മലയാളത്തിലെ പ്രേതങ്ങൾ
സീൻ ഒന്ന്
ഒറ്റപ്പന കാറ്റിലാടുന്നു
കാറ്റിന്റെ ശീൽക്കാരത്തിനിടെ പുകപോലെയെന്തോ അന്തരീക്ഷത്തിൽ നിറയുന്നു..
ചില്ും ചില്ും ശബ്ദം..
അകലെ പുകപടലങ്ങൾക്കുള്ളിൽ നിന്ന് വെളുത്ത വസ്ത്രം ധരിച്ച മുഖം വ്യക്‌തമല്ലാത്ത ഒരു രൂപം പതിയെ പതിയെ നടന്നുവരുന്നു...

സീൻ രണ്ട്
അടച്ച വാതിൽ പതിയെ തുറക്കുന്നതിന്റെ കരകര ശബ്ദം...
ഇരുട്ടാണ് ചുറ്റും
മെഴുകുതിരി വെട്ടത്തിൽ ഇരുട്ട് പതിയെ നീങ്ങുന്നു
ചുമരിൽ ഒരു കറുത്ത നിഴൽ
മെഴുകുതിരിയുമായി വാതിൽ തുറന്നയാൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ തൊട്ടുപിന്നിൽ അവൾ...പ്രേതം....

ഇതുപോലെ നിലാവിലും കട്ടപിടിച്ച ഇരുട്ടുള്ള നട്ടപ്പാതിരയ്ക്കും കറങ്ങിനടന്ന് ചോരകുടിച്ച് കുറച്ചൊന്നുമല്ല പ്രേതങ്ങൾ മലയാളസിനിമയിലൂടെ പ്രേക്ഷകരെ പേടിപ്പിച്ചിട്ടുള്ളത്. ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കിയ വ്യത്യസ്തമായ പ്രേതസിനിമയുടെ ടൈറ്റിലാകാനും ഇപ്പോൾ പ്രേതത്തിന് ‘ ഭാഗ്യം ‘ ലഭിച്ചിരിക്കുന്നു.

മലയാളത്തിൽ പല തരത്തിലുള്ള പ്രേതങ്ങൾ പ്രേക്ഷകരെ പേടിപ്പിക്കാനെത്തിയിട്ടുണ്ട്.
ആ പ്രേതങ്ങളെ തേടിയുള്ള ഒരു രാത്രിയാത്രയാണിത്...

ഭാർഗവീനിലയത്തിലേക്കാണ് ആദ്യം ചെന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലെ പ്രേതക്കാഴ്ചകൾ. ആ കിണർ ഇപ്പോഴും അവിടെയുണ്ട്. ആകെ മാലിന്യക്കൂമ്പാരം നിറഞ്ഞു കിടക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ27ാമ2.ഷുഴ മഹശഴി=ഹലളേ>

ഭാർഗവീനിലയം എന്ന ടൈറ്റിൽ പിന്നീട് പ്രേതസിനിമകളുടെ പേരിലും ഡയലോഗുകളിലും ഒരു ട്രെൻഡ് സെറ്ററായി. ബേപ്പൂർ സുൽത്താന്റെ നീലവെളിച്ചം എന്ന കഥ ഭാർഗവീനിലയമായപ്പോൾ അത് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യപ്രേതസിനിമയും പ്രേതതിരക്കഥയുമായി. വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് ഭാർഗവീനിലയത്തിന് തിരക്കഥയെഴുതിയത്. പ്രണയത്തിലും പ്രണയനൈരാശ്യത്തിലും പ്രതികാരത്തിലുമൊക്കെ ലയിച്ചു ചേർന്ന ഭാവസുന്ദരമായ പ്രേതസിനിമയാണ് ഭാർഗവീനിലയം. പ്രേതം അഥവാ യക്ഷിക്കഥയിലെ പ്രണയം അത്രമേൽ സുന്ദരമായാണ് ബഷീർ എഴുതിയിട്ടത്. എ.വിൻസന്റ് അതിനെ മനോഹരമായി സംവിധാനം ചെയ്യുകയും ചെയ്തു. മികച്ച ഫോട്ടോഗ്രാഫർ എന്നതിൽ നിന്ന് വിൻസന്റ് മികച്ച ഒരു സംവിധായകനാണെന്ന് തെളിയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റാണ്. ഭാർഗവിക്കുട്ടിയുടെ കഥ ഇന്നും നിത്യഹരിതമായി നിലനിൽക്കുന്നു. പ്രേംനസീറും മധുവും വിജയനിർമലയും ഭാർഗവീനിലയത്തിലെവിടെയൊക്കെയോ നിന്ന് ഒളിഞ്ഞുനോക്കുന്നു.
മലയാളത്തിൽ അന്നേവരെ വന്നിട്ടുളളതിൽ വച്ചേറ്റവും മികച്ച പ്രേതസിനിമയായിരുന്നു ഭാർഗവീനിലയം. ബ്ലാക്ക് ആൻഡ് വൈറ്റിലും പ്രേക്ഷകനിലെ ഭയം എന്ന വികാരത്തെ അതിന്റെ പാരമ്യത്തിലെത്തിച്ചു ഭാർഗവിക്കുട്ടി. അവളുടെ ചിരിയും അലർച്ചയും തിയറ്ററുകളെ പിടിച്ചുകുലുക്കി.

ഉപേക്ഷിക്കപ്പെട്ട എത്രയോ വീടുകളേയും കെട്ടിടങ്ങളേയും പിന്നെ നാം ഭാർഗവീനിലയം എന്ന് പേരിട്ടുവിളിച്ചു.

യക്ഷി എന്ന ടൈറ്റിലിൽ ഇറങ്ങിയ സത്യൻ അഭിനയിച്ച സിനിമ പ്രേതസിനിമയെന്നതിനപ്പുറം ഒരു സൈക്യാട്രിക് മൂവിയാണ്. എങ്കിലും മലയാളത്തിലെ ആദ്യകാല പ്രേതപടങ്ങളുടെ ഗണത്തിൽ ചേർത്തുവയ്ക്കാവുന്ന യക്ഷിയെ പ്രേതസിനിമകളെ തേടിയുള്ള യാത്രയിൽ കണ്ടില്ലെന്ന് നടിച്ചാൽ ചിലപ്പോൾ പണിതരും.

പേടിപ്പിക്കുക എന്ന ദൗത്യം മാത്രം ലക്ഷ്യമിട്ട് മലയാളത്തിൽ വിജയം നേടിയ ലിസ എന്ന സിനിമ ബേബിയാണ് സംവിധാനം ചെയ്തത്. ഹോസ്റ്റൽമുറിയും തൂങ്ങിമരണവും പ്രേതവുമെല്ലാം കോർത്തിണക്കി എല്ലാ ചേരുവകളും ചേർത്തുള്ള അസൽ ഹൊറർ ചിത്രം. ഭാർഗവീനിലയമോ യക്ഷിയോ പോലെയുള്ളതല്ല ലിസ. അവൾക്ക് അവളുടേതായ ഐഡിന്റിറ്റിയുണ്ടായിരുന്നു. ബേബിയുടെ കരിമ്പൂച്ചയും പ്രേക്ഷകരെ പേടിപ്പിച്ചു.

മലയാളത്തിലെ പ്രമുഖവാരികയിൽ ഖണ്ഡൾ: പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണപ്പരുന്ത് എന്ന നോവൽ വായനക്കാരെ പേടിയുടെ കൊടുമുടിയിലെത്തിച്ചിരുന്നുവെങ്കിലും ആ ഫീൽ സിനിമയാക്കിയപ്പോൾ കിട്ടിയില്ല. എങ്കിലും മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകൃഷ്ണപ്പരുന്ത് തിയറ്ററുകളിൽ വിജയമായിരുന്നു. ഒരു നല്ല പ്രേത–യക്ഷിക്കഥയെന്ന് പറയാൻ പറ്റില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരുപാട് രംഗങ്ങൾ അതിലുണ്ടായിരുന്നു.

പിന്നീട് മലയാളികളെ പേടിപ്പിക്കാൻ നിരവധി പ്രേതസിനിമകൾ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. പച്ചവെളിച്ചം, വിശ്വസിച്ചാലും ഇല്ലെങ്കിലും, കൽപ്പന ഹൗസ്, സീൻ നമ്പർ സെവൻ..തുടങ്ങി പല പ്രേതപടങ്ങളുമെത്തി.


എന്നാൽ അതിനിടെ മലയാളിക്ക് പ്രേതസിനികളോടുള്ള കമ്പം കുറഞ്ഞു. അവർ പേടിക്കാതെയായി. പല പ്രേതസിനിമകളും വെറും കാട്ടിക്കൂട്ടൽ മാത്രമായി. ഭയത്തിനു പകരം ചിരിക്കാൻ വക തരുന്നവയായി പ്രേതസിനിമകൾ. അതോടെ പല നിർമാതാക്കളും സംവിധായകരും പ്രേതസിനിമകൾ വിട്ടു. പ്രേതങ്ങൾ ഗതികിട്ടാതെ മലയാളസിനിമയിൽ അലഞ്ഞുതിരിഞ്ഞു. ചേക്കേറാൻ ഒരു സിനിമയില്ലാതെ പ്രേതങ്ങൾ വലയുമ്പോഴാണ് ഫാസിൽ എത്തിയത്. ആത്മാവിന്റെ വിഹ്വലതകളെ പ്രേതബാധയെന്ന് വ്യാഖ്യാനിക്കുന്ന പുതിയ കാലത്തെ പ്രേതസിനിമയുമായി – അതായിരുന്നു മണിച്ചിത്രത്താഴ്.

സിനിമാസ്കോപ്പോ ഡിടിഎസോ വേണ്ട പ്രേക്ഷകനെ ഭയപ്പെടുത്താനെന്ന് ഫാസിൽ തെളിയിച്ചു. ഏതാനും ചില മ്യൂസിക്കൽ നോട്സിലൂടെ ഫാസിൽ മണിച്ചിത്രത്താഴിന്റെ തീം മ്യൂസിക് കാതിനിമ്പമാകും വിധമല്ല കാതിന് പേടി തോന്നും വിധം ഒരുക്കി. ഗംഗയും നാഗവല്ലിയും ഡോ.സണ്ണിയും മലയാള സിനിമയിലെ പ്രേത–യക്ഷി–ആത്മാവ് കുടുംബത്തിലെ സൂപ്പർതാരങ്ങളാണ്.

തമിഴത്തിയെ മാത്രമേ തളച്ചിട്ടുള്ളു കാരണവർ ഇപ്പോഴും ഇവിടെ കടന്നു കറങ്ങുന്നുണ്ട് എന്ന് ഒരു സൂചന നൽകിയാണ് ഡോ.സണ്ണി മടങ്ങിയിരിക്കുന്നത്.

ഹൊറർ ചിത്രങ്ങളോട് സംവിധായകൻ വിനയന് വല്ലാത്തൊരു ആവേശമാണ്. ആകാശഗംഗയും വെള്ളിനക്ഷത്രവും ത്രീഡിയിൽ ഒരുക്കിയ ഡ്രാക്കുളയുമൊക്കെ വിനയന്റെ പ്രേതസിനിമകളാണ്. കണ്ണിൽ നിന്ന് തീഗോളം പാറിവരുന്ന ആകാശഗംഗയും കുട്ടിയുടെ പ്രേതരൂപത്തിൽ വന്ന വെള്ളിനക്ഷത്രവും പ്രേതങ്ങളുടെ തമ്പുരാനായ സാക്ഷാൽ ഡ്രാക്കുളയുടെ പേരിൽ വന്ന ത്രീഡി ഡ്രാക്കുളയുമെല്ലാം വിനയന്റെ പ്രേതഭ്രമത്തിൽ നിന്നുണ്ടായ സിനിമകളായിരുന്നു.

മുകേഷിനെയും ഗീതുമോഹൻദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയ പകൽപ്പൂരം, രാജസേനൻ സുരേഷ്ഗോപിയെ നായകനാക്കി ഒരുക്കിയ മേഘസേന്ദേശം, കരീം സുരേഷ്ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത അഗ്നിനക്ഷത്രം, ഓജോ ബോർഡിനെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തി സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത അപരിചിതൻ എന്നീ ഹൊറർചിത്രങ്ങൾ പണംവാരിയ ചിത്രങ്ങളാണ്.
ചിലതെല്ലാം പെട്ടെന്ന് തിയറ്റർ വിടുകയും ചെയ്തു. അപരിചിതനിൽ പ്രേതമായി എത്തിയത് സാക്ഷാൽ മമ്മൂട്ടിയാണ്. മേഘസന്ദേശത്തിൽ സുരേഷ്ഗോപിയും പ്രേതമായി മാറുന്നുണ്ട്.
ജയറാം വിന്റർ, കാണാകൺമണി, ആടുപുലിയാട്ടം എന്നീ സിനിമകളിൽ പ്രേതത്തേയും യക്ഷിയേയുമൊക്കെ കണ്ടിട്ടുണ്ട്. ജയസൂര്യയാകട്ടെ പ്രേതം എന്ന സിനിമയിലുണ്ട്.

വിസ്മയത്തുമ്പത്ത്, ഗീതാഞ്ജലി തുടങ്ങിയ പ്രേതസിനിമകൾ ഗതികെട്ടാതെ തിയറ്റർ വിട്ടവയാണ്.
ഇന്ദ്രിയം, വീണ്ടും ലിസ, രക്‌തരക്ഷസ്, മാന്ത്രികൻ, സമ്മർപാലസ്, മുന്നാമതൊരാൾ എന്നിവയെല്ലാം തിയറ്ററിൽ വിലസാനെത്തിയപ്പോൾ പ്രേക്ഷകർ പിടിച്ചുകെട്ടി തിരിച്ചുകയറ്റിവിട്ട പ്രേതസിനിമകളാണ്.
സന്തോഷ് ശിവന്റെ അനന്തഭദ്രവും സിബിമലയിലിന്റെ ദേവദൂതനും മമ്മുട്ടിയുടെ ദ്രോണ, കമലന്റെ ആയുഷ്കാലം, കമലഹാസന്റെ വയനാടൻ തമ്പാൻ, എം.ടി.ഹരിഹരൻ കൂട്ടുകെട്ടിൽ വന്ന എന്ന് സ്വന്തം ജാനകിക്കുട്ടി, ഡെന്നീസ് ജോസഫിന്റെ അഥർവം, കുഞ്ചാക്കോ ബോബൻ നായകനായ മയിൽപീലിക്കാവ്, സിദ്ധിഖ് ലാലിന്റെ ഗോസ്റ്റ് ഹൗസ് ഇൻ എന്ന സിനിമയുമെല്ലാം പതിവ് പ്രേതപടങ്ങളുടെ ട്രാക്കിൽ നിന്നും മാറി നടന്നവയായി.

ത്രീഡിയും പുതിയ ശബ്ദസംവിധാനങ്ങളും വന്നതോടെ വീണ്ടും പ്രേതസിനിമകൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ഹോളിവുഡിൽ നിന്നുള്ള കിടിലൻ ഹൊറർ സിനിമകൾ കണ്ട് രക്‌തം കട്ടിയായി പോകുന്ന അവസ്‌ഥയിൽ നിൽക്കുന്ന മലയാളിക്ക് ഇപ്പോൾ വെള്ളസാരിക്കാരായ പ്രേതങ്ങളേയും പനയ്ക്കു ചുവടിൽ നിന്ന് ചുണ്ണാമ്പും വെറ്റിലയും ചോദിക്കുന്ന യക്ഷികളേയും വേണ്ട. അവരെ അമ്പരിപ്പിക്കാനും ഞെട്ടിക്കാനും രസിപ്പിക്കാനും പ്രേതങ്ങളും ന്യൂജൻ ആവുകയാണ്.

ഓൺലൈൻ വഴി മദ്യം കിട്ടുന്ന നാട്ടിൽ ഓൺലൈൻ വഴി കുറച്ചു ചുടുചോര കിട്ടാനാണോ പാട്? ആ ചുടുചോരയ്ക്ക് വേണ്ടിയാണോ അർധരാത്രിക്ക് പാം ട്രീ ഫ്ളാറ്റിൽ (പനയുടെ മുകളിൽ നിന്ന്)നിന്നെഴുന്നേറ്റ് ഉറക്കം കളഞ്ഞ് ഈ പെടാപ്പാടെന്ന് ചോദിക്കുന്ന പുതിയ കാലത്തെ ന്യൂജൻ പ്രേതമായിരിക്കാം ഇനി മലയാളത്തിൽ വരുക.

<യ> ഋഷി