ബിവറേജ് മുതൽ ഐസിയു വരെ...
കുഞ്ഞുനാളിൽ ചേട്ടന്മാരെയും ചേച്ചിമാരെയുമൊക്കെ എടുപ്പിലും നടപ്പിലുമെല്ലാം അനുകരിക്കാത്തവർ കുറയും. മുണ്ടുടുക്കുക, മീശവരയ്ക്കുക, വലിയവരുടെ കണ്ണട വയ്ക്കുക, മുറിബീഡിവലിച്ച് മൂക്കിലൂടെ പുകവിടാൻ ശ്രമിക്കുക, പെൺകുട്ടികളാണെങ്കിൽ അമ്മയെ പോലെ സാരി ഉടുക്കുക, ടീച്ചറായി കളിക്കുക അങ്ങനെ അനുകരണങ്ങളുടെ ലിസ്റ്റ് നീളും. കാലം മാറുന്നതനുസരിച്ചു ഈ അനുകരണ കലയിലും മാറ്റം വന്നില്ലെങ്കിലേ അതിശയിക്കേണ്ടൂ. നാട്ടിലെ ‘ഇരുത്തംവന്ന’ ഫ്രീക്കൻമാരെ പോലെ ബൈക്കിൽ ചെത്തിയും ലഹരി നുണഞ്ഞും ജീവിതം ആനന്ദകരമാക്കണമെന്ന മോഹം മീശമുളയ്ക്കാത്ത പയ്യന്മാർക്ക് ഉണ്ടാവുന്നതു സ്വാഭാവികമാണ്. പക്ഷെ പ്രായം മറന്നുള്ള ഈ അനുകരണം വളരെ അപകടകരമാണ് എന്ന് തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. ചേട്ടന്മാരെ അനുകരിക്കാൻ കൈയുംതലയും മുറുക്കി വളരെ രഹസ്യമായി ഇറങ്ങിത്തിരിച്ച ന്യൂജൻ ജൂനിയറുമാരുടെ കഥയാണ് ഇക്കുറി കാതോരം.

ഇക്കഥ നടക്കുന്നത് പമ്പയുടെ താഴ്വരയിലാണ്. നാട്ടിലെ തലമൂത്തവർ രാത്രിയായാൽ കാണിക്കുന്ന പരാക്രമങ്ങൾക്ക് മിക്കവാറും സാക്ഷിയായിക്കൊണ്ടിരുന്ന ഈ കൗമാരക്കാരിലും മോഹമുണ്ടായി. അങ്ങനെ പുണ്യനദിയുടെ തീരത്ത് നാൽവർസംഘം ഒത്തു കൂടി പത്തും അമ്പതും നൂറുമൊക്കെ ഓരോരുത്തരുമിട്ട് ഒരു ‘ജവാൻ’ സ്വന്തമാക്കി. നാട്ടിൽ ഏറ്റവും പ്രശസ്തനാണ് ജവാൻ എന്നു മാത്രമായിരുന്നു അവരുടെ ആകെ ഇക്കാര്യത്തിലുള്ള അറിവ്. പക്ഷെ ഈ കഥാപാത്രം എത്രമാത്രം ‘വലിയവ’നാണെന്നു അവർക്കറിയില്ലായിരുന്നു.

അതുകൊണ്ടുതന്നെ ഭയഭക്‌തിബഹുമാനത്തോടെ സംഗതി ഓരോരുത്തരായി ഓരോന്നുവീതം അകത്താക്കി. ചെറിയ പിടിത്തം തുടങ്ങിയപ്പോൾ കുറഞ്ഞസമയംകൊണ്ട് കൂടുതൽ ‘ഇഫക്ട്’ കിട്ടാൻ രണ്ടാമതും ഒരോന്നടിച്ചു കൂടെ, ഒന്നുരണ്ടു പുകയുമെടുത്തു. സംഗതി ഉഷാർ. നദിയോടു വന്ദനം ചൊല്ലിആരും കാണാതെ അവർ വളരെവേഗം പിരിഞ്ഞു. ഒത്തുകൂടൽ തുടങ്ങിയപ്പോൾ എത്രപേരുണ്ടായിരുന്നു എന്നും പിരിയുമ്പോൾ എത്രപേർക്ക് ടാറ്റാചൊല്ലിയെന്നുമൊക്കെ തിരക്കാനും കണക്കെടുക്കാനുള്ള അവസ്‌ഥയിലായിരുന്നില്ല ആരും. ഇതിൽ രണ്ടുപേർ ആരുടേയും കണ്ണിൽ പെടാതെ ആയാസപ്പെട്ട് വീട്ടിൽ ചെന്നു. (അതുവരെ മാത്രമാണത്രേ അൽപമായിട്ടെങ്കിലും മനസിലുള്ളത്.)


മൂന്നാമൻ വീട്ടിൽ എത്തിയെങ്കിലും അവന്റെ ദിനചര്യക്കു മാറ്റമുണ്ടായി. ഒരു ഇടഞ്ഞ കൊമ്പനെപോലെ അവൻ ആവീട്ടിൽ ഉറഞ്ഞാടി. ശബ്ദം വാനോളം ഉയർന്നു. കറിച്ചട്ടികളും പാത്രങ്ങളും എടുത്ത് അമ്മാനമാടി. പിടിച്ചടക്കാൻ ചെന്നവരെ തട്ടിതെറിപ്പിച്ചു. കൂട്ടത്തിൽ ചിലർ മോരും പുളിവെള്ളവും കുടിപ്പിച്ച് അവന്റെ പറന്നുപോയ റിലേ വീണ്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ പരാക്രമങ്ങൾ അവസാനിപ്പിച്ച് ഭൂമിദേവിയുടെ മടിത്തട്ടിലേക്കു അവൻ ചാഞ്ഞു. ഇടയ്ക്കിടെ ഞരക്കവും മൂളലും ഒപ്പം ‘ജയ് ജവാൻ’ എന്ന മുദ്രാവാക്യവും കേട്ടുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുനിന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും കിളിപോയി. ഉടനെ ലൈറ്റിട്ട വാഹനമെത്തി ആശുപത്രി ലക്ഷ്യമാക്കി അവനേയുംകൊണ്ട് പാഞ്ഞു.

അപ്പോഴാണ് കൂട്ടുകെട്ടിലെ നാലാമനെപ്പറ്റി ചിലർ ഓർക്കുന്നത്. അങ്ങനെ ഇരുട്ടുവീണുതുടങ്ങിയ സമയത്ത് നാട്ടുകാരും വീട്ടുകാരും നാലാമനെ തപ്പിയിറങ്ങി. ഏറെ തിരച്ചിലിനൊടുവിൽ പുണ്യനദിയുടെ തലോടലേറ്റു തല കരയിലായി നദീതിരത്ത് മയങ്ങുകയായിരുന്ന കഥാപാത്രത്തെ അവർ കണ്ടെത്തി. വെള്ളത്തിൽ മണിക്കൂറുകൾ കിടന്ന അവന്റെ ശരീരം തണുത്തുമരവിച്ചിരുന്നു. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി ഐസിയുവിലായി നമ്മുടെ നായകന്റെ പിന്നെയുള്ള കുറച്ചു ദിനങ്ങൾ. ഏതായാലും ബീവറേജുമുതൽ ഐസിയു വരെയുള്ള നീണ്ടയാത്രയുടെ ഇക്കഥയാണ് ഇന്നു നാട്ടിലെല്ലാം സംസാരവിഷയം.

ഇതിനിടെ സംഭവമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തി. ജവാനിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നറിയാൻ പോലീസും എക്സൈസും എത്തി. അങ്ങനെ ആകെപ്പാടെ നാട്ടിലൊരു ഉത്സവത്തിന്റെ അന്തരീക്ഷം. നാട്ടിലിന്നു ജവാനാണു താരം. ഇത്രയേറെ ശക്‌തനായ ജവാനെ പണ്ടേ നമ്മൾ തിരിച്ചറിയേണ്ടതായിരുന്നു എന്നാണത്രേ നാട്ടിലെ കുടിയുടെ കാര്യത്തിൽ തലയെടുപ്പുള്ള പച്ചപ്പഴമക്കാരുടെ സംസാരം എന്നാണ് പിന്നാമ്പുറ സംസാരം.