ആനവണ്ടിയുടെ ആനക്കാര്യം
ആനവണ്ടിയുടെ ആനക്കാര്യം
ഒരു മലയാളി, മലയാളി ആകണമെങ്കിൽ കെഎസ്ആർടിസി ബസിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം. അടുത്ത കാലത്തിറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ഹിറ്റ് മലയാള സിനിമയിലെ ഒരു ഡയലോഗാണിത്. അതേ കെഎസ്ആർടിസി ബസിന്റെ വിൻഡോ സീറ്റ് നൽകിയ ചിന്തകളും അനുഭൂതിയും പ്രണയവും സ്വപ്നങ്ങളുമൊന്നും മറ്റൊരിടത്തു നിന്നും മലയാളിക്ക് ലഭിക്കില്ല. തെക്കൻ കേരളത്തിൽ ആനവണ്ടിയെന്നും വടക്കൻ കേരളത്തിൽ സ്റ്റേറ്റ് ബസെന്നും ആളുകൾ വിളിക്കുന്ന നമ്മുടെ കെഎസ്ആർടിസിയെ ഡിജിറ്റലാക്കി കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആർടിസി ബ്ലോഗ് എന്ന അനൗദ്യോഗിക ഇന്റർനെറ്റ് കൂട്ടായ്മ തയാറാക്കിയ ആനവണ്ടി ഡോട്ട് കോം എന്ന വെബ്സൈറ്റും ആപ്പുകളും ഇതിനോടകം നവമാധ്യമലോകത്ത് ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ആനവണ്ടിയോടുള്ള ആരാധന തലയ്ക്കു പിടിച്ച പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ സുജിത്ത് ഭക്‌തനാണ് ബ്ലോഗിന്റെ സ്രഷ്‌ടാവ്. ംംം.സെൃരേയഹീഴ.രീാ എന്ന വെബ് സൈറ്റാണ് ആദ്യം തുടങ്ങിയത് പിന്നീട് ംംം.മിമ്മിറശ.രീാ എന്ന സൈറ്റും തുടങ്ങി. നവമാധ്യമങ്ങളിൽ ഹിറ്റായ ഈ രണ്ടു വെബ് സൈറ്റുകൾക്ക് ഇന്ന് അഞ്ചു ലക്ഷത്തോളം ഫോളേവേഴ്സും ദിനം പ്രതി 30,000 സന്ദർശകരുമുണ്ട്.

പ്രതിഷേധം ബ്ലോഗായപ്പോൾ

ബംഗ്ലൂരിലെ മാർത്തഹള്ളിയിലുള്ള കോളജിൽ ബിഎ ഇൻഫർമേഷൻ സയൻസ് വിദ്യാർഥിയായിരുന്ന സുജിത്തിന് നാട്ടിലേക്കുള്ള തന്റെ യാത്രകൾക്കിടെ ആനവണ്ടിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ബ്ലോഗിന്റെ ജനനത്തിലേക്കു വഴിതെളിച്ചത്. ഒരിക്കലും നന്നാകില്ലെന്നു പ്രഖ്യാപിച്ച കെഎസ്ആർടിസിയെ നന്നാക്കാൻ പ്രചാരണമാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ സുജിത്ത് തന്റെ ആശങ്കകൾ പങ്കുവയ്ക്കാൻ ബ്ലോഗ് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ 2008ൽ കെഎസ്ആർടിസി ബ്ലോഗ് ആരംഭിച്ചു. ഏതാനും കുറിപ്പുകളും ചിത്രങ്ങളുമായി തുടങ്ങിയ ബ്ലോഗിനു പെട്ടെന്നു തന്നെ പ്രചാരം ലഭിക്കുകയായിരുന്നു. ഇതോടെ സുജിത്ത് കൂടുതൽ വിവരങ്ങൾ ചേർത്ത് ബ്ലോഗിനെ കൂടുതൽ സജീവമാക്കി. സുഹൃത്തുക്കളും ആനവണ്ടി പ്രേമികളുമായ ആന്റണിയും ശങ്കറും ഒപ്പം കൂടിയതോടെ ആശയത്തിനും പ്രവർത്തനത്തിനും വേഗം വച്ചു. ഫോട്ടോകൾക്കും കെഎസ്ആർടിസി സംബന്ധിച്ച വിവരങ്ങൾക്കുമായി ഇവർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ഡിപ്പോകളിലും കയറിയിറങ്ങി. ബസുകളുടെ സമയക്രമവും മറ്റും പറയാൻ പല ഡിപ്പോ അധികൃതരും ആദ്യം തയാറായില്ല. എന്നാൽ ഇവർ പിൻമാറിയില്ല. വിവരാവകാശ നിയമ പ്രകാരം സമയവും മറ്റും ശേഖരിച്ചു. പിന്നീട് സർക്കാർ ഇവർക്ക് വാഹനം ബോഡി ചെയ്തെടുക്കുന്ന വർക്ക് ഷോപ്പ് വരെ സന്ദർശിക്കാൻ അനുമതി നൽകി. ബ്ലോഗിനു നല്ല പ്രതികരണം കിട്ടിയതോടെ ഫേസ്ബുക്കിൽ ആനവണ്ടി എന്ന പേജും ആരംഭിച്ചു. ഇതും ഇപ്പോൾ ഹിറ്റാണ്.


ആനവണ്ടി ഡോട്ട് കോം

കെഎസ്ആർടിസിയെ ആശ്രയിച്ചു യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകൾക്ക് ബസുകളുടെ സമയ വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ആനവണ്ടിയുടെ സേവനങ്ങൾ. ആനവണ്ടി ഡോട്ട് കോം എന്ന വെബ്സൈറ്റിൽ കെഎസ്ആർടിസി നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന ഓർഡിനറി മുതൽ സ്കാനിയ വരെയുള്ള എല്ലാ സർവീസുകളുടെയും സമയവിവരങ്ങൾ ലഭ്യമാണ്. ഉദാഹരണത്തിന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള ബസുകളുടെ സമയ വിവരങ്ങൾ സേർച്ച് ചെയ്യുന്ന ഒരാൾക്ക് ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയ്ക്ക് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സർവീസുകളുടെയും ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന സമയവും എറണാകുളത്ത് എത്തിച്ചേരുന്ന സമയവും ലഭ്യമാകും. കംപ്യൂട്ടറിൽ നിന്നോ മൈാബൈൽ ഫോണിൽ നിന്നോ ടുജി വേഗതമുള്ള ഇന്റർനെറ്റ് കണക്ഷൻ ഉപോയോഗിച്ച് ഈ വെബ്സൈറ്റ് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ്, വിൻഡോസ്, മൊബൈൽ ആപ്പുകൾ ഒരിക്കൽ ഡൗൺലോഡ് ചെയ്്തു കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ സമയവിവരങ്ങൾ അറിയുവാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിൻഡോസ്്, ആൻഡ്രോയിഡ് ഫോണുകളിൽ ഇന്റർനെറ്റ് കണക്്ഷൻ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന ആപ്പുകളും ഇതിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു പൊതുഗതാഗത കോർപറേഷന്റെ എല്ലാ ബസ് സർവീസുകളുടെയും സമയ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന ആദ്യത്തെ വെബ്സൈറ്റ് എന്ന പ്രത്യേകതയും ആനവണ്ടിക്കുണ്ട്. എറണാകുളത്തെ ഐടി സ്‌ഥാപന ഉടമയായ ശ്രീനാഥാണ് ആനവണ്ടി വെബ്സൈറ്റ് നിർമിച്ചു നൽകിയത്. ആന്റണി വർഗീസാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയും ബാംഗ്ലൂരിൽ ഐടി സ്‌ഥാപനത്തിലെ ജീവനക്കാരനുമായ വൈശാഖ്് ആൻഡ്രോയ്ഡ് ആപ്പും, വിൻഡോസ് ആപ്പ് തിരുവനന്തപുരം സ്വദേശിയും വിൻഡോസ് ആപ്പ് ഡെവലപ്പറുമായ അജിത് വിജയകുമാറുമാണ് തയാറാക്കിയത്. ആനവണ്ടിയുടെ മനോഹരമായ ലോഗോ തയാറാക്കിയത് ബാംഗ്ലൂരിലെ പ്രമുഖ ഡിസൈനിംഗ് കമ്പനിയിലെ ജീവനക്കാരനായ ഡിപിൻ ദാസാണ്.


ആനവണ്ടിയെ അറിയാൻ

കെഎസ്ആർടിസിക്ക് കേരളത്തിൽ എത്ര ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പുകളുണ്ടെന്നും എത്ര ബസുകളുണ്ടെന്നുമെല്ലാം ചോദിച്ചാൽ പലരും കൈമലർത്തും. എന്നാൽ ംംം.സെൃരേയഹീഴ.രീാ എന്ന ബ്ലോഗിനോടാണ് ചോദ്യമെങ്കിൽ ഉത്തരം ഉടനടി ലഭിക്കും. ഇതു മാത്രമല്ല അധികൃതർക്കു പോലും അജ്‌ഞാതമായ ആനവണ്ടികളുടെ നൂറുകണക്കിനു വിവരങ്ങളും സമയപട്ടികയും ഇതിലുണ്ട്. ഹോം പേജിൽ ആനവണ്ടികളെപ്പറ്റി അടുത്തകാലത്തു വന്ന വാർത്തകളും ചിത്രങ്ങളും വീഡിയോകളും ചർച്ചകളുമെല്ലാമുണ്ട്. കേരളത്തിലെമ്പാടുമുള്ള ഓരോ ഡിപ്പോയുടെയും ചിത്രങ്ങളും ഫോൺ നമ്പരുകളുമടക്കമുള്ള വിവരങ്ങളുമാണ് ആദ്യം വരവേൽക്കുന്നത്. ബോഡി ബിൽഡിംഗ് വർക്ക്്ഷോപ്പുകളിൽ നാളത്തെ യാത്രകൾക്കായി കാത്തിരിക്കുന്ന ബസുകളുടെ ചിത്രങ്ങളും ഫോട്ടോ ഗാലറിയിൽ കാണം. പുതിയ നോട്ടിഫിക്കേഷനുകൾ, ചിത്രങ്ങൾ, വീഡിയോകൾ, അപകടങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, പ്രത്യേക സർവീസുകൾ, ലാഭം തരുന്ന റൂട്ടുകൾ, വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ, ബ്ലോഗ് സന്ദർശിച്ചവരുടെ കുറിപ്പുകൾ, അഭിമുഖങ്ങൾ തുടങ്ങി അവസാനിക്കാത്ത നിരവധിയായ വിവരങ്ങളാണ് ഓരോ മൗസ് ക്ലിക്കിലും നമ്മുടെ സഹയാത്രികരാകുന്നത്. യാത്രക്കാർക്ക് ഉണ്ടായ അനുഭവങ്ങളും പരാതികളും കുറിക്കാനുള്ള പ്രത്യേക ഇടവും ബ്ലോഗിലുണ്ട്. കേരളത്തിന്റെ മാത്രമല്ല സമീപ സംസ്‌ഥാനങ്ങളുടെ പുതിയ സർവീസുകളെയുമെല്ലാം അടുത്തറിയാൻ ഇതിൽ അവസരമുണ്ട്.

ആനവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു

ബ്ലോഗ് ഓരോ ദിവസവും ജനകീയമായതോടെ കേരളത്തിലെമ്പാടുമുള്ള ആനവണ്ടി പ്രേമികൾ തന്നെ വിവരങ്ങളും ചിത്രങ്ങളും ബ്ലോഗിനു കൈമാറാൻ തുടങ്ങി. കെഎസ്ആർടിസിയെ പറ്റിയുള്ള നിരവധി പരാതികളാണ് ഇപ്പോൾ ബ്ലോഗിനു ലഭിക്കുന്നത്. ആനവണ്ടിയുടെ ആർടി, ആർആർ, ആർഎസി സീരിസുകളിലുള്ള എല്ലാ ബസുകളുടെയും മോഡൽ നമ്പറും ചിത്രങ്ങളുമടക്കം ബ്ലോഗിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒരുപക്ഷേ ഗതാഗതവകുപ്പ് അധികൃതരുടെ പക്കൽപോലും ഇത്രയും വിവരങ്ങളുണ്ടാകുമോ എന്നത് സംശയമാണ്. കുട്ടനാടൻ മനോഹാരിതയിലൂടെ കടന്നുപോകുന്ന വെളുത്ത സുന്ദരി, വാഗമണ്ണിലെ തേയിലത്തോട്ടത്തിലൂടെ കുതിക്കന്ന കൊമ്പൻ, മൂന്നാർ –ഉദുമൽപെട്ട് റൂട്ടിൽ ആനകൾക്കിടയിലൂടെ കടന്നുപോകുന്ന ബസ്, താമരശേരി ചുരത്തിലൂടെ പോകുന്ന കൊമ്പൻ തുടങ്ങി പ്രകൃതിരമണീയമായ സ്‌ഥലങ്ങളിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി ബസുകളുടെ ചിത്രം ഏവരെയും ആകർഷിക്കുന്നതാണ്. യാത്രക്കാർക്ക് കെഎസ്ആർടിസി ഡിപ്പോകളിൽ വിളിച്ച് ചോദിക്കാതെയും, നേരിട്ട് അന്വേഷിക്കാതെയും ബസുകളുടെ സമയവിവരങ്ങൾ വിരൽതുമ്പിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതു വഴി യാത്രകൾ പ്ലാൻ ചെയ്യുന്നതിനും, പെട്ടെന്നുള്ള യാത്രകൾക്കും സഹായകമാകും. പുതിയ സർവീസ് ആരംഭിക്കുന്നതിനു വേണ്ടിയുള്ള ഷെഡ്യൂൾ ക്രമീകരണത്തിൽ ആനവണ്ടി ഉപയോഗിച്ച് ടൈം ഗ്യാപ്പ് കണ്ടെത്തുന്നതിനും ഓവർലാപ്പിംഗ് ഒഴിവാക്കുന്നതിനും കെഎസ്ആർടിസിയും ഈ സേവനം ഇപ്പോൾ ഉപയോഗിക്കുന്നു. ബ്ലോഗിലെ ആശയങ്ങളും ചിത്രങ്ങളും വാർത്തകളും ഫേസ്ബുക്ക് പേജിലും ഇവർ പങ്കുവയ്ക്കുന്നുണ്ട്. ആവശ്യപ്പെട്ടാൽ കെഎസ്ആർടിസിക്കു വേണ്ടി ഔദ്യോഗിക ബ്ലോഗ് ഉണ്ടാക്കാൻ ഇവർ തയാറാണ്. ഏറ്റവും ഒടുവിൽ കെഎസ്ആർടിസിക്കു വേണ്ടി സുജിത്തും സുഹൃത്തുക്കളും പുതിയ ബസിന്റെ മാതൃകയും ഡിസൈൻ ചെയ്തു കഴിഞ്ഞു. കെഎസ്ആർടിസിയെ ഇത്രയധികം പ്രോത്സാഹിപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്.

<യ> –ജിബിൻ കുര്യൻ