അച്ഛന്മാർ പലതുണ്ട്...പെരുന്തച്ചൻ ഒന്നും
അച്ഛന്മാർ പലതുണ്ട്...പെരുന്തച്ചൻ ഒന്നും
ഒരു മഹാഗോപുരമാണ് മലയാള സിനിമ. ആ മഹാഗോപുരത്തെ പടുത്തുയർത്തിയ പെരുന്തച്ചൻ കടന്നുപോയിട്ട് വീണ്ടുമൊരു സെപ്റ്റംബർ 24 കടന്നുവരുമ്പോൾ നാലുവർഷം തികയുന്നു.

മലയാള സിനിമയുടെ പെരുന്തച്ചൻ ആരെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല – തിലകൻ.

തിലകനില്ലാത്ത നാലുവർഷം മലയാള സിനിമയിൽ കടന്നുപോകുമ്പോഴും ആ മഹാനടൻ നിത്യസാന്നിധ്യമായി നമുക്കിടയിലുണ്ടെന്നതാണ് യാഥാർത്ഥ്യം. അദ്ദേഹത്തിന്റെ മുഖം കാണാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കേരളത്തിലെ ചാനലുകളിൽ അദ്ദേഹം അഭിനയിക്കാത്ത ഒരു സിനിമ പോലും കാണിക്കാത്ത ദിവസമില്ല.

തന്റെ ഉളി വീഴാത്ത നാലുവർഷത്തെ മലയാള സിനിമയുടെ മഹാഗോപുരം നോക്കി നിൽക്കുകയാണ് മലയാളസിനിമയുടെ പെരുന്തച്ചൻ. മുഖത്ത് തന്റേതുമാത്രമായ ആ ചിരിയുണ്ട്. പലതും ഉള്ളിലൊളിപ്പിച്ച ആ ചിരി.

ആ ഗോപുരത്തിനുളളിൽ ഈ പെരുന്തച്ചന്റെ അവതാരങ്ങൾ പലതുമുണ്ട്. ഡോക്ടറായും വക്കീലായും പോലീസായും കള്ളനായും അച്ഛനായും മുത്തച്ഛനായും മന്ത്രിയായും പ്രജയായും അവതാരങ്ങൾ പലതെടുത്തിട്ടുണ്ട് ഈ പെരുന്തച്ചൻ. മലയാള സിനിമയുടെ പെരുന്തച്ചനെന്ന് വിശേഷണമുള്ള ഈ മഹാനടന്റെ അച്ഛൻ കഥാപാത്രങ്ങൾ ഒന്നിനൊന്ന് വേറിട്ടതാണ്. അച്ഛനായും പെരുന്തച്ചനായും വിസ്മയിപ്പിച്ച ആ മഹാനടന്റെ അച്ഛൻ കഥാപാത്രങ്ങളെ ഈ ശ്രാദ്ധ ദിനത്തിൽ ഓർത്തെടുക്കുകയാണ്. ബലിച്ചോറായ് തൂവുന്നത് ആ ഓർമകളാണ്.



ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ പലതവണ തിലകൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും തന്നെ ഏതെങ്കിലും തരത്തിലുള്ള സാമ്യത കാണാൻ കഴിയില്ലെന്നതാണ് പ്രത്യേകത. അച്ഛൻ കഥാപാത്രങ്ങൾ തന്നെയെടുക്കുകയാണെങ്കിൽ സന്ദേശത്തിലെ അച്ഛനല്ല പവിത്രത്തിലെ അച്ഛൻ. അച്ഛൻ എന്ന ചിത്രത്തിലെ മാധവമേനോനാണെങ്കിൽ തികച്ചും വേറിട്ട അച്ഛനാണ്. മകളുടെ ഘാതകരെ തേടി നിയമത്തിന്റെ വഴിത്താരയിലൂടെ അലയുന്ന ചിന്താമണി കൊലക്കേസിലെ വാര്യർ ഇടനെഞ്ചുപൊട്ടിക്കൊണ്ടേ പ്രേക്ഷകർക്ക് കണ്ടിരിക്കാനാകൂ. റിട്ട.ജഡ്ജ് മാറഞ്ചേരി കരുണാകര മേനോൻ എന്ന നരസിംഹത്തിലെ അച്ഛൻ ഗൗരവക്കാരനും പുത്രവാത്സല്യം ഉള്ളിലൊളിപ്പിച്ചുവെച്ചയാളും ഒടുവിൽ എല്ലാം നഷ്‌ടപ്പെടുന്നയാളുമാണ്. ഈ മൂന്നു ഭാവങ്ങളും ആ ചിത്രത്തിന്റെ പല ഭാഗത്തായി കാണാം. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ നർമവും ഗൗരവവും ഇഴചേർത്തെടുത്ത അച്ഛൻ കഥാപാത്രമാണ്. ദി ട്രൂത്തിലെ പട്ടേരിയാകട്ടെ പേരുകേട്ട ജ്യോതിഷിയും അതേസമയം മകനോട് അത്രമേൽ വാത്സല്യമുള്ളയാളുമാണ്.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ പോൾ എന്ന കഥാപാത്രം അച്ഛനും കാമവെറിയനും വില്ലനുമൊക്കെയാണ്. തിലകന്റെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളാണ് ആ ചിത്രത്തിലുള്ളത്. ഉസ്താദ് ഹോട്ടലിലെ കരീംക്ക ചില വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കുന്ന അച്ഛനാണ്. മകൻ ധിക്കരിക്കുമ്പോൾ പോലും അദ്ദേഹത്തിന് ദേഷ്യം വരുന്നില്ല.

ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോൻ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന അച്ഛനാണ്. മകൻ അച്ഛനെ പുറത്താക്കി വീടുപൂട്ടി പോകുമ്പോൾ പെട്ടിയും അരികെ വെച്ച് പൂന്തോട്ടത്തിൽ നിസഹായനായി ഇരിക്കുന്ന തിലകൻ ചില നോട്ടങ്ങൾ കൊണ്ടാണ് ആ അവസ്‌ഥയെ പ്രേക്ഷകർക്ക് പകരുന്നത്. ഇതേ സിനിമയിൽ വിവാഹാലോചനയുമായി എത്തുന്നവരോടുള്ള ഡയലോഗ് പ്രസന്റേഷനും ആ സീനിന്റെ പഞ്ചും കണ്ട് തിയറ്ററിൽ ആദരവോടെ പ്രേക്ഷകർ എഴുനേറ്റു നിന്നു കയ്യടിച്ചിരുന്നു.

ദ്രോണയിലെ അച്ഛൻ മക്കളുടെ തോന്ന്യാസങ്ങൾക്ക് കൂട്ടുനിൽക്കുന്ന വില്ലനായ ഒരാളാണ്. സത്യം സിനിമയിലെ അയ്യപ്പൻനായർ കുടുംബസ്‌ഥനാണ്. ഒരായിരം പ്രശ്നങ്ങൾക്കിടയിൽ കഴിയുന്നയാൾ.

കുടിയനായ പുത്രന്റെ ജീവിതത്തിൽ മനം നൊന്ത് കഴിയുന്ന ശ്രീകണ്ഠപൊതുവാൾ എന്ന കഥാപാത്രം പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിലുണ്ട്. മമ്മുട്ടിക്കൊപ്പം തിലകൻ മത്സരിച്ചഭിനയിച്ച ചിത്രമാണിത്. അലസനും മടിയനുമായ പുത്രന്റെ ജീവിതവും അവന്റെ സന്യാസ ജീവിതവും മരുമകളുടെ അതിജീവനവും കണ്ട് മരുമകൾക്ക് എല്ലാ പിന്തുണയും നൽകുന്ന ശക്‌തമായ അച്ഛൻ – അമ്മായി അച്ഛൻ കഥാപാത്രമാണ് ചിന്താവിഷ്‌ടയായ ശ്യാമളയിലെ കരുണൻ മാഷ്.


മീനത്തിൽ താലികെട്ടിലെ മാഷാകട്ടെ കർശനക്കാരനാണ്, പക്ഷേ സ്നേഹവാത്സല്യങ്ങൾ ഉള്ളിലൊളിപ്പിച്ചയാളാണ്. നക്ഷത്രത്താരാട്ടിൽ മക്കൾ ഈ അച്ഛനെ ഉപേക്ഷിക്കുന്നു. അനിയത്തി പ്രാവിലെ അച്ഛൻ പുത്രവാത്സല്യവും ഭാര്യയോടുള്ള സ്നേഹവും എല്ലാം പ്രകടിപ്പിക്കുന്ന സരസനായ അച്ഛനാണ്. ഒരാൾ മാത്രം എന്ന സിനിമയിൽ മൂന്നു പെൺമക്കളുടെ അച്ഛനായി ശേഖരമേനോൻ എന്ന കഥാപാത്രമായി മാറി. ഏറെ പ്രതീക്ഷകൾക്കൊടുവിൽ ഒന്നും ലഭിക്കാത പോകുന്ന ശേഖരമേനോനെ മറക്കാനാകില്ല.

ചാക്കോ മാഷെയും ആടുതോമയേയും മലയാള സിനിമയ്ക്ക് മറക്കാൻ പറ്റില്ല. ഈ അച്ഛനും മകനും ഭദ്രന്റെ സ്ഫടികം എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തിലിടം നേടിയവരാണ്. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന് പറയുന്ന ചാക്കോമാഷിന്റെ പേടിപ്പെടുത്തുന്ന മുഖവും ക്ലൈമാക്സിൽ സ്നേഹനിധിയായ അച്ഛന്റെ മുഖവും താരതമ്യം ചെയ്തുനോക്കു.

മിന്നാരത്തിലെ റിട്ട.ജഡ്ജി മാത്യൂസ് മകന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓഓഓഓടി നടക്കുന്നയാളാണ്. കിലുക്കത്തിലെ ജഡ്ജി കർശനസ്വഭാവക്കാരനും പിന്നീട് പുത്രീവാത്സല്യത്താൽ നല്ലൊരു അച്ഛനുമാകുന്നു. പക്ഷേ എന്ന ചിത്രത്തിൽ ശാന്തികൃഷ്ണയുടെ അച്ഛനായി അഭിനയിച്ച തിലകന്റേത് നെഗറ്റീവ് റോളായിരുന്നു.

വയസാംകാലത്ത് ഭാര്യ ഗർഭിണിയായപ്പോൾ അതിന്റെ ചമ്മൽ മറയ്ക്കാൻ ശ്രമിക്കുന്ന, പ്രസവത്തിൽ ഭാര്യ മരിക്കുമ്പോൾ തകർന്നുപോകുന്ന അച്ഛൻ കഥാപാത്രം പവിത്രത്തിലുണ്ട്.

കിരീടത്തിലെ അച്ഛന് പകരം വയ്ക്കാൻ വേറൊരു കഥാപാത്രമുണ്ടോ. ചെങ്കോലിൽ എത്തുമ്പോഴേക്കും ഈ അച്ഛന്റെ മാറ്റം നമ്മെ അമ്പരപ്പിച്ചു.

പിൻഗാമിയിലെ കുമാരേട്ടൻ സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛനാണ്.

സന്താനഗോപാലത്തിൽ മരിച്ചെന്ന് കരുതി പിന്നീട് തിരിച്ചെത്തുമ്പോൾ ഒരാൾ നേരിടുന്ന പ്രശ്നങ്ങളാണ് തിലകന്റെ അച്ഛൻ കഥാപാത്രം ചെയ്തത്.

മായാമയൂരത്തിലാകട്ടെ മകന്റെ അകാലമൃത്യുവിൽ വിഷമിക്കുന്ന അച്ഛനായി തിലകനെ കണ്ടു. മാറാരോഗത്തിനടിമയായ മകൾ ഏതുനിമിഷവും മരിക്കുമെന്നറിഞ്ഞ് മനമുരുകുന്ന അച്ഛനായിരുന്നു കളിപ്പാട്ടത്തിൽ.

മകനെ കൊലപ്പെടുത്തിയ ആളെ തൂക്കിലേറ്റാൻ ജയിലിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയെത്തുന്ന ഡോക്ടറായി എം.ടി.യുടെ സദയത്തിൽ തിലകൻ നിറഞ്ഞാടി.

മകളുടെ ഭർത്താവിന് സ്റ്റാറ്റസ് പോരെന്നുള്ളതുകൊണ്ട് അമ്മായിഅച്ഛൻ പോരെടുത്ത് ജോർജുകുട്ടി കെയറോഫ് ജോർജുകുട്ടിയിൽ വേറിട്ട മുഖം പ്രകടമാക്കി.

ആദ്യം സ്വയം നന്നാവണം, പിന്നെ വീടിന്, പിന്നെ നാടിന് എന്ന സന്ദേശം മക്കൾക്ക് പറഞ്ഞുകൊടുത്ത സന്ദേശത്തിലെ രാഘവൻനായർ എക്കാലത്തേയും മികച്ച അച്ഛൻ കഥാപാത്രമാണ്.

കളളുകച്ചവടമാണ് എല്ലാമെന്ന് വിശ്വസിക്കുന്ന കാട്ടുകുതിരയിലെ കൊച്ചുവാവയിലെ അച്ഛൻ ചിരിപ്പിക്കും ചിന്തിപ്പിക്കും.

സ്ത്രീധനത്തിന്റെ പേരിൽ നീറുന്ന അച്ഛനായി മാലയോഗത്തിലും മകളോടുളള ഇഷ്‌ടക്കൂടുതൽ വില്ലനാക്കി മാറ്റുന്ന മാധവമേനോനോയി ചാണക്യനിലും തിലകൻ മിന്നിത്തിളങ്ങി.

ഉള്ളുലയ്ക്കുന്ന അഭിനയമികവോടെ സത്യൻ അന്തിക്കാടിന്റെ കുടുംബപുരാണത്തിൽ ശങ്കരൻനായർ എന്ന അച്ഛൻ കഥാപാത്രമായി. മൂന്നാംപക്കത്തിൽ അച്ഛനേക്കാൾ മുത്തച്ഛനായാണ് ഈ പെരുന്തച്ചൻ നിറഞ്ഞുനിന്നത്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ കർക്കശക്കാരനായ പോലീസുകാരനായും മകളുടെ ദുരന്തത്തിൽ വിഷമിച്ചു കഴിയുന്ന അച്ഛനായും തിലകന് ശക്‌തമായ കഥാപാത്രം ലഭിച്ചു.

മലയാളത്തിലെ തിരക്കഥാകൃത്തുക്കൾ സൃഷ്‌ടിച്ച ശക്‌തമായ അച്ഛൻ കഥാപാത്രങ്ങൾ എന്നും എപ്പോഴും തിലകന്റെ കയ്യിൽ ഭദ്രമായിരുന്നു. ആവർത്തനവിരസതയില്ലാതെ എത്രയോ അച്ഛൻ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. മലയാള സിനിമയുടെ പെരുന്തച്ചൻ മലയാള സിനിമയിലെ മികച്ച അച്ഛൻ കഥാപാത്രങ്ങളുടെ ഉടമകൂടിയാണ്. കാലം പലതു കഴിഞ്ഞാലും അവർ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും.

–ഋഷി