുശേഷം അദ്ദേഹം പറഞ്ഞു: എന്റെ പഴയകാല അനുഭവങ്ങൾ കേൾക്കാൻ നിങ്ങൾക്കു താല്പര്യമുണ്ടെന്ന് ഒരിക്കലും എനിക്കു തോന്നിയിരുന്നില്ല.”

ഉടനെ മകൾ പറഞ്ഞു: ഡാഡിക്കു സംസാരിക്കാൻ താൽപര്യമില്ലെന്നായിരുന്നു ഞങ്ങളുടെ വിചാരം. തന്റെ ഭാര്യ മരിച്ചതിനു ശേഷം സംസാരിക്കുന്നതിൽ താൻ വിമുഖനായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും സംസാരിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം ഏറെ സന്തുഷ്‌ടനാണ് എന്നു വ്യക്‌തമായിരുന്നു.
ഒരു റസ്റ്ററന്റിൽ വച്ചു സംഭവിച്ചു എന്ന പേരിൽ പെർക്കിൻസ് അവതരിപ്പിച്ചിരിക്കുന്ന ഈ കഥ യഥാർഥ സംഭവമോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാവനാസൃഷ്‌ടിയോ ആകാം. അത് ഏതായാലും തരക്കേടില്ല. കാരണം, ഈ കഥ വലിയൊരു സന്ദേശം നമുക്കു നൽകുന്നുണ്ട്.

വാർധക്യത്തിലെത്തി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വ്യക്‌തികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്. അവരെ അന്വേഷിക്കാനോ അവരെ ശ്രവിക്കാനോ പലപ്പോഴും ആരും ഉണ്ടായിരിക്കില്ല. ജോലിത്തിരക്കു മൂലം അവരുടെ അടുത്ത ബന്ധുക്കൾക്കു പോലും അതിനുള്ള സമയം ഉണ്ടാവില്ല.
എന്നാൽ, ജോലിത്തിരക്കും സമയക്കുറവുമാണോ വൃദ്ധരോടു സംസാരിക്കാനുള്ള വിമുഖതയ്ക്കു കാരണം? വൃദ്ധരെ മാത്രമല്ല, മറ്റുള്ള ആരെയും തന്നെ ശ്രവിക്കാൻ നമുക്കു താൽപര്യമില്ല എന്നതല്ലേ യഥാർഥ കാരണം? നമ്മുടെ ഫോണും ടെലിവിഷനും അടുത്ത കൂട്ടുകാരും മാത്രമായി നമ്മുടെ ജീവിതം നാം ഒതുക്കിനിർത്തുന്നു എന്നതല്ലേ യാഥാർഥ്യം?

മറ്റുള്ളവരെ, പ്രത്യേകിച്ചും പ്രായമായ വരെ ശ്രവിക്കാൻ കുറെയെങ്കിലും സമയം നിർബന്ധമായും നമുക്കു കണ്ടെത്താം. അങ്ങനെ ചെയ്താൽ അത് അവർക്കെന്നതിനേക്കാൾ കൂടുതൽ നമുക്കു ഗുണം ചെയ്യുമെന്നതിൽ സംശയം വേണ്ട. നാം സംസാരിക്കുന്നതോടൊപ്പം മറ്റുള്ളവരെ ശ്രവിക്കാനും നാം ശ്രദ്ധിച്ചിരുന്നെങ്കിൽ!

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ