എഫ്ബിയിലും മഴക്കാലം
എഫ്ബിയിലും മഴക്കാലം
മഴ തിമർത്തുപെയ്യുകയാണ്... ഫേസ്ബുക്കിന്റെ ജാലകം തുറക്കുമ്പോൾ മഴത്തുള്ളികൾ അക്ഷരങ്ങൾക്കൊപ്പം മനസിലേക്ക് പതിക്കുന്നു...അതെ.. മഴ പുറത്തുമാത്രമല്ല, എഫ്ബിയിലുമുണ്ട്... അല്ലെങ്കിലും മഴ എവിടെയാണില്ലാത്തത് അല്ലേ...

മഴയെ സ്നേഹിക്കുന്ന ഫേസ്ബുക്ക് കൂട്ടുകാർ ഏറെയാണ്. അവർക്ക് മഴ എല്ലാമാണ്...കവിത തുളുമ്പുന്ന അക്ഷരങ്ങൾക്കൊപ്പം എഫ്ബിയിൽ മഴ ചാറ്റൽ മഴയായും പെരുമഴയായും പെയ്തിറങ്ങുന്നുണ്ട്.

ഓർമയിലെ ഒരു മഴക്കാലം എന്ന എഫ്ബി പേജ് മറവിയിൽമായ്ച്ചു കളയാൻ കഴിയാത്ത ഒരു മഴക്കാലം മനസിൽ കാത്തുസൂക്ഷിക്കുന്നവർക്കായാണ് സമർപ്പിച്ചിട്ടുള്ളതു തന്നെ.

മഴയെയും കാമുകിയെയും ഒരുപോലെ തീവ്രമായി പ്രണയിക്കുന്ന പവിത്രൻ തീക്കുനിയുടെ കവിതയും മുഖപുസ്തകത്തിലെ മഴത്താളുകളിൽ കാണാം..

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില15ിമ2.ഷുഴ മഹശഴി=ഹലളേ>

കാലം
നിറകുടം തുളുമ്പിയ
ഒരു കാലത്താണ്
നീയെന്നെ സ്നേഹിച്ചത്

വേരിലും ചക്കകൾ കായ്ച്ച,
ഒരു കാലത്താണ്
ഞാൻ നിന്റെ ഹൃദയത്തിലേക്കിറങ്ങി വന്നത്.

നമ്മുടെ പ്രണയം
പഴുത്ത് പാകമായത്,
കാക്ക കുളിച്ച് കൊക്കായൊരു കാലത്ത്

നമ്മൾ വിവാഹിതരായത്
കുതിരയ്ക്ക് കൊമ്പുകൾ
മുളച്ചൊരു കാലത്ത്

നമ്മൾക്കൊരുണ്ണി പിറന്നത്
സമാന്തരരേഖകൾ കൂട്ടിമുട്ടിയ
മറ്റൊരു കാലത്ത്

നോക്കു, നമ്മളിനി
വേർപിരിയുന്നത്
മരുഭൂമിയിൽ പേമാരി
ആർത്ത് പെയ്യുന്നൊരു കാലത്തു മാത്രം
(പവിത്രൻ തീക്കുനി)

മഴയെ ഫേസ് ബുക്കിൽ പ്രണയത്തോടൊപ്പമാണ് ചേർത്തെഴുതിയിട്ടുള്ളത്. അത് കവിതയായാലും കുറിപ്പായാലും അപ് ലോഡ് ചെയ്ത ഫോട്ടോകളായാലും വിഷ്വലുകളായാലും...

എന്ന് നിന്റെ മൊയ്തീൻ എന്ന പ്രണയമഴച്ചിത്രത്തിലെ മഴ ദൃശ്യങ്ങൾ ഓരോ മഴപ്പേജിലും കൺനിറയെ കാണാം... പ്രണയത്തിന്റെ മഴ നനഞ്ഞ് മൊയ്തീനും കാഞ്ചനമാലയും പാടിപ്രണയിക്കുന്നത് മനംനിറയെ കേൾക്കാം...

ഏതോ ഒരു സ്കൂൾ വരാന്തയ്ക്ക് പുറത്ത് തിമർത്തുപെയ്യുന്ന മഴയുടെ ചിത്രത്തിൽ ഒരു കാമുകൻ ഇങ്ങനെ എഴുതിയിട്ടിരിക്കുന്നു –

ആ മഴയുള്ള ദിവസം അവളുടെ കണ്ണിലും കവിളിലെ നുണക്കുഴികളിലും കാണാം ഓരോ മഴത്തുള്ളിയുടെയും സന്തോഷം. ഒരു പക്ഷേ ഞാനും അതിനു ശേഷമാകും മഴയെ സ്നേഹിക്കാൻ തുടങ്ങിയത്.

പ്രണയാക്ഷരങ്ങൾ മാത്രമല്ല മഴയ്ക്കൊപ്പം എഫ്ബിയിലുള്ളത്. സഗൗരവം കുറിച്ചിട്ട മഴക്കുറിപ്പുകളുമുണ്ട്.

നിനച്ചിരിക്കാത്ത നേരത്തു പെയ്യുന്ന ഈ മഴയിൽ ഇങ്ങനെ നനഞ്ഞു കുളിച്ചു നിൽക്കുമ്പോൾ എന്നിൽ നിന്നും വാർന്നുപോകുന്നത് ലോകം എന്റെ മേൽ വാരിയെറിഞ്ഞ ചെളിയും കറയും മാത്രമല്ല, എന്നെ മറച്ചുപിടിച്ച മൂടുപടവും എന്നിൽ എപ്പോഴോ നിറഞ്ഞ നിരാശയും അടിച്ചമർത്തപ്പെട്ട നിഷേധ ചിന്തകളുമാണ് എന്ന വരികൾ മഴയെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.

കുട്ടിക്കാലത്ത് മഴ നനഞ്ഞതിന്റെ ഓർമകൾ പലരും എഫ്ബിയിലെ മഴത്താളുകളിൽ പങ്കിടുന്നുണ്ട്. മഴ നനഞ്ഞ് കുട്ടിക്കാലത്ത് വീട്ടിലെത്തുമ്പോൾ കേൾക്കാറുള്ള അമ്മയുടെ ശകാരവും പിന്നെ തോരാത്ത മഴപോലെ സ്നേഹം ചൊരിഞ്ഞ് അമ്മ തിരുമ്മിത്തന്ന രാസ്നാദി പൊടിയുടെ ഗന്ധവും ഓർമിക്കുന്ന പോസ്റ്റുകൾ എഫ്ബിയിലുണ്ട്. ഇന്ന് ഓരോ മഴ കാണുമ്പോഴും ആ സ്നേഹത്തിന്റെ ആഴം എന്നെ കരയിക്കുന്നുവെന്ന് കുറിച്ചിട്ടത് വായിക്കുമ്പോൾ മനസിൽ നൊമ്പരത്തിന്റെ മഴ പൊഴിയും.

മഴയെ അനുരാഗിണിയായി കൽപ്പിച്ച് ഫെയ്സ് ബുക്കിൽ ഒരുപാടുപേർ പോസ്റ്റുകളിട്ടിട്ടുണ്ട്.
മഴ പ്രണയത്തിന്റെയും വിരഹത്തിന്റെയും ആത്മനൊമ്പരങ്ങളുടേയും അങ്ങിനെ ഒരായിരം ഭാവങ്ങളുടെ നേർക്കാഴ്ചയാണത്രെ...

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില15ിമ3.ഷുഴ മഹശഴി=ഹലളേ>

ഒരിക്കൽ കൂടി മഴ നനയാനുളള കൊതിയോടെ മനോഹരമായ മഴച്ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരും ഏറെയാണ്..


മഴയെക്കുറിച്ച് പലരും കുറിച്ചിട്ട വരികളിലെല്ലാം വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലിംഗ് വായിച്ചറിയാം..

പൊഴിഞ്ഞുവീണ ഇലകൾക്ക് മീതെ പെയ്തു തീർത്ത മഴയുടെ അവസാന തുള്ളികൾ..ഈറൻ കാറ്റും..ഇരുളുന്ന ആകാശവും.. മഴയ്ക്കൊപ്പം പെയ്യാൻ ഞാനും കാത്തിരിക്കുന്നു..എത്ര നനഞ്ഞിട്ടും മതിയാകാതെ...

ഇത്തരം മഴക്കവിതകൾ ഏറെയാണ് എഫ്ബിയിൽ. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച മഴക്കവിതകളായിരിക്കാമത്..

മേൽക്കൂരയിൽ നിന്ന് മണ്ണിലേക്ക് വീഴുന്ന മഴവെള്ളം കൈക്കുടന്നയിൽ കോരുന്നവരുടെ ചിത്രങ്ങളാണ് പോസ്റ്റുകളിലേറെയും.

പ്രണയിക്കാൻ തുടങ്ങിയതും വേർപാടിന്റെ വേദനയറിഞ്ഞതും മഴക്കാലത്താണെന്നു പറയുന്നവരും ഏറെയാണ്.

രാവിലേതും വെച്ചു ചൊല്ലുകിൽ തുലാവർഷ രാവെനിക്കേറ്റം പ്രിയം എന്ന വരികൾക്കുണ്ടൊരു വല്ലാത്ത ഭംഗി.

ഭ്രാന്തുപിടിച്ച ഒരു മഴയെ ഫ്രെയ്മിലേക്ക് ഒതുക്കാനായി ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിലേക്ക് കയറിപ്പോയ വിക്ടർ ജോർജിനെ എഫ്ബിയിലെ മഴത്താളുകൾക്ക് മറക്കാനാകുന്നില്ല.

നിറവയറുമായി മന്ദം മന്ദം കൺമറഞ്ഞുപോകുന്ന മഴമേഘങ്ങളെ നോക്കി മൂകമായ് മണ്ണു കരയുന്നത് നീ കണ്ടിട്ടുണ്ടോ എന്ന എഫ്ബിയിലെ കവികളിലൊരാൾ പ്രണയാർദ്രമായി ചോദിക്കുന്നു. രാത്രിമഴയെക്കുറിച്ചും നിരവധിപേർ കുറിച്ചിട്ടുണ്ട്.. പരിഭവങ്ങൾ പറഞ്ഞുതീർക്കാൻ രാത്രി മഴയിൽ കുതിർന്ന് ഞാനെത്തുമ്പോഴേക്കും നീ പോയ് മറഞ്ഞിരുന്നുവെന്ന വാക്കുകളിൽ വേർപാടിന്റെ മഴപ്പാടുകളുണ്ട്.
ഓർമകളിലേക്കൊരു തിരികെയാത്രയാണ് മഴ. നാട്ടിടവഴികളിലെ മഴ പല രൂപത്തിൽ മുഖപുസ്തകത്തിലുണ്ട്. ജൂൺ മാസത്തിലെ മഴയും മഴനനഞ്ഞുള്ള സ്കൂളിൽ പോക്കും എല്ലാ കൂട്ടുകാരുടെയും മനസിലുണ്ടെന്ന് മഴത്താളുകൾ നോക്കിയാലറിയാം.

കേരളത്തിൽ മഴ കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കയും എഫ്ബിയിലെ മഴക്കൂട്ടുകാർ പങ്കിടുന്നുണ്ട്.

മഴയെ സ്നേഹിക്കുന്നവരാണ് മഴത്താളുകളിലുള്ളത്. മഴയെ അടിമുടി ഭ്രാന്തമായി സ്നേഹിക്കുന്നവർ. എത്ര മഴ നനഞ്ഞിട്ടും ഇനിയും മതിവരാത്തവർ. അവർ കുറിച്ചിട്ടിരിക്കുന്നു... മഴ നനയാൻ മഴയിൽ നനഞ്ഞുകുതിരാൻ ഒരു മോഹം.. ഇറയത്ത് നിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികൾ നോക്കിനിൽക്കാൻ....മഴപെയ്തു തോർന്ന നനുത്ത പാടവരമ്പിലൂടെ നടക്കാൻ ഒരു മോഹം...

എത്ര കണ്ടാലും കൊണ്ടാലും മതിവരാത്തതാണ് മഴയെന്ന് ന്യൂജനറേഷന്റെ ഫേസ് ബുക്കിലൂടെ കണ്ണോടിച്ചാൽ മനസിലാകും. പഴയ തലമുറയേക്കാൾ കൂടുതലായി അവർ മഴയെ ഇഷ്‌ടപ്പെടുന്നു.

ഗോസിപ്പുകളും വിവാദങ്ങളും സെൽഫി ഷെയറിംഗുകളും മാത്രമല്ല പുതിയ തലമുറയുടെ എഫ്ബിയിലുള്ളത്. മഴയെ സ്നേഹിക്കുന്ന, മഴക്കാറുകളെ പ്രണയിക്കുന്ന, മഴച്ചാറലുകളെ ആസ്വദിക്കുന്ന, മഴനൂലുകളെ സ്വപ്നം കാണുന്ന, മഴ പെയ്യുന്ന നാലുകെട്ടുകളെ കൊതിയോടെ ഓർക്കുന്ന, മഴവീണ നാട്ടിടവഴികളൂടെ മനസിനെ മഴവെള്ളം തട്ടിത്തെറിപ്പിച്ച് പായിക്കുന്ന, ഒരു കുടക്കീഴിൽ ഒന്നുചേർന്ന് മഴതീരും വരെ നടന്നുപോകാൻ കൊതിക്കുന്ന, മഴമേഘങ്ങൾ തൻ കയ്യിൽ പ്രണയനിക്ക് കുറിമാനം കൊടുക്കുന്ന, മഴയെ വല്ലാതെ ഇഷ്‌ടപ്പെടുന്നവരുടെ ലോകമാണ് എഫ്ബി. പുറത്ത് മഴ തിമർക്കുകയാണ്... മണ്ണിന്റെ മണവും കൊണ്ട് കാറ്റ് കടന്നുപോകുന്നു. ആരേയും ശ്രദ്ധിക്കാതെ... തുറന്നിട്ട ലാപ്ടോപ്പിന്റെ ജാലകത്തിനപ്പുറത്ത് ഫേസ് ബുക്കിൽ മഴത്താളുകൾ മഴക്കുറിപ്പുകളും മഴച്ചിത്രങ്ങളും മഴക്കവിതകളും കൊണ്ട് നിറയുന്നു.. മഴ തിമർക്കുകയാണ്....

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില15ിമ4.ഷുഴ മഹശഴി=ഹലളേ>