ആ സഖാവ് ആരുടേത്..? പോരു മുറുകുന്നു
ആ സഖാവ് ആരുടേത്..? പോരു മുറുകുന്നു
കോടതി കയറാൻ ഒരുങ്ങുകയാണ് ഒരു കവിത. ബ്രണ്ണൻ കോളജിലെ ആര്യ ദയാലെന്ന വിദ്യാർഥിനി പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ, ഇപ്പോൾ എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്ന ‘സഖാവ്’ എന്ന കവിതയാണ് അവകാശവാദത്തിന്റെ പേരിൽ കോടതി കയറാൻ ഒരുങ്ങുന്നത്.

സാം മാത്യൂ എ.ഡി എന്ന പിജി വിദ്യാർഥി ഡിഗ്രി കാലയളവിൽ എഴുതി കോട്ടയം സിഎംഎസ് കോളജ് മാഗസിനിൽ സഖാവ് എന്ന പേരിൽ പ്രസിദ്ധീകരിച്ച കവിതയാണ് ഇപ്പോൾ വിവാദക്കുരുക്കിൽ പെട്ടിരിക്കുന്നത്. എന്നാൽ ഈ കവിതയുടെ രചയിതാവ് താനാണെന്നും കവിത പ്രസിദ്ധീകരിക്കുന്നതിനായി സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചു കൊടുത്തിരുന്നുവെന്നും അവകാശപ്പെട്ട് പ്രതീക്ഷ ശിവദാസ് എന്ന പ്ലസ്ടു വിദ്യാർഥിനി എഴുതി തയാറാക്കിയ കുറിപ്പ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ചർച്ചയ്ക്ക് ചൂടുപിടിച്ചത്. രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാദ പ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ തന്റെ സഖാവിനായി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സാം മാത്യു എ.ഡി.

സഖാവിന്റെ ഉടമ ആരാണെന്നറിയാൻ ഇരുവരുമായി സംവദിച്ചപ്പോൾ രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു ഇത് തങ്ങളുടെ കവിതയാണെന്ന്. ഒരു കവിതയ്ക്ക് രണ്ടു അവകാശികൾ ഉണ്ടാകില്ലെന്നുള്ളത് വാസ്തവം. എങ്കിൽ പിന്നെ ആരു പറയുന്നതാവും ശരി.

<യ>സത്യം പുറത്തുവരും വരെ പോരാടും: പ്രതീക്ഷ ശിവദാസ്
<ശ>(പ്ലസ് ടു വിദ്യാർഥിനി ജിഎച്ച്എസ്എസ്
ആനമങ്ങാട്, മലപ്പുറം)

‘‘എന്റെ മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ എനിക്ക് പ്രവർത്തിക്കാൻ പറ്റു. സഖാവ് കവിത എഴുതിയത് ഞാനാണ്. ഈ കുട്ടിക്ക് ഇങ്ങനെ ഒരു കവിത എഴുതാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു കവിത എഴുതുന്നതിന് പ്രായപരിധിയുണ്ടോ..? സഖാവ് കവിത ആര്യ ദയാൽ പാടി ഒരുപാട് പേരിലേക്കെത്തിയതിൽ സന്തോഷം ഉണ്ട്. എന്നാൽ അതിന്റെ രചയിതാവ് മറ്റൊരാളാണെന്ന് രീതിയിൽ വാർത്തകൾ വന്നപ്പോൾ ഏറെ വിഷമം തോന്നി.

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് 2013–ൽ താൻ എഴുതിയ കവിത എസ്എഫ്ഐ സ്റ്റുഡന്റ് മാഗസിനിൽ പ്രസിദ്ധീകരിക്കാനായി അയച്ച് കൊടുത്തിരുന്നു. എന്നാൽ കവിത പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഈ കവിത എഴുതിയത് ഞാനാണെന്ന് എന്റെ സുഹൃത്തുക്കൾക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ഈ കവിതയുടെ രചയിതാവ് വേറെ ഒരാളാണെന്ന് പ്രചരിച്ചപ്പോൾ എന്നേക്കാൾ മുമ്പുതന്നെ പ്രതികരിച്ചത്. പക്ഷേ തെളിവുകൾ എന്റെ പക്കലില്ല. കാരണം ഈ കവിത സാം മാത്യുവിന്റെ പേരിൽ 2012–13ലെ സിഎംഎസ് കോളജിലെ മാഗസിനിൽ പ്രസിദ്ധികരിച്ചു.

ഞാൻ എഴുതിയ വരികൾകൊപ്പം ആറ് വരികൾ കൂടി കൂട്ടി ചേർത്താണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റ് മാഗസിന് അയച്ചുകൊടുത്ത കവിത എങ്ങനെ കോട്ടയം വരെ പോയെന്ന് അറിയില്ല. എന്തായാലും സാം മാത്യു അതിനുള്ള മറുപടി തരും വരെ എന്റെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനം. ഇതുവരെയും സാം മാത്യുവിനെ വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.

വാട്സ്ആപ്പിൽ കുറച്ചുനാൾ മുമ്പ് ഈ കവിത ഒരു അജ്‌ഞാതനായ സുഹൃത്ത് പാടി പലരുവഴി ഫോർവേഡ് ചെയ്ത് തനിക്കും കിട്ടിയിരുന്നു. ആ അജ്‌ഞാത സുഹൃത്തിനെ അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. തെളിവുകളില്ലാത്തതിന്റെ പേരിലാണ് ഇപ്പോൾ താൻ തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നിരുന്നാലും സത്യം പുറത്തുവരുന്ന വരെ എന്റെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും’’.

<യ>സഖാവിനു വേണ്ടി കോടതി കയറും: സാം മാത്യു എ.ഡി
<ശ>(പിജി വിദ്യാർഥി, എംജി യൂണിവേഴ്സിറ്റി)

‘‘ഞാൻ കുറിച്ച വരികൾ എന്റേത് മാത്രമാണ്. അതിനിപ്പോൾ മറ്റൊരു അവകാശി കൂടി എത്തിയെന്ന് ഞാനും അറിഞ്ഞിരുന്നു. ഹോസ്റ്റൽ റൂമിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഞാൻ എഴുതിയ കവിത എങ്ങനെ മറ്റൊരാളുടേതാവും. 2012–13 കാലഘത്തിൽ സിഎംഎസ് കോളജ് മാഗസിനിൽ ഈ കവിത പ്രസിദ്ധീകരിച്ച് വരികയും ചെയ്തിട്ടുണ്ട്. ആര്യ ദയാൽ പാടി സഖാവ് കവിത എല്ലാവരിലേക്കുമെത്തിയെന്നുള്ളത് സന്തോഷം നല്കുന്ന കാര്യമാണ്. എന്നാൽ അതിന്റെ പുറകെ കൂടിയിരിക്കുന്ന വിവാദം വേദനിപ്പിക്കുന്നതുമാണ്.


2012–ൽ തന്നെ ഈ കവിത സിഎംഎസ് കോളജിലെ സുഹൃത്തുക്കൾ ഏറ്റെടുത്തതാണ്. അന്ന് കവിത ചൊല്ലി റക്കാർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല വേദികളിലും ഈ കവിത ചൊല്ലിയിട്ടുമുണ്ട്. അതിൽ കൂടുതൽ തെളിവൊന്നും ആർക്ക് മുന്നിലും നിരത്താൻ പറ്റില്ല. ഇത്രയും നാൾ എന്റേതായിരുന്ന സഖാവ് ഇപ്പോൾ മറ്റൊരാളുടെതാണെന്ന് പറയുന്നത് എങ്ങനെ ശരിയാകും. അവകാശവാദം ഉന്നയിച്ച കുട്ടിയുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടാൻ ഞാനില്ല.

തെളിവുകൾ എന്റെ പക്കലുള്ളതിനാൽ സഖാവ് എന്റേതാണെന്ന് സ്‌ഥാപിക്കാനായി നിയമപരമായ പോരാട്ടത്തിലേക്ക് പോകാൻ തന്നെയാണ് എന്റെ തീരുമാനം’’. അവർ തന്നെ തെളിയിക്കട്ടെ:

<യ>എം. വിജിൻ
<ശ>(എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി,
സ്റ്റുഡന്റ് മാഗസിൻ ചീഫ് എഡിറ്റർ)

‘‘സ്റ്റുഡന്റ് മാഗസിനിലേക്ക് എത്രയോ വിദ്യാർഥികൾ അവരുടെ രചനകൾ അയക്കാറുണ്ട്. മികച്ച രചനകൾ യാതൊരു വേർതിരിവുകൾ ഇല്ലാതെ ഇന്നും പ്രസിദ്ധീകരിക്കാറുമുണ്ട്. സഖാവ് കവിതയെ ചൊല്ലി വിവാദങ്ങൾ ഉണ്ടായപ്പോൾ സ്റ്റുഡന്റ് മാഗസിനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. സഖാവ് എന്ന കവിത എസ്എഫ്ഐയുടെ ഔദ്യോഗിക കവിത അല്ലായെന്നുള്ളത് ഓർക്കണം. ഇതുമായി ബന്ധപ്പെട്ട് സാം മാത്യുവിനെയും പ്രതീക്ഷയേയും സ്റ്റുഡന്റിന്റെ ഇന്നത്തെ ചീഫ് എഡിറ്റർ എന്ന നിലയിൽ വിളിച്ചിരുന്നു. രണ്ടുപേരും അവരുടെ വാദങ്ങൾ പറയുകയും ചെയ്തു.

ഒരാളുടെ കൈയിൽ തെളിവുണ്ട്. മറ്റൊരാളുടെ കൈയിൽ തെളിവില്ല. രണ്ടുപേരും സഖാക്കളും അക്ഷരങ്ങളോട് കൂട്ടു കൂടുന്നവരുമാണ്. അവരുടെ വാദങ്ങളിൽ അവർ ഉറച്ചു നിൽക്കുന്ന നിലയിൽ അവർ തന്നെ അത് തെളിയിക്കട്ടെ എന്നു മാത്രമേ ഇപ്പോൾ പറയാൻ പറ്റു. സ്റ്റുഡന്റ് മാഗസിനിലേക്ക് അയക്കുന്ന കവിതകളും കഥകളും പ്രസിദ്ധീകരണ യോഗ്യമാണെങ്കിൽ തീർച്ചയായും പ്രസിദ്ധീകരിക്കും. ഒരു കാരണവശാലും സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ച കവിത പുറത്തു പോകില്ല. എസ്എഫ്ഐയുടെ അന്നത്തെ സംസ്‌ഥാന നേതാക്കളുമായി ഈ വിഷയത്തെ പറ്റി സംസാരിച്ചപ്പോൾ ഇത്തരത്തിൽ ഒരു കവിത പ്രസിദ്ധീകരിക്കാനായി എഡിറ്റോറിയൽ ബോർഡിനു ലഭിച്ചിട്ടില്ലെന്നാണ് അവർ പ്രതികരിച്ചത്.

രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്:
എസ്.കെ. സജീഷ്
<ശ>(2012–13 കാലയളവിൽ സ്റ്റുഡന്റ്
മാഗസിൻ, ചീഫ് എഡിറ്റർ)
സ്റ്റുഡന്റ് മാഗസിനിലേക്കായി അയക്കുന്ന വിദ്യാർഥികളുടെ രചനകൾ മുഴു–വൻ അക്കാലയളവിൽ നോക്കിയിരുന്നതും വിലയിരുത്തിയിരുന്നതും ഞാനാണ്. പ്രസിദ്ധീകരണ യോഗ്യമായവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സ്കൂൾ കുട്ടികളുടെതായി വരുന്ന രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ടായിരുന്നു. എന്നാൽ അക്കാലയളവിൽ അങ്ങനെ ഒരു കവിത വന്നതായോ കണ്ടതായോ ഓർക്കുന്നില്ല. അയക്കുന്ന കവിതയ്ക്കൊപ്പം അവരുടെ മേൽവിലാസം കൂടി വെച്ചിട്ടുണ്ടെങ്കിൽ പ്രസിദ്ധീകരിക്കാൻ പറ്റാതെ പോയ രചനകൾ മടക്കി അയക്കാറുമുണ്ട്. അന്നും ഇന്നും സ്റ്റുഡന്റ് മാഗസിന്റെ പോളിസി ഇതു തന്നെയാണ്. ഒന്നു പറയാം അന്നും ഇന്നും സ്റ്റുഡന്റ് മഗാസിനിലേക്കായി അയക്കുന്ന രചനകൾ അയക്കുന്ന വ്യക്‌തിയുടെ പേരിൽ തന്നെയാണ് പ്രസിദ്ധീകരിക്കാറുള്ളത്.

വാദപ്രതിവാദങ്ങൾ ഇങ്ങനെ നീളുമ്പോഴും വിവാദങ്ങൾ ഇപ്പോഴും സഖാവ് എന്ന കവിതയുടെ തലയ്ക്ക് മുകളിൽ ഒരു മുൾ കിരീടം പോലെ നിൽക്കുകയാണ്. നിയമക്കുരുക്കിലേക്ക് ഈ വിഷയം തെന്നിമാറുമ്പോൾ ഈ രചനയുടെ അവകാശവാദം ഉന്നയിച്ചവർ അവരുടെ ഉറച്ച നിലപാടിൽ തന്നെ അടിയുറച്ച് നിൽക്കുകയാണ്. സാം മാത്യുവും പ്രതീക്ഷയും ഈ കവിതയ്ക്ക് സഖാവ് എന്ന തലക്കെട്ട് തന്നെയാണ് നല്കിയിരിക്കുന്നത്. സാം മാത്യു ഈ കവിത 2012 ഡിസംബറിൽ എഴുതിയതാണെന്ന് അവകാശപ്പെടുമ്പോൾ പ്രതീക്ഷ ഈ കവിത 2013 ജനുവരിയിലാണ് എഴുതിയതെന്നും പറയുന്നു. ആരെ വിശ്വസിക്കണമെന്നുള്ളത് എന്നതിനേക്കാൾ ഉപരി യുവഹൃദയങ്ങൾ നെഞ്ചിലേറ്റിയ സഖാവ് കവിത സത്യത്തിന്റെ കൈകളിലേക്ക് വന്നു ചേരട്ടേ എന്നുമാത്രമേ ഇപ്പോൾ പറയുവാനാകു.

<യ>തയാറാക്കിയത്: വി.ശ്രീകാന്ത്