കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുഗായിക നിയ പത്യാല
കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുഗായിക നിയ പത്യാല
കാഞ്ഞിരപ്പള്ളി: ചെറുപ്രായത്തിൽ തന്നെ കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടിയായി വളർന്നുവരുന്ന നിയ പത്യാല എന്ന പത്തുവയസുകാരി സംഗീതലോകത്ത് ഒരുതരംഗമായി മാറിയിരിക്കുകയാണ്. മണ്ണാർക്കയം പത്യാല ബിനു–ഷിജിൻ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തകുട്ടിയായ നിയ ഇതിനോടകം പത്തോളം ആൽബങ്ങളിലും ഒരു സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ആനക്കല്ല് സെന്റ്ആന്റണീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

ചെറുപ്പം മുതലേ സംഗീതം ആസ്വദിച്ചിരുന്ന നിയയിൽ ഒരു കൊച്ചുഗായിക ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മനസിലാക്കിയ മാതാവ് ഷിജിൻ സംഗീതം പഠിക്കുന്നതിനായി കുട്ടിയെ പൊൻകുന്നത്തുള്ള സംഗീത അധ്യാപകൻ ജോസിനെ ഏൽപ്പിച്ചു. ആദ്യ പാട്ടിൽ തന്നെ ജോസിനെ വിസ്മയിപ്പിച്ചുകൊണ്ട് നിയ അഞ്ചാം വയസിൽ പാട്ടിന്റെ ലോകത്തിലേക്ക് ആദ്യ ചുവടുവെയ്പ്പ് നടത്തി. പിന്നീട് ചങ്ങനാശേരിയിൽ നടന്ന ഇന്റർ സ്കൂൾ മത്സരത്തിൽ ഒന്നാം സമ്മാനവും എ ഗ്രേഡും നേടി മികവു തെളിയിച്ചു. പിന്നീട് ഗുഡ്നെസ് ടിവിയിലെ ഏയ്ഞ്ചൽസ് ഹാർമണി, ശാലോം ടിവിയിലെ ലിറ്റിൽ സിംഫണി എന്നീ പരിപാടിയിലൂടെ നിയ തന്റെ കഴിവ് മലയാളികൾക്കാകെ തുറന്നുകാണിച്ചു. ഏഷ്യാനെറ്റിലെ റൺബേബി റൺ എന്ന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചുമിടുക്കി.


സ്കൂൾ മത്സരങ്ങളിലെ നിറസാന്നിധ്യമായ നിയ ഇപ്പോൾ കെപിഎസി രവിയുടെ കീഴിൽ പാട്ട്അഭ്യസിച്ചു കൊണ്ടിരിക്കുന്നു. വാവാ ഉണ്ണീശോ എന്ന ആൽബത്തിൽ തുടങ്ങി സ്വർഗീയതാരം, പൈതൽ, കാരുണ്യവർഷം എന്നീ ആൽബത്തിലൂടെ തന്റെ സംഗീതപാടവം നിയ ലോകത്തിനുകാണിച്ചുകൊടുത്തു. പാട്ടിൽ മാത്രമല്ല അഭിനയരംഗത്തും വ്യക്‌തിമുദ്രപതിപ്പിച്ചു കഴിഞ്ഞു ഈ പത്തുവയസുകാരി. അബിൻഷാ സംവിധാനം ചെയ്യ്തുകൊണ്ടിരിക്കുന്ന ചേറുമീനുകൾ എന്ന സിനിമയിൽ പാടുകയും കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഈ മണ്ണാർക്കയംകാരി.

സ്കൂളിലും കാഞ്ഞിരപ്പള്ളിക്കു സമീപത്തു നടക്കുന്ന ഏതു പൊതുപരിപാടിയിലും നിയയുടെ പാട്ട് ഒരു പ്രധാന ആകർഷണമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികൾക്കുവേണ്ടി പാടി വോട്ട് അഭ്യർഥിച്ചിട്ടുണ്ട് ഈ കലാകാരി. നിയയെ ഭാവി സംഗീതലോകത്തിന്റെ ഒരു മുതൽക്കൂട്ടെന്നാണ്കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പാട്ടുകേട്ട പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് വിശേഷിപ്പിച്ചത്.