നിജുകുമാറിന്റെ കാൻവാസിലെ ലാൽ വിസ്മയം
നിജുകുമാറിന്റെ കാൻവാസിലെ ലാൽ വിസ്മയം
മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെ അടിസ്‌ഥാനമാക്കിയുള്ള പോർട്രെയിറ്റുകളാണ് ആദ്യകാലങ്ങളിൽ വരച്ചിരുന്നത്. അദ്ദേഹം ചെയ്യാൻ സാധ്യതയുള്ള കഥാപാത്രങ്ങളുടെ രൂപം എങ്ങനെയാവും എന്നു ഭാവനയിൽ കണ്ടു വരയ്ക്കുന്ന രീതിയാണ് ഇപ്പോൾ... ആർട്ടിസ്റ്റ് വെഞ്ഞാറമൂട് നിജുകുമാറിന്റെ വരവഴികളിലെ വർണക്കാഴ്ചകളിലൂടെ...

ചിത്രമിതു മോഹനം

‘കുട്ടിക്കാലത്തുതന്നെ മോഹൻലാലിനോടു പ്രത്യേകമായി ഒരിഷ്‌ടം ഉണ്ടായിരുന്നു. നാലു വയസുള്ളപ്പോൾ വീട്ടുകാരോടൊപ്പം തിയറ്ററിൽ പോയി അദ്ദേഹത്തിന്റെ കടത്തനാടൻ അമ്പാടി കണ്ടത് ഇന്നും ഓർമയിലുണ്ട്. അന്നു മുതൽ വലിയ ഇഷ്‌ടമാണ്. എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു..’ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ വ്യത്യസ്തതയുള്ള പോർട്രെയിറ്റ് പെയിന്റിംഗുകൾ വരച്ചു ശ്രദ്ധേയനായ ആർട്ടിസ്റ്റ് വെഞ്ഞാറമൂട് നിജുകുമാറിനു വര തന്നെ ജീവിതം, അതു തന്നെ പ്രഫഷൻ.

വിസ്മയം പോലെ ആദ്യസമാഗമം

ലാലേട്ടന്റെ ചിത്രങ്ങളാണ് പോർട്രെയിറ്റ് പെയിന്റിംഗുകളിൽ ഏറെയും. കുറെയായപ്പോൾ അതുമായി അദ്ദേഹത്തെ കാണാൻ പോയി. തിരുവനന്തപുരം വിസ്മയ മാക്സിൽ ഛോട്ടാ മുംബൈയുടെ ഡബ്ബിംഗിനിടെയാണ് ആദ്യസമാഗമം. ചിത്രകലയിൽ തുടരണോ, ജീവിതത്തിനു മറ്റേതെങ്കിലും വഴി തേടണോ... രണ്ടു മനസോടെ നിന്നിരുന്ന കാലമായിരുന്നു അത്.

ലാലേട്ടന്റെ മൂന്നു വയസു മുതൽ അതുവരെയുള്ള രൂപം ആറു ഘട്ടങ്ങളാക്കി ചെയ്ത ഒരു പോർട്രെയിറ്റാണ് അദ്ദേഹത്തിന് ആദ്യമായി നല്കിയത്. നെറ്റിൽ നിന്നും ചില പഴയ മാഗസിനുകളിൽ നിന്നും കിട്ടിയ അദ്ദേഹത്തിന്റെ ചില ബാല്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ പോർട്രെയിറ്റ് രചനയ്ക്കു സഹായകമായി.



‘ഇതൊക്കെത്തന്നെയാണ് യഥാർഥ കല. ഇതിന്റെ മുന്നിൽ ഞാനൊക്കെ ചെയ്യുന്നത് ഒന്നുമല്ല...’ ലാലേട്ടന്റെ വാക്കുകൾ ഏറെ പ്രോത്സാഹനമായി. ഈ വാക്കുകൾ തന്നെയാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഇനി എന്തൊക്കെ അംഗീകാരം കിട്ടിയാലും അതിനപ്പുറം ഇനി ഒന്നും കിട്ടാനില്ല: ആർട്ടിസ്റ്റ് നിജുകുമാർ മനസുതുറന്നു.

പിന്നീടു 10 തവണയെങ്കിലും അദ്ദേഹം താമസിക്കുന്നിടത്തു പോയി കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴാണ് കൂടിക്കാഴ്ചകൾ ഏറെയും. ചിലപ്പോൾ ലൊക്കേഷനിലും പോകാറുണ്ട്. ഓരോ തവണ കാണുമ്പോഴും അദ്ദേഹത്തിനു കലയോടുള്ള ഇഷ്‌ടം നമുക്കും അനുഭവപ്പെടും. ഏറെനേരം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. ചിത്രങ്ങളെക്കുറിച്ചു തന്നെയാണ് അദ്ദേഹം ഏറെയും സംസാരിച്ചത്. ഒരു ചിത്രം കണ്ടാൽ എതു മീഡിയത്തിലാണ് ചെയ്തിരിക്കുന്നത്...തുടങ്ങിയ കാര്യങ്ങൾ നന്നായി അറിയാം. പെയിന്റിംഗുകളെക്കുറിച്ച് ആധികാരികമായി സംസാരിക്കും. വിസ്മയമാക്സിലെ ആർട്ട് ഗാലറിയിൽ വയ്ക്കാൻ കുറച്ചു പെയിന്റിംഗുകൾ വേണമെന്ന് ഒരിക്കൽ ആവശ്യപ്പെട്ടു.

അതിനുശേഷം അധികമാരും ചെയ്തിട്ടില്ലാത്ത ചില വർക്കുകൾ ചെയ്തു. ലാലേട്ടൻ അഭിനയിച്ച സിനിമകളുടെ പേരുകളെല്ലാം ഉൾപ്പെടുത്തി ഒരു പോർട്രെയിറ്റ്. വ്യത്യസ്തതയ്ക്കുവേണ്ടി സാദാ ബോൾപോയിന്റ് പേന കൊണ്ടു ഡോട്ടുകളിട്ടും വരയ്ക്കാറുണ്ട്. വിസ്മയ മാക്സിലെ ആർട്ട് ഗാലറിയിൽ എന്റെ ചില വർക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്നു വർക്കുകൾ പേഴ്സണലായും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്.

ഭാവനയിൽ തെളിഞ്ഞ ചിത്രങ്ങൾ

ആർ.സുകുമാരന്റെ യുഗപുരുഷനിൽ മോഹൻലാൽ സ്വാമി വിവേകാനന്ദനായി അഭിനയിക്കുന്നതായി വാർത്ത വന്ന നാളുകൾ. ലാലേട്ടൻ വിവേകാനന്ദനായി വേഷമിട്ടാൽ എങ്ങനെയിരിക്കും എന്നു ഭാവനയിൽ കണ്ട് ഒരു ചിത്രം വരച്ചു. ചിത്രം അദ്ദേഹത്തിനും ആർ.സുകുമാരൻ സാറിനും ഏറെ ഇഷ്‌ടമായി. പക്ഷേ, പിന്നീട് ആ വാർത്ത സത്യമായി ഭവിച്ചില്ല. എന്നാൽ, സിനിമയിൽ മോഹൻലാൽ ചെയ്തിട്ടില്ലാത്ത ചില ചരിത്രകഥാപാത്രങ്ങളെ പോർട്രെയിറ്റ് ചെയ്യാം എന്ന ആശയം കിട്ടിയത് അതുമുതലാണ്. അതിനുശേഷം ലാൽ വേലുത്തമ്പി ദളവ, നെപ്പോളിയൻ എന്നീ കഥാപാത്രങ്ങളായാൽ എങ്ങനെയാവും എന്നു ഭാവനയിൽ കണ്ടു വരച്ചു. ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ വേഷം മമ്മൂട്ടിക്കു പകരം മോഹൻലാൽ ചെയ്താൽ എന്ന ഭാവനയിൽ നിന്നും ഒരു ചിത്രം പിറന്നു.





എംടിയുടെ രണ്ടാമൂഴം സിനിമയാകുന്നതായും ലാൽ ഭീമന്റെ വേഷത്തിൽ എത്തുന്നുവെന്നും വാർത്തകൾ വന്നപ്പോഴാണ് ഭീമനായി ലാലിനെ വരച്ചത്. പിന്നീട് അതു രാഷ്ട്രദീപിക സിനിമയുടെ കവർചിത്രമായി വന്നു. ഭാവനയിൽ കണ്ടു വരയ്ക്കുന്ന ഈ രീതിയാണ് എന്റെ ചിത്രങ്ങൾക്കു വ്യത്യസ്തത പകർന്നത്. അടുത്തിടെ പുലിമുരുകന്റെ സെറ്റിൽ പോയി ലാലേട്ടനെ കണ്ടപ്പോഴും അദ്ദേഹം പെട്ടെന്ന് ഓർത്തെടുത്തത് രണ്ടാമൂഴത്തിലെ ഭീമൻ ഉൾപ്പെടെയുള്ള വ്യത്യസ്തമായ ചിത്രങ്ങൾ വരച്ച ആൾ എന്ന നിലയിലാണ്. മറ്റാരും ചെയ്യാത്ത ഒരു പെയിന്റിംഗ് സമ്മാനിച്ചാൽ നമ്മളെക്കുറിച്ചു പെട്ടെന്ന് ഓർമവരുമെന്നു ഞാൻ തിരിച്ചറിഞ്ഞു.

ചിത്രങ്ങൾ ആസ്വദിച്ചു മനസുനിറഞ്ഞ അദ്ദേഹത്തിൽ നിന്നു സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ കിട്ടിയിട്ടുണ്ട്. എന്നെ സിനിമാഫീൽഡിലെ നിരവധി സഹപ്രവർത്തകർക്കു പരിചയപ്പെടുത്തി. രണ്ടാമൂഴത്തിലെ പെയിന്റിംഗ് അദ്ദേഹം കൊണ്ടുപോയി നിരവധിപേരെ കാണിച്ചു. പെയിന്റിംഗിനു ചുവടെ എന്റെ ഫോൺ നമ്പർ കൊടുത്തിരുന്നതിനാൽ ചിത്രം കണ്ടിട്ട് ധാരാളംപേർ എന്നെ വിളിച്ചു. അങ്ങനെ പരിചയങ്ങളും ബന്ധങ്ങളും ധാരാളം കിട്ടി.

ലാലേട്ടനുമായി പരിചയപ്പെട്ടതിനുശേഷമാണ് വാസ്തവത്തിൽ ആർട്ടിസ്റ്റ് എന്ന രീതിയിൽ സ്വന്തം നാട്ടിൽ അറിയപ്പെട്ടത്. തുടർന്നാണ് ഓഫറുകളും വർക്കുകളും വന്നുതുടങ്ങിയത്; ലാലേട്ടനെ വ്യത്യസ്തമായി വരയ്ക്കുന്ന ആൾ എന്ന വിശേഷണം എന്നെ ചാനൽഫ്ളോറിലുമെത്തിച്ചു.






വരവഴിയിലെ സ്വകാര്യങ്ങൾ

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ 1986 ൽ ജനനം. വീട്ടിൽ അച്ഛൻ, അമ്മ, രണ്ടു സഹോദരന്മാർ. അമ്മ അല്പമൊക്കെ വരയ്ക്കുമായിരുന്നു. മൂത്ത സഹോദരൻ ഷിജുകുമാർ ആർട്ടിസ്റ്റാണ്. അദ്ദേഹം ഏറെയും ചെയ്യുന്നത് ഓയിൽ പെയിന്റിംഗാണ്. ചേട്ടൻ വരയ്ക്കുന്നതു കണ്ടാണ് എനിക്കും വരയ്ക്കണമെന്നു തോന്നിയത്. പക്ഷേ, ഇത് പ്രഫഷനാകും എന്നൊന്നും അന്ന് അറിയില്ലായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ പെയിന്റിംഗിനു സംസ്‌ഥാനതലത്തിൽ രണ്ടാം സ്‌ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് ആറ്റിങ്ങലിലെ പി.വി.പിള്ള മെമ്മോറിയൽ ഡ്രോയിംഗ് സ്കൂളിൽ നാലു വർഷം ചിത്രകലാപഠനം. അന്നേ പോർട്രെയിറ്റ് പെയിന്റിംഗിനോടായിരുന്നു താത്പര്യം. ഒരാളിന്റെ മുഖവും ഭാവങ്ങളും വരയ്ക്കുന്നത് ഏറെ ഇഷ്‌ടമായിരുന്നു. റിയലിസ്റ്റിക് പെയിന്റിംഗിനോടായിരുന്നു കൂടുതൽ പ്രിയം.

രണ്ടുവർഷമായി ആറ്റിങ്ങൽ കൊട്ടാരത്തിനു സമീപം ചിത്രകലാകേന്ദ്രം എന്ന സ്‌ഥാപനം സ്വന്തമായി നടത്തുന്നു. അവിടെ ചിത്രകല പഠിപ്പിക്കുന്നു. ചിത്രമെഴുത്തിനും അതുതന്നെ ഇടം. വർക്കുകൾ സ്വീകരിക്കുന്നതിൽ ഇപ്പോൾ അല്പം സെലക്ടീവാണ്.





ടെൻഷൻ ഫ്രീ എങ്കിൽ വര ഓകെ

ഏകദേശം 500 പോർട്രെയിറ്റുകൾ ഇതേവരെ വരച്ചിട്ടുണ്ടാവും. ഓയിലിൽ ചെയ്ത പെയിന്റിംഗുകൾ തീരെ കുറവാണ്. വാട്ടർ കളറിൽ റിയലിസ്റ്റിക് പെയിന്റിംഗ് അധികമാരും ചെയ്യാറില്ല. പക്ഷേ, ഞാൻ പോർട്രയിറ്റുകൾ അധികവും വാട്ടർ കളറിലാണു ചെയ്യുന്നത്. ലാമിനേഷൻ ചെയ്തശേഷം ഫ്രെയിം ചെയ്താണു കൊടുക്കുന്നത്. ലാമിനേഷൻ വന്നുകഴിഞ്ഞാൽ ഓയിൽ പെയിന്റിംഗിനേക്കാൾ ഗാരന്റിയാണ്. മനസിൽ ടെൻഷനുകൾ ഒന്നുമില്ലെങ്കിൽ നന്നായി വരയ്ക്കാനാകും. മറ്റെന്തെങ്കിലും കാര്യങ്ങളോർത്തു മൂഡോഫ് ആണെങ്കിൽ വരയ്ക്കാനാവില്ല. സിനിമകൾ കാണാറുണ്ട്. അല്പമൊക്കെ വായിക്കാറുണ്ട്. എംടിയുടെ പല നോവലുകളും വായിച്ചിട്ടുണ്ട്.

കാനായി കുഞ്ഞിരാമൻസാറുമായി ഗുരുശിഷ്യബന്ധം. ചിത്രകല, ശില്പകല എന്നിവയുമായി ബന്ധമുള്ള ധാരാളം കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. അദ്ദേഹം ആശാൻസ്മാരകത്തിൽ വാസവദത്ത എന്ന ശില്പം ചെയ്തിരുന്നകാലത്ത് ഇടയ്ക്കിടെ ഞാൻ അവിടെച്ചെന്നു കാണാറുണ്ടായിരുന്നു. പാദമുദ്ര, യുഗപുരുഷൻ... സിനിമകളുടെ സംവിധായകൻ ആർ.സുകുമാരൻസാറും ആദ്യകൂടിക്കാഴ്ചയിൽത്തന്നെ ഏറെ കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു. വരയിലെ പിഴവുകൾ തിരുത്തി മുന്നോട്ടുപോകാനുള്ള നിർദേശങ്ങൾ. അതൊക്കെ ഫോളോ ചെയ്യുന്നുണ്ട്.

ഇടയ്ക്കു സീരിയലുകളിൽ കലാസംവിധാനസഹായിയായി. പക്ഷേ, ക്രിയേറ്റീവായി ഒന്നും ചെയ്യാനാകാതെ വന്നതിനാൽ അതിൽ നിന്നുമാറി ചിത്രകലയിൽത്തന്നെ കുറച്ചുകൂടി ശ്രദ്ധിക്കാൻ തീരുമാനിച്ചു. അടുത്തിടെയായി മ്യൂറൽ പെയിന്റിംഗും(ചുമർചിത്രരചന) ചെയ്യുന്നു. മ്യൂറലിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള എന്റെ ശ്രമത്തിന്റെ ഭാഗം. അക്രിലിക് ഉപയോഗിച്ചാണു ചുവരിൽ വരയ്ക്കുന്നത്. ക്ഷേത്രങ്ങളിലാകുമ്പോൾ അവയുടെ ഉത്പത്തിയെക്കുറിച്ചു ചില കഥകളുണ്ടാകുമല്ലോ... അതിനെ ചുറ്റിപ്പറ്റിയാണു വര.

കമലഹാസൻ, കെ.എസ്.ചിത്ര, എക്സിബിഷൻ

കൊട്ടാരക്കര ശ്രീധരൻനായർ അനുസ്മരണസമ്മേളനത്തിൽ മധുസാറിന്റെ അഭിനന്ദനം നേടിയതു ഭാഗ്യമെന്നു കരുതുന്നു. ആ സമ്മേളനത്തിൽ വിശിഷ്‌ടാതിഥിയായി എത്തിയ മധുസാറിന് ഗിഫ്റ്റായി നല്കാൻ ഒരു പെയിന്റിംഗ് ചെയ്തിരുന്നു. കൊട്ടാരക്കരയും മധുസാറും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം. ചെമ്മീനിലെ ഒരു സ്റ്റിൽ അടിസ്‌ഥാനമാക്കി ചെയ്ത ആ പെയിന്റിംഗ് എല്ലാവർക്കും ഇഷ്‌ടമായി. ഇഷ്‌ടം ആദരവിനു വഴികാട്ടി. ആ വേദിയിൽ വച്ച് മധുസാർ എന്നെ പൊന്നാട ചാർത്തി.

മധുസാർ, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങിയവരുടെയെല്ലാം പോർട്രെയിറ്റ് വരച്ചു നേരിൽ കണ്ടു നല്കിയിട്ടുണ്ട്. മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും രണ്ടു ചിത്രം കൊടുത്തു. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പേരുകൾ – അനുഭവങ്ങൾ പാളിച്ചകൾ മുതൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വരെ – ഉൾപ്പെടുത്തി ബോൾ പോയിന്റ് പേന ഉപയോഗിച്ച് വരച്ച ചിത്രം ഏറെ പ്രശംസ നേടി. പ്രേംനസീർ, സത്യൻമാഷ്, കൊട്ടാരക്കര ശ്രീധരൻനായർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും പോർട്രെയിറ്റ് ചെയ്തിട്ടുണ്ട്.





ബാഹുബലി എന്ന രാജമൗലി ചിത്രത്തിലെ പ്രഭാസിന്റെയും റാണയുടെയും സ്റ്റിൽ അടിസ്‌ഥാനമാക്കിയ ചിത്രമാണ് ഏറ്റവുമൊടുവിൽ വരച്ചത്. നേരിൽ കാണുമ്പോൾ കൊടുക്കണമെന്നാണ് ആഗ്രഹം. കമലഹാസന്റെ പോർട്രെയിറ്റ് പെയിന്റിംഗ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും നേരിൽ കണ്ടു ചിത്രം സമർപ്പിക്കാനാവും എന്നുറപ്പുള്ളവരെയാണ് ഞാൻ ഏറെയും വരയ്ക്കുന്നത്. പിന്നെ, കൂടുതൽ ഇഷ്‌ടമുള്ളവരെയും. നടിമാരെ അധികം വരച്ചിട്ടില്ല. എന്നാൽ. ഗായിക കെ.എസ്. ചിത്രയെ വരയ്ക്കണമെന്ന് ആഗ്രഹമുണ്ട്.

എന്റെ എല്ലാത്തരം പെയിന്റിംഗുകളും ഉൾപ്പെടുത്തി ഒരു എക്സിബിഷൻ ചെയ്യണമെന്നുണ്ട്. മിക്ക എക്സിബിഷനുകളിലും മോഡേൺ ആർട്ട് മാത്രമാണുണ്ടാവുക. അതിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ പ്രശസ്തവ്യക്‌തികളുടെ പോർട്രെയിറ്റുകൾ, റിയലിസ്റ്റിക് പെയിന്റിംഗുകൾ, ഫാന്റസി ചിത്രങ്ങൾ, മ്യൂറൽ പെയിന്റിംഗുകൾ... എല്ലാ മേഖലയും എനിക്കു വഴങ്ങുമെന്നു തെളിയിക്കുന്ന കുറേ ചിത്രങ്ങളുടെ പ്രദർശനം. അതാണ് ഇപ്പോഴത്തെ സ്വപ്നം.

(ആർട്ടിസ്റ്റ് നിജുകുമാർ, ഫോൺ: 9946689086)

ടി.ജി.ബൈജുനാഥ്