അവർ വീണ്ടും വരും
1990 ആദ്യമാസത്തിലാണ് ഒരു സംഘം വനത്തിലേക്ക് പുറപ്പെടുന്നത്. അഗസ്ത്യമലയുടെ അടിവാരത്തുള്ള കുറ്റിച്ചൽ പഞ്ചായത്തിലെ മലവിളയിൽ നിന്നും പോയ 11 അംഗ സംഘത്തിൽ യുവാക്കളുണ്ട്, മധ്യവയസ്കരുണ്ട്, പിന്നെ വഴി കാണിക്കാൻ ആദിവാസികളും. ഒരു മാസത്തെ ആഹാരത്തിനായുള്ള സാധനങ്ങളും മറ്റുമായി പോയ സംഘത്തിന്റെ ലക്ഷ്യം തേൻ, ചൂരൽ തുടങ്ങിയ വന വിഭവങ്ങൾ ശേഖരിക്കുക എന്നതായിരുന്നു. വനത്തിലേക്ക് പോയ സംഘം മാസം രണ്ടായിട്ടും തിരികെ വന്നില്ല. പിന്നെ കൂട്ടത്തിൽ നിന്നും അഞ്ച് പേർ എത്തി. പിന്നെ മൂന്നു പേർ വന്നു. ബാക്കിയുള്ളവർ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. വനത്തിൽ കയറി ഇവർ ഉൾവനത്തിൽ എത്തി വേർപിരിഞ്ഞുവെന്നും പിന്നെ കാണാനായില്ലയെന്നുമുള്ള ആശങ്കയാണ് വന്നവർ പങ്കുവച്ചത്. നാളുകൾക്കു ശേഷം അറിയുന്നത് ഒരാൾ വനത്തിൽ വച്ച് കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരാൾ തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിലും. വനത്തിൽ കഞ്ചാവ് ക്യഷി നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് കാണാതായ ആളെന്നും അവർ തമ്മിലുള്ള ചേരിപ്പോരാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അന്നത്തെ പരസ്യമായ രഹസ്യമായിരുന്നു. പിന്നീട് ഇവിടെ കാണാതായവരും കുടുങ്ങിയവരും നിരവധിയായി. കുറേപേർ തമിഴ്നാട്ടിലെ അംബാസമുദ്രം അടക്കമുള്ള ജയിലുകളിൽ കിടക്കുന്നു. കഞ്ചാവ് എന്ന സ്വർണം തേടി പോയവരുടെ ചരിത്രം ഒരു കണ്ണീരായി കിടക്കുമ്പോഴാണ് വീണ്ടും അതിന്റെ പുതിയ സാധ്യതകൾ തേടി പലരും രംഗത്തിറങ്ങിയിരിക്കുന്നത്. അതിർത്തിയിലെ അഷംബു വനം ആണ് കഞ്ചാവ് കൃഷിക്കാരുടെ പ്രധാന താവളങ്ങളിലൊന്ന്.

<യ>അഷംബുമല

പശ്ചിമഘട്ട വനത്തിൽ അങ്ങ് പത്തനംതിട്ടമുതൽ കുളത്തുപ്പുഴ വഴി പൊന്മുടി, പേപ്പാറ, അഗസ്ത്യമലയിലൂടെ കന്യാകുമാരി ജില്ലയിൽ അവസാനിക്കുന്ന മഴക്കാടുകളെയാണ് അഷംബു വനമെന്ന് വിളിക്കുന്നത്. ഈ വനത്തെ പൈതൃകമായി പ്രഖ്യാപിച്ചതും അടുത്തിടെയാണ്. കേരള– തമിഴ്നാട് സംസ്‌ഥാനത്തിലെ അതിർത്തി വനമാണ് ഇവ. ഈ വനത്തിലൂടെയാണ് പഴയ കാലത്ത് നിലനിന്നിരുന്ന കീരവാടാത്തടം എന്ന റോഡ് ഉണ്ടായിരുന്നത്. ഇതുവഴി തമിഴ്നാട്ടിൽനിന്ന് വ്യാപാരികളും മറ്റും കേരളത്തിലേക്കും ഇവിടെ നിന്ന് അവിടേക്കും പോയിരുന്നതായി ചരിത്രരേഖകൾ പറയുന്നു. വന്യജീവികൾ തിമിർത്താടുന്ന ഇവിടെയാണ് പഴയ അടിമച്ചന്ത ഉണ്ടായിരുന്നത്.

<യ>ഇവിടെ പൂക്കുന്നത് നീലച്ചടയൻ

ഇരു സംസ്‌ഥാനങ്ങളിലേയും വനം ജീവനക്കാർ, അതും താൽക്കാലിക ജീവനക്കാർ ഇവിടെ ഒന്നു വന്നുപോകും. പുറം നാട്ടിൽ നിന്നും ഏതാണ്ട് 50 കിലോ മീറ്റർ മുതൽ അകലെയാണ് ഇവിടം. അതാണ് കഞ്ചാവ് കൃഷിക്കാർ ഈ പ്രദേശം തിരഞ്ഞെടുക്കാൻ കാരണം. കടുവകളുടെ സാന്നിധ്യമുള്ള ഭാഗമാണ് ഇവിടം. ഇതിനാൽ തന്നെ വനം ജീവനക്കാർക്കും ട്രക്കിംഗിന് പോകുന്നവർക്കും അപ്രാപ്യമാണ് ഈ കാടുകൾ. അങ്ങനെയുള്ള പ്രദേശത്ത് വീണ്ടും നീലച്ചടയനും ഇടുക്കി ഗോൾഡുമായി കഞ്ചാവ് കൃഷിക്കാർ രംഗത്തിറങ്ങിയെന്നാണ് സൂചനകൾ. അടുത്തിടെയാണ് ഉൾവനത്തിൽ താമസിക്കുന്ന ആദിവാസികളായ കാണിക്കാർ ഒരു കൂട്ടം അജ്‌ഞാത സംഘത്തെ ഉൾവനത്തിൽ വച്ച് കാണുന്നത്. ആരെന്ന ചോദ്യത്തിന് ഗവേഷകരെന്നാണ് പറഞ്ഞത്. ഇവർ കാട്ടിലെ സ്‌ഥിരം വഴികളിൽ നിന്നും മാറി അധികമാരും പോകാത്ത ഭാഗങ്ങളിലേക്ക് പോകുന്നത് കണ്ടതാണ് സംശയത്തിനിടയാക്കിയത്. അതിർത്തി വനമായതിനാൽ കാണിക്കാർ വീണ്ടുമൊരു അന്വേഷണത്തിന് നിന്നില്ല. അത് തങ്ങളുടെ മരണത്തിന് ഇടയാക്കുമെന്ന് അറിയാം. പുറം നാടായ കോട്ടൂർ, അമ്പൂരി ആനനിരത്തി, മലവിള പാങ്കാവ്, പേപ്പാറ, ബോണക്കാട് എന്നിവിടങ്ങളിൽ വനത്തിൽ കയറാൻ നിരവധി വഴികളുണ്ട്. വനപാലകരുടെയും നാട്ടുകാരുടേയും ശ്രദ്ധയിൽപ്പെടാതെ തന്നെ വനത്തിൽ കയറാം. അഗസ്ത്യമുടിക്ക് അപ്പുറമുള്ള ഏഴിലംപൊറ്റ കൃഷിക്ക് പറ്റിയ ഇടമാണത്രേ.


<യ> സഹായിക്കുന്നത് പഴയ വമ്പന്മാർ

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കഞ്ചാവ് കൃഷി നടത്തി പരിചയമുള്ളവർ നിരവധിയുണ്ട്. ഇവർ പല കേസുകളിലും പ്രതികളുമാണ്. ജയിൽ ശിക്ഷ അനുഭവിച്ച ഇവരാണ് ക്യഷിക്കായി സംഘങ്ങൾക്ക് സഹായം ചെയ്യുന്നത്. ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് വിത്ത് കൊണ്ടുവരുന്നതെന്ന് വനം വകുപ്പിനും അറിയാം. വിത്ത് എത്തിച്ച് നടാൻ പാകപ്പെടുത്തുന്നതും ഇവരാണ്. സംഘത്തിനൊപ്പം അവരും ഉണ്ടാകും. കഞ്ചാവ് കൃഷിക്ക് ഒപ്പം വന്യമൃഗവേട്ടയും ഇവരുടെ ഹോബിയാണ്. വനത്തിലെ അപ്പുകളിൽ തങ്ങുന്ന ഇവർ നിരവധി മൃഗങ്ങളെയാണ് കൊല്ലുക. തിന്നതിനുശേഷം ഇറച്ചി ഉണക്കി വയ്ക്കുകയും ചെയ്യും. 15 മുതൽ 16 ആഴ്ചകൾ വരെ എടുക്കും കഞ്ചാവ് ചെടി ഏതാണ്ട് പാകമാകാൻ. അതു വരെ ഈ സംഘങ്ങൾ തമ്പടിക്കുന്നതാണ് പതിവ്. എളുപ്പത്തിൽ പാകമാകാൻ രാസവളങ്ങൾ ഉപയോഗിക്കും.

<യ>വാങ്ങാൻ അയൽനാട്ടുകാരും

കഞ്ചാവ് ചെടി ഏതാണ്ട് മൂപ്പെത്തുമ്പോൾ വാങ്ങാൻ ആളുകൾ വരും. അധികവും തമിഴ്നാട്ടിലുള്ളവരാണ് വാങ്ങുന്നവർ. കാട്ടിലെത്തി മൂട് നോക്കി ഇവർ വില പറയും. അതിനുള്ള മുൻകൂർ അഡ്വാൻസ് തുക നൽകുകയും ചെയ്യും. കഞ്ചാവ് ചെടി വിളവെടുക്കുന്നത് ചിലപ്പോൾ വാങ്ങുന്നവർ ആയിരിക്കും. അല്ലെങ്കിൽ ചില കേന്ദ്രങ്ങളിൽ എത്തിക്കാൻ പറയും. കോടികളുടെ കച്ചവടം ആയതിനാലും പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലും സാധനം രഹസ്യ കേന്ദ്രത്തിൽ എത്തിക്കുന്നതാണ് പതിവ്.

<യ>സംഘട്ടനങ്ങൾ പതിവ്

കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഒറ്റുന്നത് പതിവാണ്. തുകയെ ചൊല്ലി ഇവർ തമ്മിൽ സംഘട്ടനവും ഉണ്ടാകാറുണ്ട്. അതാണ് പലപ്പോഴും കൊലപാതകത്തിലേക്ക് വരെ എത്തിക്കുന്നത്. കഞ്ചാവ് കൃഷി നടത്തുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചാണ് പലരും എതിർസംഘത്തെ ഒറ്റുന്നത്. അതോടെ വനപാലകർ എത്തി അതു കണ്ടുപിടിക്കുകയും ചെയ്യും. നെയ്യാർ വനപാലകരും തമിഴ്നാട് വനപാലകരും ഏക്കറുകണക്കിന് കഞ്ചാവ് തോട്ടമാണ് ഒരിക്കൽ വെട്ടി നശിപ്പിച്ചത്.

<യ>ഇപ്പോൾ നല്ല സമയം

കഞ്ചാവ് കൃഷിക്ക് പറ്റിയ സമയമാണ് ഇപ്പോൾ എന്നു മനസിലാക്കിയാണ് കൃഷി നടത്താൻ പല സംഘങ്ങളും വനത്തിൽ കയറിയിരിക്കുന്നത്. ഇടുക്കി വനത്തിലും വയനാടൻ കാടുകളിലും റെയിഡ് നടക്കുമ്പോൾ ആരും ശ്രദ്ധിക്കാൻ ഇടയില്ലാത്ത അഗസ്ത്യമലക്കാടുകൾ പറ്റിയ ഇടമാണെന്നാണ് സംഘങ്ങൾ മനസിലാക്കിയിരിക്കുന്നത്. അതിനാലാണ് ഇവർ ചേക്കേറിയിരിക്കുന്നത്. കഞ്ചാവ് കൃഷി ഈ വനങ്ങളിൽ ഇനിയും ചോരപ്പുഴ ഒഴുക്കുമോ എന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

<യ> –കോട്ടൂർ സുനിൽ