മധുരം കഴിക്കുമ്പോൾ: വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
മധുരം കഴിക്കുമ്പോൾ: വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികൾക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലൻസ് ഉണ്ടെങ്കിൽ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാർ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടിൽ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു.

വീട്ടിൽ നിൽക്കുമ്പോൾ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്...)കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്ിലെത്തുന്ന മധുരത്തിന്റെ തോതു വർധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തിൽ അടിയും.

മധുരവും സ്ത്രീരോഗങ്ങളും

മധുരവും സ്ത്രീരോഗങ്ങളും തമ്മിൽ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവർക്കു പിസിഒഡി വന്നാൽ അവരോടു മധുരം കുറയ്ക്കാൻ നിർദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.


സോഫ്റ്റ് ഡ്രിംഗ്സിൽ മധുരം കൂടും

ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഒരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു ലഭിക്കും. അതിനാൽ അത് ശീലമാക്കേണ്ട,

അമിതഭാരവും കാൻസർ സാധ്യതയും

പഞ്ചസാരയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം വരും. അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

പഞ്ചസാരയിലുള്ളത് എംറ്റി കലോറി

പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനർജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യമായ) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കാലറി മാത്രം. അധികമായുള്ള കാലറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാൽ ഇൻസ്റ്റന്റ് ആയി എനർജി കിട്ടുമെങ്കിലും അതിൽ പോഷകങ്ങളില്ലാത്തതിനാൽ ഗുണത്തേക്കാൾ ദോഷമാണു കൂടുതൽ.

വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്