ഒരു അഭയാർഥിക്കടുവയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ!
ലാസിസ് ഇപ്പോൾ സന്തുഷ്‌ടനാണ്. ഗാസായിലെ ദുരിതജീവിതത്തിൽനിന്ന് അവൻ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ശരീരത്തിന്റെ ക്ഷീണം മാറിയിരിക്കുന്നു. പലസ്തീനിലെ കലാപഭൂമിയായ ഗാസയിൽനിന്നുള്ള മോചനം എല്ലാ അർഥത്തിലും ലാസിസ് ആസ്വദിക്കുന്നുണ്ട്. അവന്റെ ചലനങ്ങളിൽ അതു വളരെ വ്യക്‌തമാണ്. ജൊഹാനസ്ബർഗിൽനിന്ന് 250 മൈൽ അകലെയുള്ള ലയൺസ് റോക്ക് ബിഗ് ക്യാറ്റ് സാംഗ്ച്വറിയാണ് ലാസിസിന്റെ അഭയകേന്ദ്രം. ഗാസയിലെ ഏതൊരു അഭയാർഥിയെയുംപോലെ ലാസിസിനുമുണ്ട് അനേകം കഥകൾ. സഹനത്തിന്റെ, കഷ്‌ടതയുടെ, പട്ടിണിയുടെ...

എന്നാൽ, ഇന്നു കഥ മാറിയിരിക്കുന്നു. അരക്ഷിതാവസ്‌ഥയുടെ നാളുകൾ അവസാനിച്ചിരിക്കുന്നു. മുമ്പ് താമസിച്ചിരുന്ന കൂടിനേക്കാൾ പത്തു മടങ്ങ് വലുപ്പമുള്ള കൂട്ടിലാണ് ലാസിസ് ഇപ്പോൾ അന്തിയുറങ്ങുന്നത്. നിവർന്നു നിൽക്കാൻപോലും കഴിയുമായിരുന്നില്ല ലാസിസിനു ഗാസയിലെ കൂട്ടിൽ. ഭക്ഷണമോ, വല്ലപ്പോഴും കുട്ടികൾ എറിഞ്ഞുകൊടുത്ത ചീഞ്ഞ പഴങ്ങളും കോഴിയുടെ അവശിഷ്ടങ്ങളും മാത്രം. ദുരിതങ്ങളുടെ ഇരവുപകലുകൾ.

ഈ യാതനകൾ എല്ലാം അതിജീവിച്ച ലാസിസ് ഒരു പോരാളിയാണ്. അതിജീവനത്തിന്റെ പ്രതീകം. ഇസ്രയേൽ ഗാസയിലേക്കു തൊടുത്ത ഷെല്ലുകൾ ദുരിതം വിധിച്ചത് മനുഷ്യർക്കു മാത്രമായിരുന്നില്ല. പലസ്തീൻ ജനതയ്ക്കൊപ്പം എല്ലാ ജീവജാലങ്ങളും യുദ്ധം വരുത്തിവച്ച ക്ലേശങ്ങൾക്കിരയായി.

ഖാൻ യൂണിസ് മൃഗശാലയിലെ ഇരുണ്ട കൂട്ടിൽ മരണത്തെ മുഖാമുഖം കണ്ടു ലാസിസ് കഴിഞ്ഞു. ഒപ്പം ഉണ്ടായിരുന്നവർ വാടിത്തളർന്ന ഇലപോലെ കൊഴിഞ്ഞുവീണത് അവൻ അറിഞ്ഞിരുന്നോ? അറിയില്ല. എന്നാൽ, ഏതു നേരവും മരണം തന്നെ തേടിവരുമെന്ന് അവൻ പ്രതീക്ഷിച്ചിരിക്കാം. ഒരുപക്ഷേ മരണത്തെ അവൻ ശപിച്ചിട്ടുണ്ടാവാം, നരകയാതനയിൽനിന്നു മോചനം നല്കാത്തതിൽ!

ഗാസാ മുനമ്പിലെ മൃഗങ്ങളെ പുനരധിവസിപ്പിച്ചിരുന്ന ഫോർ പോസ് എന്ന രാജ്യാന്തര സംഘടന ഒടുവിൽ ലാസിസിനെ കണ്ടെത്തുമ്പോൾ അവൻ വളരെ ക്ഷീണിതനായിരുന്നു. ജൊഹാനസ്ബർഗിലെ ലയൺസ് ബിഗ് ക്യാറ്റ് മൃഗശാലയിലെ ജീവനക്കാരുടെ പരിചരണമാണ് ലാസിസിനു പുതുജീവിതം നൽകിയത്.

ഇന്ന് ലാസിസ് ഉത്സാഹിയാണ്. ശരീരത്തിനു ബലം വച്ചിരിക്കുന്നു. ഗർജനത്തിൽ ശൗര്യം വന്നിരിക്കുന്നു. ചുവടുവപ്പിലെ ചടുലതയും അവൻ വീണ്ടെടുത്തിരിക്കുന്നു. അതേ, ലാസിസ് ആ പഴയ കടുവയായി മാറിയിരിക്കുന്നു...