കറുത്ത മരണത്തിന്റെ ബാക്കിപത്രം
ഇംഗ്ലണ്ടിലെ ലിൻകെൻഷെറിനടുത്ത് തോൺടണിൽ 14ാം നൂറ്റാണ്ടിൽ സ്‌ഥാപിക്കപ്പെട്ട ഒരു ആശുപത്രിയുണ്ട്. ഇവിടെയുള്ള ഒരു ആശ്രമത്തോടു ചേർന്നാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു വിഭാഗം അധ്യാപകരും വിദ്യാർഥികളും അവരുടെ പഠനത്തിന്റെ ഭാഗമായി ഈ ആശുപത്രിയുടെ പരിസരങ്ങളിൽ ഖനനം നടത്തി. ഖനനത്തിൽ ഇവർ കണ്ടെത്തിയത് ഏഴു നൂറ്റാണ്ടുകൾ പഴക്കമുള്ള 48 അസ്‌ഥികൂടങ്ങൾ. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ പടർന്നു പിടിച്ച കറത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗിൽ മരണപ്പെട്ടവരുടെ അസ്‌ഥികൂടങ്ങളായിരുന്നു ഇവ. ഇതിൽ 27 എണ്ണം കുട്ടികളുടെ അസ്‌ഥികൂടങ്ങളായിരുന്നു.

1346 മുതൽ 1353 വരേ യൂറോപ്പിന്റ പേടി സ്വപ്നമായിരുന്ന പ്ലേഗിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകര പകർച്ച വ്യാധിയായാണ് ഇതിനെ കണക്കാക്കുന്നത്.

പ്രിയപ്പെട്ടവരെ മരണത്തിനു ശേഷം സ്വകാര്യ ശ്മശാനങ്ങളിലോ ആരാധനാലയങ്ങളോടു ചേർന്ന ശ്മശാനങ്ങളിലോ സംസ്കരിക്കുന്നതായിരുന്നു അക്കാലത്ത് ഇംഗ്ലണ്ടിലെ പതിവ്. എന്നാൽ ഇതിനു വിപരീതമായി ഒരു ആശുപത്രിയുടെ പരിസരത്ത് ഇത്തരമൊരു ശവക്കുഴി തീർത്തത് അന്നത്തെ പ്ലേഗിലുണ്ടായ മരണത്തിന്റെ വ്യാപ്തിയിലേക്ക് വിരൽ ചൂണ്ടുന്നതായി പുരാവസ്തു ശാസ്ത്രജ്‌ഞൻ ഹഗ് വിൽമോട്ട് പറഞ്ഞു. ഇത്തരത്തിലുള്ള പൊതു ശവക്കുഴികൾ ഇംഗ്ലണ്ടിൽ അപൂർവമായേ കാണാറുള്ളു. കറുത്ത മരണത്തിന്റെ സമയത്തുള്ള ഒരു പൊതു ശ്മശാനമെ ഇംഗ്ലണ്ടിൽ ഇതുവരേ കണ്ടെത്തിയിട്ടുള്ളു. നഗരത്തിൽ മരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നപ്പോൾ അധികൃതർ ഇത്തരമൊരു പൊതു ശ്മശാനം തുറക്കാൻ നിർബനന്ധിതമാവുകയായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു.


ലിൻകെൻഷെർ പോലുള്ള ചെറിയ ഗ്രാമങ്ങൾ പ്ലേഗ് പോലുള്ള മാരക പകർച്ച വ്യാധികളെ എങ്ങനെ നേരിട്ടു എന്നറിയാൻ ഇത്തരം സ്‌ഥലങ്ങളെക്കുറിച്ചുള്ള പഠനം സഹായകരമാകുമെന്ന് ഹഗ് വിൽമോർട്ട് പറഞ്ഞു. അസ്‌ഥികൂടങ്ങൾ മരണത്തിന്റെ ബാക്കി പത്രങ്ങളാണെങ്കിലും അത് അവയുടെ ജീവിതകാലങ്ങളിലേക്കും വെളിച്ചം വീശുമെന്ന് പുരാവസ്തു ശാസ്ത്രജ്‌ഞർ വിശ്വസിക്കുന്നു.