മനസും ശരീരവും ഫ്രഷ് ആക്കാം; പാണിയേലി പോരിലേക്കു പോരേ..
മനസും ശരീരവും ഫ്രഷ് ആക്കാം; പാണിയേലി പോരിലേക്കു പോരേ..
നഗരത്തിന്റെ അശാന്തതയിൽ നിന്നും മനസിനു ഉണർവു വേണമെന്നാഗ്രഹിക്കുന്നവർക്കു പെരുമ്പാവൂരിനടുത്തെ പാണിയേലി പോരിലേക്കു സ്വാഗതം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്കും ഇടയ്ക്കുകൂടി പെരിയാർ നദി ഒഴുകി വരുന്ന ഈ സ്‌ഥലത്ത് നിറയെ പാറക്കെട്ടുകളാണ്. പല കൈവഴികളായി ഒഴുകി വരുന്ന നദി ഇവിടെ ഒരുമിച്ചു ചേരുന്നു. വർഷകാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാൽ ഇത് ദൃശ്യമല്ല. വേനൽക്കാലത്ത് പോയാൽ അവിടെ ഈ മനോഹര ദൃശ്യം കാണാം. ഇങ്ങനെ ഒഴുകി വരുന്ന പുഴയിലെ വെള്ളം പരസ്പരം പോരടിച്ചു മറിയുന്നതിനാലാണ് പാണിയേലി പോര് എന്ന നാമം ഈ സ്‌ഥലത്തിനു കിട്ടിയത്.

ഇടമലയാർ കാട്ടിൽ നിന്നും ഈറ്റയും മുളയും വെട്ടി ചങ്ങാടങ്ങളാക്കി മഴക്കാലത്ത് വരുമ്പോൾ, ഇവിടെ ഉണ്ടാകുന്ന വലിയ തിരകളുമായി പോരടിക്കുന്ന തുഴച്ചിലുകാരുടെ സംഭാവനയാണ് ഈ പേര് എന്നും പറയുന്നു. വലിയ വെള്ളച്ചാട്ടം ഒന്നും ഇവിടെയില്ല. പാറക്കെട്ടുകളും ചെറിയ തുരുത്തുകളും നിറഞ്ഞ ഈ നദിയുടെ പ്രകൃതിഭംഗി മറ്റൊരിടത്തും കാണാൻ പറ്റില്ല.




പാണിയേലി പോരിലേക്ക്

കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേലി പോരിന്റെ ഭംഗിയും ആകർഷണീയതയും. കാഴ്ചകൾക്കു തുടക്കമിട്ടു കൊണ്ടെന്ന പോലെ കൂറ്റൻ മരത്തൂണുകൾ കൊണ്ടുണ്ടാക്കിയ കമാനത്തിൽ പാണിയേലി പോരിലേക്ക് സ്വാഗതം എന്നെഴുതിവച്ചിരിക്കുന്നു. അവിടെ വരെയാണ് വാഹനങ്ങൾക്കു പ്രവേശനമുള്ളൂ. അവിടെന്നങ്ങോട്ട് വനം വകുപ്പ് പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. മുതിർന്നയാൾക്കു 10 രുപയാണ് പ്രവേശനഫീസ്.

പാസ് വാങ്ങി വീതി കുറഞ്ഞു കരിങ്കൽ പാകിയ വഴികളിലൂടെ നടന്നു തുടങ്ങുമ്പോഴേക്കും പാണിയേലി കാഴ്ചകളുടെ കെട്ടഴിക്കാൻ തുടങ്ങും. വഴിയരികിൽ വിവിധതരം ശലഭങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെ വർണ ചിത്രങ്ങളും പേരുകളും അവയുടെ ശാസ്ത്രീയ നാമവും പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷികളുടെ കളകൂജനം എപ്പോഴും ഉണ്ടാകും. രാവിലെ പാണിയേലിയിൽ എത്തിയാൽ അതു ഏറെ ആസ്വദിക്കാം. കരിങ്കൽ പാകിയ പാതയുടെ അവസാനം സന്ദർശകർക്കായി മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സഞ്ചാരികൾക്കായി ഗൈഡിന്റെ സഹായം ലഭിക്കും.





അകത്തേക്കു പോകുന്തോറും കാട് സഞ്ചാരികൾക്കു മുന്നിൽ കാഴ്ചയുടെ വാതായനങ്ങൾ തുറന്നു നൽകും. പല മുന്നറിയിപ്പു ബോർഡുകൾ. അവയ്ക്കൊപ്പം മരച്ചില്ലകളിൽ സന്ദർശകർകായി ഒരുക്കിയിരിക്കുന്ന ഊഞ്ഞാലുകൾ. കാട്ടു വള്ളികളും മരങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വഴിക്കൊടുവിൽ പതിഞ്ഞ താളത്തിൽ ശാന്തമായി പെരിയാർ ഒഴുകുന്നു. ഒഴുകി വരുന്ന പെരിയാർ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളിൽ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്‌ഥലത്തിനു പാണിയേലി പോര് എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്. കാടിന്റെ സൗന്ദര്യം ആസ്വദിച്ചു കാട്ടുവഴിയിലൂടെ നടന്നു പെരിയാർ നദിയെയും കണ്ടു തണുത്ത വെള്ളത്തിൽ കളിച്ചുല്ലസിക്കാനാണ് പ്രധാനമായും വിനോദസഞ്ചാരികൾ പാണിയേലിയിൽ എത്തുന്നത്.





ഒരു കിലോമീറ്ററോളം നടന്നു കഴിഞ്ഞാൽ പാറക്കെട്ടുകളിലേക്ക് കയറാം. ഉയരമുള്ള പാറക്കെട്ടുകളല്ല പലതും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴമൊഴി പോലെ സൂക്ഷിച്ചു നടന്നാൽ വളരെ നല്ലത്. വഴുക്കലുള്ള പാറ ഏതു സമയവും ഏതൊരു കരുത്തനെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം. പോകാൻ പാടില്ലാത്ത സ്‌ഥലങ്ങൾ ഗൈഡുകൾ പറഞ്ഞുതരും. അവിടെയൊക്കെ ചുവപ്പ് കൊടികളും സ്‌ഥാപിച്ചിട്ടുണ്ട്. ഗൈഡുകൾ പറയുന്നതു ധിക്കരിച്ചു പോയാൽ അപകടം ഉറപ്പ്. കുറെയേറെപ്പേർ ഇങ്ങനെ ഇവിടെ മരണപ്പെട്ടിട്ടുണ്ട് എന്ന വിവിരം സഞ്ചാരികൾക്കു നൽകാൻ ബോർഡും സ്‌ഥാപിച്ചിട്ടുണ്ട്.






ഭൂതത്താൻകെട്ട് അണക്കെട്ട് തുറക്കുമ്പോൾ അതിശക്‌തമായ ഒഴുക്കുണ്ടാകാൻ സാധ്യതയുള്ളതും കണക്കിലെടുക്കണം. അപകടസ്‌ഥലത്തേക്ക് നീങ്ങിയാൽ ഗൈഡുകൾ ഉച്ചത്തിൽ വിസിലടിക്കും. ഓരോ സംഘം ആൾക്കാർ വരുമ്പോഴും എവിടെനിന്നു വരുന്നു, എത്ര നേരം അവിടെ ചെലവഴിക്കും എന്നൊക്കെ ഗൈഡുകൾ ചോദിക്കും. ശരിയായ വിവരങ്ങൾ കൈമാറിയാൽ, എന്തെങ്കിലും അപകടം പറ്റിയാൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കാം. വേണ്ടപ്പെട്ടവരെ അറിയിക്കുകയും ചെയ്യാം. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഇവിടെ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. ഫയർ ഫോഴ്സ് പെരുമ്പാവൂരിൽ മാത്രമേയുള്ളൂ.

വെള്ളത്തിൽ ഇറങ്ങാൻ സുരക്ഷിതമായ സ്‌ഥലങ്ങളും ഉണ്ട്. ഗൈഡുകൾ പറയുന്ന സ്‌ഥലങ്ങളിൽ മാത്രം ഇറങ്ങി കുളിക്കാം. വെള്ളത്തിൽ ഇറങ്ങിക്കയറേണ്ട പല സ്‌ഥലങ്ങളും ഉണ്ട്. ഇങ്ങനെ അപരിചിതമായ സ്‌ഥലങ്ങളിൽ പോകുമ്പോൾ, തദേശവാസികളും സ്‌ഥലത്തെക്കുറിച്ച് പരിചയമുള്ള ആളുകളും നൽകുന്ന മുന്നറിയിപ്പുകൾ മുഖ വിലയ്ക്കെടുക്കണം. കുറെയേറെപ്പേരോട് പറഞ്ഞു പഴകിയ മുന്നറിയിപ്പുകളാണ് അവർ പറയുന്നതു പലതും. അവരെ വെല്ലുവിളിച്ച്, ധിക്കരിച്ചു പോകുന്നവർക്കാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത്.





കല്ലാടികുഴികളും ആനക്കൂട്ടങ്ങളുടെ താവളവും

പാണിയേലിപോരിന്റെ ഒരാകർഷണമാണ് കല്ലാടിക്കുഴികൾ. ശക്‌തമായ ഒഴുക്കിൽ പാറയുടെ മുകളിൽ പെട്ടുപോകുന്ന വലിയകല്ലുകൾ തിരിഞ്ഞു കുഴിരൂപപ്പെടുകയും പിന്നീട് അതിനകത്തുപ്പെട്ടു പോകുന്ന കല്ലുകൾ കിടന്നാടി കുഴി വലുതാകുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന കുഴികളെയാണ് കല്ലാടികുഴികൾ എന്നു വിളിക്കുന്നത്. ഒരാൾ മുങ്ങിപ്പോകാൻ പാകത്തിൽ ആഴമുണ്ട് പലതിനും. ശ്രദ്ധിക്കാതെ നടന്നാൽ ചിലപ്പോൾ കല്ലാടിക്കുഴികളിൽ വീണു അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

കാഴ്ചയിൽ ശാന്തമാണെങ്കിലും ആനക്കൂട്ടങ്ങൾ ഇടയ്ക്കിടെ സ്വൈര്യവിഹാരം നടത്തുന്നയിടമാണിവിടം. ചിലപ്പോൾ കൂട്ടത്തോടെ പുഴ മുറിച്ച് ആനക്കൂട്ടം എത്തും. പാണിയേലിയിലേക്ക് മറ്റു വന്യജീവികളും പുലികളുമെത്തുമെന്നു ഗാർഡുകൾ പറയുന്നു.





പാണിയേലി പോരിലേക്ക് എത്തിച്ചേരാൻ

പെരുമ്പാവൂർ–വല്ലം –കോടനാട് –പാണിയേലി പോര്/ പെരുമ്പാവൂർ– കുറുപ്പുംപടി– വേങ്ങൂർ– പാണിയേലി. കോതമംഗലത്തുനിന്നും ഓടക്കാലിയിൽ നിന്നു തിരിഞ്ഞ് ഓടക്കാലികവലയിലൂടെ മേയക്കപ്പാല ഇവിടെ നിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ച് പാണിയേലി പോരിൽ എത്താം.

വി.ആർ. അരുൺകുമാർ