ഒരൊറ്റ ക്ലിക്ക് ജീവിതം തലകീഴായി മറിയാൻ
ആകസ്മികമായാണ് അവൾ അയാളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് അവൾ സ്വീകരിച്ചു. യുകെ പൗരനാണെന്നും കോടീശ്വരനായ ബിസിനസ്സുകാരനാണെന്നും അയാൾ സ്വയം വെളിപ്പെടുത്തി. കുശലാന്വേഷണങ്ങൾ കടുത്ത സൗഹൃദത്തിലേക്കും ക്രമേണ പ്രണയത്തിലേയ്ക്കും വഴിമാറി. നേരിൽ കാണാനുള്ള ആഗ്രഹം ഇരുവരിലും പൂത്തുലഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്, തന്റെ കാമുകിയെ കാണാനായി അടുത്തയാഴ്ച വരുന്നുണ്ടെന്ന സന്ദേശം അവളിൽ ആനന്ദനിർവൃതിയുണ്ടാക്കി. സ്വപ്നങ്ങളിലൂടെ അവൾ സഞ്ചരിച്ചു. എത്രയും പെട്ടെന്ന് അദ്ദേഹം എത്തിയിരുന്നെങ്കിൽ എന്ന് അവൾ ആത്മാർഥമായി ആശിച്ചു. ഒരു ദിവസം രാവിലെ അവൾക്ക് ഒരു ഫോൺ കോൾ... ഹലോ, ഡിയർ... മറ്റാരുമല്ല, അദ്ദേഹം തന്നെ. താൻ എയർപോർട്ടിൽ എത്തിയെന്നും എന്നാൽ കൊണ്ടുവന്ന സാധനങ്ങൾ കസ്റ്റംസ് അധികൃതർ പിടികൂടിയെന്നും അമ്പതിനായിരം രൂപ ഡ്യൂട്ടി അടച്ചാലേ പുറത്തിറങ്ങാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേട്ട പാതി കേൾക്കാത്ത പാതി അവൾ തന്റെ ചില സുഹൃത്തുക്കളിൽ നിന്നും തുക സംഘടിപ്പിച്ച് അദ്ദേഹം നൽകിയ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചു. പിന്നീട് വീണ്ടും അദ്ദേഹം അവളെ വിളിച്ചു. തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുന്നുവെന്നും ഇനിയും ഒരു ലക്ഷം രൂപ കൂടി കൊടുത്താലേ വിമാനത്താവളം അധികൃതർ തന്നെ പുറംലോകം കാണിക്കൂവെന്നും അദ്ദേഹം ഗദ്ഗദകണ്ഠനായി അറിയിച്ചു. അധികം വൈകാതെ അവൾ ആ തുകയും പഴയ അക്കൗണ്ടിൽ ഒടുക്കി. അതിനുശേഷം അദ്ദേഹം അവളെ ഫോണിൽ വിളിച്ചിട്ടുമില്ല, ഫേസ്ബുക്കിൽ കണ്ടിട്ടുമില്ല.

<യ> ഇരകളും വേട്ടക്കാരും കൗമാരക്കാർ

സൈബർ ലോകത്തെ തട്ടിപ്പുകൾ ഇത്തരത്തിൽ അനുദിനം വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് പരാതികൾ സൈബർ ലോകത്തെ വിവിധ തരം കബളിപ്പിക്കലുകളുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിക്കുന്നു. ഇന്റർനെറ്റിന്റെ വിശാലതയിലേക്ക് കടന്നുചെല്ലുന്ന പലർക്കും, അതൊരു മാസ്മരികമായ അനുഭൂതി തന്നെ. ഒരൊറ്റ ക്ലിക്കിൽ എന്തെല്ലാം അറിവുകൾ എന്ന സന്ദേശം അക്ഷരാർഥത്തിൽ ശരിയാണ്. അതേ സമയം, ഒരൊറ്റ ക്ലിക്കിൽ ചതിയുടെയും കെണിയുടെയും അഗാധതയിലേക്കുംവഴുതിവീഴും എന്നതും പലരും തിരിച്ചറിയുന്നില്ല. ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്‌തമായ ധാരണകളില്ലാത്തതാണ് ഇതിനു പ്രധാന കാരണം. ആദ്യമായി ഉപയോഗിക്കുന്നവർ മാത്രമല്ല, വർഷങ്ങളായി ഇന്റർനെറ്റുമായി അടുപ്പമുള്ളവർ പോലും ചിലപ്പോൾ ഇരകളാകാറുണ്ട്.

പത്തു വർഷത്തിനു മുമ്പ് അഞ്ഞൂറിൽ താഴെയായിരുന്നു സൈബർ കേസുകളുടെ എണ്ണം. ഇപ്പോൾ അഞ്ചക്കത്തിലെത്തി നിൽക്കുന്നു. അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടു പിറകെയാണ് ഇക്കാര്യത്തിൽ ഇൻഡ്യയുടെ സ്‌ഥാനം. ഒരു സെക്കൻഡിൽ പതിനാലു പേർ സൈബർ തട്ടിപ്പുകൾക്ക് ഇരകളാവുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മിക്കവാറും ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരകളാവുന്നതും പ്രതികളാവുന്നതും കൗമാരക്കാരാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പതിമൂന്ന് വയസിനും ഇരുപതിനും മധ്യേയുള്ളവരാണ് ഈ പട്ടികയിൽ മുൻപന്തിയിൽ. ഇന്റർനെറ്റ് തികച്ചും അപരിചിതമായ ഒരു ലോകമാണെന്നത് വിസ്മരിക്കുമ്പോഴാണ് കബളിപ്പിക്കലിന് വിധേയരാകുന്നത്. ജീവിതം തന്നെ ബലികൊടുക്കേണ്ട സന്ദർഭങ്ങൾ അനാവശ്യമായ ക്ലിക്കുകൾ സൃഷ്ടിച്ചേക്കാം.

<യ>താനറിയാതെ തന്റെ പേരിൽ

ഈയിടെ ഒരു അധ്യാപകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നു അദ്ദേഹത്തിന്റെ ചില വിദ്യാർഥികളുടെ അക്കൗണ്ടിലേയ്ക്ക് കുറച്ച് മോശമായ സന്ദേശങ്ങൾ എത്തി. തങ്ങളുടെ അധ്യാപകൻ അത്തരക്കാരനല്ലാ എന്ന് വ്യക്‌തമായി അറിവുള്ള വിദ്യാർഥികൾ വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. അധ്യാപകനും വിദ്യാർഥികളും സൈബർ വിദഗ്ധരെ സമീപിച്ചു. അന്വേഷണത്തിൽ അധ്യാപകൻ നിരപരാധിയാണെന്ന് തെളിഞ്ഞു. സംഭവിച്ചത് ഇങ്ങനെ: ഏറ്റവും പുതിയ കാഴ്ചകളിലേയ്ക്ക് നയിക്കുന്നുവെന്ന മുഖവാചകത്തോടെ ഒരു ലിങ്കിന്റെ വിലാസം അധ്യാപകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കാണാനിടയായി. കൗതുകം തോന്നിയതിനാൽ അദ്ദേഹം ആ വിലാസത്തിൽ ക്ലിക്ക് ചെയ്തു. അതിന്റെ ഫലമാണ്, അദ്ദേഹത്തിന്റെ ഫ്രണ്ട്സ് ലിസ്റ്റിലെ ആദ്യത്തെ ഇരുപത് പേർക്ക് അശ്ലീല ചിത്രങ്ങളുടെ മഹാശേഖരം പ്രാപ്തമായത്.

പേഴ്സണൽ കംപ്യൂട്ടറുകൾ മാത്രമല്ല, ചിലപ്പോഴൊക്കെ ഇന്റർനെറ്റ് കഫേകളും ഇ– മെയിൽ സന്ദേശങ്ങൾ തിരക്കാനും അയയ്ക്കാനും നല്ലൊരു ശതമാനം ആശ്രയിക്കുന്നു. ഉപയോഗത്തിനു ശേഷം ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്. സൈൻ ഔട്ട് ചെയ്യാതിരുന്നാൽ തുടർന്ന് ഉപയോഗിക്കുന്നവർക്ക് അനായാസം ആ വിലാസത്തിലേയ്ക്ക് കടക്കാനാവും. ഇ– മെയിലിന്റെയും ഫേസ്ബുക്കിന്റെയും പാസ്വേഡുകൾ ഒരേപോലെയാകുന്നതും ഒഴിവാക്കുക. പാസ്വേഡുകൾ ഇടയ്ക്ക് മാറ്റുന്നതും നല്ലതാണ്.


<യ>അപകട സെൽഫികൾ

സെൽഫികൾ പോലും വളരെ അപകടകരമായി പരിണമിക്കാറുണ്ട്. ഈയടുത്ത കാലത്ത് പോലീസിന് ലഭിച്ച പരാതികളിലൊന്നിന്റെ ഉറവിടം ഒരു പെൺകുട്ടിയുടെ സെൽഫി ഭ്രമമായിരുന്നു. നഗരത്തിൽ താമസിക്കുന്ന കുടുംബാംഗമാണ് കഥാപാത്രം. വില കൂടിയ മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നത്. എവിടെയും എപ്പോഴും സെൽഫി. അതാണ് പ്രധാന ശീലം. സെൽഫികൾ ഡിലീറ്റ് ചെയ്യുന്ന പതിവുമുണ്ട്. തന്റെ മുഖവും ശരീരവുമൊക്കെ സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന രൂപത്തിലുള്ള കാഴ്ചകൾ സന്ദേശങ്ങളായി ഇന്റർനെറ്റിൽ പ്രചരിക്കുന്നുവെന്ന വിവരം അറിഞ്ഞപ്പോഴാണ് സംഭവത്തിൽ തീർത്തും നിരപരാധിയായ പെൺകുട്ടിയും വീട്ടുകാരും പോലീസിനെ സമീപിച്ചത്. പ്രിയസുഹൃത്തിന് അയച്ചുകൊടുത്ത സെൽഫികളാണ് ഇവിടെ കുട്ടിക്ക് തലവേദനയായതെന്ന് അന്വേഷണത്തിൽ വ്യക്‌തമായി. ഡിലീറ്റ് ചെയ്യുന്നതൊന്നും അങ്ങനെ പൂർണമായി ഡിലീറ്റ് ചെയ്യപ്പെടില്ലായെന്ന് ആ പെൺകുട്ടിക്കും ബന്ധുക്കൾക്കും ബോധ്യപ്പെട്ടു.

സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ആവശ്യത്തിലധികം ഫോണിലും ഇന്റർനെറ്റിലും ശേഖരിക്കുന്നവരും കബളിപ്പിക്കലിന് ഇരകളാകാൻ എളുപ്പമാണ്. എന്റെ ഫോൺ, എന്റെ ഫോട്ടോ, എന്റെ ഇഷ്ടം, എനിക്ക് സൗകര്യമുള്ളത് ചെയ്യും എന്ന നിലപാട് എല്ലായ്പോഴും മാനസികോല്ലാസം സമ്മാനിച്ചുവെന്ന് വരില്ല. അറിഞ്ഞോ അറിയാതെയോ ആകും കെണിയിൽ അകപ്പെടുക. എന്നാൽ, പെട്ടാൽ പെട്ടതു തന്നെ. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് മുതലായ സോഷ്യൽ വർക്കിംഗ് മീഡിയകളിൽ നിങ്ങൾക്ക് പരിചയമുള്ളവരുമായി മാത്രം കൂട്ടുകെട്ടുകൾ സ്‌ഥാപിക്കുക. സ്വന്തം പ്രൊഫൈലിൽ മൊബൈൽ നമ്പറും മെയിൽ ഐഡികളും നൽകേണ്ടതിന്റെ യാതൊരു ആവശ്യവുമില്ല. ഈ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് നിർബന്ധമുണ്ടെങ്കിൽ പരിചയമുള്ളവർക്ക് മാത്രം കാണാവുന്ന വിധത്തിൽ സെറ്റ് ചെയ്യാം. എല്ലാ മേഖലയിലും നന്മയും തിന്മയും അടങ്ങിയിരിക്കുന്നു. ഫോണുകളുടെ സെക്കൻഡ് ഹാൻഡ് വിൽപ്പന അത്ര പ്രോത്സാഹജനകമല്ലെന്നതും വാസ്തവം. മൊബൈൽ ഫോൺ കളഞ്ഞു പോയാലുടൻ പോലീസിൽ അറിയിക്കുക, സിം ബ്ലോക്ക് ചെയ്യുക.

<യ>മയക്കുമരുന്നും

സോഷ്യൽ എൻജിനിയറിംഗാണ് വർത്തമാനകാലത്തെ തട്ടിപ്പുകളിൽ മറ്റൊരു ശ്രേണിയായി പടർന്നു പന്തലിക്കുന്നത്. ഫോണിൽ ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്കിൽ നിന്നാണെന്നോ മറ്റോ പരിചയപ്പെടുത്തും. പുതിയ വായ്പാ പദ്ധതികളെക്കുറിച്ചും ഉപഭോക്‌താവിനു ലഭ്യമാകുന്ന വമ്പൻ ഓഫറുകളെക്കുറിച്ചും ആകർഷകമായി സംസാരിക്കും. സംഭാഷണത്തിനിടയിൽ ഉപഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ മുതൽ എ ടി എം പാസ്വേഡ് വരെ അവർ മനസ്സിലാക്കും. ബാങ്ക് അക്കൗണ്ടിൽ താൻ നിക്ഷേപിച്ചിട്ടുള്ള തുക, താൻ അറിയാതെ അപ്രത്യക്ഷമായ വിവരം ബോധ്യപ്പെടുമ്പോഴാണ് ഉപഭോക്‌താവ് നെഞ്ചത്തടിച്ച് നിലവിളിക്കുക.

സൈബർ ലോകത്തെ സംബന്ധിച്ചിടത്തോളം ഈ തട്ടിപ്പുകൾ മാത്രമല്ല. ഡാർക്ക് നെറ്റ് എന്നറിയപ്പെടുന്ന മറ്റൊരു ഭീതിദമായ വശം കൂടിയുണ്ട്. വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്ന സിൽക്ക് റോഡ് ഇന്റർനെറ്റ് ശൃംഖലയിലെ കുരുക്കുകളിലൊന്നാണ്. കൊലപാതകം, കുട്ടികളെ അനാശാസ്യത്തിനും അശ്ലീലമായ കാര്യങ്ങൾക്കും വിനിയോഗിക്കൽ, മനുഷ്യക്കടത്ത് എന്നിങ്ങനെ വിവിധ തലങ്ങൾ നിറഞ്ഞതാണ് സൈബർ ലോകം. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ആധുനിക കാലത്തിന്റെ കണ്ടുപിടിത്തം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റാൻസംവെയറിന്റെയും സ്പൈവെയറിന്റെയുമെല്ലാം വേരുകൾ കൂടുതൽ ശക്‌തിയാർജിക്കുമ്പോൾ, അധികൃതർ ഒരു തരത്തിൽ നിസ്സഹായരാണ്. മൂന്നുകോടിയോളം ഇന്റർനെറ്റ് ഉപയോക്‌താക്കളുള്ള നമ്മുടെ നാട്ടിൽ അമ്പതിനായിരത്തോളം പോലീസുകാരേയുള്ളൂ.

സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ സൈബർ ഡോമിന് തുടക്കം കുറിച്ചത്. സേവന മനസ്‌ഥിതിയുള്ള സാങ്കേതിക വിദഗ്ധർ, എത്തിക്കൽ ഹാക്കേഴ്സ്, സൈബർ പ്രഫഷണലുകൾ എന്നിങ്ങനെ വിദഗ്ധരുടെ വിപുലമായ ശൃംഖല സൈബർഡോമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ബോധവത്കരണങ്ങൾ നടക്കുകയും പ്രതിരോധങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുവെങ്കിലും അടിസ്‌ഥാനപരമായി പൊതുജനങ്ങൾ ബോധവാന്മാരായേ മതിയാകൂ. ചതിക്കുഴികളിൽ പെടാതെ ജീവിക്കുക– ജാഗ്രതയോടെ.

<യ>–ഗിരീഷ് പരുത്തിമഠം