മാനസികാരോഗ്യവും പ്രധാനം
മാനസികാരോഗ്യവും പ്രധാനം
എന്താണ് മാനസികാരോഗ്യം
ശാരീരികാരോഗ്യംപോലെതന്നെ മുഖ്യമായ ഒന്നാണ് മാനസികാരോഗ്യവും. എന്നാൽ കൂടുതലായും നമ്മൾ വ്യാകുലരാകുന്നത് ശാരീരികാരോഗ്യത്തെക്കുറിച്ച് മാത്രമാണ്. പ്രമേഹത്തെ ഭീകര രോഗമായും വിഷാദത്തെ വെറും ചാപല്യമായും കാണുന്നവർ.

മാനസികമായി സന്തോഷമായിരിക്കുക എന്നതിനെക്കാൾ മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കുക എന്നതാണ് മാനസികാരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നമ്മുടെ ചിന്തകൾ, വികാരങ്ങൾ, പ്രവൃത്തികൾ ഇവയെല്ലാംതന്നെ നമ്മുടെ നിയന്ത്രണത്തിലാവുന്നില്ലെങ്കിൽ നമ്മുടെ മാനസികാരോഗ്യനിലയിൽ ഇടിവ് തട്ടിയിരിക്കുന്നു എന്നുതന്നെയാണ് അർഥം. അത് മാനസിക സമ്മർദ്ദമായോ വിഷാദമായോആകാംക്ഷയായോ ആസക്‌തിയായോ ഉന്മാദമായോ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം. ചിലപ്പോൾ കുടുംബത്തിന്റെ തന്നെയും. മാനസിക രോഗങ്ങൾ പലതുണ്ടെങ്കിലും ലളിതമായി പ്രതിപാദിക്കുന്നതിനായി അവയെ തത്കാലം മൂന്നായി തരംതിരിക്കുന്നു. നമുക്കവയെ ഞരമ്പുരോഗം, മതിഭ്രമം, വ്യക്‌തിത്വ വൈകല്യം എന്നിങ്ങനെ തരംതിരിക്കാം.

എന്താണ് ഞരമ്പ് രോഗം

ഭയം, ആകാംക്ഷ, ആവർത്തനം തുടങ്ങിയവയിലധിഷ്ഠിതമായ പ്രവൃത്തികളായിരിക്കാം ഇവയുടെ ലക്ഷണങ്ങൾ. മിഥ്യാഭ്രമം, മായാദൃശ്യം, വിഭ്രാന്തി തുടങ്ങിയവ ഈ രോഗത്തിൽ ഉണ്ടായിരിക്കുകയില്ല. ആകാംക്ഷ രോഗങ്ങൾ, അമിത ഭയം, വിചാരാധിഷ്ഠിത ആവർത്തനങ്ങൾ, പ്രലോഭനാധിക്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.


എന്താണ് മതിഭ്രമം

യാഥാർഥ്യബോധം നഷ്‌ടപ്പെടുന്നതാണ് ഈ രോഗത്തിന്റെ മുഖ്യമായ അവസ്‌ഥ. മിഥ്യാഭ്രമം, മായാദൃശ്യം, വിഭ്രാന്തി തുടങ്ങിയവയും ഉണ്ടായിരിക്കും. വിഷാദം, ഉന്മാദം, വിഷാദവും ഉന്മാദവും ചേർന്നുള്ള രോഗാവസ്‌ഥ തുടങ്ങിയ രോഗങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടും.

വ്യക്‌തിത്വ വൈകല്യം

വ്യക്‌തിത്വ വൈകല്യമുള്ള സ്വഭാവരീതികൾ, വൈകല്യമുള്ള ചിന്തകൾ, പ്രവൃത്തികൾ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ വ്യക്‌തിത്വ വൈകല്യപ്രശ്നങ്ങളുണ്ടാക്കും. കുറ്റകൃത്യങ്ങളിൽ സ്‌ഥിരമായി ഏർപ്പെടുന്നതുതന്നെ വ്യക്‌തിത്വ വൈകല്യരോഗികളാണ്. സംശയരോഗികൾ, ചിത്തഭ്രമമുള്ളവർ, സാമൂഹ്യജീവിതം ഇഷ്‌ടപ്പെടാത്തവർ, നാടകീയമായി പെരുമാറുന്നവർ തുടങ്ങി വളരെയേറെയുണ്ട് ഇക്കൂട്ടർ.

മാനസിക രോഗങ്ങളെക്കുറിച്ചെഴുതണമെങ്കിൽ വളരെയധികം സ്‌ഥലവും സമയവും ആവശ്യമായതിനാൽ ഓരോ രോഗങ്ങളെക്കുറിച്ച് അറിയുന്നതായിരിക്കും ഉത്തമം. (തുടരും)



ഡോ. സുനീത് മാത്യു BHMS, M.Phil (Psy) FCECLDക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൗൺസലിംഗ് * പഠനവൈകല്യ പരിഹാരവിഭാഗം, വി.കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്, ഫോൺ– 9048624204