വെണ്ടയ്ക്ക – ഹൃദയത്തിന്റെ സുഹൃത്ത്
വെണ്ടയ്ക്ക – ഹൃദയത്തിന്റെ സുഹൃത്ത്
നമ്മുടെ ശരീരകോശങ്ങളിൽ ഊർജം നിർമിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയാണ് ഫ്രീറാഡിക്കലുകൾ. ഇവ കോശങ്ങളിൽ അടിഞ്ഞുകൂടുകയാണു പതിവ്. ഫലം കോശങ്ങളുടെ നാശം. കണ്ണുകളിലെ കോശങ്ങളെയും ഫ്രീറാഡിക്കലുകൾ വെറുതേ വിടില്ല. ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്‌തി മെച്ചമായി നിലനിർത്താം.

മാകുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിർത്തുന്നതിനും സഹായകം. പക്ഷേ, കീടനാശിനികളിൽ കുളിച്ചുനിൽക്കുന്ന വെണ്ടയ്ക്കയിൽ ഫ്രീറാഡിക്കലുകളുണ്ട്. അതിനാൽ വെണ്ട നട്ടാൽ രണ്ടാണു കാര്യം. കീശ കാലിയാകുന്നതു തടയാം, പിന്നെ കീടനാശിനികളില്ലാത്ത വെണ്ടയ്ക്ക കഴിക്കാം.കാൻസർ സാധ്യത കുറയ്ക്കാം.

വെണ്ടയ്ക്കയിൽ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്‌ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിർത്തുന്നതിൽ പൊട്ടാസ്യത്തിനു പങ്കുണ്ട്.

രക്‌തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകം. രക്‌തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്‌തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു.

<യ> ചർമത്തിന്റെ അഴകിനും വെണ്ടയ്ക്ക ഗുണകരം

വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആന്റിഓക്സിഡന്റ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്സിഡന്റുകൾ നിർവീര്യമാക്കുന്നു.


സ്ത്രീകളുടെ പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യജീവിതത്തിനു വെണ്ടയ്ക്ക ഗുണപ്രദം.
ഭ്രൂണാവസ്‌ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്‌ഥശിശുവിന്റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. ഗർഭകാലത്ത് 4–12 ആഴ്ചകളിലാണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ വെണ്ടയ്ക്കവിഭവങ്ങൾ ഉൾപ്പെടുത്തണം.

വെണ്ടയ്ക്കയെന്നല്ല അധികമായാൽ അമൃതും വിഷം തന്നെ. വെണ്ടയ്ക്കയിലുളള ഓക്സാലിക് ആസിഡ് വൃക്കയിൽ കല്ലുണ്ടാക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിലപ്പോൾ ഓക്സാലിക് ആസിഡ് സന്ധികളിൽ അടിഞ്ഞുകൂടി സന്ധിവേദനയ്ക്ക് ഇടയാക്കാം. അതിനാൽ മിതമായി മാത്രം ഉപയോഗിക്കുക. എല്ലാത്തരം വിഭവങ്ങളും മിതമായി ഉൾപ്പെടുത്തിയ ആഹാരക്രമം(ഡയറ്റ്) അതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്