ഇമ്മിണി ബല്യ സുൽത്താൻ..!
ഇമ്മിണി ബല്യ സുൽത്താൻ..!
<യ> ബാല്യകാലസഖിയെക്കുറിച്ച് എം.പി. പോൾ പറഞ്ഞതു കുറച്ചുകൂടി വിശാലമാക്കിയാൽ, ബഷീർകൃതികൾ ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയ ഏടുകളാണ്. രണ്ടേക്കർ പറമ്പിൽ സുൽത്താനായി ജീവിച്ച ബഷീർ അതുകൊണ്ടുതന്നെ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവരുടെ മനസുകളിൽ എന്നും ഇമ്മിണി ബല്യ സുൽത്താനായി ജീവിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര സ്മരണകൾക്ക് ഇന്ന് (ജൂലൈ 5) 22 വയസ്.

ടി.ജി.ബൈജുനാഥ്

രണ്ടേക്കർ പറമ്പിന്റെ നടുവിലിരുന്ന് ഇവിടെ താൻ സുൽത്താനാണെന്നു ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞ ബഷീർ... വ്യാകരണനിയമങ്ങൾ നോക്കാതെ വലിയ കാര്യങ്ങൾ ചെറിയ വാക്കുകളിൽ പറഞ്ഞു. അന്യാദൃശമായ ആ കഥപറച്ചിൽ തന്നെയാണു ബഷീറിനെ കഥാകാരൻമാരുടെ സുൽത്താനാക്കിയത്. ജീവിതം അനശ്വരമാണെന്ന സത്യം നിലനില്ക്കുന്നിടത്തോളം ബഷീറും ആ ’തോന്ന്യാക്ഷരങ്ങളും’ വായനയുടെ വഴികളിൽ നാട്ടുവർത്തമാനം പറഞ്ഞുനില്ക്കും.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യത്തിൽ നിന്നു തുടങ്ങാം. സ്‌ഥലം ബേപ്പൂരിലെ വൈലായിൽ വീടിന്റെ മുറ്റം. ഓരം ചേർന്നു തണൽ വിരിച്ചു നില്ക്കുന്ന മാംഗോസ്റ്റിൻ. ചുവട്ടിൽ ചാരുകസാലയിൽ നിവർന്നിരുന്ന് അർധനഗ്നനായ ഒരു കഷണ്ടിക്കാരൻ കാർഡ് ബോർഡിൽ ചേർത്തുവച്ച കടലാസിൽ കുത്തിക്കുറിക്കുകയാണ്. സമീപം ചെറിയ ടീപ്പോയ്. അതിൽ പുസ്തകങ്ങളും പത്രങ്ങളും. നിലത്തു സമീപത്തു ഫ്ളാസ്ക്. ചെറിയ സ്റ്റൂളിൽ കടലാസു കഷണങ്ങൾ, നോട്ടുപുസ്തകങ്ങൾ. കടപ്പാടുകളും ബാധ്യതകളുമില്ലാതെ സ്വന്തം അനുഭവങ്ങൾ തോന്നിയപടി പറഞ്ഞുപോയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുവട്ടമാ ണിത്്. രണ്ടേക്കർപറമ്പിന്റെ നടുവിലിരുന്ന് ഇവിടെ താൻ സുൽത്താനാണെന്നു ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ ബഷീർ. വ്യാകരണനിയമങ്ങൾ നോക്കാതെ വലിയ കാര്യങ്ങൾ ചെറിയ വാക്കുകളിൽ പറഞ്ഞു. അന്യാദൃശമായ ആ കഥപറച്ചിൽ തന്നെയാണു ബഷീറിനെ കഥാകാരൻമാരുടെ സുൽത്താനാക്കിയത്.

ബഷീറിനു നൊബേൽ സമ്മാനവും ജ്‌ഞാനപീഠവും കിട്ടേണ്ടതാണെന്ന്്് ആഴത്തിൽ പഠിച്ചവരും ചിന്തിച്ചവരും ഇടയ്ക്കിടെ കോളമെഴുതിക്കൊണ്ടിരുന്നു. ഇതൊന്നും കിട്ടാതെ ബഷീർ കടന്നുപോയിട്ട് 22 വർഷങ്ങൾ. എട്ടുകാലി മമ്മൂഞ്ഞും പാത്തുമ്മയും ആനവാരി രാമൻ നായരും പൊൻകുരിശു തോമായും സൈനബയും നാട്ടുകവലയിലും നാട്ടിടവഴികളിലും പാമ്പു പാർക്കുന്ന പറമ്പുകളിലും ഇന്നും ഓടിനടക്കുന്നു. പറയാനെന്തോ ബാക്കിവച്ചു സുഹ്റ മജീദിനെ പിൻവിളിച്ചു നില്ക്കുന്നു. ആ കഥാപാത്രങ്ങൾ മരിക്കുന്നില്ല. അവർ ഭാവനയുടെ രഥത്തിൽ പറന്നിറങ്ങിയവരായിരുന്നില്ല. യഥാർഥത്തിൽ അവർ കഥാപാത്രങ്ങളായിരുന്നില്ല; അനന്തമായ വേദനകൾക്കിടെ മറഞ്ഞും തെളിഞ്ഞും തുടരുന്ന ജീവിതത്തിന്റെ അടയാളങ്ങളായിരുന്നു. ജീവിതം അനശ്വരമാണെന്ന സത്യം നിലനില്ക്കുന്നിടത്തോളം ബഷീറും ആ ’തോന്ന്യാക്ഷരങ്ങളും’ വായനയുടെ വഴികളിൽ നാട്ടുവർത്തമാനം പറഞ്ഞുനില്ക്കും.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ05ൃമ2.ഷുഴ മഹശഴി=ഹലളേ>

ബഷീറിന്റെ ഭാഷ സ്നേഹമായിരുന്നു. അനന്തകോടി ജീവജാലങ്ങളെ കാത്തുരക്ഷിക്കുന്ന ദൈവംതമ്പുരാനു സ്തുതി പറയുന്ന തികച്ചും പച്ചയായ മനുഷ്യൻ. ബഷീർ കഥാകാരൻമാരിലെ പ്രവാചകനെപ്പോലെ സുവിശേഷസാന്നിധ്യമുളള അക്ഷരങ്ങൾ നമുക്കു തന്നു. കൊടികളുടെയും ജാതിഭേദങ്ങളുടെയും ലോകത്തു ബഷീറിന്റെ പ്രത്യയശാസ്ത്രം സ്നേഹമായിരുന്നു.

മതവും രാഷ്ട്രീയവും വർഗചിന്തയും ആ അക്ഷരങ്ങളുടെ മേൽ നിഴലായ് പടർന്നില്ല. മുണ്ടേൾരിയും അഴീക്കോടും എം.പി. പോളും നിർവചനങ്ങളില്ലാത്ത സ്നേഹത്തിന്റെ മാംഗോസ്റ്റിൻ മരത്തണലിൽ ലോകവർത്തമാനം പറഞ്ഞിരുന്നു. അറിയപ്പെടാത്തവർക്കും സ്നേഹിതർക്കും ബഷീർ അസംഖ്യം കത്തുകളെഴുതി. കത്തുകളിലൂടെ സ്നേഹത്തിന്റെ ഇമ്മിണി ബല്യ അക്ഷരങ്ങൾ കൈമാറി. കത്തു കിട്ടിയവർ അവ നിധി പോലെ സൂക്ഷിച്ചുവച്ചു. അങ്ങനെ അറിയപ്പെടാത്തവർ ആ സ്നേഹാക്ഷരങ്ങളുടെ ഉടമകളെന്ന രീതിയിൽ അറിയപ്പെട്ടു. മനുഷ്യന്റെ വികാരങ്ങളും ദൗർബല്യങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും കൊച്ചുകൊച്ചു വാചകങ്ങളിൽ കടലാസിലും കാർഡുകളിലും നിറഞ്ഞു. വിദൂരതയിൽ അവയ്ക്കു കാത്തിരുന്നവർ സ്നേഹത്തിന്റെ വാക്കുകൾ സ്വീകരിച്ച് അദൃശ്യമായ സൗഹൃദത്തിന്റെ മാനസസേതു തീർത്തു. ചില കത്തുകൾ കഥകളായി. പിന്നീടു പുസ്തകങ്ങളായി.

‘വൃത്തവും കോണും ചതുരവുമില്ലതിലെത്തി നോക്കീട്ടില്ല ശില്പിതന്ത്രം‘ എന്നത് ആശാൻ കവിത. അതുപോലെയായിരുന്നു ചിലപ്പോൾ ബഷീറിന്റെ ഭാഷ. എന്നാൽ അതിനൊരു ചന്തമുണ്ടായിരുന്നു. സാഹിത്യഭാഷയെ മേലാളൻമാരുടെ വ്യാകരണക്കെട്ടുകളിൽ നിന്നു ജീവിതത്തിന്റെ അനുഭവവർത്തമാനങ്ങളിലേക്കു കൈപിടിച്ചിറക്കി. വ്യാകരണത്തിന്റെ കടുംപിടിത്തങ്ങളും അലങ്കാരങ്ങളുടെ കടുംകെട്ടുമില്ലാത്ത സുന്ദരമായ ഭാഷ. ആ ഭാഷ നല്കുന്ന വായനസുഖം തേടിയാവണം സാധാരണക്കാരൻ പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും വാങ്ങിയത്; വായനശാലകളുടെ പൊടിയണിഞ്ഞ പുസ്തകക്കൂട്ടങ്ങൾക്കിടെ ഭൂമിയുടെ അവകാശികളും ചിരിക്കുന്ന മരപ്പാവയും തേടിയത്. ആഷർ എന്ന സായിപ്പ് കേരളത്തിലെത്തി മലയാളം പഠിച്ചു തേടിപ്പിടിച്ചു വായിച്ചതും പഠിച്ചതും ബഷീർകൃതികൾ തന്നെ. അത്രയേറെ ലളിതവും പുതുമയുടെ ഗന്ധമുളളതുമായ വാക്കുകൾ. പ്രേമലേഖനത്തിലെ സാറാമ്മയും കേശവൻ നായരും തമ്മിലുളള വിശുദ്ധസ്നേഹം പോലെ ആ വാക്കുകൾ കാലങ്ങളിലൂടെ അപ്പൂപ്പൻതാടി പോലെ പറന്നുകൊണ്ടിരിക്കുന്നു.


ബഷീറിനു ജീവിതം എഴുത്തായിരുന്നു. ജീവിതത്തിനുളള വക നല്കിയിരുന്നതും അനുഭവങ്ങളുടെ പിൻബലമുളള അക്ഷരങ്ങൾതന്നെ. എഴുതിയതു പുസ്തകമാക്കി, വീടുവീടാന്തരം കയറിയിറങ്ങി വിറ്റു. എറണാകുളത്തു ബഷീർസ് ബുക്ക് സ്റ്റാൾ തുടങ്ങി. പാഠപുസ്തകങ്ങളിലുടെ കുട്ടികൾ അടുത്തറിഞ്ഞു. കഥാകാരനെ കാണാനും ചാമ്പമരത്തിൽ നിന്നു ചാമ്പയ്ക്ക തിന്നാനും കുട്ടികൾ ബേപ്പൂരിലെ വൈലായിൽ വീടുതേടിയെത്തി. മാംഗോസ്റ്റിൻ മരത്തണലും ഗ്രാമഫോണും ഗസലുകളും സന്ദർശകർക്ക് അനുഭവങ്ങളായി; അനന്തമായ പ്രാർഥനയാണു ജീവിതമെന്നു പറഞ്ഞ കഥാകാരന്റെ കവിത തുളുമ്പുന്ന വാക്കുകൾക്കൊപ്പം.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ05ൃമ3.ഷുഴ മഹശഴി=ഹലളേ>

വായനശാലകളിലെ രജിസ്റ്റർ ബുക്കുകളിൽ പൊൻകുന്നം വർക്കിക്കും കേശവദേവിനും തകഴിക്കുമൊപ്പം ബഷീർ എന്ന മൂന്നക്ഷരവും ഏറെത്തവണ മഷിപുരണ്ടു. അവർ ഒരേ കാലത്തിന്റെ വികാരവും ശബ്ദവുമായിരുന്നു. ഗ്രാമീണജീവിതത്തിന്റെ അടക്കവും അടക്കംപറച്ചിലുകളും കുശുമ്പും കുന്നായ്മയും അടുക്കളവർത്തമാനത്തിന്റെ നൈർമല്യത്തോടെ അക്ഷരങ്ങളായി.
സ്വാതന്ത്ര്യസമരനാളുകളിലാണു ബഷീർ പൊതുജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്കു മനസുതുറന്നത്. ബഷീർ അന്നു വൈക്കത്തു സ്കൂൾ വിദ്യാർഥി. 1924 ൽ ഗാന്ധിജി വൈക്കത്തെത്തിയപ്പോൾ അദ്ദേഹത്തെ അടുത്തു കണ്ടു. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കാൻ ഫിഫ്ത് ഫോമിൽ വച്ചു പഠനം ഉപേക്ഷിച്ചിറങ്ങി.

ദേശീയബോധത്തിന്റെ ആവേശം സജീവമായിരുന്ന കോഴിക്കോട്ടെത്തി. 1930 ൽ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തി അറസ്റ്റ് വരിച്ചു. പോലീസ് സ്റ്റേഷൻ, മർദനം, റിമാൻഡ്, ജയിൽ. ബ്രിട്ടീഷ് ഭരണത്തിനെതിരേ ലഘുലേഖകൾ അച്ചടിച്ചതിനേത്തുടർന്ന്് അറസ്റ്റ് വാറന്റ്. അതോടെ ബഷീർ കേരളം വിട്ടുപോയി. ഇന്ത്യയൊട്ടാകെ സഞ്ചാരം. അതിരുകൾ കടന്ന് ഏഷ്യയുടെയും ആഫ്രിക്കയുടെയും വിദൂരതയിൽ അലഞ്ഞുനടന്നു. പട്ടിണി മാറാൻ എന്തു ജോലിയും ചെയ്തു. ഭാവിപ്രവചനക്കാരൻ, പാചകക്കാരൻ, പത്രവില്പനക്കാരൻ, അക്കൗണ്ടന്റ്, കാവൽക്കാരൻ, ഹോട്ടൽ മാനേജർ, സൂഫി സന്യാസി... ഹിമാലയനിരകളിലും ഗംഗാതടങ്ങളിലും ഒരവധൂതനെപ്പോലെ അലഞ്ഞ നാളുകൾ. ആഹാരവും വെളളവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട ദിനരാത്രങ്ങൾ. 1941 – 42 കാലഘട്ടത്തിൽ വീണ്ടും അറസ്റ്റിലായി. ജയിൽവാസം കൊല്ലം കസബ പോലീസ് ലോക്കപ്പിൽ. വിചാരണയ്ക്കു ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടരവർഷം. സഹതടവുകാരും പോലീസുകാരും പറഞ്ഞതും പിന്നീടു കഥകളായി.

നാല്പതു കഴിഞ്ഞാണു ബഷീർ വിവാഹിതനായത്. വധു തന്നേക്കാൾ ഏറെ ചെറുപ്പമായിരുന്ന ഫാബി. ഇവരൊന്നിച്ചു കഴിയവെ ഒരു ദിനം വീട്ടിലെത്തിയ മുണ്ടേൾരി മാസ്റ്ററാണ് ബഷീറിനെ ആദ്യമായി സുൽത്താൻ എന്നു വിളിച്ചത്. പിന്നീട് ആ വിളി സ്നേഹപൂർവം മലയാളികൾ ഏറ്റെടുത്തു. പാത്തുമ്മയുടെ ആട്, മതിലുകൾ, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു, ശബ്ദങ്ങൾ, അനർഘനിമിഷം, ഭാർഗവിനിലയം... സംസാരഭാഷയുടെ തനിമയോടെ വായനക്കാരിലെത്തി.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ05ൃമ4.ഷുഴ മഹശഴി=ഹലളേ>

യാത്രയും നിരീക്ഷണവും അനുഭവവുമായിരുന്നു ബഷീറിന്റെ മൂലധനം. നർമ്മവും വേദനയും വാക്കുകളുടെ ഹൃദയത്തിൽ ചേർത്തു. സ്നേഹവും ദാരിദ്ര്യവും വിശപ്പും നിസഹായതയും കഥകളുടെ വേഷമണിഞ്ഞു. പറയാനുളളതു നേരേ ചൊവ്വേ പറയുന്ന ശൈലി. തത്ത്വചിന്തയും സാമൂഹികബോധവും ഇടകലർത്തിയ യാത്രാനുഭങ്ങൾ. ജയിലനുഭവങ്ങൾ. സുഹൃത്തുക്കളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ജീവികളെക്കുറിച്ചുമുളള തുറന്നെഴുത്തുകൾ. രാഷ്ര്‌ടീയവും പ്രണയവും മാനവികതയും മോഷണവും അന്ധവിശ്വാസവും വിശ്വാസവും കഥകളുടെ പ്രമേയമായി. കഥയെന്നോ കവിതയെന്നോ ഫിക്ഷനെന്നോ ആത്മകഥാപരമെന്നോ വേർതിരിക്കാനാകാത്ത രചനകൾ; വായനക്കാരന്റെ ഹൃദയത്തിൽ തൊട്ടുനില്ക്കുന്ന വാക്കുകൾ. ബാല്യകാലസഖിയെക്കുറിച്ച് എം.പി. പോൾ പറഞ്ഞതു കുറച്ചുകൂടി വിശാലമാക്കിയാൽ, ബഷീർകൃതികൾ ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയ ഏടുകളാണ്. രണ്ടേക്കർ പറമ്പിൽ സുൽത്താനായി ജീവിച്ച ബഷീർ അതുകൊണ്ടുതന്നെ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവരുടെ മനസുകളിൽ എന്നും ഇമ്മിണി ബല്യ സുൽത്താനായി ജീവിക്കും.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ05ൃമ5.ഷുഴ മഹശഴി=ഹലളേ>