പ്രമേഹം, ബിപി, കൊളസ്ട്രോൾ നിയന്ത്രിതമാക്കുക
പ്രമേഹം, ബിപി, കൊളസ്ട്രോൾ നിയന്ത്രിതമാക്കുക
ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്:

* പാദങ്ങളിലെ നീർവീക്കം.
* കാലിലെ നിറവ്യത്യാസം (ചുവപ്പ്, നീല, കറുപ്പ്).
* നടക്കുമ്പോഴും വിശ്രമിക്കുമ്പോഴും കാലിനു വേദന.
* വ്രണങ്ങൾ (അവ എത്ര ചെറുതായാൽപോലും).
* കുഴിനഖം.
* നഖത്തിനിടയിലെ പഴുപ്പ്.
* രോമക്കുത്ത് പഴുക്കൽ.
* കാൽവെള്ളയിലെ ആണി, തടിപ്പുകൾ, വിണ്ടുകീറൽ.
* വിരലിനിടയിലുള്ള പൂപ്പൽബാധ.

മറക്കരുത്

* പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക്, അകാലമരണം എന്നിവയുണ്ടാകാനുള്ള സാധ്യത അൾസർ ഇല്ലാത്ത പ്രമേഹരോഗികളെക്കാൾ വളരെ കൂടുതലാണ്.
* 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘട്ടത്തിൽ ഒരുതവണയെങ്കിലും പാദങ്ങളിൽ അൾസർ ഉണ്ടാവാറുണ്ട്.
* പ്രമേഹരോഗികളിൽ രോഗത്തിന്റെ മൂർധന്യത്തിൽ കാൽ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാൾ 25 ഇരട്ടി കൂടുതലാണ്.
* ലോകത്ത് ഇന്നു നടക്കുന്ന കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും പ്രമേഹരോഗികളിലാണ്.
ഓരോ മുപ്പത് സെക്കൻഡിലും ഒരു പ്രമേഹരോഗിയുടെ കാൽ മുറിച്ചുമാറ്റേണ്ടിവരുന്നു.
* ശരിയായ പാദരക്ഷകൾ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളിൽ 15 ശതമാനം പ്രമേഹരോഗികളിൽ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളിൽ ഇത് 40 ശതമാനമാണ്.

ചികിത്സ

പ്രമേഹം, രക്‌താതിസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക എന്നുള്ളതാണ് ആദ്യപടി. പുകവലി, മദ്യപാനം ഇവ പൂർണമായും നിർത്തുക. കാലിലെ രക്‌തയോട്ടം വർധിപ്പിക്കാൻ ആസ്പിരിൻ, ക്ലോപിഡോഗ്രൽ, പെന്റോക്സിഫില്ലിൻ എന്നീ മരുന്നുകൾ സഹായിക്കും.


അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധനയുടെ അടിസ്‌ഥാനത്തിൽ മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക. പൊവിഡോൺ അയഡിൻ വ്രണത്തിൽ പുരട്ടരുത്. വിപണിയിൽ ലഭ്യമായ കാൽസ്യം ആൽജിനേറ്റ്, ഹൈഡ്രോജെൽ, പോളിയൂറേത്രേൻ ഡ്രസിംഗുകൾ നല്ല ഗുണംചെയ്യും.

മുറിവുണക്കത്തിന് സിറ്റോസ്റ്റിറോൾ, ലൈസീൻ, ബെക്കാപ്ലെർമിൻജെൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. ജനറ്റിക് എൻജിനിയറിംഗ് വഴി വികസിപ്പിച്ചെടുത്ത അപ്ലിഗ്രാഫ്റ്റ്, ഡെർമാഗ്രാഫ്റ്റ് എന്നിവ അൾസർ ചികിത്സയിലെ നൂതനരീതികളാണ്. ആൽഫാ ലൈപോയിക് ആസിഡ്, ഈവനിംഗ് പ്രിംറോസ് ഓയിൽ എന്നിവയടങ്ങിയ ആന്റി ഓക്സിഡന്റുകൾ നല്ലതാണ്.

കിടത്തിച്ചികിത്സ

താഴെപറയുന്ന സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതാണ്.
* വ്രണത്തിന് കറുപ്പുനിറം.
* അൾസറിൽനിന്ന് അണുബാധ എല്ലുകളിലേക്കു വ്യാപിച്ചാൽ.
* അൾസർ പാദങ്ങളിൽനിന്ന് കാലുകളിലേക്കു വ്യാപിച്ചാൽ.
* അൾസറിൽനിന്ന് ദുർഗന്ധം വമിക്കുന്ന തരത്തിൽ പഴുപ്പ് നിറയുകയാണെങ്കിൽ.
* അനിയന്ത്രിതമായി രക്‌തത്തിലെ പഞ്ചസാര ഉയർന്നാൽ.
(തുടരും)

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്