നിരോധനം എന്ന പ്രഹസനം
നിരോധനം എന്ന പ്രഹസനം
കുരുതികൊടുക്കാൻ കീടനാശിനി–3
12 കീടനാശിനികളാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കീടനാശിനികൾ വരെ ഈ കൂട്ടത്തിൽപ്പെടും. ഡി ഡി ടി, ബെൻസീൻ ഹെക്സാക്ലോറൈഡ്, എതിലിൻ ഡൈ ബ്രോമൈഡ്, ആൻഡ്രിൻ, ഡൈ എൻഡ്രിൻ, പാരക്വറ്റ, ഡൈ ബ്രോമോ ക്ലോറോ പ്രൊപ്പേൻ, 2,4,5 ടി, ക്ലോർഡൈം ഫാം, ഗാലിക്രോൺ, കാംഫെക്ലോർ, പി സി പി, ഈഥൈൽ പരാത്തിയോൺ എന്നിവയാണ് നിരോധിച്ച കീടനാശിനികൾ. വിപണിയിൽ ഇവ പുതിയ പേരിൽ ഇറങ്ങുന്നതിനാൽ പിടികൂടാൻ കഴിയാറില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്. കീടനാശിനിയുടെ പുറംകവറിൽ അതിന്റെ രാസനാമങ്ങൾ കൃത്യമായി എഴുതണമെന്നിരിക്കെ ഇത് പാലിക്കപ്പെടാറില്ല . ഇത് രാസപരിശോധനയിൽ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ലാബ് സൗകര്യം സംസ്‌ഥാനത്തില്ല.

ഉപയോഗത്തിലുള്ള മാരക കീടനാശിനികളിൽ 137 ഇനം കീടനാശിനികളും അംഗീകാരമില്ലാത്തവയാണ്. അന്താരാഷ്ര്‌ടതലത്തിൽ കീടനാശിനികൾക്ക് അംഗീകാരം നൽകുന്ന റയിൻ ഫോറസ്റ്റ് അലയൻസ് സർട്ടിഫൈഡ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ആസിഫേറ്റ്, ഡൈക്ലോറോ, അമിറ്റാസ്, അഡിനാഫോസ്, കാർബോഫ്യൂറാൻ അടങ്ങിയ ഫോറൈറ്റ്, ക്ലോറിഫെറിഫോസ്, സമിനോസൈസ്, എത്തിയോൺ, ഹൈക്ലാസിയോൺ, മാലത്തിയോൺ, ട്രൈഡോഫോസ്, സിനബ് തുടങ്ങി 150ൽപരം കീടനാശിനികളാണ് ഇവിടെ ഉപയോഗിക്കുന്നത്.

യൂറോപ്യൻ യൂണിയനിലും അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഈ കീടനാശിനികൾ നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡാണ് (സിഐബി) കീടനാശിനികൾക്ക് അംഗീകാരം നൽകുന്നത്. കീടനാശിനികൾ വിവിധ ഗവേഷണ സ്‌ഥാപനങ്ങളിൽ പരിശോധിച്ച ശേഷം ഏതെല്ലാം വിളകൾക്ക് പ്രയോഗിക്കാൻ സാധിക്കുമെന്ന അംഗീകാര സർട്ടിഫിക്കറ്റും നൽകുന്നത് സിഐബിയാണ്. ഏലത്തിന് ഉപയോഗിക്കാൻ മൂന്നു കീടനാശിനികൾമാത്രമാണ് സിഐബി ശിപാർശ ചെയ്തിട്ടുള്ളത്. ക്യൂനൽഫോസ്, ഫെന്നുവയിറ്റ്, ഫെസ്റ്റായിൽ എന്ിവയാണിത്.

കീടനാശിനികൾ ഒരുലിറ്റർ വെള്ളത്തിൽ രണ്ട് മില്ലി 45 ദിവസം കൂടുമ്പോൾ തളിക്കണമെന്നാണ് ശിപാർശ ചെയ്യുന്നത്. എന്നാൽ ലിറ്ററിന് മൂന്നുമുതൽ അഞ്ചുമില്ലിവരെ 15 ദിവസം കൂടുമ്പോൾ തളിക്കുന്നു.

ഇന്ത്യയിൽ കീടനാശിനി ഉത്പാദനം തുടങ്ങിയത് 1952 ൽ കൽക്കട്ടയിലാണ്. ചൈന കഴിഞ്ഞാൽ ഏഷ്യയിൽ കീടനാശിനി ഉത്പാദനത്തിൽ രണ്ടാം സ്‌ഥാനം ഇന്ത്യക്കാണ്. ഇവിടെ ഓരോ വർഷത്തെയും കീടനാശിനി ഉപയോഗത്തെക്കുറിച്ചും ഇറക്കുമതിയെക്കുറിച്ചും വ്യക്തമായ കണക്കുകളില്ല. 2014–15 ൽ രാജ്യത്ത് ആകെ ഉപയോഗിച്ചത് 57,353 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനിയായിരുന്നു. ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും ചേർത്താണിത്. എന്നാൽ ഈ വർഷം 77,376 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനി ഇറക്കുമതി ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കീടനാശിനി ഉത്പാദനത്തിലും ഇറക്കുമതിയിലും കേന്ദ്ര–സംസ്ഥാന ഗവൺമെന്റുകൾക്ക് ഒരു നിയന്ത്രണവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അപ്രായോഗിക നിയനങ്ങളും നടപടികളും

സമഗ്രമായ ഒരു കീടനാശിനി നിയമം 1968 ലാണ് രാജ്യത്ത് നിലവിൽ വന്നത്. ഈ നിയമം നടപ്പാക്കുന്നതിനുള്ള അനുബന്ധ ചട്ടങ്ങൾ 1971 ൽ നിലവിൽ വന്നു. ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കീടനാശിനി ബോർഡിനാണ് 1968 ലെ കീടനാശിനിനിയമം നടപ്പാക്കുന്നതിനുള്ള ചുമതല. ബോർഡിന്റെ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്നതിനുമുമ്പ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, പ്രത്യേക കീടത്തെ നിയന്ത്രിക്കുന്നതിലുള്ള കാര്യക്ഷമമായ പ്രവർത്തനം, അവശിഷ്‌ട വിഷാംശം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തി അതിന്റെ വിവരങ്ങൾ കേന്ദ്ര കീടനാശിനി ബോർഡിന്റെ രജിസ്ട്രേഷൻ കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കണം. നിയമം ശക്തമാണെങ്കിലും രജിസ്ട്രേഷൻ നടപടികൾ പലപ്പോഴും പ്രഹസനമായിമാറുന്നു. കമ്പനികൾ നൽകുന്ന പരീക്ഷണ വിവരങ്ങൾ നിഷ്പക്ഷമായ വിശകലനത്തിനു വിധേയമാക്കാതെ അതേപടി മുഖവിലയ്ക്കെടുത്തുകൊണ്ടാണ് മിക്കപ്പോഴും രജിസ്ട്രേഷൻ നൽകുന്നത്. കീടനാശിനികൾ വിപണിയിലിറക്കുന്നതിനു മുമ്പു വരെ മാത്രമാണ് സുരക്ഷാപഠനങ്ങൾ. കർഷകരിലെത്തിയ ശേഷം സുരക്ഷാപഠനങ്ങൾ നടത്തുന്നത് കേന്ദ്ര കീടനാശിനി ബോർഡിന്റെ ഉത്തരവാദിത്വമേയല്ല. നിലവിലുള്ള രജിസ്ട്രേഷൻ സമ്പ്രദായവും നിയമങ്ങളും കീടനാശിനികൾ പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഏല്പിക്കുന്ന ആഘാതങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല.


കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗത്തിന് ഇന്ത്യയിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി നൽകിയ ശിപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള 1968 ലെ കീടനാശിനി നിയമത്തിനു പകരം ഒരു കീടനാശിനി മാനേജ്മെന്റ് നിയമത്തിന് രൂപം നൽകാനുള്ള ബിൽ 2008 മുതൽ രാജ്യസഭയുടെ പരിഗണനയിലുണ്ട്. എന്നാൽ ഈ ബിൽ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
1968 ലെ കേന്ദ്ര കീടനാശിനി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 260–ലേറെ കീടനാശിനികളാണ് ഇപ്പോൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്ന കേന്ദ്ര കീടനാശിനി ബോർഡിന് സ്വതന്ത്രമായ ഗവേഷണം നടത്തുന്നതിനുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല. അപകടകാരിയായ ഏതെങ്കിലും കീടനാശിനി നിരോധിക്കണമെങ്കിൽ ആ കീടനാശിനി മറ്റേതെങ്കിലും വിദേശരാജ്യത്ത് നിരോധിച്ചതായി വിവരം കിട്ടിയാൽ മാത്രമേ കേന്ദ്ര കീടനാശിനി ബോർഡ് നടപടികൾ തുടങ്ങുകയുള്ളു. വിദേശത്ത് നിരോധിച്ച കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കുമ്പോഴേക്കും വർഷങ്ങൾ പിന്നെയും കഴിഞ്ഞിട്ടുണ്ടാവും. വിദേശത്തു നിരോധിച്ച കീടനാശിനി മനുഷ്യരുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും അപകടപ്പെടുത്തി ആയിരക്കണക്കിന് ടൺ ഇവിടെ വിറ്റഴിഞ്ഞിട്ടുണ്ടാകും.

കീടനാശിനികൾ വാണിജ്യപരമായി പുറത്തിറക്കിയതിനുശേഷവും അതിന്റെ സുരക്ഷാപരമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കാൻ സംവിധാനമില്ല. കീടനാശിനികളിൽ ചിലതിന് പരമാവധി അനുവദനീയമായ അവശിഷ്‌ട വിഷാംശത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ല. നല്ല കൃഷിരീതികൾ പിന്തുടർന്നതിനു ശേഷവും വിളകളിൽ കാണപ്പെടുന്ന അവശിഷ്‌ടവിഷാംശത്തിന്റെ പരിധി മാക്സിമം റെസിഡ്യൂ ലിമിറ്റ് അഥവാ എംആർഎൽ എന്നറിയപ്പെടുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ ലഭിക്കാൻ എംആർഎൽ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമെങ്കിലും 2004 മുതൽ ഇത് നിർബന്ധിതമാക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ തീരുമാനവും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.

വാരിവിതറുകയാണ് വിഷക്കൂട്ടുകൾ

ഒരു വിളയിൽ കീടനാശിനി തളിച്ചുകഴിഞ്ഞാൽ അത് നിർവീര്യമാകുന്നതിനുള്ള സമയം കഴിഞ്ഞു മാത്രമേ വിളവെടുത്ത് ഉപയോഗിക്കാൻ പാടുള്ളൂ. കാത്തിരിപ്പുകാലം എന്നറിയപ്പെടുന്ന ഈ ഇടവേളയ്ക്കുശേഷം വിളവെടുത്താൽ മാത്രമേ ഉത്പന്നം സുരക്ഷിതമായിരിക്കുകയുള്ളൂ. അപകടകരമല്ലാത്ത അളവിൽ മാത്രമേ കീടനാശിനി, ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളുവെന്ന് ഉറപ്പാക്കാനാണ് കാത്തിരിപ്പുകാലം നിശ്ചയിക്കുന്നത്. വിളവെടുത്തതിനുശേഷം നേരിട്ടു ഭക്ഷിക്കുന്ന പഴം– പച്ചക്കറി വിളകളിൽ കാത്തിരിപ്പു കാലത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. കാത്തിരിപ്പുകാലത്തിന്റെ വിശദവിവരങ്ങളും കമ്പനികൾ രജിസ്ട്രേഷനു നൽകുന്ന രേഖകൾക്കൊപ്പം കേന്ദ്ര ഇൻസെക്ടിസൈഡ് ബോർഡിന് നൽകണം. എന്നാൽ പല കീടനാശിനികളുടെ കാര്യത്തിലും കാത്തിരിപ്പുകാലത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. ചില കീടനാശിനികൾക്ക് കാത്തിരിപ്പുകാലം ശിപാർശ ചെയ്തിട്ടേയില്ല. വിറ്റഴിക്കപ്പെടുന്ന വ്യാജകീടനാശിനികൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സംവിധാനമില്ല. അംഗീകൃത കീടനാശിനി പരിശോധന ലബോറട്ടറികളുടെ എണ്ണത്തിലുള്ള അപര്യാപ്തതയാണ് പ്രധാനകാരണം.
(തുടരും)

–റെജി ജോസഫ്