ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ആർടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വിൽക്കാൻ എത്തുന്ന ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികൾ അത്രവേഗം മറക്കാൻ സാധ്യതയില്ല, ഒപ്പം ആ വീടും. സിനിമയിൽ മോഹൻലാൽ അഭിനയിച്ച നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ആ വീട്.

സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമ മലയാളികളെ ആസ്വദിപ്പിക്കാൻ തുടങ്ങിയിട്ടു 30 വർഷം കഴിഞ്ഞിരിക്കുന്നു. സിനിമയും കഥാപാത്രങ്ങളും പോലെ തന്നെ ആ വീടും മലയാളികൾക്കു സുപരിചിതം. നഗരമധ്യത്തിൽ ചിറ്റൂർ റോഡിനു സമീപം മഹാകവി ജി. റോഡിൽ തിരക്കിൽനിന്നൊഴിഞ്ഞ്, ചുറ്റുമുള്ള ആധുനിക മന്ദിരങ്ങൾക്കു നടുവിൽ പഴമയുടെ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുകയാണു ചാക്യാട്ട് വീട്. നഗരവത്കരണം ഈ വീടിനെ തെല്ലും ബാധിച്ചിട്ടില്ല.

ഈ വീടിനോട് അവിടെ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിനുള്ള മാനസികമായ അടുപ്പമാണ് വീടൊഴിയാൻ അവർ വിസമ്മതിക്കുന്നതിന്റെ കാരണം. ഈ അടുപ്പം ലാലിന്റെ കഥാപാത്രത്തിനും ഉണ്ടെങ്കിലും അയാളുടെ കടബാധ്യതകളാണ് ആ വീടു വിൽക്കാൻ അയാളെ നിർബന്ധിതനാക്കുന്നതും. ഇതേ ആത്മബന്ധം തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാക്യാട്ട് വീട് പൊളിച്ചു മാറ്റുന്നതിൽ നിന്നും വീട്ടുകാരെ പിന്നോട്ടു വലിക്കുന്നതും. കാലപ്പഴക്കം വീടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പഴയ കാലത്തിന്റെ നിർമിതി ആയതിനാൽ അറ്റകുറ്റപ്പണികളും അത്ര പ്രായോഗികമല്ല. എങ്കിലും വാസയോഗ്യമായ കാലത്തോളം ഇവിടെ താമസിക്കാണ് ലീല ശ്രീകുമാറിന്റേയും കുടുംബത്തിന്റേയും തീരുമാനം.

ചാക്യാട്ട് വീട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീടാകുന്നു

രാധ എസ്. മേനോനും മകൾ ലീല ശ്രീകുമാറും മാത്രമാണ് അന്നിവിടെ താമസം. സഹോദരൻ ജോലി സംബന്ധമായി മുംബൈയിലായിരുന്നു. ചിന്മയ സ്കൂളിലെ ടീച്ചറായിരുന്ന ലീലയ്ക്ക് സിനിമ കണ്ടുള്ള പരിചയമേ ഉള്ളു. അമ്മ രാധയ്ക്കാകട്ടെ സിനിമ കാണുന്ന ശീലവുമില്ല. എന്നിട്ടും മലയാളികൾ നെഞ്ചേറ്റിയ സിനിമയുടെ പ്രധാന ലൊക്കേഷനാകാനുള്ള നിയോഗം ചാക്യാട്ട് വീടിനായിരുന്നു.

രാധ എസ്. മേനോൻ അംഗമായ എറണാകുളം വിമൻ അസോസിയേഷനിൽ വച്ചാണ് സുഹൃത്തായ മൈമുന അബ്ദുൾഖാദർ തന്റെ മകൻ സിയാദ് കോക്കർ നിർമിക്കുന്ന സിനിമ ഷൂട്ട് ചെയ്യുന്നതിന് ഒരു വീട് വേണമെന്നു പറയുന്നത്. സിയാദും കൂട്ടുകാരും സിനിമയ്ക്കായി കണ്ടെത്തിയിരിക്കുന്നതു തന്റെ വീാണെന്നും മൈമൂന പറഞ്ഞു. അങ്ങനെയാണ് ചാക്യാട്ട് വീട് ഷൂട്ടിംഗ് ലൊക്കേഷനാകുന്നത്. പ്രതിഫലം ഒന്നും അവരോട് ആവശ്യപ്പെട്ടതുമില്ല.

മുറ്റവും ഉമ്മറവും ഒരു മുറിയും മാത്രമായിരുന്നു ഷൂട്ടിംഗിനായി നൽകിയത്. പക്ഷെ പിന്നീട് വീട് പൂർണമായും ഷൂട്ടിംഗിനായി ഉപയോഗിച്ചു. ഒരിക്കൽ പോലും ഷൂട്ടിംഗിന്റെ പേരിൽ തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ലീലയും അമ്മയും പറയുന്നു.

ഷൂട്ടിംഗ് ഓർമകൾ

ഷൂട്ടിംഗ് കാണുന്നതിനു തടസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവിടേക്കു പോകാറില്ലായിരുന്നെന്ന് രാധ പറയുന്നു. ഷൂട്ടിംഗ് തീരുന്നതുവരെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. 27 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിനായി വീട്ടിലെത്തുമ്പോൾ കണ്ടതു മാത്രമാണ് അന്നത്തെ ഷൂട്ടിംഗ് ഓർമകൾ. വാടകക്കാരെ ഒഴിപ്പിക്കാനായി എസ്ഐ രാജേന്ദ്രൻ പോലീസ് ജീപ്പിൽ വീട്ടുമുറ്റത്തേക്ക് വന്നിറങ്ങുന്നതും ഗോപാലകൃഷ്ണപ്പണിക്കരെ ഭയന്നു തിലകന്റെ ദാമോദർജി എന്ന കഥാപാത്രം ഓടുന്നതും മറക്കാത്ത ഓർമകളാണെന്നു രാധ എസ്. മേനോൻ പറയുന്നു.

ഷൂട്ടിംഗിന്റെ ഇടവേളകളിൽ കാർത്തികയും കെപിഎസി ലളിതയും തങ്ങൾക്കൊപ്പം വന്നിരുന്ന് സംസാരിക്കുമായിരുന്നെന്ന് ലീല ഓർമിക്കുന്നു. ഇന്നത്തെപ്പോലെ കാരവൻ ഒന്നും അന്നില്ല. വീടിന്റെ ഉമ്മറത്തും തിണ്ണയിലും ഇരുന്നാണു താരങ്ങൾ വിശ്രമിച്ചിരുന്നത്. ശ്രീനിവാസൻ അധികം സംസാരിക്കാറില്ല. മുറിയിലിരുന്നു മിക്കപ്പോഴും എഴുത്തായിരിക്കും. കാണുമ്പോൾ ഒരു ചെറുചിരി മാത്രം. തന്റെ മുറിയാണു കാർത്തിക വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതെന്നും രാധ എസ്. മേനോൻ ഓർമിക്കുന്നു.

എല്ലാം പഴയതുപോലെ

30 വർഷത്തിനിപ്പുറവും ചാക്യാട്ട് വീട് പഴയതുപോലെ. സിനിമയിൽ കാണുന്നപോലെ തന്നെ. ആകെ വന്നൊരു മാറ്റം ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ചു ദാമോദർജി പിൻവശത്തൂടെ ഓടിപ്പോകുന്നുണ്ട്. ആ വാതിൽ മാറ്റി അവിടെ ജനൽ പിടിപ്പിച്ചു. പിന്നെ എല്ലാം പഴയപോലെ. ഹൗസ് ഓണറുടെ മുറി എന്നു പറഞ്ഞു മോഹൻലാൽ താമസിക്കുന്ന മുറിയും ഉമ്മറവും എല്ലാം അതുപോലെ തന്നെയുണ്ട്. ചില ഫർണിച്ചറുകൾ പുതിയ അതിഥികളായി എന്നതു മാത്രം. തൊട്ടു സമീപത്തുള്ള മമ്മുക്കോയയുടെ വീടും അങ്ങനെ തന്നെയുണ്ട്. ഈ വീട്ടിലേക്ക് പതുക്കെ താമസം മാറാനാണ് ഇവർ ഉദ്ദേശിക്കുന്നത്. എന്നാൽ അതു ഉടനില്ലെന്നും ഇവർ പറയുന്നു. ഈ വീട് പൊളിക്കുകയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റിധാരണയുടെ ഫലമാണെന്നും ലീല ശ്രീകുമാർ പറഞ്ഞു. സിനിമ റിലീസായിട്ട് 30 വർഷം കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ഇനിയൊരു മുപ്പതു വർഷം കൂടി ഈ വീടുണ്ടാകുമോ എന്നറിയില്ല എന്നാണ് പറഞ്ഞത്. അത് വീട് ഉടൻ പൊളിക്കുമെന്ന നിലയിൽ തെറ്റിധരിക്കുകയായിരുന്നു. അത്തരത്തിലൊരു വാർത്ത വന്നതിനു ശേഷം നിരവധി പേർ വിവരമറിയാൻ വിളിക്കുന്നുണ്ടെന്നും പറഞ്ഞു.


മോഹൻലാലിനെ വീഴ്ത്തിയ കസേര

വാടകക്കാരെ ഇറക്കിവിടാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ മോഹൻലാലിന്റെ കഥാപാത്രം ആ വീട്ടിൽ ബലമായി താമസം തുടങ്ങുകയാണ്. അവിടെ എത്തുന്ന മോഹൻലാൽ ഹാളിലെ കസേരയിൽ ഇരിക്കുമ്പോൾ വീഴാൻ പോകുന്നുണ്ട്. സിനിമയിൽ ഏറെ ചിരിയുണർത്തിയ ഈ രംഗം സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. ഈ കസേരയ്ക്കും പറയാനുണ്ട് ഒരു കഥ. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ കസേരയ്ക്കും. ലീല ശ്രീകുമാറിന്റെ മുത്തച്ഛൻ ഉപയോഗിച്ചിരുന്ന കസേരയാണിത്. ഇരുമ്പാണി ഉപയോഗിക്കാത്ത നിർമിതിയാണ് ഈ കസേര. ഈ കസേരയോടു തങ്ങൾക്കൊരു മാനസികമായ അടുപ്പമുണ്ടെന്നും അവർ പറയുന്നു.

രാശിയുള്ള വീട്

സന്മനസുള്ളവർക്ക് സമാധാനം വലിയ വിജയമായി. സിനിമയിലെ പ്രധാന ലൊക്കേഷനായ ചാക്യാട്ട് വീടും ശ്രദ്ധിക്കപ്പെട്ടു. സിനിമാ ലോകത്ത് ഏറെ രാശിയുള്ള വീടായി ചാക്യാട്ട് വീട് മാറി. ഒന്നിനു പുറമേ ഒന്നായി സിനിമാക്കാർ വീടു തേടിയെത്തി. കൺകെട്ട്, ആയിരംനാവുള്ള അനന്തൻ, പൊന്നാരംതോട്ടത്തിലെ രാജാവ് തുടങ്ങി പത്തോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചു. പല സിനിമകളും ഒന്നോ രണ്ടോ സീനുകളോ ചുരുക്കം ചില ഷോട്ടുകളോ മാത്രമേ ചിത്രീകരിച്ചിട്ടുള്ളു. പൊന്നാരം തോട്ടത്തിലെ രാജാവ് പതിനഞ്ചോളം ദിവസം ചിത്രീകരിച്ചു. സന്മനസുള്ളവർക്കു സമാധാനത്തിനു ശേഷം ഏറ്റവും കൂടുതൽ ദിവസം ചിത്രീകരിച്ച സിനിമയും ഇതായിരുന്നു. പിന്നീട് ചിത്രീകരണത്തിനായി ആർക്കും വീടു നൽകിയിട്ടില്ല.

ദിലീപ് ഒഴികെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രീകരണത്തിനായി ചാക്യാട്ട് വീട്ടിൽ എത്തിയിട്ടുണ്ട്. കൺകെട്ടിൽ അഭിനയിക്കാനെത്തിയപ്പോൾ കെപിഎസി ലളിത പരിചയം പുതിക്കയതും ലീല ഓർമിക്കുന്നു. ഏറ്റവും ഒടുവിലായി ചിന്താവിഷ്‌ടയായ ശ്യാമള എന്ന ചിത്രത്തിനായി അണിയറക്കാർ സമീപിച്ചെങ്കിലും ഷൂട്ടിംഗിന് നൽകിയില്ല. കാലപ്പഴക്കം വീടിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ലീല ശ്രീകുമാറും ഭർത്താവും സഹോദരനും അമ്മ രാധ എസ്. മേനോനുമാണ് ഇവിടെ താമസിക്കുന്നത്.

ഈ സിനിമയ്ക്കായി നിർമിച്ച വീട്: സത്യൻ അന്തിക്കാട്

സന്മനസുള്ളവർക്കു സമാധാനത്തിനായി വീട് നോക്കുന്ന സമയത്ത് വ്യക്‌തമായി ധാരണയുണ്ടായിരുന്നു. ആർടിഒ ഓഫീസിലെ ജീവനക്കാരനായ അച്ഛൻ വാങ്ങിയ വീടാണ്. നഗരത്തിൽ തന്നെയാകണം. എസ്ഐ രാജേന്ദ്രൻ പോലീസ് ജീപ്പിൽ നിന്നും ചാടിയിറങ്ങുന്ന രംഗം ചിത്രീകരിക്കാൻ തക്കവിധത്തിൽ ജീപ്പ് വന്നു നിൽക്കുന്ന മുറ്റമുണ്ടാകണം. നാമം ജപിക്കാൻ ഉമ്മറം ഉണ്ടാകണം തുടങ്ങി എങ്ങനെയുള്ള വീടാണ് വേണ്ടതെന്ന വ്യക്‌തമായ രൂപം മനസിലുണ്ടായിരുന്നു.

നിർമാതാവ് സിയാദ് കോക്കറാണ് ഈ വീടിനേക്കുറിച്ചു പറയുന്നത്. വീടു കണ്ട ആദ്യ കാഴ്ചയിൽ തന്നെ തോന്നിയത് ഈ സിനിമയ്ക്കായി നിർമിച്ച വീടുപോലെയാണ്. ആദ്യ കാഴ്ചയിൽ തന്നെ ഉടലെടുത്ത ആത്മബന്ധം. ചിത്രീകരണം തുടങ്ങിയപ്പോൾ അതു വളരുകയായിരുന്നു. ഈ വീടിന്റെ ഓരോ മുക്കും മൂലയും എനിക്കിന്നും മനപ്പാഠമാണ്. ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ച് ദാമോദർജി ഓടിയ ഇടനാഴിയും, പല്ലു തേക്കുന്ന മോഹൻലാൽ കാർത്തികയുടെ അനുജനോട് ഹൗസ് ഓണർക്കു മുഖം കഴുകൻ വെള്ളം എടുക്കാൻ പറയുന്ന വീടിന്റെ പിന്നാമ്പുറവും, ലാൽ കുളിക്കുമ്പോൾ കാർത്തിക ടാപ്പ് അടയ്ക്കുന്നതും ശരീരം മുഴുവൻ സോപ്പു പതയുമായി ലാൽ ഇറങ്ങി വരുന്ന കുളിമുറിയും അങ്ങനെ ആ സിനിമയിലെ ഓരോ നിമിഷവും ആ വീടിന്റെ ഓരോ ഇടങ്ങളും ഇന്നലെയെന്ന പോലെ മനസിൽ നിൽക്കുകയാണ്. സന്മസുള്ളവർക്കു സമാധാനം ഇറങ്ങിയിട്ട് 30 കൊല്ലം ആയെന്നു തോന്നുന്നതേയില്ല. ഇപ്പോഴും ചാനലുകളിൽ സിനിമയ്ക്കു വലിയ സ്വീകാര്യതയുള്ളതു കൊണ്ടാകാം.

വർഷങ്ങൾക്കു ശേഷം എന്നും എപ്പോഴും ചെയ്ത സമയത്ത് ലാലിന്റെ വീടായി ഈ വീട് ആലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ പഴയതുപോലെയല്ല. ഈ വീടിനു മുന്നിലെ റോഡിൽ തിരക്കേറി. യൂണിറ്റു വാഹനങ്ങളും കാരവനും പാർക്ക്് ചെയ്യാനുള്ള സ്‌ഥലസൗകര്യവും കുറവായി. അന്നത്തെ സാഹചര്യത്തിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ ഡബിംഗ് ജോലികൾക്കായി എറണാകുളത്ത് എത്തുമ്പോ ൾ ആ വീടൊന്ന് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്.
–ജിൻസ് കെ. ബെന്നി