അമിതവണ്ണത്തെ ചെറുത്തുതോൽപ്പിക്കാം
അമിതവണ്ണത്തെ ചെറുത്തുതോൽപ്പിക്കാം
നവംബർ 26– അമിതവണ്ണത്തിനെതിരേയുള്ള ലോകദിനം
മിതവണ്ണം ലോകമെങ്ങും വർധിച്ചുവരികയാണ്. ലാൻസെറ്റിന്റെ പഠനമനുസരിച്ച് ആഗോളതലത്തിൽ അമിതവണ്ണമുള്ളവരിൽ 28 ശതമാനം പേരും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലുമാണുള്ളത്.
ഇന്ത്യയിൽ അമിതതടിയുടെ കാര്യത്തിൽ പഞ്ചാബിനു തൊട്ടുപിറകിൽ രണ്ടാം സ്‌ഥാനമാണു കേരളത്തിന്. കുടവയറാണു കേരളത്തിന്റെ പ്രശ്നം. ലീൻ ഒബേസിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. വയറ്റിലെ കൊഴുപ്പാണ് ഇവിടെ വില്ലനാകുന്നത്. ഇതുമൂലം കൊറോണറി ആർട്ടറി രോഗങ്ങൾക്കും സെറിബ്രൽ വാസ്കുലാർ രോഗത്തിനും കാരണമാകുന്നു. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ചെറുക്കുന്നതിനായി ലോകാരോഗ്യ സംഘടന 2025–ഓടെ തടികൂടുന്നതു കുറയ്ക്കാനുള്ള പരിശ്രമത്തിലാണ്. കേരളം ഇതിനായി അരമുറുക്കുകയും ഈ രോഗാവസ്‌ഥയ്ക്കുള്ള കാരണങ്ങളെന്താണെന്നു കണ്ടെത്തുകയും വേണം.

ആഹാരശീലങ്ങളിലെ മാറ്റമാണ് അമിതവണ്ണത്തിനുള്ള പ്രധാന കാരണം. മലയാളികൾ അവരുടെ പാരമ്പര്യഭക്ഷണങ്ങളായ പഴങ്കഞ്ഞി, ചെറുമീനുകൾ, കാലാകാലങ്ങളിൽ ലഭിച്ചിരുന്ന പച്ചക്കറികൾ, തദ്ദേശീയമായ പഴങ്ങൾ എന്നിവയെല്ലാം നാം മറന്നുകഴിഞ്ഞു. പ്രാതലിനു പുട്ടും ഇഡ്ഡലിയും കഴിച്ചിരുന്നിടത്തു സീറിയലുകളും ടോസ്റ്റുകളും സ്‌ഥാനം പിടിച്ചു. സമ്പദ്സ്‌ഥിതി മെച്ചപ്പെട്ടതോടെ പുറത്തുനിന്നു ഭക്ഷണം കഴിക്കാനുള്ള ഒരു വ്യഗ്രത മലയാളിക്കുണ്ട്. ഹോട്ടൽ ഭക്ഷണത്തിന്റെ തോതു വർധിച്ചുവരുന്നതായാണു കാണുന്നത്. പുറത്തുനിന്നു കഴിക്കുമ്പോൾ കൂടുതൽ ആഹാരം അകത്താക്കുന്നു. ഇതുവഴി കൂടുതൽ കലോറി ഉള്ളിലെത്തും. സാധാരണയായി ചൈനീസ്, ഫാസ്റ്റ് ഫുഡ് വിഭവങ്ങളായ പീസ, ബർഗർ എന്നിങ്ങനെ ഉയർന്ന കലോറിയുള്ളവയാണു പുറത്തുനിന്നു കഴിക്കുന്നവയിൽ കൂടുതൽ.

മധുരപാനീയങ്ങൾ അകത്താക്കുന്നതിന്റെയും തോതു വർധിച്ചുവരികയാണ്. പുതുതലമുറയിൽ ഇതു വളരെയധികമായി കാണുന്നു. യുഎസ്, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാൾ പിന്നിലാണെങ്കിലും ഇന്ത്യ പ്രതിശീർഷ ശീതളപാനീയങ്ങളുടെ വിൽപ്പനയിൽ കേരളം ഏറ്റവും ഉയർന്ന ഇരുപതിൽ ഉൾപ്പെടും.

ജീവിതശൈലിയിലെ മാറ്റങ്ങളാണു മറ്റൊരു കാരണം. ശാരീരികാധ്വാനമില്ലാതെ ഒരേയിരുപ്പിലുളള ജോലികൾ ചെയ്യുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെയാണ്. ഇതുവഴി അമിതവണ്ണം വർധിക്കും. ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്‌തസമ്മർദം, പ്രമേഹം, ചില കാൻസറുകൾ, പിത്തസഞ്ചിയിലെ രോഗങ്ങൾ, പിത്താശയക്കല്ലുകൾ, ഓർത്തോആർത്രൈറ്റിസ്, വാതം, ശ്വസിക്കാനുള്ള പ്രശ്നങ്ങൾ, ഉറക്കത്തിൽ കുറച്ചുനേരത്തേയ്ക്ക് ശ്വാസംകഴിക്കാനാകാതെ വരുന്ന സ്ലീപ് ആപ്നിയ, ആസ്ത്മ എന്നിവയെല്ലാം അമിതവണ്ണം മൂലം ഉണ്ടാകാം.


ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ആണ് സാധാരണയായി അമിതവണ്ണമുണ്ടോ എന്നറിയാനുള്ള മാർഗം. ഒരു വ്യക്‌തിയുടെ ഉയരവും തൂക്കവും കണക്കാക്കിയാണ് ബിഎംഐ കണ്ടെത്തുന്നത്. ബിഎംഐ 25 മുതൽ 30 വരെയാണെങ്കിൽ അമിതവണ്ണമാണ്. ഇത് ജീവിതദൈർഘ്യം മൂന്ന് വർഷം എന്ന തോതിൽ കുറയ്ക്കുന്നു. ബിഎംഐ 30–ന് മുകളിലാണെങ്കിൽ ജീവിതദൈർഘ്യം പത്തു വർഷം വരെ കുറയാം.

കുട്ടിയായിരിക്കുമ്പോൾ അമിതവണ്ണമുണ്ടെങ്കിൽ പിന്നീട് ജീവിതത്തിൽ നേരത്തെ ടൈപ് 2 പ്രമേഹം, ആതീറോസ്ക്ലീറോട്ടിക് ഹൃദയാഘാതം, ഉയർന്ന രക്‌തസമ്മർദം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. മുതിർന്നവരിൽ വയറിന്റെ വണ്ണം ടൈപ് 2 പ്രമേഹത്തിനും കാർഡിയോവാസ്കുലാർ രോഗങ്ങൾക്കും കാരണമാകും.

ശാരീരികമായ ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ മാനസികമായ പ്രശ്നങ്ങൾക്കും കാരണമാകാം. ആത്മവിശ്വാസക്കുറവാണ് ഇവയിൽ ഒന്ന്. നിഷേധാത്മകമായ ചിന്തകൾ മൂലം സമൂഹത്തിലും ജോലിയിലും വേർതിരിവുകളുണ്ടാവാം.

അമിതവണ്ണം സാമ്പത്തികമായ പ്രശ്നങ്ങൾക്കും വഴിതെളിക്കും. ആശുപത്രി, മരുന്ന് എന്നിവയ്ക്കുവേണ്ടി വരുന്ന നേരിട്ടുള്ള ചെലവുകളും നേരിട്ടല്ലാതെ ഉത്പാദനത്തിലുണ്ടാകുന്ന കുറവുകൾ മൂലമുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. ഭക്ഷണക്രമീകരണവും വ്യായാമവും വഴി തടികുറയ്ക്കുന്നതിനാണു ഫിസിഷ്യൻമാർ അമിതതടിയുള്ളവർക്കായി നിർദേശിക്കുന്നത്. അത്യധികമായ തടിയുള്ളവർക്ക് ഇവ ചിലപ്പോൾ ഫലപ്രദമാകണമെന്നില്ല. ഇത്തരം അവസ്‌ഥയിൽ ബേരിയാട്രിക് ശസ്ത്രക്രിയയിലൂടെ ആമാശത്തിന്റെ വലിപ്പം കുറയ്ക്കുന്ന രീതി സ്വീകരിക്കാവുന്നതാണ്.

ലോകമെങ്ങും അമിതവണ്ണത്തിനെതിരേയുള്ള പോരാട്ടത്തിലാണ്. ഒന്നിച്ചുനിന്നു പോരാടിയാൽ നമുക്കു മികച്ച രീതിയിൽ അതിനെ നേരിടാനാകും. അമിതവണ്ണത്തിനെതിരേയുള്ള ലോകദിനമായ ഇന്ന് ആസ്റ്റർ മിംസ് സവിശേഷമായ ആരോഗ്യസംരക്ഷണ പദ്ധതിക്കു തുടക്കം കുറിച്ചു. തടി കുറയ്ക്കുന്ന ജീവ നക്കാർക്കു കാഷ് ഇൻസെന്റീവുകൾ ലഭിക്കുന്നതാണ് ഈ പദ്ധതി.

ഷെറിൻ തോമസ്
ആസ്റ്റർ മിംസ് ചീഫ് ഡയറ്റീഷ്യൻ