ഈ നാടുകാണി ചുരവും കടന്ന്....
കോഴിക്കോട്––നിലമ്പൂർ–ഗൂഡല്ലൂർ അന്തർസംസ്‌ഥാനപാതയായ കെഎൻജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകൾ ആസ്വദിച്ച് ഒരു മൂളിപ്പാട്ടുപാടി ചുരം കയറാം. ഒരു സുഖമുള്ള തണുപ്പിൽ അലിയാം. ചുരത്തിലെ ചിലമ്പൊലിക്കാറ്റിൽ മതിമയങ്ങാം. നാടുകാണി ചുരത്തിലെ കാറ്റാണ് കാറ്റ്.... പ്രകൃതിയുടെ കാൻവാസിൽ തീർത്ത ദൃശ്യങ്ങൾ മനസിനെ വല്ലാതെ ഭ്രമിപ്പിക്കും. പച്ചതേയിലയുടെ മണമടിക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ, തോട്ടങ്ങൾ, ഇടമുറിഞ്ഞു വരുന്ന കാടുകൾ. ദൃശ്യസൗന്ദര്യം ഒളിപ്പിച്ചു വച്ച ചുരത്തിലൂടെയുള്ള യാത്ര അവാച്യമായ അനുഭൂതിയാണ് നൽകുന്നത്. മനസും കണ്ണും കുളിർപ്പിക്കുന്ന നീലമലകളും പച്ച നിറഞ്ഞ താഴ്വരകളും.

കാടിന്റെ തണലിലും കുളിർമയിലുമുള്ള ചുരയാത്രയുടെ സുഖം ഒന്നുവേറെ തന്നെയാണ്. തമിഴ്നാട് അതിർത്തി കടന്നു രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ വയനാട്ടിലേക്കും (ഇടത്തോട്ട്) ഗൂഡല്ലൂരിലേക്കുമായി (വലത്തോട്ട്) റോഡ് വഴിപിരിയും. ഗൂഡല്ലൂരിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മൈസൂർ റൂട്ടാണ്. ഗൂഡല്ലൂരിൽ നിന്നു വലത്തോട്ട് തിരിഞ്ഞാൽ ഊട്ടി റൂട്ടിൽ മുന്നോട്ടുപോകാം. പോകുന്ന വഴിയിലെല്ലാം കണ്ണിനെ ആനന്ദിപ്പിക്കുന്ന പ്രകൃതി വിസ്മയങ്ങൾ കാത്തിരിക്കുന്നു. ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ ആവണിപ്പൊൻപുലരി എന്ന സിനിമയിൽ നാടുകാണി ചുരം കയറി വന്ന എന്നുതുടങ്ങുന്ന ഗാനം മനസിനെ ആവേശഭരിതമാക്കുന്ന നാടുകാണി ചുരത്തിലെ കാറ്റിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും വിനോദത്തിനും അന്യസംസ്‌ഥാനത്തേക്ക് കടക്കുന്ന മലപ്പുറത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് നാടുകാണി ചുരവും. ചുരത്തിലെ വളവുകളിലൂടെ അവരുടെ സ്വപ്നങ്ങൾ പലവട്ടം കയറി ഇറങ്ങുന്നു. വഴിക്കടവ് കഴിഞ്ഞാൽ ചുരം തുടങ്ങുകയായി. ചെറിയ ഹെയർപിൻ വളവുകളാണെങ്കിലും വളഞ്ഞും തിരിഞ്ഞുമുള്ള റോഡ് റബറൈസ് ചെയ്തതായതിനാൽ യാത്ര സുഖകരമാണ്. നാടുകാണി ചുരം കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ വില്യം കാംബെയിലാണെന്നാണ് വിശ്വസിക്കുന്നത്. ഒരു ആദിവാസിയുടെ സഹായത്തോടെയാണ് ചുരം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി ബ്രിട്ടീഷുകാർ നാടുകാണി അണ്ണാനഗറിൽ ഒരു സ്മാരകം നിർമിച്ചിട്ടുണ്ട്. നാടുകാണി പലർക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും കുറച്ചുനേരം വിശ്രമിക്കാനുള്ള റീച്ചാർജ് താവളം കൂടിയാണിത്. യാത്രയുടെ ഇടവേളയെ ആനന്ദകരമാക്കാനുള്ള വഴിയോരകാഴ്ചകളുടെ സ്റ്റേഷൻ. കെട്ടുപിണഞ്ഞു നിൽക്കുന്ന മുളകൾക്കിടയിലൂടെ നുഴഞ്ഞുകയറിവരുന്ന ഉല്ലാസപൂങ്കാറ്റിൽ ഇത്തിരിനേരം തങ്ങുന്നവരാണധികവും.നീലഗിരി ജൈവസംരക്ഷണമേഖലയിലുൾപ്പെടുന്ന ഈ പ്രദേശം അപൂർവ ഇനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് പാതയുടെ നിർമാണം യാഥാർഥ്യമായത്. പണ്ട് ബിർള കമ്പനിയുടെ യൂക്കാലിപ്റ്റ്സ് തോട്ടങ്ങളായിരുന്നു ഈ ഭാഗത്തുണ്ടായിരുന്നത്. ഇന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപജില്ലകളിൽ നിന്നും ധാരാളം യാത്രികർ പ്രകൃതിയുടെ വശ്യചാരുത അനുഭവിച്ചറിയാനായി ദിവസേന ഇവിടെയെത്തുന്നു. നാടുകാണിചുരവും പരിസരവും മലപ്പുറം ജില്ലയുടെ വിനോദസഞ്ചാരഭൂപടത്തിൽ ഓടിക്കയറിയ മേഖലയാണ്. മലയുടെ താഴ്വാരത്തിൽ നിന്നും വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന പാതയും ഇരുവശവും തിങ്ങിവളർന്നു നിൽക്കുന്ന മുളങ്കാടുകളും വിദൂരഗ്രാമദൃശ്യങ്ങളും അപൂർവദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുന്നു. കൊടിയ വേനലിലും തണുപ്പനുഭവപ്പെടുന്ന തണുപ്പൻചോല, കല്ലള, പോത്തുംകുഴി, ജാറം, അതിർത്തി എന്നിവിടങ്ങളിൽ വേനൽക്കാലത്ത് ഒട്ടേറെ ആളുകളാണ് കുടുംബസമേതം മണിക്കൂറുകൾ ചെലവഴിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻകുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാൻകുരങ്ങ്, കുട്ടിത്തേവാങ്ക്, നാടൻകുരങ്ങ് എന്നിവയും വിവിധയിനം പക്ഷികളും സഞ്ചാരികൾക്ക് എന്നും കൗതുകക്കാഴ്ചയാണ്. ഒന്നാംവളവിലെ വ്യൂപോയിന്റിലാണ് സഞ്ചാരികളുടെ തിരക്ക് ഏറെയുള്ളത്.

വേനൽക്കാലങ്ങളിലും വെള്ളം ലഭിക്കുന്ന ചോലകളും ഇവിടത്തെ പ്രത്യേകതയാണ്. ചുരത്തിനു മുകളിൽ നിന്നും നോക്കുമ്പോൾ ഗ്രാമങ്ങളുടെ താഴ്്വാരങ്ങൾ ഹൃദയഹാരിയായ ദൃശ്യചാരുതയാണ് സമ്മാനിക്കുന്നത്. ചുരത്തിലെ യാത്രയിലെ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിലെത്തുന്നതോടെ തണുപ്പ് വർധിക്കുന്നു. കാട്ടിലൂടെയുള്ള പാത 12 കിലോമീറ്റർ ദൂരം മലപ്പുറം ജില്ലയുടെ ഭാഗമാണ്. ചുരത്തിലുള്ള ഒന്നാം ഹെയർപിൻ വളവിന്റെ മുകളിലുള്ള വ്യൂപോയിന്റിൽ നിന്നും പുഞ്ചക്കൊല്ലി വനമേഖലയുടെ വിദൂരദൃശ്യം കാമറയിൽ പകർത്താം. കേരളാതിർത്തി കടക്കുന്നതോടെ കാറ്റിന്റെ മഞ്ചലേറിയുള്ള ഊട്ടിയുടെ തണുപ്പ് അരിച്ചെത്തുകയായി. ഏഴുകിലോമീറ്റർ പിന്നിട്ടാൽ നാടുകാണിയിലെത്താം. തേയിലത്തോട്ടങ്ങളുടെ പുതുമ മായാത്ത രുചിയോടെ ചായപ്പൊടി ലഭിക്കുന്ന പെരുമയും നാടുകാണിക്കുണ്ട്. നാടുകാണിയിലെ നീഡിൽ റോക്കും (ഊസിമലൈ) ഫ്രോഗ് ഹിൽസും സഞ്ചാരികളെ മാടിവിളിക്കുന്നു.സമുദ്രനിരപ്പിൽനിന്ന് 1100 അടിയാണ് ചുരത്തിന്റെ ഉയരം.


നാടുകാണിച്ചുരത്തിലെ നീർച്ചോലകളും സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. ഓടതോട്, തണുപ്പൻചോല, പോത്തുംകുഴിചോല, കല്ലള, അതിർത്തിചോല എന്നിവയായിരുന്നു പ്രധാനചോലകൾ. കാലവർഷവും തുലാവർഷവും ചതിച്ചതോടെ ഈ ചോലകളിൽ വെള്ളമില്ലാതായി. അതിർത്തിചോല, ഓടതോട് എന്നിവിടങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വെള്ളമുള്ളത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഈ ചോലകളും വറ്റാറുണ്ട്. തമിഴ്നാട്, കർണാടക സംസ്‌ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇടത്താവളമായിരുന്നു ഈ ചോലകൾ. ഭക്ഷണത്തിനും വിശ്രമത്തിനുമായി സഞ്ചാരികൾ ഏറെനേരം ഇവിടെ ചെലവഴിച്ചിരുന്നു. മുൻവർഷങ്ങളിൽ ഏപ്രിൽ മാസത്തോടെയാണ് ചോലകൾ വറ്റിയിരുന്നത്. ചോലകളിൽ വെള്ളമുണ്ടെന്ന പ്രതീക്ഷയിൽ കൈയിൽ വെള്ളം കരുതാതെയാണ് പലപ്പോഴും സഞ്ചാരികൾ എത്തുന്നത്. പണ്ടുകാലത്തു നിർമിച്ച ക്ഷേത്രത്തിന്റെ അവശേഷിപ്പുകളും നാടുകാണിയിൽ കാണാം. ഇതിനു സമീപത്തായി ഒരു ജാറമുണ്ട്. ജാറത്തിനു താഴെ കാട്ടിലൂടെ കീഴോട്ടിറങ്ങിയാൽ കാരക്കോടൻ പുഴയുടെ വശ്യഭാവങ്ങൾ ദർശിക്കാം. ഇടയ്ക്കിടെ കൊച്ചരുവികളുടെ കാഴ്ചകൾ നുകരാം.കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ നാടുകാണിച്ചുരം മോടികൂട്ടാനുള്ള നടപടികൾ തുടങ്ങണമെന്ന ആവശ്യം ശക്‌തമാണ്. ഒട്ടേറെ ആളുകളാണ് കാടിന്റെ നിശബ്ദതയിൽ ചാഞ്ഞുറങ്ങുന്ന ചുരത്തിന്റെ ഭംഗി തേടി ദിവസവും ഇവിടെയെത്തുന്നത്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്‌ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രിയ താവളമാണിവിടം. അടുത്തകാലത്തു നാടുകാണിവനത്തിൽ വാച്ച് ടവറും സ്‌ഥാപിച്ചിട്ടുണ്ട്. കേരള–തമിഴ്നാട് അതിർത്തിക്കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് വാച്ച് ടവർ സ്‌ഥാപിച്ചത്. താഴെ നാടുകാണിയിൽ വനത്തിലെ ഉയർന്ന പ്രദേശത്താണ് വാച്ച് ടവർ നിർമിച്ചത്. വാച്ച് ടവറിൽ നിന്ന് ഓവാലി, എല്ലമല, പെരിയഷോല, ചിന്നാമല, ജീൻപൂൾ, കുന്തൻപുഴ, തേൻപാറ ഉൾപ്പെടെയുള്ള വനമേഖല നിരീക്ഷിക്കാൻ സാധിക്കും. കേരളം–തമിഴ്നാട് അതിർത്തിക്കാടുകളിൽ പ്രവർത്തനം ശക്‌തമാക്കുന്നതിനായി മാവോയിസറ്റ് നാടുകാണി ദളം രൂപീകരിച്ചതായി സ്‌ഥിരീകരിച്ചതോടെയാണ് വനംവകുപ്പിനെ ജാഗ്രത പുലർത്താൻ ഇടയാക്കിയത്. നാടുകാണി–പരപ്പനങ്ങാടി പാത നവീകരണജോലിയും പുരോഗമിക്കുന്നുണ്ട്. നാടുകാണിച്ചുരത്തിൽ സംസ്‌ഥാനഅതിർത്തി മുതൽ പരപ്പനങ്ങാടി വരെ 105 കിലോമീറ്റർ ദൂരം റോഡ് നവീകരിക്കുന്നതിനു 405 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഫണ്ടുപയോഗിച്ച് ചുരത്തിന്റെ സൗന്ദര്യവത്കരണ നടപടികൾ അഞ്ചുവർഷം മുൻപ് തുടങ്ങിയിരുന്നു. മുൻ ജില്ലാകളക്ടർ എം.സി.മോഹൻദാസിന്റെ നിർദേശപ്രകാരം റോഡിന്റെ ഇരുവശത്തും ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. സഞ്ചാരികളെ ആകർഷിക്കാനായി ചിത്രകാരൻമാരുടെ നേതൃത്വത്തിൽ തേൻപാറ യിലെ വലിയ പാറയിൽ ചിത്രങ്ങൾ വരച്ചിരുന്നു. ഒപ്പന, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ, ചെണ്ടമേളം, മറക്കുടയേന്തിയ നമ്പൂതിരി സ്ത്രീകൾ, വിവിധ മൃഗങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് വരച്ചത്. വർഷങ്ങളോളം മായാതെ നിന്ന ചിത്രങ്ങൾ യാത്രികരുടെ പ്രധാന ആകർഷണമായിരുന്നു. കാലക്രമേണ മാഞ്ഞ ചിത്രങ്ങൾ പിന്നീട് പുനഃസൃഷ്‌ടിച്ചില്ല.

നാടുകാണി ചുരം എന്നും കയറുന്ന ഊട്ടി ബസിനെക്കുറിച്ചും പറയാതെ പോകുന്നത് ശരിയല്ല. മലപ്പുറത്ത് നിന്ന് നിലമ്പൂർ വഴി ഊട്ടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ഊട്ടി ബസ് നഷ്‌ടപരിഹാരകേസുകളിലെ ഇരയാണ്. ഇതുവരെ നേരിട്ടത് നൂറിലധികം കേസുകളാണ്. പത്തിലധികം തവണ ജപ്തിക്കിരയായി. 1970കളിലാണ് ബസ് സർവീസ് തുടങ്ങിയത്. 1985ലാണ് ഊട്ടിബസ് ജപ്തി നടപടി ആദ്യമായി നേരിട്ടത്. ലാഭത്തിലുള്ള ഊട്ടിബസ് പെട്ടെന്ന് നഷ്‌ടപരിഹാരതുകകിട്ടാനായി വക്കീലൻമാർ ഉപദേശിക്കുന്നതാണ് വിനയാകുന്നത്. കോടതി വിധിച്ച നഷ്‌ടപരിഹാര തുക അടവാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കെഎസ്ആർടിസി ബസ് ജപ്തി നടപടി നേരിടുന്നത്.

ഒന്നാംവളവ്, ആശാരിപ്പാറ, ഓടപ്പാലം എന്നീ വ്യൂ പോയിന്റുകളിൽ സഞ്ചാരികൾക്ക് നിൽക്കാനും വാഹനപാർക്കിംഗിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, റോഡിന് കൈവരികൾ നിർമിക്കുക, റോഡരികിൽ ചെടികൾ വച്ചുപിടിപ്പിക്കുക, മാലിന്യങ്ങൾ ശേഖരിച്ച് നീക്കംചെയ്യുക എന്നിവ വിനോദസഞ്ചാരികൾ ഉയർത്തുന്ന ആവശ്യങ്ങളാണ്. ചുരത്തിന്റെ വിനോദസഞ്ചാര വികസനത്തിനായി ഗേറ്റ് ഓഫ് മലബാർ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരുന്നു. കാരക്കോടൻ പുഴയിലെ കെട്ടുങ്ങൽ കടവിൽ കുട്ടികൾക്കുള്ള ബോട്ടിംഗ് സൗകര്യം, പാർക്ക്, സഞ്ചാരികൾക്കുള്ള വിശ്രമകേന്ദ്രം, വനവിഭവങ്ങളുടെ വിൽപനശാല എന്നിവയാണ് പദ്ധതി ലക്ഷ്യം വച്ചിരുന്നത്. ഒന്നരക്കോടി ചെലവഴിച്ച ഒന്നാംഘട്ട പ്രവർത്തനം രണ്ടുവർഷം മുൻപ് പൂർത്തിയായിരുന്നു. പുഴയുടെ ആഴവും വീതിയും കൂട്ടുക, തടയണ നിർമിക്കുക എന്നീ പ്രവൃത്തികൾ മാത്രമാണ് നടന്നത്. രണ്ടാംഘട്ട പ്രവർത്തനം നടപ്പാക്കണമെന്ന മുറവിളി വിനോദസഞ്ചാരികൾ ഉയർത്തിക്കഴിഞ്ഞു.

WvS þcRvPnXv tPm¬