കംപ്യൂട്ടറിനു മുന്നിൽ അല്പം കരുതൽ
കംപ്യൂട്ടറിനു മുന്നിൽ അല്പം കരുതൽ
കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കു കണ്ണുകൾക്കു പലവിധത്തിലുളള അസ്വസ്‌ഥതകളും ഉണ്ടാകാറുണ്ട്. കണ്ണിൽ നിന്നു വെളളം വരിക, ചൂടു തോന്നിക്കുക, തലവേദന എന്നിവയാണ് സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. അതിനാൽ മുൻകരുതൽ എന്ന നിലയ്ക്കു കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

* കണ്ണിനു കാഴ്ചക്കുറവോ മറ്റ് അസുഖങ്ങളോ അനുഭവപ്പെട്ടാൽ അവയ്ക്കു ചികിത്സ തേടണം.

* കംപ്യൂട്ടറിൽ തുടർച്ചയായി 15–20 മിനിട്ട് നോക്കിയശേഷം ഏതാനും നിമിഷങ്ങൾ കണ്ണടച്ചിരിക്കണം. ദൂരെ ദിശയിലേക്ക്് ഇടയ്ക്കിടെ നോക്കണം.

* സാധാരണയായി ഒരു മിനിട്ടിൽ 20–22 തവണ കണ്ണുകൾ ചിമ്മാറുണ്ട്. കണ്ണു ചിമ്മുമ്പോൾ മാത്രമേ കണ്ണുനീർ കണ്ണുകളെ നനയ്ക്കാറുളളു. എന്നാൽ കംപ്യൂട്ടറിൽ ശ്രദ്ധിച്ചു ജോലി ചെയ്യുമ്പോൾ കണ്ണു ിമ്മുന്നതിന്റെ തവണ കുറയുന്നു. അതിനാൽ വേണ്ടവിധത്തിൽ കണ്ണുനീർ കണ്ണുകളെ നനയ്ക്കാതെയാകുന്നു. അപ്പോൾ കണ്ണിനു ചൂട് അനുഭവപ്പെടുകയും കണ്ണിൽനിന്നു വെളളം വരികയും ചെയ്യും. അതിനാൽ നിരന്തരം കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കാൻ ശ്രദ്ധപുലർത്തണം. കണ്ണിനു വരൾച്ച അനുഭവപ്പെടുന്നുവെങ്കിൽ കണ്ണുനീരിനു തുല്യമായ ചില മരുന്നുകൾ (Tear substitutes) ഒരു നേത്രരോഗവിദഗ്ധന്റെ നിർദേശപ്രകാരം ഉപയോഗിക്കുന്നതു നല്ലതാണ്.

* സാധാരണ കാഴ്്ചയുളളവർക്ക് സ്ക്രീനിൽ നിന്ന് 1 –1.5 അടി അകലെയിരുന്ന് ഉപയോഗിക്കാവുന്നതാണ്.

മൊബൈൽഫോൺ ആവശ്യത്തിനുമാത്രം


മൊബൈൽ ഫോൺ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. കൂടുതൽ നേരം
മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതും കംപ്യൂട്ടറിൽ നോക്കുന്നതുമെല്ലാം ഒരേ ഫലമാണ് കണ്ണിനുണ്ടാക്കുന്നത്. മൊബൈലിൽ കൂടുതൽ ശ്രദ്ധിച്ചു നോക്കിയിരിക്കുമ്പോൾ കണ്ണു ചിമ്മുന്നതു കുറയുന്നു. അതോടനുബന്ധിച്ചു കണ്ണിനു ചൂട്, കണ്ണിൽ നിന്നു വെളളം വരിക, തലവേദന എന്നിവയുമുണ്ടാകുന്നു. മൊബൈലിൽ കണ്ണുംനട്ട് ഗെയിം കളിക്കുന്നവർക്കും കാലക്രമത്തിൽ സംഭവിക്കുന്നത് അതുതന്നെ. മൊബൈലിൽ മെസേജുകളും മറ്റും ടൈപ്പ് ചെയ്യുമ്പോഴും മറ്റും നോർമൽ അല്ലെങ്കിൽ ലാർജ് ഫോണ്ട് സൈസ് ഉപയോഗിക്കുന്നതാണ് കണ്ണുകൾക്കു സുഖപ്രദം.

കണ്ണിൽ പൊടി, ആസിഡ്, കറ വീണാൽ

സാധാരണയായി കണ്ണിനു നേരേ ഏതെങ്കിലും വസ്തു പാഞ്ഞുവന്നാൽ ഇടമകൾ അടയും. ഒരു പരിധിവരെ മറ്റു വസ്തുക്കൾ കണ്ണിൽ വീഴാതിരിക്കാൻ ഇതു സഹായിക്കും. അഥവാ കണ്ണിൽ പൊടിവീണാൽ രണ്ടു വിരലുകൾ കൊണ്ടു കണ്ണു തുറന്നുപിടിച്ച് ധാരാളം വെളളമൊഴിച്ചു കണ്ണു കഴുകണം. ആസിഡ്, ആൽക്കലി പോലെയുളളവ കണ്ണിൽ തെറിച്ചാൽ ഒരു പരന്ന പാത്രത്തിൽ ശുദ്ധജലമെടുത്ത് കണ്ണ് തുറന്നുപിടിച്ച് അതിൽ കഴുകണം. അതിനുശേഷം പ്രയാസം അനുഭവപ്പെട്ടാൽ ഡോക്ടറെ കാണേണ്ടതാണ്. ചെടികൾ വെട്ടുമ്പോൾ അതിന്റെ കറ കണ്ണിൽ വീഴാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ കണ്ണുകൾ ശുദ്ധജലത്തിൽ നല്ലതുപോലെ കഴുകണം, പിന്നീടു വിദഗ്ധാഭിപ്രായം തേടണം. സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.
വിവരങ്ങൾ:

ഡോ.വർഗീസ് മാത്യു
അസിസ്റ്റന്റ് പ്രഫസർ. ഒഫ്ത്താൽമോളജി വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല ഫോൺ 9496570630.