ശരിയായ ചര്യകളിലൂടെ ആരോഗ്യം
ശരിയായ ചര്യകളിലൂടെ ആരോഗ്യം
ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം

ധന്വന്തരി ജയന്തി ദിനമായ ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ്. ധന്വന്തരി വൈദ്യശാസ്ത്രത്തിന്റെ ആചാര്യനായി അംഗീകരിക്കപ്പെടുന്നു. ഒരു നല്ല വൈദ്യൻ ഏറ്റവും നല്ല അധ്യാപകനായിരിക്കണം. ശാസ്ത്ര നൈപുണ്യം കൊണ്ടുമാത്രം ആരും ശ്രേഷ്ഠരാകുന്നില്ല. പ്രായോഗികജ്‌ഞാനവും ഉണ്ടായിരിക്കണം.

ആയുർവേദഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നല്കിയിരിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമായുള്ള ദിനചര്യ, ഋതുചര്യ എന്നീ ചര്യാവിശേഷങ്ങൾക്കാണ്. രാവിലെ ഉണരുന്നതുമുതൽ ഉറങ്ങി അടുത്ത പ്രഭാതത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്നതുവരെയുള്ള കാര്യങ്ങളെയും, ഷഡ്ഋതുക്കളായ വർഷ–ഗ്രീഷ്മ–ശരദാദി കാലങ്ങളിൽ ആചരിക്കേണ്ട ആരോഗ്യപരമായ ആഹാരവിഹാരശീലങ്ങളെയും വിശദമായി പ്രതിപാദിക്കുന്നു.

ആരോഗ്യമില്ലാത്ത അവസ്‌ഥയാണു രോഗം. ശാരീരികവും മാനസികവും സാമൂഹ്യവും ആത്മീയവുമായ നല്ല അവസ്‌ഥയെയാണ് ആരോഗ്യം എന്നു നിർവചിക്കപ്പെടുന്നത്. ഇവയ്ക്കുണ്ടാകുന്ന അസന്തുലിതാവസ്‌ഥ രോഗത്തിലേക്കു നയിക്കുന്നു. ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ഭാരത സർക്കാരിന്റെ ‘ആയുഷ്’ വിഭാഗം ധന്വന്തരി ജയന്തിദിനത്തിൽ ഒരു ലോഗോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ മധ്യഭാഗം ധന്വന്തരിയെ പ്രതിനിധാനം ചെയ്യുന്നു. അതിലെ അഞ്ച് ദളങ്ങൾ ഭൂമി, ജലം, ആകാശം, വായു, അഗ്നി എന്നീ പഞ്ചമഹാഭൂതങ്ങളെ സൂചിപ്പിക്കുന്നു. മൂന്നു വലയങ്ങൾ ആയുർവേദത്തിന്റെ അടിസ്‌ഥാന തത്ത്വങ്ങളായ വായു, പിത്തം, കഫം എന്നിവ അവതരിപ്പിക്കുന്നു. ഓവൽ ലീഫ് പ്രകൃതിയുമായി ചേർന്നുള്ള രോഗശമന സ്വഭാവത്തിന്റെ അടിത്തറ സൂചിപ്പിക്കുന്നു.



അശാസ്ത്രീയവും അനാരോഗ്യകരവുമായ ആഹാര വിഹാരാദികൾ ത്രിദോഷങ്ങളെ ദുഷിപ്പിച്ച് അവയുടെ അസന്തുലിതാവസ്‌ഥ സൃഷ്ടിച്ച് വലുതും ചെറുതുമായ പലവിധ രോഗങ്ങളെ ഉണ്ടാക്കുന്നു. കാലം, ഇന്ദ്രിയാർഥങ്ങൾ എന്നിവയുടെ ഹീന, മിഥ്യാധിമാത്രകങ്ങൾ രോഗത്തിനും സമ്യക്ക് അവസ്‌ഥ ആരോഗ്യത്തിനും കാരണമായിത്തീരുന്നു. ഉദാഹരണമായി കാലം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലരീതിയിൽ മഴ ലഭിക്കുമ്പോൾ പ്രകൃതി സമ്പുഷ്ടമായിരിക്കുകയും മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. മഴയില്ലാതിരിക്കുക, കുറവായിരിക്കുക, അകാലത്തുള്ള മഴ ഇവ പ്രകൃതികോപത്തിനും രോഗത്തിനും കാരണമാകുന്നു.

കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് ഇവയാണു പഞ്ചേന്ദ്രിയങ്ങൾ. ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നതും നിയന്ത്രിക്കുന്നതും ആരോഗ്യത്തിനു കാരണമായി ഭവിക്കുന്നു. നല്ലതു കാണുക, കേൾക്കുക, രുചിയെ നിയന്ത്രിക്കുക, ത്വക്ക് പ്രസാദമുണ്ടാക്കുക, നല്ല വായു ശ്വസിക്കുക – ഇവ ഗുണത്തെ ചെയ്യുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു നാക്ക് തന്നെയാണ്. രുചിയെ നിയന്ത്രിക്കാതെ അനാരോഗ്യകരങ്ങളായവ ശീലിക്കുന്നതും രോഗകാരണമാകുന്നു. ആഹാരം ഹിതവും മിതവും ലഘുവുമായിരിക്കണം. മറ്റുള്ളവർക്കു ഗുണവും സന്തോഷവും ചെയ്യുന്നതായിരിക്കണം സംസാരം. വിപരീതമായാൽ സാമൂഹ്യബന്ധങ്ങൾ ശിഥിലമാകുന്നു. മാനസികവും ശാരീരികവുമായ പല ദോഷങ്ങൾക്കും കാരണമായി ഭവിക്കുന്നു.


രോഗങ്ങളിൽ പലതും സ്വയംകൃതാനർഥങ്ങളാണ്. ഇവയെ ജീവിതശൈലീരോഗങ്ങൾ എന്നു പറയുന്നതിനേക്കാൾ ജീവിതശൈലീമാറ്റരോഗങ്ങൾ എന്നു വിശേഷിപ്പിക്കാം. ഇതിൽ നാം 50 വർഷമെങ്കിലും പിന്നോട്ടുപോകണം. സ്ത്രീകളുടെ കാര്യം പരിശോധിക്കുക. അവരാണ് ഏറ്റവും കൂടുതൽ ആശുപത്രിയിലെത്തുന്നവർ. പ്രധാന പ്രശ്നം – നട്ടെല്ലു വേദന, അല്ലെങ്കിൽ ആർത്തവപ്രശ്നങ്ങൾ. മുമ്പ് നമ്മുടെ അമ്മമാരും മുത്തശിമാരും എത്രപേർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നു. കാരണം, ആരോഗ്യകരമായ ഒരു ജീവിതശൈലി അവർക്കുണ്ടായിരുന്നു. രാവിലെ എഴുന്നേല്ക്കുന്ന അവർ പരിസരം ശുചീകരിക്കുകയും വീട്ടുജോലികൾ സ്വയം ചെയ്യുന്നതിൽ വ്യാപൃതരാവുകയും ചെയ്തിരുന്നു. അമ്മിക്കല്ലും ഉരലും ഉലക്കയും, മിക്സിക്കും ഗ്രൈൻഡറിനും പകരം അടുക്കള അലങ്കരിച്ചിരുന്നു.
ഒരു ‘സ്വിച്ച് സംസ്കാരം’ ആണ് ഇപ്പോഴുള്ളത്. സ്വിച്ചിട്ടാൽ ദേഹമനങ്ങാതെ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ സാധിക്കും. ഇവയ്ക്കെല്ലാം കാരണം നമ്മുടെ അനുകരണശീലമാണ്. ഹിതവും മിതവും പോഷകമൂല്യങ്ങളുള്ളതും ലഘുവുമായ ആഹാരം യുക്‌തമായ കാലത്തുമാത്രം കഴിക്കണം. വിരുദ്ധാഹാരങ്ങൾ ഉപേക്ഷിക്കണം.

ധന്വന്തരി ദിനത്തിൽ ഒരു ഉപദേശം. വൈദ്യന്മാർ സ്വയം ധന്വന്തരിമാരാകുക. ചികിത്സിക്കുന്നതിനേക്കാൾ രോഗികളെ രോഗപ്രതിരോധത്തെയും രോഗകാരണത്തെയും പറ്റി പഠിപ്പിക്കാൻ സമയം കണ്ടെത്തുക. ആയുർവേദത്തിൽ പറയുന്ന ദിനചര്യ, ഋതുചര്യ, ആഹാരക്രമം എന്നിവ ശീലിച്ച് ആരോഗ്യം നിലനിർത്താമെന്നു ദൃഢപ്രതിജ്‌ഞയെടുക്കാം.

പ്രഫ. ഡോ.വി. ശ്രീകുമാർ
(ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ആയുർവേദ വിഭാഗം മേധാവിയും 2015 ലെ ഏറ്റവും നല്ല ഡോക്ടർക്കുള്ള സംസ്‌ഥാന അവാർഡ് ജേതാവുമാണ് ലേഖകൻ)