റിജോയിയുടെ അകക്കണ്ണിലെ വെള്ളിത്തിരയിളക്കം
റിജോയിയുടെ അകക്കണ്ണിലെ വെള്ളിത്തിരയിളക്കം
കാഴ്ചയുടെ ലോകം ആന്യമാണെങ്കിലും അകകണ്ണിൽ നിറയുന്ന വെളിച്ചത്തിൽ ജീവിതത്തെ മഴവില്ലഴകുള്ളതായ് കാണുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി റിജോയ്. ജന്മനാ അന്ധത ബാധിച്ച കണ്ണുകളെ പഴിക്കാതെ, തളരാതെ സ്വപ്നങ്ങൾ നേടിയെടുക്കാനാണ് ഈ 21 കാരനിഷ്‌ടം. കണ്ണുള്ളവരെക്കാൾ നന്നായി സിനിമ നിരൂപണം നടത്തിയാണ് റിജോയ് ശ്രദ്ധേയനാകുന്നത്. കാഴ്ചയില്ലാതെന്ത് സിനിമ എന്നു ചോദിക്കുന്നവരോട് റിജോയിയുടെ മറുപടിയിതാണ്: കാഴ്ചയ്ക്കപ്പുറമാണ് സിനിമ.

ദൃശ്യതയുടെ ആഘോഷമായ സിനിമയുടെ സൗന്ദര്യം റിജോയിയെ ആകർഷിച്ചുതുടങ്ങിയത് ആറാം വയസിലാണ്. ആകാശവാണിയിൽ സംപ്രേഷണം ചെയതിരുന്ന ചലച്ചിത്ര ശബ്ദരേഖകളായിരുന്നു ആദ്യകാലങ്ങളിൽ ആശ്രയം. പിന്നീട് സിനിമാ ശബ്ദരേഖകളുടെ ഓഡിയോ കാസറ്റുകൾ മേടിച്ചായി ’സിനിമാകാഴ്ച’. ഇതിനുമൊക്കെ അപ്പുറമുള്ള സിനിമാനുഭവം ആസ്വദിക്കണമെങ്കിൽ തീയറ്ററുകളിൽ പോകണമെന്ന് തിരിച്ചറിഞ്ഞതോടെ അച്ഛന്റെ കയ്യും പിടിച്ച് തീയറ്ററുകളിലേക്കായി യാത്ര. ഓരോ രംഗങ്ങളെക്കുറിച്ചമുള്ള പ്രതികരണങ്ങൾ കരഘോഷങ്ങളായും ആരവങ്ങളായും തേങ്ങലുകളായും അപ്പപ്പോൾ നിറയുന്ന തീയറ്ററുകൾ തന്റെ കാഴ്ച എളുപ്പമാക്കിയെന്ന് റിജോയ് പറയുന്നു.



പ്ലസ്ടുവിലെത്തിയതോടെ കൂട്ടുകാർക്കാപ്പമായി ’പടംകാണൽ’. പിന്നീട് ഒറ്റയ്ക്കും പോയിത്തുടങ്ങി. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ ബിഎ മലയാളം വിദ്യാർഥിയായിരുന്നപ്പോഴാണ് സിനിമാ നിരൂപണം ഗൗരവമായി ചെയ്തു തുടങ്ങിയത്. തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്ന റിവ്യു വായിക്കാൻ ഒരുപാട് പേരുണ്ടന്ന് റിജോയ് പറയുന്നു. മോഹൻലാലും കമൽഹാസനുമാണ് റിജോയിയുടെ ഇഷ്‌ടതാരങ്ങൾ. ഈ രണ്ടു താരങ്ങളുടെയും സംഭാഷണങ്ങളിലെ ശബ്ദക്രമീകരണങ്ങൾ തന്നെ അത്ഭുതപ്പെടുത്താറുണ്ടന്ന് റിജോയ് സമ്മതിക്കുന്നു. ലാലേട്ടന്റെ പുലിമുരുകനാണ് റിജോയ് അടുത്തിടെ കണ്ട മലയാളച്ചിത്രം. സുസു സുധീവാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്്ത രഞ്ജിത് ശങ്കറാണ് റിജോയിയുടെ പ്രിയസംവിധായകൻ. ഡിഗ്രിക്ക് പ്രോജക്ടിനുള്ള വിഷയമായി തെരഞ്ഞെടുത്തതും രഞ്ജിത് ശങ്കറിന്റെ സിനിമകളായിരുന്നു.




സിനിമയെ ഇത്രയധികം സ്നേഹിക്കുന്ന റിജോയ്ക്ക് മിമിക്രിയിലും സംഗീതത്തിലും അഭിരുചിയുണ്ട്. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഈ കലാകാരന് സിനിമ തന്നെയാണ് ലക്ഷ്യവും സ്വപ്നവും. ഡിഗ്രിക്കു ശേഷം കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയ റിജോയ് ഇപ്പോൾ ഉപജീവനത്തിനായി ഒരു തൊഴിൽ തേടുകയാണ്. കൂലിപ്പണിക്കാരനായ അച്ഛൻ ശിവശങ്കരനും അമ്മ ചിന്നുവും അനുജത്തി ചന്ദനയും റിജോയ്ക്കു പിന്തുണയുമായി കൂട്ടിനുണ്ടെങ്കിലും ജോലിയില്ലാത്തതിന്റെ വിഷമം റിജോയിയെ നന്നായി അലട്ടുന്നുണ്ട്. പക്ഷേ പിൻവാങ്ങാൻ റിജോയ് തയാറല്ല. ഉൾക്കണ്ണിൽ നിറയുന്ന പ്രതീക്ഷാ നാളങ്ങളുമായി ജീവിതം നേടാനൊരുങ്ങി മുന്നോട്ടുതന്നെ...