പരീക്ഷപ്പേടി അകറ്റാൻ ചിട്ടയോടെ പരിശീലനം, തയാറെടുപ്പ്
പരീക്ഷപ്പേടി അകറ്റാൻ ചിട്ടയോടെ പരിശീലനം, തയാറെടുപ്പ്
പരീക്ഷപ്പേടി ഏതാനും ദിവസങ്ങൾക്കകം പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. പരിശീലനത്തിലൂടെയും സമചിത്തതയോടെയുളള സമീപനത്തിലൂടെയും ഈ പ്രശ്നം പരിഹരിക്കാം. മാനസികമായ ചില പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഇതിന് അനിവാര്യം

* പരീക്ഷാദിനങ്ങളെക്കുറിച്ചു ഭാവനചെയ്ത് അതിനോടു പൊരുത്തപ്പെടുക. പരീക്ഷ എഴുതാനിരിക്കുന്ന ക്ലാസ്മുറിയും സാഹചര്യവും മനസിൽ കാണുക.

* മുമ്പു പരീക്ഷയിൽ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെ എഴുതാൻപോകുന്ന പരീക്ഷയിൽ എങ്ങനെ പരിഹരിക്കാം എന്നു ചിന്തിക്കുക.

*പരീക്ഷാഹാളിൽ ആവശ്യമായ പേന, പെൻസിൽ, ഇൻസ്ട്രമെന്റ് ബോക്സ്, എക്സാമിനേഷൻ പാഡ്, ഐഡന്റിറ്റി കാർഡ്, അഡ്മിഷൻ കാർഡ് തുടങ്ങിയവ തലേദിവസംതന്നെ എടുത്തുവയ്ക്കുക. പരീക്ഷയ്ക്കായി വീട്ടിൽനിന്നു പുറപ്പെടേണ്ട സമയം നിശ്ചയിച്ചുറപ്പിക്കുക.

* പരീക്ഷ ആരംഭിക്കുന്നതിനു നിശ്ചിതസമയം മുമ്പേ പരീക്ഷാസ്‌ഥലത്ത് എത്തിച്ചേരുക. പരീക്ഷാഹാൾ കൃത്യമായി കണ്ടെത്തുകയും പരീക്ഷയ്ക്കിരിക്കാനുളള നിശ്ചിതസ്‌ഥാനം കണ്ടെത്തുകയും ചെയ്യുക.

* പരീക്ഷയിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുമെന്നും നല്ല മാർക്ക് നേടുമെന്നും മനസിൽ ദൃഢമായി ഉറപ്പിക്കുക.

* പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി എത്തുന്ന അധ്യാപകരോടു മനസിൽ സ്നേഹവും സൗഹൃദവും രൂപപ്പെടുത്തുക.

* പരീക്ഷാഭയം അമിതമായി ഉണ്ടാകുന്ന കുട്ടികൾക്ക് മുൻകൂട്ടി മനഃശാസ്ത്ര ചികിത്സ തേടാവുന്നതാണ്.

* അമിത പരീക്ഷപ്പേടി നേരിടുന്ന കുട്ടികളെ മാതാപിതാക്കളും കുട്ടികളും മുൻകൂട്ടി കണ്ടെത്തണം. കുട്ടികളുമായുള്ള സഹവാസവും പരിചയവുമാണ് അത്തരക്കാരെ തിരിച്ചറിയാനുള്ള വഴി. ചില കുട്ടികളിൽ നേരിയ തോതിലേ പരീക്ഷപ്പേടി കാണുകയുള്ളൂ. ഇങ്ങനെയുള്ള കുട്ടികളെ മാനസികമായി ധൈര്യപ്പെടുത്താൻ സഹായകമായ ഉപദേശങ്ങൾ കൊടുക്കണം.

* ഇതു പോരാതെവരുമ്പോൾ കൗൺസലിംഗിലൂടെയും പരീക്ഷപ്പേടി മാറ്റിയെടുക്കാൻ കഴിയും.

പഠിക്കുമ്പോൾതന്നെ ചിട്ടപ്പെടുത്താവുന്നതാണ്. പഠിച്ച കാര്യങ്ങൾ ഒന്നിനോടൊന്നു ബന്ധിപ്പിച്ച് ഓർമയിൽ ഉറപ്പിച്ചുനിർത്താവുന്നതാണ്. അതിനു പല വഴികൾ സ്വീകരിക്കാം.

* ഒന്നു കഴിയുമ്പോൾ മറ്റൊന്ന് ഓർമിക്കാവുന്ന തരത്തിൽ ആശയങ്ങൾ തമ്മിൽ ഒരു ബന്ധം രൂപപ്പെടുത്തുക.

* പഠിച്ച കാര്യങ്ങൾ ഒരു ശീർഷകത്തിനു കീഴിൽ വരാവുന്നതുപോലെ ക്രമപ്പെടുത്തുക

* ഏറെ ആശയങ്ങൾ ഉണ്ടെങ്കിൽ ശീർഷകം, ഉപശീർഷകം എന്ന രീതി അവലംബിക്കുക.

* ദൈർഘ്യം കൂടിയ പാഠഭാഗങ്ങൾ ചുരുക്കി പോയന്റുകളാക്കി ചിട്ടപ്പെടുത്തിവയ്ക്കുക.

* കവിതകളിലെ പ്രാസംപോലെ പദങ്ങളിലെ ശബ്ദസാമ്യം കണ്ടെത്തി പഠിച്ചുവയ്ക്കുക.

* പേരുകൾ, പോയിന്റുകൾ എന്നിവയെ ഇഷ്‌ടപ്പെട്ട വസ്തുക്കളോടു ചേർത്തുവച്ച് പരീക്ഷാസമയത്ത് ഓർമിക്കുക.

* വർഷങ്ങൾ, തീയതികൾ തുടങ്ങിയവ ജന്മദിനം, വിശേഷദിനങ്ങൾ എന്നിവയോടു ബന്ധിപ്പിച്ച് ഓർമിക്കുക.

* ഫോർമുലകൾ, സിദ്ധാന്തങ്ങൾ എന്നിവ ഓർമിക്കാനായി അവയിൽത്തന്നെ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക.

* അധ്യാപകർ പഠിപ്പിച്ച സമയത്തെ സംസാരരീതി, അവതരണശൈലി, അംഗചലനങ്ങൾ എന്നിവയോടു പഠിച്ച കാര്യങ്ങളെ ബന്ധിപ്പിക്കുക.

* പാഠഭാഗത്തുണ്ടായിരുന്ന ചിത്രങ്ങൾ, ഫോട്ടോകൾ, മാപ്പുകൾ എന്നിവ ഓർമയിൽകൊണ്ടുവന്ന് അവയോടു പഠിച്ച കാര്യങ്ങളെ ബന്ധിപ്പിച്ചു ചിട്ടപ്പെടുത്തുക.

വിവരങ്ങൾ: <യ> ഡോ. ജോർജ് കളപ്പുര
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, കുറവിലങ്ങാട്, ഫോൺ : 9496379230, 9847304999.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്