നായക്കുട്ടിക്ക് ആദ്യകുത്തിവയ്പ് മൂന്നാം മാസം
നായക്കുട്ടിക്ക് ആദ്യകുത്തിവയ്പ് മൂന്നാം മാസം
നൂറ്റാണ്ടുകൾക്കു മുമ്പുത്തന്നെ മനുഷ്യരാശിക്ക് അറിവുള്ളതും ഏറെ ഭീതിപരത്തുന്നതുമായ രോഗമാണ് പേവിഷബാധ. നമ്മുടെ നാട്ടിൽ പേവിഷബാധ പരക്കുന്നത് പ്രധാനമായും രോഗം ബാധിച്ച നായ്ക്കളുടെ കടിയിലൂടെയാണ്. റാബ്ഡോവൈറസ് വിഭാഗത്തിൽപെട്ടതും വെടിയുണ്ടയുടെ ആകൃതിയിലുള്ളതുമായ ഒരുവൈറസാണ് രോഗഹേതു. വന്യമൃഗങ്ങളിൽ നിന്നാണിവ നാട്ടിലെത്തുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ വൈറസ് കടിയേറ്റ ഭാഗത്തെ ഞെരമ്പുകളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി പെറ്റുപെരുകി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

പേയുള്ള നായയുടെ കടിയിലൂടെയാണ് വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും ഈ രോഗം ബാധിക്കുന്നത്. സാധാരണ നായ്ക്കൾ കുരച്ചതിനു ശേഷമാണ് കടിക്കാറുള്ളത് എന്നാൽ പേയുളള നായ്ക്കൾ കുരക്കാതെ തന്നെ കടിക്കുന്നതായി കണ്ടുവരുന്നു. മനുഷ്യർക്ക് കാണുന്ന ജലഭീതിപോലുളള ലക്ഷണങ്ങൾ സാധാരണ മൃഗങ്ങൾ കാണിക്കാറില്ല. പേവിഷബാധയേറ്റ നായ്ക്കൾ രണ്ടുരീതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നു.

മൂകരൂപം: ഈ രോഗാവസ്‌ഥയിൽ നായ്ക്കൾ പൊതുവെ ശാന്തസ്വഭാവക്കാരായിരിക്കും. തീറ്റയെടുക്കാതിരിക്കുക, കീഴ്ത്താടി തൂക്കിയിട്ട് വായിൽ നിന്നും നുരയും പതയും ഒഴുകിവരിക എന്നിവയാണ് മറ്റ് പ്രധാനലക്ഷണങ്ങൾ. നായ വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും സാധിക്കുകയില്ല. തൊണ്ടയിൽ എല്ലു കടുങ്ങിയതുപോലെ പെരുമാറുന്നു. ഇത്തരം നായ്ക്കൾ ഉടമയോട് കൂടുതൽ അനുസരണ കാണിക്കുകയും മുഖത്തും ശരീരത്തിലും നക്കുകയും ചെയ്യും. ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരിക്കാൻ കൂടുതൽ താത്പര്യം കാണിക്കാറുണ്ട്. അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന ഈച്ചയെ കടിച്ചു പിടിക്കുന്ന പോലെ കാണിക്കുന്നത് ഒരു പ്രത്യേകതയാണ്. അവസാനഘട്ടത്തിൽ തളർന്നു കിടന്നു പോവുകയും മരണപ്പെടുകയും ചെയ്യുന്നു.

ക്രൂദ്ധരൂപം: ഇതിൽ നായ ആക്രമകാരിയായി മാറുന്നു. കണ്ണുകൾ ചുവന്ന് വായിൽ നിന്നും ഉമിനീരൊലിപ്പിച്ച് ദിശാബോധമില്ലാതെ ഓടുന്നതു കാണാം. ഒരു പ്രകോപനവുമില്ലാതെ വഴിയിൽ കണ്ടതിനെയെല്ലാം കുടിക്കുന്നു. ഇങ്ങിനെ ഓടിതളർന്ന് 3–4 ദിവസങ്ങൾക്കകം നായ മരണപ്പെടുന്നു. ശബ്ദനാളത്തിന്റെ നാഡിയുടെ തളർച്ച കാരണം കുരയ്ക്കുമ്പോൾ ശബ്ദം വ്യത്യാസപ്പെട്ടിരിക്കും.

പ്രതിരോധ കുത്തിവയ്പുകൾ

നായ്ക്കളെ വളർത്തുമ്പോൾ തീർച്ചയായും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രതിരോധ കുത്തിവെപ്പുകൾ. രോഗം വന്നാൽ ചികത്സയില്ലാത്തതിനാൽ രോഗം വരാതിരിക്കാൻ പ്രതിരോധകുത്തിവയ്പ്പിനെ ആശ്രയിക്കേണ്ടതാണ്. ആരോഗ്യമുള്ള നായക്കുട്ടിക്ക് ആദ്യകുത്തിവയ്പ്പ് മൂന്നു മാസം പ്രായമാകുമ്പോൾ നൽകാം. (മൂന്നുമാസം വരെ തള്ളയുടെ ശരീരത്തിൽ നിന്നും ലഭിച്ച പ്രതിരോധശക്‌തി കുഞ്ഞുങ്ങൾക്കുണ്ടാകും) പിന്നീട് ഈ കുത്തിവയ്പ്പ് എല്ലാ വർഷവും ആവർത്തിക്കേണ്ടതാണ്. വിദേശ നിർമിത വാക്സിനുകൾ പലതും രണ്ടു മുതൽ മൂന്നു വർഷത്തെ പ്രതിരോധശക്‌തി അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ പോലെ പേവിഷബാധ കൂടുതലുള്ള രാജ്യങ്ങളിൽ എല്ലാവർഷവും പ്രതിരോധകുത്തിവയ്പ്പ് എടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്. ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായ വാക്സിനുകൾ എല്ലാം ലോകാരോഗ്യ സംഘടന അംഗീകരിച്ചതും പാർശ്വഫലങ്ങൾ തീരെ ഇല്ലാത്തതുമാണ്. മുൻകാലങ്ങളിൽ നിന്നു വിഭിന്നമായി ജീവനില്ലാത്ത വൈറസാണ് വാക്സിൻ നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നത്.

പ്രതിരോധ കുത്തിവയ്പുകൾ നൽകുമ്പോൾ

1. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിരയിളിക്കിയ
ശേഷം വേണം പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുവാൻ.
2. അസുഖാവസ്‌ഥയിലും ആരോഗ്യമില്ലാത്ത സാഹചര്യത്തിലും കുത്തിവയ്പ്പിനെതിരേ ശരീരം
വേണ്ട രീതിയിൽ പ്രതികരിക്കാനിടയില്ലാത്തതിനാൽ പ്രതിരോധശക്‌തി ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്.
3. കുത്തിവയ്പ്പിനുശേഷം പൂർണ പ്രതിരോധശക്‌തി കൈവരിക്കുവാൻ രണ്ടു മുതൽ മൂന്ന് ആഴ്ച സമയം വേണ്ടിവരും. ഈ കാലഘട്ടത്തിൽ പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
4. നിർമാണം മുതൽ കുത്തിവയ്പ്പ് വരെ വാക്സിൻ തണുപ്പ് നഷ്ടപ്പെടാതെ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. ഗുണമേന്മയുള്ള വാക്സിൻ ഡോക്ടറുടെ സഹായത്തോടെ നൽകുക

മുൻകരുതൽ

1. സ്നേഹത്തോടെ ആണെങ്കിൽ പോലും അപരിചിതരായ നായ്ക്കളുടെ തലയിൽ തട്ടുകയോ തലോടുകയോ അരുത്.
2. നീട്ടിയ കൈകളിൽ മണക്കാതെ പിന്നോട്ടു നീങ്ങുന്ന നായയെ ഒരു കാരണവശാലും തൊടാൻ ശ്രമിക്കരുത്.

3. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്ന നായയുടെ പാത്രം വലിക്കുകയോ ഉറങ്ങിക്കൊണ്ടിരിക്കുന്ന നായയെ പെട്ടെന്ന് ഉണർത്തി പ്രകോപിപ്പിക്കുകയോ അരുത്. കടിക്കാനായി നായ അപ്രതീക്ഷിതമായി അടുത്തു വന്നാൽ ഓടാനോ ഒച്ച വയ്ക്കാനോ ശ്രമിക്കാതെ ധൈര്യം സംഭരിച്ച് അനങ്ങാതെ നിൽക്കുക. ഓടിയാൽ നായ പിൻതുടരാനും കടിക്കാനും സാധ്യത ഏറെയാണ്.
4. ഓടി അടുക്കുന്ന നായയുടെ നേരേ കൈകൾ വീശുകയോ അടിക്കുന്നപോലുള്ള ആംഗ്യങ്ങൾ കാണിക്കുകയോ അരുത്. കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ച് അനങ്ങാതെ നിൽക്കുക.
5. കുരച്ചു വരുന്ന നായയുടെ കണ്ണുകളിലേക്കു തുറിച്ചു നോക്കാതിരിക്കുക. ഇതു കൂടുതൽ പ്രകോപനത്തിനു വഴി യൊരുക്കും. മറ്റെതെങ്കിലും ഭാഗത്തേക്ക് അലക്ഷ്യമായി ദൃഷ്ടി കേന്ദ്രീകരിക്കുക.
7. ചെറിയ നായ്കുട്ടികൾ പല്ല് മുളയ്ക്കുന്നതിന്റെ അസ്വസ്‌ഥത അകറ്റാൻ ഉടമസ്‌ഥന്റെ കൈ കാലുകൾ കടിച്ചുപൊട്ടിക്കുന്നതു കാണാറുണ്ട്. ചെറിയ ശിക്ഷയിലൂടെ ഇത് മാറ്റി എടുക്കാവുന്നതാണ്.
8. വാഹനാപകടം, ശരീരത്തിൽ മുറിവ്, രോഗവാസ്‌ഥ തുടങ്ങിയ വേദന അനുഭവിക്കുന്ന അവസ്‌ഥയിൽ വായകെട്ടുകയോ ശരിയായ രീതിയിൽ നിയന്ത്രണാധീനമാക്കുകയോ ചെയ്യാതെ ശുശ്രൂഷിക്കുവാൻ ശ്രമിക്കരുത്.

നായയുടെ കടിയേറ്റാൽ...

1. കടിയേറ്റ ഭാഗം നന്നായി അമർത്തി സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക.
2. ടാപ്പിൽ നിന്നു പ്രവഹിക്കുന്ന വെള്ളത്തിൽ മുറിവ് കുറഞ്ഞത് 10 മിനിറ്റെങ്കിലും പിടിച്ച് ഒന്നുകൂടി വൃത്തിയാക്കുക. ഡെറ്റോൾ, സാവലോൺ, പ്രോവിഡോൺ അയഡിൻ തുടങ്ങിയ ലായിനി ഉപയോഗിച്ച് മുറിവ് അണുവിമുക്‌തമാക്കാം.
3. ടെറ്റനസിനുള്ള പ്രതിരോധകുത്തിവയ്പ്പ് ആവശ്യമെങ്കിൽ നല്കണം.
4. കടിച്ച നായയെ കിട്ടിയാൽ കെട്ടിയിട്ട് 10 ദിവസം നിരീക്ഷിക്കുക. (ലക്ഷണം കാണിക്കുന്നതിന് 6 ദിവസം മുമ്പേ ഉമിനീരിൽ അണുക്കൾ വിസർജിക്കപ്പെട്ടു തുടങ്ങുന്നു. ലക്ഷണം കാണിച്ച് 4 ദിവസത്തിനുള്ളിൽ നായ മരണമടയുന്നു. ഇതാണ് 10 ദിവസം നിരീക്ഷിക്കു ന്നതിനു പിന്നിലെ ശാസ്ത്രം).
5. സംശയിക്കപ്പെടുന്ന നായയ്ക്ക് മുട്ട, അച്ചാർ തുടങ്ങിയവ കൊടുത്താൽ പേയിളകും എന്ന വിശ്വാസം, തെറ്റാണ്.
6. നായയ്ക്ക് പേയുണ്ടോ എന്ന് തീർച്ചപ്പെടുത്താൻ അതിന്റെ സ്വഭാവിക മരണത്തിനു ശേഷം പരിശോധനയ്ക്കു വിധേയമാക്കുക. നായയ്ക്ക് പേയുണ്ടെന്ന് തീർച്ചയായാൽ പരീക്ഷണങ്ങൾക്കു മുതിരാതെ ചികിത്സ തുടങ്ങുക.
8. കഴുത്തിനും തലയ്ക്കുമുള്ള കടി കൂടുതൽ അപകടകരമായതിനാൽ ഇത്തരം കേസുകളിൽ ഉടൻ തന്നെ കുത്തിവയ്പ്പ് തുടങ്ങുക.
9. അപരിചിത നായയുടെ കടി ഏൽക്കുകയും നായയെ അന്വേഷിച്ച് കണ്ടെത്താൻ പറ്റാതെയും വന്നാൽ ചികിത്സക്കു വിധേയമാകുകയാണ് ഉത്തമം.
10. വീട്ടിൽ കാണുന്ന എലി, ചുണ്ടെലി, മുയൽ, അണ്ണാൻ തുടങ്ങിയവ കടിച്ചാൽ പ്രതിരോധ കുത്തിവെയ്പ് ആവശ്യമില്ല. കീരി, പെരുച്ചാഴി ഇവ കടിച്ചാൽ പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതാണ്.
11. കഴിഞ്ഞ കാലങ്ങളിൽ നിന്നു ഭിന്നമായി പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ഗുണമേന്മയുള്ള വാക്സിൻ ഇന്ന് ലഭ്യമാണ്. ഇപ്രകാരമുള്ള പ്രതിരോധ കുത്തിവയ്വപ്പുകൾ ഒരു വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് കൃത്യസമയങ്ങളിൽ വളർത്തുനായ്ക്കൾക്ക് നൽകുവാൻ മറക്കരുത്.

ഇൻട്രാഡെർമൽ

മനുഷ്യരിൽ പേവിഷ പ്രതിരോധ വാക്സിന്റെ ചെലവു കുറയ്ക്കാനും വാക്സിനേഷന്റെ ഗുണമേന്മ വർധിപ്പിക്കാനും ഉതകുന്ന ഒരു രീതി ഈയടുത്ത കാലത്ത് കേരളത്തിൽ പ്രയോഗത്തിൽ വന്നു. ലോകാരോഗ്യ സംഘടന ഈ രീതി നേരത്തേ അംഗീകരിച്ചതാണ്. ഇൻട്രാഡെർമൽ എന്ന രീതിയാണിത്. തൊലിപ്പുറത്ത് കുത്തിവയ്ക്കുന്നതു കൊണ്ട് വേദനയും കുറവാണ്. ഈ വാക്സിൻ 4 ഡോസ് മതിയാകും. 0.1 മില്ലി വീതം രണ്ടു സ്‌ഥലങ്ങളിലാണ് കുത്തിവയ്ക്കുന്നത്.
0, 3, 7, 28 എന്നീ ദിവസങ്ങളിൽ കുത്തിവയ്ക്കണം.

(കൂടുതൽ വിവരങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ വെബ് സൈറ്റ് സന്ദർശിക്കുക വിലാസം: http://www.who.int/ith/vaccines/rabies/en/index.html)
വിവരങ്ങൾ: ഡോ. പി.വി. മോഹനൻ, പിആർഒ, മൃഗസംരക്ഷണവകുപ്പ്, കണ്ണൂർ