പെരും ആൾ എഴുന്നള്ളുന്നു...
പെരും ആൾ എഴുന്നള്ളുന്നു...
ഒറ്റച്ചെണ്ടയുടെ പതിഞ്ഞ താളം, ഇരുട്ടിനെ ചുവപ്പിക്കുന്ന പന്തങ്ങളുടെ ജ്വാല, തെയ്യച്ചുവടുകളോടെ എഴുന്നള്ളുകയാണ് പെരും ആൾ. ഇതിഹാസത്തിൽ സ്ത്രീലമ്പടനും ദുഷ്‌ടനും എല്ലാ തിൻമകളുടെയും പ്രതീകവുമായ രാവണനു പുതിയ ഒരു മുഖം നൽകുകയാണ് പെരും ആൾ എന്ന ഏകാംഗ നാടകം. തെയ്യത്തിന്റെയും നാടൻകലകളുടെയും കളരിയുടെയും ചുവടും താളവും ആവാഹിച്ച് രാവണ രാജാവിനെയും മറ്റു കഥാപാത്രങ്ങളായ രാമൻ, ലക്ഷ്മണൻ, വിഭീഷണനുമൊക്കെയായി അരങ്ങിലെത്തി നാടകത്തിനു പുതിയ രംഗഭാഷ്യം ചമയ്ക്കുന്നത് ബിജു ഇരിണാവാണ്. കേട്ടു തഴമ്പിച്ച രാവണ സങ്കൽപത്തിനും അപ്പുറം ആരാണ് യഥാർഥ രാവണൻ എന്ന അന്വേഷണം കൂടിയാണ് പെരും ആൾ. ഒരു ഗ്രീക്ക് ദുരന്തകഥാനായകന്റെ അവസ്‌ഥകളിലൂടെ സഞ്ചരിക്കേണ്ടിവന്ന രാവണ രാജാവിനെ അവതരിപ്പിക്കുന്നതു വഴി യഥാർഥ രാവണന്റെ സ്വത്വാന്വേഷണം കൂടിയാണ് നാടകം. രമേശൻ ബ്ലാത്തൂരിന്റെ നോവലിനെ അടിസ്‌ഥാനമാക്കി മയ്യിൽ ജനസംസ്കൃതിയാണ് നാടകം ഒരുക്കുന്നത്. അബദ്ധത്തിൽ പോലും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നു നിഷ്കർഷിച്ച വേദകാലത്തെ കീഴാള രാജാവിന്റെ പോരാട്ടവീര്യവും അതിജീവനത്തിന്റെയും കഥ കൂടിയാണ് പെരും ആൾ. അധികാര–വിജ്‌ഞാന മേഖലകളിൽ കടുത്ത ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ലോകം കീഴടക്കിയ കറുത്തവന്റെ കഥയും.. പുരാണ കഥയിലൂടെ കടന്നുപോകുമ്പോൾ തന്നെ പുതിയ കാലഘട്ടവും നാടകത്തിൽ അദൃശ്യമായി സമാന്തര പാതയിലൂടെ കടന്നുവരുന്നുണ്ട്. അമ്പുകളാൽ ശരീരമാസകലം മുറിവേറ്റ് സ്വന്തം കോട്ടയിൽ തടവിലാക്കപ്പെട്ട രാജാവായ രാവണന്റെ ചിന്തകളിലൂടെയാണ് നാടകം തുടങ്ങുന്നത്. പെരും ആളിന്റെ ആദ്യാവതരണം ഈ മാസം കണ്ണൂരിൽ നടക്കും. ശ്രീജിത്ത് പൊയിൽക്കാവാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

തെയ്യത്തിന്റെയും നാടൻ കലകളുടെയും ചുവടും താളവും നാടകത്തിലാവാഹിപ്പിച്ച് അരങ്ങിന് പുതിയ രംഗഭാഷ്യം ചമച്ചതിലൂടെ ദേശീയ തലത്തിൽ ശ്രദ്ധേയനാണ്് കണ്ണൂർ സ്വദേശിയായ ബിജു ഇരിണാവ്. സംവിധായകനായും നടനായും അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്കുള്ള യാത്രയ്ക്കിടെയും ഗസ്റ്റ് അധ്യാപകൻ എന്ന ജോലിക്കിടയിലും എത്തിച്ചേരുന്ന മേഖലകൾ കൂടി ഇദ്ദേഹത്തിന്റെ നാടസങ്കേതത്തിനു പ്രയോജനപ്പെടുന്നതുന്നു. കളരി, തെയ്യം, രാജസ്‌ഥാനി, ഉത്തരേന്ത്യൻ നാടോടി കലകൾ–നാടോടി സംഗീതത്തിന്റെ ആത്മാംശങ്ങൾ എന്നിവയെല്ലാം ബിജു കൈയടക്കത്തോടെ പലപ്പോഴായി തന്റെ പ്രകടനങ്ങളിലും നാടകസങ്കേതങ്ങളിലും സമന്വയിപ്പിച്ചിട്ടുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഉന്നതവിജയം നേടിയ ബിജു തനത്, ആധുനിക നാടകസങ്കൽപങ്ങളിലൂന്നി പരീക്ഷണങ്ങളിലൂടെ നാടക വേദിക്കു പുതിയ മുഖം നൽകുകയാണ്. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വ്യത്യസ്ത പ്രമേയത്തിലുള്ള ബിജുവിന്റെ നാടങ്ങളും പണിപ്പുരയിലാണ്. ഹിന്ദിയിൽ ജസ്മാ ഉധാൻ എന്ന പേരിലുള്ള നാടകം അവതരണത്തോട് അടുക്കുകയാണ്. ഇതോടൊപ്പം എൻ. പ്രഭാകരന്റെ മൂകസാക്ഷി എന്ന കഥയും ബിജു അരങ്ങിലെത്തിക്കും. ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറി പ്രദീപ് കുമാറിന്റെ മകൻ ആദിത്യ ചന്ദ്രശേഖരനാണ് ഈ ഏകാംഗ കഥാപാത്രം വേദിയിൽ അവതരിപ്പിക്കുക.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ13ംമ3.ഷുഴ മഹശഴി=ഹലളേ>

ബംഗളൂരു നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾക്കു തെയ്യത്തിന്റെ ചുവടിലൂന്നിയുള്ള നാടക പാഠങ്ങളും ബിജു പകർന്നു നൽകുന്നു. ഉത്തരമലബാറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന തെയ്യത്തിന്റെ പ്രാധാന്യവും പ്രസക്‌തിയും സ്കൂൾ ഓഫ് ഡ്രാമ അധികൃതരെ ബോധ്യപ്പെടുത്താനായതും ബിജുവിന്റെ പ്രയത്നത്താലാണ്. പ്രമുഖ നർത്തകിയും മുൻ എംപിയുമായിരുന്ന പദ്മശ്രീ ഡോ. ബി. ജയശ്രീ വരെ ബിജുവിന്റെ ശിഷ്യയാണ്. ഗിരീഷ് കർണാടിന്റെ നാഗമണ്ഡലം എന്ന സിനിമയിൽ അന്ധസ്ത്രീയുടെ വേഷമിട്ട ഡോ. ബി. ജയശ്രീയെ തെയ്യച്ചുവടുകൾ പഠിപ്പിച്ചത് ബിജുവാണ്. ബിജുവിന്റെ കഴിവ് മനസിലാക്കിയ ജയശ്രീ തന്റെ സ്പന്ദന തിയറ്റേഴ്സിൽ ബിജുവിനെ ഉൾപ്പെടുത്തി. സിരി എന്ന നാടകത്തിൽ ബിർമാൾവ അപ്പൂപ്പൻ എന്ന പ്രധാന വേഷം ബിജുവാണ് അവതരിപ്പിച്ചത്. ഇപ്പോൾ സ്പന്ദന തിയറ്ററിന്റെ പ്രധാന നടനാണ് ഈ യുവ കലാകാരൻ. കന്നഡ കവി കുയമ്പുവിന്റെ മലകളല്ലി മധുമഗളു എന്ന 80 അഭിനേതാക്കൾ ഉള്ള നാടകത്തിലും ബിജു മുഖ്യകഥാപാത്രമായി എത്തുന്നു.


തെയ്യം കലാകാരൻമാരുടെ കുടുംബത്തിൽ പിറന്ന ബിജു ചെറുപ്രായത്തിൽ തന്നെ തെയ്യം സ്വായത്തമാക്കിയിരുന്നു. എട്ടാം വയസിൽ വേടൻ കെട്ടിയായിരുന്നു അരങ്ങേറ്റം. തുടർന്നു വിഷ്ണു മൂർത്തി, ഉച്ചിട്ട, ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. അച്ഛന്റെ ജ്യേഷ്ഠൻ എം.ടി. കണ്ണൻ പണിക്കരാണ് തെയ്യത്തിലും നാടകത്തിലും ഗുരു. ചെറുപ്പം മുതലേ നാടക വേദികളിലും സജീവമായിരുന്നു. കണ്ടുമടുത്ത നാടക പരിശീലന സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായ കൂടിയാട്ടം–കഥകളി–തെയ്യം എന്നിവയുടെ അടിസ്‌ഥാന ഭാവങ്ങളെ നാട്യശാസ്ത്രത്തിന്റെ പിൻബലത്തോടെ പരിശീലീപ്പിക്കുന്ന നാടകക്യാമ്പുകൾക്കും ബിജു നേതൃത്വം നൽകുന്നുണ്ട്. ബിഹൈൻഡ് ദി കർട്ടൻ എന്ന പേരിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. യുനസ്കോയുടെ പൈതൃക കലാരൂപത്തിൽ ഉൾപ്പെട്ടിട്ടും കൂടിയാട്ടം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഇതിന് ഒരു പരിഹാരം എന്ന നിലയിൽ കൂടിയാട്ടം ഉൾപ്പെടെയുള്ള കലാരൂപങ്ങളെ ജനങ്ങളിലെത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ബിഹൈൻഡ് ദി കർട്ടനെന്നും ബിജു പറഞ്ഞു. ജപ്പാനിലെ ഒഡാക്ക, ടോക്കിയോ യൂണിവേഴ്സിറ്റികളിലും ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലും ബിജു നാടകം അവതരിപ്പിച്ചിട്ടുണ്ട്.

ഡൽഹി ജെഎൻയുവിൽ നിന്ന് പെർഫോമിംഗ് ആർട്സിൽ ബിരുദാനന്ത ബിരുദവും ബംഗളൂരു സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു ഡിപ്ലോമയും നേടിയ ബിജു ഇരിണാവ് ഇതിനു മുമ്പ് സന്തോഷ് എച്ചിക്കാനത്തിന്റെ കൊമാല ഏകകഥാപാത്ര നാടകമാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. 150 ഓളം വേദികളിലാണ് കൊമാല അവതരിപ്പിച്ചത്. ആത്മഹത്യകളുടെ നാടായി മാറിയ മെക്സിക്കൻ ഗ്രാമമായ കൊമാലയെ തന്റെ നാടകത്തിലൂടെ ആസ്വാദകരിലെത്തിക്കാൻ ബിജുവിനു കഴിഞ്ഞിരുന്നു. പയ്യന്നൂർ കോളജ്, തലശേരി ബ്രണ്ണൻ കോളജ്, കണ്ണൂരിലെ കോളജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലായിരുന്നു പഠനം. എംജി യൂണിവേഴ്സിറ്റിയുടെ ഈരാറ്റുപേട്ട ബിഎഡ് സെന്ററിൽ നിന്നു ബിഎഡും നേടിയിട്ടുണ്ട്. നിലവിൽ ഡൽഹി, ബംഗളൂരു, സിക്കിം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഗസ്റ്റ് ഇൻസ്ട്രകറാണ്. സ്കൂൾ, കോളജ് കലോത്സവങ്ങളിൽ നാടക സംവിധായകനായും വിധികർത്താവായും സജീവമാണ്. കണ്ണൂർ, എംജി യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ നിരവധി തവണ മികച്ച നടനായിരുന്നു. റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ എം.ടി കേളു–എം.വി. പ്രേമവല്ലി ദമ്പതികളുടെ മകനാണ്. ഫോൺ: 9645609478.

<യ> –നിശാന്ത് ഘോഷ്

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ13ംമ4.ഷുഴ മഹശഴി=ഹലളേ>