സ്തനാർബുദം നേരത്തേ കണ്ടെത്താൻ സ്ക്രീനിംഗ്
സ്തനാർബുദം നേരത്തേ കണ്ടെത്താൻ സ്ക്രീനിംഗ്
കാൻസർ ചികിത്സയിലും അതിജീവനത്തിലും യഥാസമയത്തുളള രോഗനിർണയത്തിന് വിലമതിക്കാനാവാത്ത പ്രാധാന്യമാണുളളത്. കാൻസർ സ്‌ഥിരീകരിക്കപ്പെടുന്ന സമയം അത് ഏതു സ്റ്റേജിൽ എത്തി എന്നതും അതിജീവനവും തമ്മിൽ നിർണായക ബന്ധമുണ്ട്. അതിനാൽ കഴിവതും നേരത്തേ സ്തനാർബുദസൂചനകൾ കണ്ടെത്തി വിദഗ്ധ ചികിത്സ നല്കുന്നതിന് സ്ക്രീനിംഗ്(മുൻകൂട്ടിയുള്ള പരിശോധനകൾ) സഹായകമാകുന്നു.

മെച്ചപ്പെട്ട രോഗനിർണയത്തിനും വിശകലനങ്ങൾക്കും നേരത്തേയുള്ള സ്ക്രീനിംഗ് ഗുണപ്രദമായെന്ന് വിവിധ പഠനങ്ങൾ പറയുന്നു. അവയിൽ പ്രധാനമാണ് മാമോഗ്രാം.

മാമോഗ്രാം

സ്തനങ്ങളുടെ എക്സ് റേ പരിശോധനയാണത്. സ്തനപരിശോധനയിലൂടെ കണ്ടെത്തുന്നതിനു വളരെ മുമ്പുതന്നെ ബ്രസ്റ്റിൽ ഉണ്ടാകാവുന്ന നേരിയ കാൻസർ സൂചനകൾ പോലും കണ്ടെത്തുന്നതിനു സഹായകമായ സ്ക്രീനിംഗ് പരിശോധന. സ്തനത്തിൽ തടിപ്പ് അനുഭവപ്പെടും മുമ്പേതന്നെ കാൻസർ സാധ്യത കണ്ടെത്താം. 85 മുതൽ 90 ശതമാനം വരെയുളള സ്തനാർബുദങ്ങൾ മാമോഗ്രഫിയിലൂടെ കണ്ടെത്താം. പക്ഷേ 10–15 ശതമാനം സ്തനാർബുദങ്ങൾ മാമോഗ്രഫിയിൽ തെളിയില്ല. പക്ഷേ അവ സ്തനത്തിൽ സ്പർശിച്ചു നടത്തുന്ന പരിശോധനയിലൂടെ കണ്ടെത്താം.

40 വയസിനു മേൽ പ്രായമുളള സ്ത്രീകൾ വർഷത്തിൽ ഒരുതവണ വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ മാമോഗ്രാം ടെസ്റ്റിനു വിധേയമാകണം. എന്നാൽ, സ്തനാർബുദചരിത്രമുളള കുടുംബത്തിലെ സ്ത്രീകൾ യുവത്വത്തിന്റെ ആരംഭകാലത്തു തന്നെ കാൻസർ വിദഗ്ധനുമായി ചർച്ചചെയ്ത് സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയമാകണം.

ക്ലിനിക്കൽ ബ്രസ്റ്റ് എക്സാമിനേഷൻ (വിദഗ്ധഡോക്ടറുടെ മേൽനോട്ടത്തിലുള്ള സ്തന പരിശോധന)

കൃത്യമായ ഇടവേളകളിൽ ഒരു ഡോക്ടറെ സമീപിച്ച് സ്തനപരിശോധനയ്ക്കു വിധേയമാകണം. സ്തനത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, തടിപ്പുകൾ എന്നിവ കണ്ടെത്തി കാൻസർ സാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിന് ക്ലിനിക്കൽ ബ്രസ്റ്റ് എക്സാം സഹായകം. 40 വയസിനു മേൽ പ്രായമുളളവർ എല്ലാവർഷവും 20നും 40നും ഇടയിൽ പ്രായമുളളവർ മൂന്നുവർഷത്തിലൊരിക്കലും ഡോക്ടറുടെ മേൽനോട്ടത്തിൽ സ്തനപരിശോധനയ്ക്കു വിധേയമാകണം.


സ്വയം സ്തനപരിശോധന (ബ്രസ്റ്റ് സെൽഫ് എക്സാമിനേഷൻ)

മാമോഗ്രാമിൽ കണ്ടെത്താനാവാത്ത ചിലതരം സ്തനാർബുദ സൂചനകൾ സ്വയം സ്തനപരിശോധനയിലൂടെ തിരിച്ചറിയാം. അതാണ് സ്വയം സ്തനപരിശോധനയുടെ പ്രാധാന്യം. സ്വയം സ്തനപരിശോധന എല്ലാ മാസവും ചെയ്യണം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം. സ്വയം സ്തനപരിശോധന ശീലമാക്കിയാൽ സ്തനത്തിലുണ്ടാകുന്ന അസാധാരണ മാറ്റം വളരെപ്പെട്ടെന്ന് അനുഭവപ്പെടും. 15 മിനിറ്റുകൊണ്ട് പരിശോധന പൂർത്തിയാക്കാം. സ്തനാർബുദ സൂചന ഏറെ നേരത്തേ കണ്ടെത്തിയാൽ വിദഗ്ധ ചികിത്സയും അതിജീവനസാധ്യതയും സാധ്യമാകും.

പീര്യേഡിനു ശേഷമാണ് സ്വയം സ്ത്നപരിശോധനയ്ക്കു പറ്റിയ സമയം. കൃത്യമായ ഇടവേളകളിൽ പീര്യേഡ് ഇല്ലാത്തവർ ഒരു തീയതി തെരഞ്ഞെടുക്കുക. തുടർന്നുളള മാസങ്ങളിലും അതേ ദിവസം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

* 20 നും 40നും ഇടയിൽ പ്രായമുളള സ്ത്രീകൾ മാസത്തിൽ ഒരു തവണയെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. സ്തനത്തിൽ തടിപ്പുകളോ മുഴകളോ തൊട്ടറിയാൻ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ഫിസിഷ്യന്റെ ശ്രദ്ധയിൽപ്പെടുത്തുക. മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറുടെ മേൽനോട്ടത്തിലുളള ശാരീരിക പരിശോധനയ്ക്കു വിധേയമാകണം.

(തുടരും)

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്