ലഹരി ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകൾ
ലഹരി ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകൾ
പഞ്ചാബിലെ 2.77 കോടി വരുന്ന സംസ്‌ഥാന ജനസംഖ്യയുടെ 0.06 ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദൽ കഴിഞ്ഞദിവസം പറഞ്ഞത്.

മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനും കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലിന്റെ ഭർത്താവുമാണ് സുഖ്ബിർ. ആകെ 16,000 പേർ മാത്രമേ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം ഉഡ്താ പഞ്ചാബിന്റെ വിവാദങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്.

എന്നാൽ ഉപമുഖ്യമന്ത്രിയുടെ ഈ കണക്കുകൾ തെറ്റാണെന്നു പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നു. കേന്ദ്രസർക്കാർ കമ്മീഷൻ ചെയ്ത പഞ്ചാബ് ഒപ്പിയോഡ് ഡിപ്പൻഡൻസ് സർവേ പ്രകാരം 2.32 ലക്ഷം പേർ മയക്കുമരുന്നിന് അടിമകളാണെന്നാണ് കണക്ക്. അതായത് ജനസംഖ്യയുടെ 0.84 ശതമാനം ലഹരിമരുന്ന് ഉപയോക്‌താക്കളാണെന്നു വ്യക്‌തം. പ്രായപൂർത്തിയായവരിൽ മാത്രം നടത്തിയ പഠനമായിരുന്നു ഇത്.

18 വയസിന് താഴെയുള്ള മയക്കുമരുന്ന് ഉപയോക്‌താക്കളെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം 8.6 ലക്ഷമാണെന്നും സർവേയിൽ പറയുന്നുണ്ട്.

പഞ്ചാബിലെ 65 ശതമാനം കുടുംബങ്ങളിലും ഒരാൾ മയക്കുമരുന്നിന് അടിമയാണ്. ആകെയുള്ള ജനസംഖ്യയിൽ 18 ശതമാനം ജനങ്ങളും ഹെറോയിൻ അടക്കമുള്ള വീര്യം കൂടിയ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതായും കണക്കുകൾ പറയുന്നു. കാർഷിക മേഖലയിലെ തകർച്ചയും തൊഴിലില്ലായ്മയുമാണ് മയക്കുമരുന്ന് ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും പഞ്ചാബികൾ എത്തിയത്. 12 വയസ് മുതലുള്ള കുട്ടികൾ വരെ മയക്കുമരുന്ന് വിപണനത്തിലെ അംഗങ്ങളാണ്.

മയക്കുമരുന്ന് ഉപയോഗം മൂലം 4000 എച്ചഐവി രോഗികൾ പഞ്ചാബിൽ പ്രതിവർഷം ഉണ്ടാകുന്നതായും ചിലപ്പോൾ 5000 ആയി വർധിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.