കരുണ ചെയ്വാൻ എന്തു താമസം...
കരുണ ചെയ്വാൻ എന്തു താമസം...
എല്ലാമറിയുന്ന കള്ളക്കണ്ണനാണ് ഈ ഗോപബാലൻ. ഉള്ളുലഞ്ഞു വിളിച്ചാൽ ഉള്ളറിഞ്ഞ് തരും ഈ മയിൽപ്പിലിധാരി. കുറെയൊക്കെ വലച്ചാലും ഒടുവിൽ മനം നിറയെ സന്തോഷവും സമാധാനവും തരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ശ്രീകൃഷ്ണചിത്രത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ചിത്രകാരൻ സരൺസ് ഗുരുവായൂരിന്റെ മനസിലും തന്നെ ഈ കള്ളക്കണ്ണൻ രക്ഷിക്കുമെന്നുതന്നെയാണുള്ളത്. എന്നാലും വിഷമത്തോടെ സരൺസ് മനസിൽ കൃഷ്ണനോടു ചോദിക്കുന്നുണ്ട്....കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ...

തൃശൂർ തേക്കിൻകാട് മൈതാനിയിൽ വടക്കുന്നാഥ ക്ഷേത്രത്തിന് സമീപത്തായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രം തലയുയർത്തി നിൽക്കുന്നു. സരൺസ് ഗുരുവായൂർ എന്ന യുവചിത്രകാരൻ നൂറു ദിവസം കൊണ്ട് വരച്ച ഈ ശ്രീകൃഷ്ണചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശൂരിൽ നടക്കുന്നുണ്ടായിരുന്നു. വർണോന്മീലനം എന്ന് പേരിട്ട ഈ ചിത്രപ്രദർശനം നാളെ അവസാനിക്കുമ്പോൾ ചിത്രകാരന്റെ മനസിൽ ആശങ്കളുടെ ചായങ്ങളാണ് പടരുന്നത്. ചിത്രം വരച്ച് പൂർത്തിയാക്കുമ്പോൾ പോലും ഇല്ലാതിരുന്ന ആശങ്കകൾ സരൺസിന്റെ മനസിൽ തിരമാലകൾ പോലെ വന്നുപോയ്ക്കൊണ്ടിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന റിക്കാർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്ന സരൺസ് ഗുരുവായൂർ വരച്ച മ്യൂറൽ ശൈലിയിലുള്ള ശ്രീകൃഷ്ണചിത്രത്തിന്റെ പ്രദർശനം നിരവധി പേരാണ് തേക്കിൻകാട് മൈതാനിയിലെത്തി കണ്ടത്. അറുപതടിയോളം ഉയരവും 34 അടി വീതിയും രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുമുള്ള ഈ ചിത്രം ഇനി എങ്ങിനെ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് ചിത്രകാരനായ സരൺസ്. ഇപ്പോൾ ഗുരുവായൂരിൽ മാസം എണ്ണായിരം രൂപയ്ക്ക് ഒരു വീട് വാടകക്കെടുത്ത് അവിടെയാണ് ചിത്രം സൂക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കനത്ത സാമ്പത്തിക ബാധ്യത വരുന്നതിനാൽ ഇത് തുടർന്നുകൊണ്ടുപോകാൻ സാധിക്കില്ലെന്നതാണ് സരൺസിനെ അലട്ടുന്നത്. വാടകവീട്ടിൽ ഇരുമ്പഴികളിൽ ഈ കാൻവാസ് തുണി തോരിയിടും പോലെ പല മടക്കുകളായി തോരിയിട്ട് സൂക്ഷിക്കാനേ സാധിക്കു.

ചിത്രം വിൽക്കാൻ തയാറാണോ എന്ന് ചോദിച്ച് ചിലരെല്ലാം സരൺസിനെ സമീപിച്ചിട്ടുണ്ട്. 60 ലക്ഷം രൂപ വരെ വില ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രത്തിന് തരാൻ ഒരുകൂട്ടർ തയാറായിട്ടുണ്ട്. എന്നാൽ വിൽപ്പന സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ല.



ലിംക ബുക് ഓഫ് റിക്കാർഡും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡും ഗിന്നസ് റിക്കാർഡും അമേരിക്കയുടെ ഗോൾഡൻ ബുക്ക ്ഓഫ് റിക്കാർഡും സരൺസിന്റെ ശ്രീകൃഷ്ണചിത്രം നേടാനിരിക്കുകയാണ്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് നേടിക്കഴിഞ്ഞതിനു ശേഷമേ വിൽപന സംബന്ധിച്ച ധാരണയുണ്ടാകുള്ളു. വാങ്ങാൻ തയാറായി എത്തുന്നവർ റിക്കാർഡുകളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കും വരെ കാത്തിരിക്കാൻ തയാറാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.

ലോകത്തിലെ ആദ്യത്തെ എന്ന ഗണത്തിൽ പെട്ടതിനാൽ ഗിന്നസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആറുമാസം കാത്തിരിക്കണം. മറ്റൊരു റിക്കാർഡ് തകർക്കുകയല്ല സരൺസിന്റെ ചിത്രം. ഇത് ലോകത്തെ ആദ്യത്തെ എന്ന ഗണത്തിലാണ് ഉൾപ്പെടുക. വർണോന്മീലനം എന്ന് പേരിട്ട ചിത്രപ്രദർശനം സുരേഷ് ഗോപി എംപിയാണ് ഉദ്ഘാടനം ചെയ്തത്.

ആശങ്കകളും വിഷമങ്ങളുമൊക്കെ മനസിൽ പെയ്തിറങ്ങുമ്പോഴും സരൺസിന് സന്തോഷമുണ്ട്. ജീവിതത്തിൽ ഇതുപോലൊന്ന് ഇനി സംഭവിക്കുമോ എന്ന് പറയാനാകില്ലെങ്കിലും സംഭവിച്ചതെല്ലാം നല്ലതിന് എന്ന് സരൺസ് ഉറച്ചുവിശ്വസിക്കുന്നു. നൂറു ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് സരൺസ് ഗുരുവായൂർ 60 അടി ഉയരമുള്ള ശ്രീകൃഷ്ണന്റെ വേണുഗോപാലരൂപം വരച്ചത്. ഗുരുവായൂർ പുന്നത്തൂർ റോഡിനു സമീപം മേഴ്സി കോളജ് അങ്കണത്തിലാണ് പ്രത്യേക ഷെഡിനകത്ത് ഈ ചിത്രം വരച്ചു തീർത്തത്. ഉയരങ്ങളിലേക്ക് വരച്ചു കയറുകയായിരുന്നു സരൺസ്. താഴെയിരുന്ന് വരച്ചാൽ പോലും ശ്രദ്ധ പാളിപ്പോകുന്ന അവസ്‌ഥയിൽ ഊഞ്ഞാലുപോലെയുള്ള പ്ലാറ്റ്ഫോമിലിരുന്ന് വരച്ച വരയെക്കുറിച്ച് സരൺസിന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം മാത്രം. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്ന് സരൺസ് പറയുന്നു.


പുലർച്ചെ നാലരയോടെ വര തുടങ്ങിയിരുന്നു. വെയിൽമൂക്കുമ്പോൾ വര നിർത്തും. പിന്നെ വൈകീട്ട് മുതൽ രാവുപുലരും വരെ നീണ്ടുപോകാറുണ്ട് ചിത്രപ്പണി.

ചിത്രരചന പുരോഗമിക്കും തോറും പല പ്രമുഖരും വന്ന് ചിത്രംവര കണ്ടു. മുഖ്യമന്ത്രിയാകും മുമ്പ് പിണറായി വിജയനും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമൊക്കെ സരൺസിന്റെ ചിത്രരചന കാണാൻ ഗുരുവായൂരിലെത്തിയിരുന്നു.

പ്രത്യേക പ്ലാറ്റ് ഫോം നിർമിച്ച് അതിൽ കയറും കപ്പിയും ഒരുക്കി നാലുപേരുടെ സഹായത്തോടെയും അതിലേറെ പേരുടെ പ്രാർഥനയോടുമാണ ചിത്രം പൂർത്തീകരിച്ചത്. കാൻവാസിൽ അക്രലിക് പെയിന്റ് ഉപയോഗിച്ചാണ് ചുമർചിത്രശൈലിയിൽ ചിത്രം തീർത്തത്. ചിത്രരചന കഴിഞ്ഞപ്പോൾ സരൺസിന്റെ ഭാരം എട്ടുകിലോ കുറഞ്ഞു. വരക്കിടയിൽ പലപ്പോഴും ക്ഷീണം തോന്നി. അലർജിയും സൂര്യാതപവും വന്നു. ആശുപത്രിയിലും കിടന്നു. വീടു പണയത്തിലായി. കടം വാങ്ങിക്കൂട്ടി.

ചിത്രം നൂറു ദിവസം കൊണ്ട് പൂർത്തീകരിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ അവസരമുണ്ടായില്ല. പ്രദർശനത്തിനാവശ്യമായി വന്ന കനത്ത സാമ്പത്തിക ബാധ്യത മൂലംചിത്രം പുറംലോകം കണ്ടില്ല. ചിത്രം പൂർത്തിയാകുമ്പോൾ ചെലവ് പതിമൂന്നര ലക്ഷമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരംബ്രഹ്മ എന്ന ചിത്രം വരച്ച് സരൺസ് സമ്മാനിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതു കണ്ട കനറാബാങ്കുകാർ സരൺസിന് ആറുലക്ഷം രൂപ വായ്പ നൽകാൻ തയാറായി. ബാങ്കുകാർ വായ്പ തന്നത് ഉപാധികളില്ലാതെയാണ്. തനിക്ക് ജാമ്യം നിന്നത് സാക്ഷാൽ ഗുരുവായൂരപ്പനാണെന്ന് സരൺസ് വിശ്വസിക്കുന്നു.

പത്തുലക്ഷം രൂപ വായ്പയെടുത്താണ് ഇപ്പോൾ ചിത്രപ്രദർശനം നടത്തിയത്. അച്ഛന്റെ പേരിലുള്ള ഭൂമി പണയപ്പെടുത്തിയാണ് പത്തുലക്ഷം നേടിയത്. തേക്കിൻകാട് മൈതാനിയിൽ പ്രദർശനം നടത്താൻ കൊച്ചിൻദേവസ്വം ബോർഡിനും കോർപറേഷനും നികുതിയിനത്തിൽ നല്ലൊരു തുക കൊടുക്കേണ്ടി വന്നു.

ആർക്കെങ്കിലും വിറ്റാൽ ചിത്രം കൈവിട്ടുപോകും. കൈയിലിരുന്നാൽ കടം കയറുകയും നശിക്കുകയും ചെയ്യും. ഇതിനിടയിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ യുവ ചിത്രകാരൻ. ഒരു ചിത്രം വരയ്ക്കുന്നതിനേക്കാൾ പാടാണ് അത് സംരക്ഷിച്ചുവെക്കാനെന്ന് ഉയരം കൂടിയ ഈ ചിത്രം തെളിയിക്കുന്നു.

3ഡി 2ഡി അനിമേറ്ററായിരുന്ന സരണിന് ഗുരുവായൂരിലെ ഉത്സവകാലത്ത് കൊടിക്കൂറ ചെയ്യാൻ കിട്ടിയ അവസരത്തിലാണ് എന്തുകൊണ്ട് ഗുരുവായൂരിലെ കൊടിമരത്തിന്റെ ഉയരത്തിൽ ഒരു ചിത്രം ഒരുക്കിക്കൂടാ എന്ന ആശയം മനസിൽ ഉദിച്ചത്. ആ ആശയമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന ഖ്യാതി നേടാനുള്ള ഒരുക്കങ്ങളിലേക്ക് സരൺസിനെ നയിച്ചത്.

മുഖം വരച്ചുകൊണ്ടാണ് സരൺസ് തന്റെ സ്വപ്നചിത്രത്തിന് തുടക്കമിട്ടത്. ഏറ്റവുമൊടുവിൽ കണ്ണുകൾ വരച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒടുവിൽ ചിത്രം മിഴി തുറന്നു.

ചാവക്കാട് കോഴിക്കുളങ്ങര സ്വദേശി കെഎം.സുബിലാഷ്, ഒരുമനയൂർ സ്വദേശി കെ.വി.വിഷ്ണുവാസ് എന്നിവർ സരൺസിനെ ചിത്രരചനയിൽ സഹായിച്ച് ഒപ്പം നിന്നു. അവിവാഹിതനാണ് സരൺസ്. അച്ഛൻ കറപ്പു, അമ്മ ലക്ഷ്മി. സോണിയ, ചാൾസ് എന്നിവർ സഹോദരങ്ങളാണ്.

ചെറിയ ചിത്രങ്ങൾ പോലും വിറ്റുപോകുമ്പോൾ പ്രീയപ്പെട്ടവരെ പിരിയുന്ന മാനസിക അവസ്‌ഥയാണുണ്ടാകാറുള്ളതെന്നും ഈ ചിത്രം കൈവിട്ടുകൊടുക്കുകയെന്നത് ചിന്തിക്കാവുന്നതിനും അപ്പുറത്താണെന്നും പക്ഷേ വിൽക്കാതെ നിവൃത്തിയില്ലെന്നും കടങ്ങൾക്കു മധ്യേ നിൽക്കുന്ന ഈ ചിത്രകാരൻ വേദനയോടെ പറയുന്നു. സരൺസ് 9847 05 6467.

–ഋഷി