വശ്യമനോഹരം ഈ വിസ്മയ നിലവറ
ഉയരമുള്ള ഗുഹകൾ. അങ്ങിങ്ങ് നീലയും ചുവപ്പുമാർന്ന പ്രകാശരശ്മികളുടെ മിന്നലാട്ടം. ഇരുട്ടിന് വല്ലാത്ത ഭംഗിയുള്ളതുപോലെ. ഒപ്പം, വല്ലാതെ ഭയപ്പെടുത്തുകയും ചെയ്യും. മാസ്മരികമായ അന്തരീക്ഷത്തിലൂടെ മുന്നോട്ട് നയിക്കാൻ വഴികാട്ടികളുണ്ട്. അവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ മതിഭ്രമത്തിൽ ഉഴറും. ഏതെങ്കിലും ജയിംസ് ബോണ്ട് ചിത്രത്തിലെ കാഴ്ചകളാണെന്ന് കരുതിയെങ്കിൽ തെറ്റി.

ശത്രുനാശത്തിന്റെ വിത്തൊരുക്കാൻ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും ദീർഘനാളത്തെ പരിശ്രമത്തിന്റെയും ഫലമായി അരനൂറ്റാണ്ടിനു മുമ്പ് നിർമാണം തുടങ്ങിയ ഒരു സൈനിക പാളയം. ഇന്ന് സ്വദേശികളും വിദേശികളും ആകാംക്ഷയോടെയും അതിലേറെ അത്ഭുതത്തോടെയും വീക്ഷിക്കുന്ന, അവിസ്മരണീയമായ അനുഭവം സമ്മാനിക്കുന്ന, വിനോദസഞ്ചാരകേന്ദ്രം. ലോകത്ത് മനുഷ്യനിർമിതമായ ഏറ്റവും വലിയ കൃത്രിമ ഗുഹയാണ് 816 ന്യൂക്ലിയർ മിലറ്ററി പ്ലാന്റ്. ചൈനയിലെ ചോങ്ക്വിങ് പർവതത്തിനുള്ളിലാണ് നിഗൂഢമായ ഈ നിലവറ.

ചൈനീസ്– സോവിയറ്റ് ബന്ധത്തിന് ഉലച്ചിൽ തട്ടിയ കാലം. പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ദൃഢമാക്കണമെന്ന് ചൈന തീരുമാനിച്ചു. സോവിയറ്റ് കടന്നുകയറ്റമുണ്ടായാൽ സാധ്യമാം വിധം തടയാനുമുള്ള മുന്നൊരുക്കങ്ങൾക്ക് ചൈന മൂർച്ച കൂട്ടി. അങ്ങനെയാണ് അതീവരഹസ്യമായി ഈ ന്യൂക്ലിയർ ബങ്കർ നിർമാണത്തിന് തുടക്കം കുറിച്ചത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ, എൻജിനിയറിംഗ് വൈദഗ്ധ്യമുള്ള, അറുപതിനായിരത്തോളം സൈനികരെ പ്ലാന്റ് നിർമാണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തു. 1966– ൽ നിർമാണം ആരംഭിച്ചു. ഗുഹകളും തുരങ്കങ്ങളും റോഡുകളുമെല്ലാം അടങ്ങിയതാണ് പ്ലാന്റ്. ആണവായുധങ്ങളിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം – 239 ഉദ്പാദിപ്പിക്കുകയായിരുന്നു പ്ലാന്റിന്റെ ഉദ്ദേശ്യം. കൂടാതെ, ഉഗ്രശേഷിയുള്ള മറ്റു സ്ഫോടകവസ്തുക്കളുടെയും ഉത്പാദനം ഇവിടെയാകാമെന്നും ചൈന ഉറപ്പിച്ചു. ഒന്നര ദശകത്തിലേറെ അഹോരാത്രം നീണ്ട അധ്വാനത്തിനിടയിൽ സൈനികരിൽ പലരും രോഗബാധിതരായി വിധിക്ക് കീഴടങ്ങി. ഒടുവിൽ, 1984 –ൽ പ്ലാന്റ് പൂർത്തിയായി. ഭാഗ്യമെന്ന് പറയാം, ശീതയുദ്ധത്തിന് വിരാമമായതോടെ, അക്കാലത്ത് ആണവായുധ താത്പര്യം ചൈന പിൻവലിച്ചു. എങ്കിലും, മഹാവിസ്മയങ്ങൾ നിറഞ്ഞ പ്ലാന്റിനെ അതുപോലെ നിലനിറുത്തി.


രാജ്യത്തെ സുരക്ഷാ സംബന്ധമായ ഈ വർത്തമാനം 2002 ഓടെ പുറത്തുവന്നു. പിന്നീട് പ്ലാന്റ് നവീകരിക്കപ്പെട്ടു. മികച്ച ഒരു ശാസ്ത്ര സങ്കേതമായും വിനോദസഞ്ചാര കേന്ദ്രമായും പ്ലാന്റിനെ വിനിയോഗിക്കാൻ ചൈന നീക്കങ്ങൾ ആരംഭിച്ചു. പ്ലാന്റ് ആദ്യം സ്വദേശികൾക്കാണ് തുറന്നുകൊടുത്തത്. ഇപ്പോൾ വിദേശ വിനോദസഞ്ചാരികൾക്കും പ്ലാന്റ് സന്ദർശിക്കാനുള്ള അനുമതി നൽകി.

80 മീറ്റർ ഉയരവും 25 മീറ്റർ വീതിയുമുണ്ട് പ്ലാന്റിലെ ഏറ്റവും വലിയ കൃത്രിമ ഗുഹയ്ക്ക്. 20 നില മന്ദിരത്തിന്റെയത്രയും പൊക്കമുള്ള ഗുഹകളിലൂടെ സഞ്ചാരികൾ വൈവിധ്യമാർന്ന ശാസ്ത്ര വിജ്‌ഞാനകാഴ്ചകൾ ആസ്വദിച്ചാണ് നടക്കുക. പരസ്പരം ബന്ധിതമായിട്ടുള്ള 18 ഗുഹകൾ പ്ലാന്റിലുണ്ട്. 104,000 ചതുരശ്രമീറ്ററാണ് ഗുഹയുടെ ഉപരിതല വിസ്തീർണ്ണം. തുരങ്കങ്ങളുടെ ആകെ നീളം 20 കിലോമീറ്ററിലേറെ വരും. കൂടാതെ, ഗുഹകളെ ബന്ധിപ്പിക്കുന്ന 130 റോഡുകളും. ആയിരക്കണക്കിന് ടൺ ടി എൻ ടി സ്ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയേയോ അതിഭയങ്കരമായ ഭൂകമ്പത്തേയോ പോലും അതിജീവിക്കാൻ പാകത്തിലാണ് ഭൂഗർഭ അറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയോൺ ബൾബുകളുടെ പ്രകാശത്താൽ പൂരിതമായ, ഭൂതാവിഷ്ടമായ ശബ്ദ സാന്നിധ്യം പതിഞ്ഞ, വിജ്‌ഞാനക്കുറിപ്പുകൾ ഇഴചേർന്ന, വഴികളിലൂടെ, പ്ലാന്റ് മുഴുവനും കണ്ടു പുറത്തിറങ്ങാൻ കുറഞ്ഞത് നാലു മണിക്കൂർ വേണം.

ഗിരീഷ് പരുത്തിമഠം