ഇന്നും പാടുന്ന രാമായണക്കിളി
<യ> മുത്തൾിയുടെ സ്കൂൾ ജീവിതകാലത്തെ ലളിതഗാനം മൂന്നാം തലമുറയിലെ കുഞ്ഞുങ്ങൾ പാടുന്നു... എഴുപതുകളിലെ മലയാളികൾ ആസ്വദിച്ച രാമായണക്കിളി ശാരിക പൈങ്കിളി എന്ന ഗാനം ഇന്നും ആസ്വാദകമനസിൽ അലയടിക്കുന്നു.

എസ്. മഞ്ജുളാദേവി

രാമായണക്കിളി ശാരിക പൈങ്കിളി
രാജീവ നേത്രനെ കണ്ടോ
എന്റെ രാഗവിലോലനെ കണ്ടോ...?

എഴുപതുകളുടെ തുടക്കത്തിൽ കേരളം മുഴുവൻ അലയടിച്ച പൂവച്ചൽ ഖാദറിന്റെ ലളിതഗാനമാണിത്. പൂവച്ചൽ ഖാദർ – എം.ജി. രാധാകൃഷ്ണൻ കൂട്ടായ്മയിൽ പിറന്ന ഈ രാമായണഗാനം നീണ്ട നാലുപതിറ്റാണ്ടുകൾക്കുശേഷവും മലയാള മനസിൽ അതേ രാഗചാരുതയോടെ നിലനിൽക്കുന്നു.

ഇന്നലെയുടെ, മധുരാർദ്രമായ ഗൃഹാതുരത്വത്തിന്റെ ഒരീണമായി... ഈ രാമായണ മാസത്തിൽ, രാമായണത്തെയും ശ്രീരാമദേവനെയും ഹൃദയത്തിൽ തൊട്ട പൂവച്ചൽ ഖാദറിന്റെ ഗാനത്തിന് ചൈതന്യമേറുന്നു. ഭക്‌തിമുദ്രിതമായ തന്റെ നാദംകൊണ്ട് റേഡിയോയിലൂടെയും ടിവിയിലൂടെയും മറ്റുമുള്ള നിരന്തര പാരായണംകൊണ്ട് രാമായണത്തെ ലക്ഷക്കണക്കിനു മലയാളികളുടെ ഉള്ളകത്ത് പ്രതിഷ്ഠിച്ച എം.ജി. രാധാകൃഷ്ണന്റെ വിലോലമായ ഈണത്തിനും പ്രസക്‌തിയേറുന്നു.

ആകാശവാണി ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടിക്കുവേണ്ടി 1973 ലാണ് പൂവച്ചൽ ഖാദർ ഈ ഗാനം രചിക്കുന്നത്. എം.ജി. രാധാകൃഷ്ണനാണ് പൂവച്ചൽ ഖാദറിനോട് ഈ ആവശ്യം പറയുന്നത്.

സിനിമാ ഗാനരചയിതാവായി ശോഭിക്കുന്നകാലത്ത് തന്നെയാണ് ആകാശവാണിക്കുവേണ്ടി ഈ ഗാനം പൂവച്ചലിന്റെ തൂലികയിൽ നിന്നുണരുന്നത്. അവിചാരിതമായ ആ ഗാനപ്പിറവിയെക്കുറിച്ച് പൂവച്ചൽ ഖാദർ....

‘‘ആകാശവാണിയിൽ വച്ചാണ് സംഗീത സംവിധായകനായ എം.ജി. രാധാകൃഷ്ണനെ ആദ്യം കണ്ടുമുട്ടുന്നത്.

മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു..., നീ എന്റെ പ്രാർഥന കേട്ടു....തുടങ്ങിയ എന്റെ ഗാനങ്ങൾ പുറത്തുവന്നിരുന്ന കാലമാണ്. രാധാകൃഷ്ണൻ ചേട്ടൻ ആ ഗാനങ്ങളെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞത് ഞാൻ ഇന്നും ഓർമിക്കുന്നു. പിന്നീടാണ് ലളിതഗാനം വേണമെന്ന് എന്നോട് പറയുന്നത്. രണ്ടുമൂന്ന് ദിവസങ്ങൾക്കുശേഷം ഞാൻ എഴുതിയ മൂന്ന് ലളിതഗാനങ്ങളുമായി ഞാൻ തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളജിനു സമീപത്തുള്ള അദ്ദേഹത്തിന്റെ മേടയിൽ വീട്ടിലെത്തി.

ഓണവുമായി ബന്ധപ്പെട്ട ഒരു ഗാനം, മറ്റൊരു ലളിതഗാനം, പിന്നെ രാമായണക്കിളി എന്നു തുടങ്ങുന്ന ഗാനം.

‘രാമായണക്കിളി ശാരിക പൈങ്കിളി’ എന്ന ഗാനമല്ല ഞാൻ ആദ്യം രാധാകൃഷ്ണൻ ചേട്ടനു നൽകിയത്. പക്ഷേ അദ്ദേഹം ആ ഗാനം തെരഞ്ഞെടുക്കുകയായിരുന്നു.

തുഞ്ചത്തെഴുത്തച്ഛന്റെ ശാരിക പൈതലും, സീതാദേവിയുടെ വിരഹവും എല്ലാം രാധാകൃഷ്ണൻ ചേട്ടൻ ഉള്ളുകൊണ്ട് അറിഞ്ഞതുകൊണ്ടാകും അദ്ദേഹം രാമായണക്കിളി എന്ന ഗാനംതന്നെ തെരഞ്ഞെടുത്തത്.


‘ആരണ്യകാണ്ഡത്തിലൂടെ എന്നെ ശ്രീരാമദേവൻ തിരഞ്ഞോ?’ എന്ന വരികൾ വായിച്ചപ്പോൾ വളരെ ഇഷ്‌ടപ്പെട്ടുവെന്ന് ആഹ്ലാദത്തോടെ പറഞ്ഞു. അപ്പോൾ തന്നെ നാം ഇന്നു കേൾക്കുന്ന ആ ഈണം അദ്ദേഹം മൂളിത്തുടങ്ങി. ആകാശവാണിയുടെ പരിപാടിയിൽ ഈ ഗാനം ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ മീര എന്ന ഗായികയാണ് ആലപിച്ചത്. പിന്നീട് റേഡിയോയിലൂടെയും ഗാനം നിരവധിതവണ പ്രക്ഷേപണം ചെയ്തു.

ജനങ്ങളിൽ നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് പാട്ടിന് ലഭിച്ചത്. അക്കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്ന റേഡിയോയിലെ സംഗീതപാഠത്തിൽ രാധാകൃഷ്ണൻ ചേട്ടൻ തന്നെ രാമായണക്കിളി പഠിപ്പിച്ചു. പാഠത്തിനൊടുവിൽ പശ്ചാത്തലസംഗീതത്തോടെ എം.ജി. രാധാകൃഷ്ണന്റെ ശബ്ദത്തിൽ ഗാനം മുഴങ്ങിയത് മറക്കുവാനാകുന്നില്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ പെട്ടെന്നുതന്നെ ഈഗാനം വൈറൽ ആയിത്തീർന്നു. സ്കൂൾ യുവജനോത്സവ വേദികളിൽ എത്രയോ കുട്ടികളെ സമ്മാനാർഹരാക്കിയ ലളിതഗാനംകൂടിയാണിത്.

ഒരിക്കൽ രാധാകൃഷ്ണൻ ചേട്ടൻ യുവജനോത്സവ വിധികർത്താവായിരുന്നപ്പോൾ ഉണ്ടായ ഒരു അനുഭവമുണ്ട്. ലളിതഗാനമത്സരത്തിൽ പങ്കെടുത്ത പത്തോ പന്ത്രണ്ടോ കുട്ടികൾ രാമായണക്കിളി എന്ന ഗാനംതന്നെ തുടർച്ചയായി പാടി. ഒടുവിൽ രാധാകൃഷ്ണൻ ചേട്ടൻ ഉൾപ്പെടെയുള്ള വിധകർത്താക്കൾ ഇടപെട്ട് മറ്റൊരു ഗാനം പാടുവാൻ മത്സരാർഥികളോട് പറയുകയായിരുന്നു. രാധാകൃഷ്ണൻ ചേട്ടൻ തന്നെ എന്നോട് പറഞ്ഞ സംഭവമാണിത്.’’

എഴുപതുകളിലെ മലയാളികൾ ആസ്വദിച്ച ഈ രാമായണപുണ്യഗാനം പുതിയകാലതലമുറ ഇന്ന് യൂട്യൂബിലൂടെയും അതുപോലെ ആസ്വദിക്കുന്നുണ്ട്. യുവജനോത്സവ വേദികളിൽ ഇന്നും 1973 ലെ രാമായണക്കിളി കുട്ടികൾ ആവർത്തിച്ചുപാടി സമ്മാനം വാങ്ങുന്നുവെന്നതും അത്ഭുതകരമായ ഒരു ലളിതഗാന ചരിത്രമാണ്. പൂവച്ചൽ ഖാദറിന്റെ ഭാര്യയുടെ മൂത്ത സഹോദരിയുടെ ചെറുമകൾ ഇതേ ഗാനം പാടിയാണ് യുവജനോത്സവത്തിൽ ലളിതഗാന വിജയിയായത്. മുത്തൾിയുടെ സ്കൂൾ ജീവിതകാലത്തെ ലളിതഗാനം മൂന്നാം തലമുറയിലേയ്ക്ക് ഒഴുകിയെത്തുന്ന രസകരമായ ഒരു കാഴ്ച കൂടിയാണിത്. കൗമാരകാലത്തെ തങ്ങളുടെ ഇഷ്‌ടഗാനമായ രാമായണക്കിളി ഇതുപോലെ പല മുത്തൾിമാരും ചെറുമക്കളെ പഠിപ്പിക്കുന്നുണ്ട്.

2014 ൽ കല്ലടയിലെ ഒരു സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി പൂവച്ചൽ ഖാദർ എത്തിയപ്പോൾ അദ്ദേഹത്തെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വേദിയിലേക്ക് ആനയിച്ചത് രാമായണക്കിളി ശാരിക പൈങ്കിളി... എന്ന് ഒരുമിച്ച്, ഒരേ നാദത്തിൽ പാടിക്കൊണ്ടാണ്.

‘‘ജീവിതത്തിൽ മറക്കുവാൻ കഴിയാത്ത ഒരനുഭവമാണ്...1973 ൽ ഞാൻ ഈ പാട്ടെഴുതുമ്പോൾ ഈ ഭൂമിയിലില്ലാതിരുന്ന ഒരു വലിയ തലമുറ ശ്രീരാമന്റെ ഗാനം പാടി എന്നെ എതിരേറ്റത് എന്റെ കാവ്യജീവിതത്തിലെയും ഒരു അവിസ്മരണീയ നിമിഷമാണ്’’ – പൂവച്ചൽ ഖാദറിന്റെ വാക്കുകൾ.