ടെൻഷനടിക്കേണ്ട, ഉറങ്ങാം; മതിയാവോളം
ടെൻഷനടിക്കേണ്ട, ഉറങ്ങാം; മതിയാവോളം
പച്ചക്കറിത്തോട്ടം രൂപപ്പെടുത്തുന്നതു വഴി വ്യായാമവും സാധ്യമാകും. അതിലുപരി മാനസികപിരിമുറുക്കം (സ്ട്രസ്) കുറയ്ക്കാനുള്ള നല്ല ഒരു ഉപായമായും അതു മാറും. പക്ഷേ, ചെടികളോടും പച്ചക്കറികളോടുമുളള സ്നേഹപരിചരണങ്ങൾ ശീലമാക്കണം. സ്ട്രസ് ഒഴിവാക്കിയാൽ ശരീരത്തിന്റെ പ്രതിരോധശക്‌തി മെച്ചപ്പെടും. ഹൃദയാരോഗ്യത്തിനും അതു ഗുണകരം. നടത്തവും സ്ട്രസ് കുറയ്ക്കുന്നതിന് സഹായിക്കും. മനസിനെ ചിന്തകൾ അലട്ടുമ്പോൾ അര മണിക്കൂർ നടന്നുനോക്കൂ. അതു മാനസികപിരിമുറുക്കത്തിന് അയവുവരുത്തും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തിയുളള ആഹാരക്രമം, ദിവസേന എട്ടു മണിക്കൂർ ഉറക്കം.. തുടങ്ങിയവയും സ്ട്രസ് കുറയ്ക്കാനുളള ഉപാധികൾ തന്നെ. വ്യായാമത്തിനൊപ്പം മതിയായ വിശ്രമവും ആരോഗ്യജീവിതത്തിന് അവശ്യം. ഉറക്കംവിശ്രമത്തിനുളള സ്വാഭാവിക ഉപാധിയാണ്. ഉറക്കക്കുറവ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം തളർത്തും. മതിയായ ഉറക്കം സ്ട്രസ് കുറയ്ക്കുമെന്നു പഠനങ്ങൾ. ഓർമശക്‌തി മെച്ചപ്പെടുത്തുന്നതിനും രക്‌തസമ്മർദം, കൊളസ്ട്രോൾ എന്നിവ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനും ഡിപ്രഷൻ തടയുന്നതിനും ശരീരഭാരം നിയന്ത്രിതമാക്കുന്നതിനും എട്ടു മണിക്കൂർ വരെ ഉറക്കം അവശ്യമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധശക്‌തി മെച്ചപ്പെടുത്തി വൈറസ്, ബാക്ടീരിയ തുടങ്ങിയ അണുക്കളെ തുരത്തി രോഗഭീഷണി ഒഴിവാക്കുന്നതിനും ഉറക്കം ഗുണകരം.

ഹാസസാഹിത്യകൃതികൾ, ബഷീർകൃതികൾ തുടങ്ങിയവ വായിക്കുന്നതും ടെലിവിഷനിൽ കോമഡി പരിപാടികൾ കാണുന്നതും ചിരിക്കു വകനല്കും. പൊട്ടിച്ചിരിച്ചാൽ ടെൻഷന്റെ കെട്ടുപൊട്ടും. നാം പോസീറ്റീവായി ചിന്തിക്കണം, നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായും എന്തിലും ഏതിലും വിമർശനം മാത്രം നല്കുന്നവരുമായും ഉളള ചങ്ങാത്തം ഒഴിവാക്കണം. ശുഭപ്രതീക്ഷ മാനസികപിരിമുറുക്കം അകറ്റും. ടെൻഷനും സ്ട്രസും ഒഴിവാക്കിയാൽ ഉയർന്ന ബിപി, പ്രമേഹം, ഹൃദ്രോഗം, ടെൻഷൻതലവേദന എന്നിവയ്ക്കുളള സാധ്യത കുറയ്ക്കാം. കുട്ടികളുമായും ചെറുപ്പക്കാരുമായും സൗഹൃദം പങ്കിടാൻ ശ്രമിക്കണം.


മനുഷ്യശരീരം തന്നെ 60 ശതമാനത്തിലധികം വെളളമാണ്. ശരീരത്തിൽ ജലാംശം വേണ്ട തോതിൽ നിലനിർത്തിയാൽ രോഗങ്ങൾ ഒരുപരിധിവരെ അകന്നുനിൽക്കും.ദിവസവും 10–12 ഗ്ലാസ് തിളപ്പിച്ചാറിച്ച വെളളം കുടിച്ചാൽ നിർജ്‌ജലീകരണം ഒഴിവാക്കാം.

ശരീരത്തിൽ ജലാംശം നിലനിർത്തിയാൽ കോശങ്ങളുടെ പ്രവർത്തനത്തിന് അതു ഗുണം ചെയ്യും. വിവിധതരം പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് അതു സഹായകമായി മാറുന്നു. ശരീരത്തിലെത്തുന്ന വിവിധതരം വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനും ജലാംശം സഹായകം. തിളപ്പിച്ചാറിച്ച വെളളത്തിൽ തയാറാക്കുന്ന നാരങ്ങാവെളളം ഉത്തമപാനീയം. ചൂടു കഞ്ഞിവെളളവും കരിക്കിൻ വെളളവും ക്ഷീണം അകറ്റും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിലൂടെയും ശരീരത്തിൽ ജലാംശം വർധിക്കും. കടുത്ത മദ്യാസക്‌തി നിർജ്‌ജലീകരണത്തിന് ഇടയാക്കുമെന്നതിനാൽ മദ്യപാനം ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം. (തുടരും).

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്