മനുഷ്യൻ രചിക്കുന്ന ചരമഗീതങ്ങൾ
മനുഷ്യൻ രചിക്കുന്ന ചരമഗീതങ്ങൾ
പ്രകൃതിക്ഷോഭങ്ങളല്ല, മനുഷ്യന്റെ അനിയന്ത്രിത കടന്നുകയറ്റങ്ങളാൽ രചിക്കപ്പെട്ട ചരമഗീതങ്ങളുടെ നേർ സാക്ഷ്യമാണ് ബത്തേരി അമ്പലവയലിൽ കാണുന്ന തുരന്ന പാറകൾ...

എടക്കൽ ഗുഹയും ഫാന്റം റോക്കും അമ്പുകുത്തി മലയും പിന്നെ പേരറിയാത്ത നിരവധി ഗുഹകളും ചെങ്കുത്തായ മലകളുമൊക്കെ വയനാടിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല. ഒരു കാലഘട്ടത്തിലെ മനുഷ്യവാസത്തിന്റെ തിരുശേഷിപ്പുകൾ കൂടിയാണവ. അവിടെയാണ് ഇന്ന് അധികാരത്തിന്റെ ഒത്താശയോടെ, നിയമത്തിന്റെ കാവലോടെ നഗ്നമായ കൊള്ള നടക്കുന്നത്. ആറ് മലകളിലായി മുപ്പത്തിയാറ് ക്വാറികൾ ചുവപ്പ് നാടയുടെ പിൻബലത്തോടെ പൊട്ടിച്ചുകൂട്ടുമ്പോൾ നടുങ്ങി വിറയ്ക്കുന്നത് വയനാടിന്റെ ഉള്ളറകളാണ്.

നമ്മൾ അധികമാരും അറിയാത്ത അനേകായിരം ഉറവകളുടെ പ്രഭവ കേന്ദ്രമാണ് ഈ മലകൾ. പശ്ചിമഘട്ടത്തിനുമാത്രം അവകാശപെടാൻ പറ്റുന്ന ഉയർന്ന കുന്നുകളും, നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അരിച്ചിറങ്ങുന്ന നിബിഡവനങ്ങളും ഉറവ വറ്റാത്ത തെളിമയാർന്ന നീർച്ചാലുകളും പ്രകൃതിയൊരുക്കിയ ഗുഹാമുഖങ്ങളും പുഷ്പിണികളും ഔഷധികളുമായ അപൂർവയിനം സസ്യങ്ങളും ജീവി വർഗങ്ങളും ഒക്കെയുള്ള മഹത്തായൊരു ആവാസവ്യവസ്‌ഥ. ഇതെല്ലാം ഇന്ന് ഏറെയും നശിച്ചുകഴിഞ്ഞു. ദിവസേന ടൺ കണക്കിന് കല്ലും ക്വാറിപൊടികളുമാണ് ഇവിടുനെ നിന്ന് കയറ്റി പോകുന്നത.് ഫാന്റം റോക്കിന് 100 മീറ്റർ വ്യത്യാസം പോലുമില്ലാതെ മട്ടിപ്പാറകൾ നിർലോഭം ഖനനം ചെയ്തെടുക്കുന്ന ക്രഷറുകൾ ഇവിടെ സദാസമയം പ്രവർത്തിക്കുന്നുണ്ട്. ക്വാറികളിൽ നിന്നുണ്ടാകുന്ന സ്ഫോടക വസ്തുകളുടെ പ്രകമ്പനം ഏറെ ദൂരമില്ലാത്ത എടക്കൽ ഗുഹയ്ക്കും ഫാന്റം റോക്കിനും കേടുപാടുകൾ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്‌ഞൻമാർ മുമ്പേ രേഖപ്പെടുത്തിയിട്ടുണ്ട്്. ഇതിനിടെയിലും സഞ്ചാരികൾ പ്രകൃതി കല്ലിൽ തീർത്ത വിസ്മയം കാണാൻ എത്തുന്നുവെന്നുള്ള സവിശേഷതയുമുണ്ട്.

2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടപ്രകാരം റവന്യു ഭൂമിയിൽ ക്വാറികൾക്ക് അനുവാദം നൽകിയിരുന്നു. ഇതു പ്രകാരം അമ്പലവയലിലും സമീപ പ്രദേശങ്ങളിലുമായുള്ള അതീവ ജൈവ സമ്പത്തുള്ള ആറു മലകളിൽ 33 ക്വാറികൾ അനുവദിച്ചു. അത് പിന്നീട് 22 ക്വാറികളായി ചുരുക്കിയെന്നൊഴിച്ചാൽ മറ്റൊരു നിലപാടും അതിനു മുകളിൽ ഉത്തരവാദപ്പെട്ടവർ എടുത്തിട്ടില്ല. ഫാന്റം റോക്ക് ഉൾപ്പെടുന്ന ആറാട്ടുപാറ മലയും അതിനോട് ചേർന്നുള്ള ചെറിയ ആറാട്ടുപാറ, മട്ടപ്പാറ, കൊളഗപാറ, ചീങ്ങേരി പാറ തുടങ്ങിയ മലകളിലുമാണ് ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്്. റവന്യൂ ഭൂമിയിലെ 22 ക്വാറികളല്ലാതെ സ്വകാര്യ ഭൂമിയിൽ ചെറുതും വലുതുമായ 100 കണക്കിന് ക്വാറികളാണ് അമ്പലവയൽ മീനങ്ങാടി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നത്. ഇത് വയനാടിന്റെയും അമ്പലവയലിന്റെയും പാരിസ്‌ഥിതികഘടനയെ തന്നെ തകിടം മറിക്കുകയാണ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ01ാമ2.ഷുഴ മഹശഴി=ഹലളേ>

അധികാരികളെ സ്വാധീനിക്കാൻ കഴിയുന്ന ആർക്കും റവന്യൂ ഭൂമിയിലും സ്വകാര്യ ഭൂമിയിലും ക്വാറികൾ തുടങ്ങാൻ കഴിയുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇവിടെയെല്ലാം അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ. വില്ലേജ് ഓഫീസ് മുതൽ ജില്ലാ കളക്ടർ നേരിട്ട് മേൽനോട്ടം വഹിക്കുന്ന റവന്യൂ വകുപ്പ് വരെ പരിശോധനയ്ക്ക് വിധയമായി മാത്രമെ ക്വാറികൾക്ക് അനുമതി നൽകാൻ പാടുള്ളു. എന്നാൽ ഉത്തരവാദപ്പെട്ടവർ യാതൊരു പാരിസ്‌ഥിതിക പ്രാധാന്യവും കൽപ്പിക്കാതെ ക്വാറികൾക്ക് അനുമതി കൊടുക്കുന്നതിന്റെ പുറകിലെ ഔചിത്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടപ്രകാരം ക്വാറികൾക്ക് അനുമതി നൽകുമ്പോൾ 12–ാം വ്യവസ്‌ഥ പ്രകാരം അതാതു പ്രദേശത്തിലെ പരിസ്‌ഥിതിക്ക് ദോഷകരമായ രീതിയിൽ ഖനനം ചെയ്യാൻ പാടില്ലായെന്ന് നിയമം നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ നിയമം ഉത്തരവാദപ്പെട്ടവർ സൗകര്യപൂർവം മറക്കാനുള്ള കാരണം ക്വാറി ഉടമകളും ഉദ്യോഗസ്‌ഥരുമായുള്ള അവിശുദ്ധ ബന്ധമാണ്.


ലാഭച്ഛയോടുകൂടി ക്വാറികൾ നടത്തുന്നവർ ദിവസേന ടൺകണക്കിന് പാറകളാണ് പൊട്ടിച്ചു കൊണ്ടുപോകുന്നത്. ഒരു കാലത്ത് കൈത്തമര് (ഉളിയും ചുറ്റികയും) ഉപയോഗിച്ച് പൊട്ടിച്ചിരുന്നിടത്ത് ഇന്ന്് യന്ത്രങ്ങളാണ്. കൈത്തമര് കൊണ്ട് ഒരു മാസം പൊട്ടിച്ചെടുക്കുന്ന കല്ല് ജാക്ക് ഹാമറും കംപ്രസറും ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് പൊട്ടിച്ചെടുക്കുന്നത് മലകളുടെ നാശം വേഗത്തിലാക്കി. ക്വാറികൾക്കെതിരേ ശബ്ദിക്കുമ്പോൾ എന്നും ഉയർന്നു വരുന്ന ന്യായവാദങ്ങളാണ് നിർമാണ മേഖലയും തൊഴിൽ അവസരവും. എന്നാൽ യന്ത്രങ്ങളുടെ വരവോടുകൂടി തൊഴിൽ അവസരം കുറയുകയാണുണ്ടായത്. ഈ മലകൾ നിലനിർത്താൻ കഴിയുമെങ്കിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന വിനോദസഞ്ചാര മേഖലകളാക്കി തീർക്കാനുള്ള സാധ്യത ഏറെയാണ്. അതിനുള്ള ഉദാഹരണമാണ് അമ്പുകുത്തി മലയിലെ എടക്കൽ ഗുഹ. 1980–85 കാലഘട്ടത്തിൽ എടക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മല ഖനനം നടത്താൻ അനുമതി നൽകിയതിനെത്തുടർന്ന് ‘ഗുഹ വേണോ നിർമാണ മേഖല വേണോ” എന്ന ചോദ്യവുമായി ഒരുപറ്റം പരിസ്‌ഥിതി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രവർത്തനങ്ങൾക്കു മുമ്പിൽ അധികാരികൾക്കും തൽപ്പരകക്ഷികൾക്കും ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു. ഇന്ന് പ്രതിവർഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് എടക്കൽ ഗുഹ സന്ദർശിക്കാനായി എത്തുന്നത്. നേരിട്ടും അല്ലാതെയും നിരവധി ആൾക്കാർക്ക് തൊഴിൽ അവസരം ലഭിച്ചു. അന്ന് അത്തരമൊരു പ്രതിഷേധം ഉയർന്നു വന്നില്ലായിരുന്നെങ്കിൽ മനുഷ്യ വാസത്തിന്റെ ആരംഭം കുറിച്ച എടക്കൽ ഗുഹ ഏതെങ്കിലുമൊരു കെട്ടിടത്തിന്റെ അടിത്തറയോ ചുമരോ ആയേനെ.

ഇന്ന് വയനാട്ടിൽ അനുഭവപ്പെടുന്ന ചൂടിനും ജലക്ഷാമത്തിനും ഒരുകാരണം മലകളും മട്ടിപ്പാറകളും ഇല്ലാതാകുന്നതു തന്നെയാണ്. അമ്പുകുത്തി മലയും കൊളഗപ്പാറയും മട്ടിപ്പാറയുമൊക്കെ സോഫ്റ്റ് റോക്ക് അഥവാ മട്ടിപ്പാറ വിഭാഗത്തിൽ പെട്ട മലകളായതിനാൽ സ്പോഞ്ച് പോലെ പ്രവർത്തിച്ച് ഭൂഗർഭജലത്തിന്റെ തോത് വർധിപ്പിക്കാൻ സഹായിക്കും. ഇടുക്കിയിലെ മൂന്നാറിലും അമ്പലവയലിലും മാത്രമേ സോഫ്റ്റ് റോക്ക് വിഭാഗത്തിൽ പെട്ട മലനിരകൾ കണ്ടു വരുന്നുള്ളു. ഇവയുടെ നാശം നമ്മെ കടുത്ത വരൾച്ചയിലേക്കാണ് കൊണ്ടെത്തിക്കുക. പ്രകൃതിതന്നെ നമുക്ക് പല മുന്നറിയിപ്പും തന്നുകഴിഞ്ഞു വയനാടിന്റെ മാത്രം പ്രത്യേകതകളായ ഇടമുറിയാതെ പെയ്തിരുന്ന മഴ നമുക്ക് അന്യമായി, ഭൂഗർഭ ജലത്തിന്റെ തോത് ക്രമാതീതമായി താണു, മഴനൂലുകൾ ഇല്ലാതായി. ഈ ഏഴ് മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പാതിരിപ്പാലം, കുപ്പമുടി തുടങ്ങിയ നദികളും കരിങ്കൊല്ലി തോടും ചാലിയാറിലേക്ക് ഒഴുക്കുന്ന നിരവധി പോഷക നദികളിലേയും ജലനിരപ്പ് ശോഷിച്ചു. പല നീരുറവകളും അപ്രത്യക്ഷമായി. ഇതിനെല്ലാം ഒരുകാരണം മാത്രമാണ് അമ്പലവയലിലെ ക്വാറികൾ. മനുഷ്യൻ രചിക്കുന്ന ഭൂമിയുടെ ചരമഗീതങ്ങളിലെ ഒന്നുമാത്രമാണ് അമ്പലവയലിലെ ക്വാറികൾ...

തയാറാക്കിയത്: <യ> ആർ. സൂരജ്
ഫോട്ടോ: ജോജി വർഗീസ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ01ാമ3.ഷുഴ മഹശഴി=ഹലളേ>