ഒരു ദേവരാഗത്തിന്റെ ഓർമയ്ക്കായ്
ഒരു ദേവരാഗത്തിന്റെ ഓർമയ്ക്കായ്
ഭരതൻ... പ്രണയഭേദങ്ങളും ജീവിതസമസ്യകളും ചാലിച്ചു മലയാളസിനിമയുടെ കാൻവാസിൽ കവിതയെഴുതിയ കലാകാരൻ. പ്രണയത്തിന്റെ പൊരുളും പ്രതികാരത്തിന്റെ കനൽച്ചൂടും സ്നേഹത്തിന്റെ നുറുങ്ങുവെട്ടവും ചിതറിയൊഴുകിയ ആ ചിത്രകാവ്യങ്ങൾ മലയാളികൾ മനസോടു ചേർത്തു. നാട്ടിടവഴികളിലെ പായൽപടർന്ന വെട്ടുകല്ലുചുവരുകൾക്കിടയിലൂടെ നടക്കുമ്പോൾ മനസിൽ നിറയുന്ന അനുഭൂതിയുടെ തണുപ്പിലെന്നപോലെ നമ്മൾ ആർദ്രമാനസരായി. ഒരുപിടി ഓർമച്ചിത്രങ്ങൾ. വിശുദ്ധമായ കൈയടക്കത്തോടെ പ്രണയത്തെ സ്പർശിച്ചു കലാചാരുത ചോർന്നുപോകാതെ കഥപറഞ്ഞ പ്രതിഭ. വടക്കുംനാഥന്റെ നാട്ടിൽ നിന്നു തുടങ്ങിയ പ്രയാണം. നീതീകരിക്കാവുന്നതും അല്ലാത്തതുമായ പ്രണയത്തിന്റെ ദേവരാഗങ്ങൾ തേടി. പൊടുന്നനെ പെയ്തമഴയിൽ കൊഴിഞ്ഞ പൂ പോലെ ഭരതൻ വടക്കാഞ്ചേരിയിൽ നിന്നും പറയാത്ത കഥയുടെ കല്യാണസൗഗന്ധികത്തിൽ നിന്നും മറഞ്ഞിട്ട് തോരാമഴയുടെ പതിനെട്ടു കർക്കടകങ്ങൾ കടന്നുപോയിരിക്കുന്നു.

<യ>സവിശേഷമായ ഭരതൻടച്ച്

കൃത്രിമവെളിച്ചത്തിന്റെ സ്റ്റുഡിയോ സെറ്റുകളിൽ നിന്നു മലയാള സിനിമയെ തുറന്ന ആകാശത്തിനു കീഴേ പടർത്തിയ പി.എൻ. മേനോനായിരുന്നു ഭരതന്റെ വഴികാട്ടി. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവക്ഷേത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചു തുടക്കം. പിന്നെ കഥയെഴുതി. തിരക്കഥയൊരുക്കി. സംഭാഷണവും പാട്ടുമെഴുതി. സംഗീതം നല്കി. പോസ്റ്റർ ഡിസൈൻ ചെയ്തു. കാമറക്കാഴ്ചകളെ വെട്ടിയൊതുക്കി. രംഗബോധമുളള സംവിധായകനായി. പ്രതിഭകളുടെ അക്ഷരപ്രഭ തിരിച്ചറിഞ്ഞു കൂടെച്ചേർന്നു. ചിലരെയൊക്കെ ഒപ്പം നടത്തി. ഒപ്പം നടന്നവരും പാടിയുമാടിയും കൂടെക്കൂടിയവരും ഒന്നുചേർന്നപ്പോൾ തകരയും രതിനിർവേദവും ചാമരവും അമരവും ആരവമായി. പ്രമേയത്തിന്റെ ആത്മാവിൽ മുറിവുകളുണ്ടാക്കാതെ വീട്ടുവീഴ്ചകളില്ലാത്ത ചലച്ചിത്രങ്ങൾ പിറന്നപ്പോൾ വിമർശകരും ആസ്വാദകരും ആ കൈപ്പുണ്യത്തെ സവിശേഷമായ ഭരതൻടച്ച് എന്നു വിശേഷിപ്പിച്ചു.

<ശാഴ െൃര=/ളലമേൗൃല/ആവമൃമവേമിബളൃശലിറബെ072916.ഷുഴ മഹശഴി=ഹലളേ>

<യ>കൂടെച്ചേർന്നും ഒപ്പം നടത്തിയും

കഥാസൗന്ദര്യത്തിന്റെ താഴ്വാരങ്ങളിലെവിടെയോ ഒന്നുചേരാൻ പറന്നുവന്ന രണ്ടു ദേശാടനക്കിളികളെപ്പോലെയായിരുന്നു ഭരതനും പദ്മരാജനും. പ്രയാണത്തിൽ തുടങ്ങിയ ബന്ധം ആവാരംപൂ വരെ തുടർന്നു. രതിനിർവേദം, തകര, ലോറി, ഈണം, ഒഴിവുകാലം... ജോൺ പോളുമായുളള ഹൃദയബന്ധവും ചലച്ചിത്രകലയുടെ ആത്മാവു ദർശിച്ചവരുടെ സംഗമമായി. ജോൺ പോളിന്റെ രചനയിൽ ഭരതനൊരുക്കിയതു 11 ചിത്രങ്ങൾ. ചാമരം, മർമ്മരം, ഓർമയ്ക്കായി, പാളങ്ങൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ഒരു സായന്തനത്തിന്റെ സ്വപ്നം, കേളി, കാതോടു കാതോരം, ചമയം തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ–ജോൺപോൾ രസതന്ത്രത്തിന്റെ അനുപമചാരുത തെളിഞ്ഞു. വൈശാലി, താഴ്വാരം എന്നീ ചിത്രങ്ങൾക്ക് എംടിയും പാഥേയം, അമരം, വെങ്കലം എന്നീ ചിത്രങ്ങൾക്കു ലോഹിതദാസും രചന നിർവഹിച്ചു. തേവർമകനു കമലഹാസൻ തിരക്കഥയൊരുക്കി. ഉറൂബ്, തിക്കോടിയൻ, കാക്കനാടൻ, മല്ലിക യുനിസ് തുടങ്ങിയവരുടെ പ്രമേയങ്ങളെ അടിസ്‌ഥാനമാക്കിയും ഭരതൻ ചിത്രങ്ങൾ രൂപമെടുത്തു. ഓരോ ഫ്രെയിമിലും ചിത്രകാരന്റെ കൈയൊതുക്കം ദൃശ്യമായി. ഒപ്പം ചലച്ചിത്രകാരന്റെ മനസൊരുക്കവും.

<യ>പെയ്തൊഴിഞ്ഞിട്ടും തോരാതെ

നാടും നാട്ടീണവും പ്രകൃതിയും പ്രണയവും പരസ്പരം ഇഴചേർത്ത ഫ്രെയിമുകൾ. പ്രകൃതിയിലെ അടയാളങ്ങൾ ഫ്രെയിമുകളിൽ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളായി. പാളങ്ങളിൽ റെയിൽവേ ട്രാക്കും അമരത്തിൽ കടലും താഴ്വാരത്തിൽ പ്രകൃതിയും കഥാഗാത്രത്തോടു ചേർന്നുനിന്നു. സ്ത്രീപുരുഷബന്ധങ്ങളിലെ സങ്കീർണതകൾ അതിഭാവുകത്വമില്ലാതെ അത്രമേൽ സ്വാഭാവികമായി പറയാൻ ഭരതനു കഴിഞ്ഞു. ഓർമകളിലെവിടെയോ തങ്ങിനില്ക്കുന്ന ഒരു നിമിഷത്തെ സൗഹൃദം പോലെയോ പെയ്തൊഴിഞ്ഞിട്ടും തോരാതെ ഇലത്തുമ്പുകളിൽ നിന്നു പൊഴിയുന്ന പ്രകൃതിയുടെ സ്നേഹം പോലെയോ ഭരതനൊരുക്കിയ കാവ്യചിത്രങ്ങൾ. സമൂഹം മൂടിവയ്ക്കാനാഗ്രഹിച്ച വിരുദ്ധസ്നേഹത്തിന്റെ വഴികൾ ഭരതൻ മലയാളികൾക്കുമുമ്പിൽ തുറന്നു. ഭരതൻ കഥ പറഞ്ഞപ്പോൾ അറിയാത്ത വഴിയിലൂടെ ആദ്യമായി യാത്രപോകുന്ന അമ്പരപ്പോടെ, പിന്നിലേക്കു മറയുന്ന വഴിയോരക്കാഴ്ചകളിൽ ലയിച്ചു മലയാളിയിരുന്നു. വഴിതെറ്റിയ മനസിന്റെ അപഥസഞ്ചാരങ്ങളും ഒപ്പം സ്നേഹത്തിന്റെ നാനാർഥവും പ്രണയനിരാസത്തിന്റെ ആത്മവ്യഥയും കണ്ണുകളില്ലാത്ത ലൈംഗികതൃഷ്ണയുടെ നിർവേദപരിണിതിയും കവിതയിൽ ചാലിച്ചെഴുതിയ ചിത്രങ്ങളായി എൺപതുകളുടെ ഓർമച്ചില്ലകളിൽ ചേക്കേറി.


<യ>സംഗീതത്തിന്റെ നിറമഴ

പ്രണയഭരിതമായ രാത്രികൾക്കു ചാരെ നഷ്‌ടസ്മൃതികളുടെ ശ്രുതിതേടിയൊഴുകുന്ന നിലാപ്പുഴ പോലെ ഭരതൻ ചിത്രങ്ങളിലെ സംഗീതം. മഴയുടെ രതികല്പനകളും പ്രണയത്തിന്റെ ഇന്ദ്രനീലിമയും പത്തു വെളുപ്പിനു കാതുകുത്തിനൊരുങ്ങി നില്ക്കുന്ന കസ്തൂരിമുല്ലയും വാൽക്കണ്ണാടി നോക്കുന്ന താരവും ഇന്ദുപുഷ്പം ചൂടി നില്ക്കുന്ന രാത്രിയും നാഥന്റെ കാലൊച്ചകൾക്കു കാതോർത്തിരിക്കുന്ന പ്രണയിനിയും പാട്ടുവഴിയിൽ നിത്യഹരിതങ്ങളായി. ദേവരാജൻ മാസ്റ്റർ, എംബിഎസ്, എം.ജി. രാധാകൃഷ്ണൻ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, ബോംബെ രവി, ഇളയരാജ... ഭരതന്റെ ഫ്രയിമുകളിൽ ഈണവും താളവും നിറച്ചു. മൗനത്തിന്റെ മർമരവും അച്ഛന്റെ അടക്കിനിർത്താനാകാത്ത വാത്സല്യവും സായന്തനത്തിലെ മങ്ങിയ കാഴ്ചകളിലെവിടെയോ തെളിയുന്ന സ്നേഹത്തിന്റെ തിളക്കവും സംഗീതത്തിന്റെ നിറച്ചാർത്തുകളിൽ ഭരതൻ അവതരിപ്പിച്ചു.

<യ>പ്രയാണം മുതൽ മഞ്ജീരധ്വനി വരെ

കലയ്ക്കും കച്ചവടത്തിനുമിടയിൽ നിന്ന് കാലത്തെയും ജീവിതഭ്രമങ്ങളെയും തെരുവിന്റെ തീരാക്കാഴ്ചകളെയും ഭരതൻ സിനിമയുടെ ഫ്രയിമിലൊതുക്കി. കൗമാരമനസുകളിലെ പ്രണയസമുദ്രങ്ങളെ കഥച്ചെപ്പിൽ നിറച്ചു. വിഭ്രാന്തമനസുകളുടെ മൗനരാഗവും വാർധക്യത്തിലെ ശൂന്യതയും ഒറ്റപ്പെടലും സ്നേഹത്തിന്റെ പാഥേയം തേടുന്ന മനസും ഭരതൻചിത്രങ്ങളിൽ ജീവിതത്തിന്റെ വേറിട്ട കാഴ്ചകളായി. പ്രണയത്തിന്റെ കാണാപ്പുറങ്ങളും അവസ്‌ഥാന്തരങ്ങളും എല്ലാറ്റിനുമൊടുവിൽ മിഴി തുറക്കുന്ന ജീവിതയാഥാർഥ്യവും ചലച്ചിത്രങ്ങളിൽ നിറഞ്ഞു.

പ്രയാണം മുതൽ മഞ്ജീരധ്വനി വരെ അമ്പതിലധികം ചിത്രങ്ങൾ. മുമ്പേ നടന്നവരുടെ പാദമുദ്രകൾ തെരയാതെ പുതിയ വഴികൾ തേടിയ കലോപാസകൻ. പ്രമേയങ്ങളിലും അവതരണത്തിലും പരീക്ഷണങ്ങൾ നടത്തി ട്രൻഡ് സെറ്ററുകൾ നല്കിയ സംവിധായകൻ. മലയാള സിനിമയിൽ ഒരു സമ്പൂർണ ചലച്ചിത്രകാരൻ എന്ന വിശേഷണത്തിനു യോഗ്യനായ കലാകാരൻ. നെടുമുടി വേണു, പ്രതാപ് പോത്തൻ, ഭരത് ഗോപി, മമ്മൂട്ടി, മുരളി, കെപിഎസി ലളിത, ബാലൻ.കെ.നായർ, വേണു നാഗവളളി, സുഹാസിനി, മോഹൻലാൽ, ജയറാം തുടങ്ങിയ ചലച്ചിത്ര പ്രതിഭകളുടെ അഭിനയശേഷി ഫലപ്രദമായി ഉപയോഗിച്ച സംവിധായകൻ. സിനിമയെന്ന മാധ്യമത്തിന്റെ അപാരശക്‌തി തിരിച്ചറിഞ്ഞ സംവിധായകൻ. സ്വന്തം ഹൃദയത്തിന്റെ അക്ഷരങ്ങളും കടം വാങ്ങിയ നിമിഷങ്ങളും ഭരതന്റെ അനുഭവസ്പർശത്തിൽ മികച്ച ചലച്ചിത്രങ്ങളായി. നാമറിയാതെ നമ്മെ കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങൾക്കു നിറം പകർന്ന ഭരതൻ 18 വർഷം മുമ്പ്് കഥാവിസ്മയം പൂത്തുലഞ്ഞ കാണാത്തുരുത്തു തേടി മറഞ്ഞു. മിഴിക്കോണുകളിൽ എന്നെന്നും ഓർമകളുടെ മഴപ്പിറാവുകളെ ഒളിപ്പിച്ച വടക്കാഞ്ചേരിയിലെ ഒരമ്മയ്ക്കും രണ്ടു മക്കൾക്കുമൊപ്പം നല്ല സിനിമയെ “സ്നേഹിച്ചു തീരാത്തവരും”വഴിക്കണ്ണുകളുമായി കാത്തിരിക്കുന്നു...

<ശ>വീണ്ടുമോർമിക്കുവാൻ,
സ്വന്തമെന്നോടു ചൊല്ലുവാൻ
എവിടെ നീ, നിലാത്തുരുത്തുകൾക്കപ്പുറം
മനസിതൾ നനഞ്ഞ് മഴയുടെ ചുണ്ടിൽ
വിതുമ്പി നില്ക്കയോ!

<യ>ടി.ജി.ബൈജുനാഥ്