വരുന്നൂ... ഒറ്റപ്പാലം ഫിലിം സിറ്റി
വരുന്നൂ... ഒറ്റപ്പാലം ഫിലിം സിറ്റി
മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനാണ് ഒറ്റപ്പാലം. കാവും കുളങ്ങളും പുഴയും പൂരവുമെല്ലാം മലയാളികളുടെ കാഴ്ചവട്ടങ്ങളിൽ നിറയ്ക്കുന്നതിൽ സിനിമാപ്രവർത്തകരുടെ ഇഷ്‌ടലൊക്കേഷനായ ഒറ്റപ്പാലം വഹിച്ച പങ്ക് അതുല്യമാണ്.

ഒറ്റപ്പാലം, ഷൊർണൂർ പരിസരപ്രദേശങ്ങളിൽ എത്ര മലയാള സിനിമകളാണ് പിറവിയെടുത്തതെന്ന കണക്കുകൾ എളുപ്പത്തിൽ കണ്ടെത്തുക അസാധ്യമാണ്. മലയാള സിനിമയുടെ ചുവടുപറ്റി അന്യഭാഷാ ചിത്രങ്ങൾ കൂടി ചിത്രീകരണത്തിനായി ഇവിടേക്ക് എത്താൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് സിനിമാനടൻ കൂടിയായ മുൻമന്ത്രി കെ.ബി.ഗണേഷ്കുമാർ ഒറ്റപ്പാലം ആസ്‌ഥാനമാക്കി ഫിലിംസിറ്റി എന്ന ആശയം മുന്നോട്ടുവച്ചത്. 2011–ൽ എംഎൽഎയായിരുന്ന എം.ഹംസ തന്റെ മണ്ഡലത്തിൽ ഫിലിംസിറ്റി അനുവദിച്ചുകിട്ടാൻ ആവുന്നതെല്ലാം ചെയ്തു.

അങ്ങനെയാണ് കണ്ണിയമ്പുറത്ത് കാഞ്ഞിരപ്പുഴ ഇറിഗേഷൻവകുപ്പിന്റെ മൂന്നരയേക്കർ സ്‌ഥലം ഫിലിംസിറ്റിക്കായി സർക്കാർ ഏറ്റെടുക്കുന്നത്. 2011–ൽ സർക്കാർ ബജറ്റിൽ അരക്കോടി രൂപ പദ്ധതിക്കായി നീക്കിവച്ചു. തുടർന്ന് പദ്ധതിക്ക് സാങ്കേതികാനുമതിയും ലഭിച്ചു. എന്നാൽ പിന്നീട് ബജറ്റുകളിൽ പദ്ധതിക്ക് അർഹമായ പരിഗണന ലഭിക്കുകയുണ്ടായില്ല. ഇതാണ് പദ്ധതി നീണ്ടുപോകാൻ കാരണമായത്.

സിനിമാനിർമാണവുമായി ബന്ധപ്പെട്ട് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. സിനിമാ വിദ്യാർഥികൾക്ക് പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇതുവഴി ഉദ്ദേശിക്കുന്നു.

പുതിയ സിനിമാപ്രവർത്തകർക്കും ഗവേഷകർക്കും ചുരുങ്ങിയ ചെലവിൽ കലാമൂല്യമാർന്ന സിനിമകൾക്ക് ഈ സൗകര്യങ്ങൾ ഉപയോഗപ്രദമാക്കാനാകുമെന്നതാണ് മറ്റൊരു നേട്ടം. ആധുനിക തിയേറ്റർ സമുച്ചയം പദ്ധതികൂടി ഇതിനോടു ചേർക്കും. മികച്ച സിനിമകൾ കാണാൻ ഇതു പ്രയോജനകരമാകും.
സിനിമാ ചിത്രീകരണത്തിന് വലിയ പ്രശ്നങ്ങളാകുന്ന റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, കോടതികൾ, ക്ഷേത്രം, പള്ളികൾ എന്നിവയെല്ലാം ഇവിടെ പൂനർജനിക്കപ്പെടും. ഇതിനു പുറമേ മലയാളസിനിമയുടെ ഭാഗ്യമുദ്രയായ വരിക്കാശേരിമനയും ഇവിടെ നിർമിക്കുന്നവയിൽ ഉൾപ്പെടും.

ഒറ്റപ്പാലത്തിന്റെ സിനിമാപ്രതാപത്തിനു മാറ്റുകൂട്ടുന്നതാകും ഫിലിസിറ്റി. പദ്ധതിക്കുവേണ്ടി ജനപ്രതിനിധികൾ കൂടി ഉണർന്നു പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. പ്രതിവർഷം 45 കോടി രൂപയ്ക്കടുത്ത് വരുമാനം സിനിമാ ചിത്രീകരണം വഴി ഒറ്റപ്പാലത്തിനു ലഭിച്ചിരുന്നു.




എന്നാൽ അടിസ്‌ഥാന പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഈനാട്ടിലെ ഭരണാധികാരികൾ സാധിക്കാത്തത് വലിയ പരാജയമായാണ് വിലയിരുത്തുന്നത്. ഫിലിംസിറ്റി വഴി ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 15 കോടി രൂപയാണ് പദ്ധതിക്കു എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി)നാണ് ഫിലിംസിറ്റിയുടെ നിർമാണചുമതല. ചലച്ചിത്രവികസന കോർപറേഷൻ ചെയർമാൻമാരായിരുന്ന സാബു ചെറിയാൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും മറ്റു ജനപ്രതിനിധികളും പദ്ധതിക്കായി പ്രയത്്നിച്ചവരാണ്.
അഞ്ചുകോടി രൂപയിൽനിന്നും 15 കോടിയായി എസ്റ്റിമേറ്റ് തുക മാറിയെങ്കിലും പദ്ധതി പ്രാബല്യത്തിൽ വരുമെന്നുതന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു കീഴിലാണ് ഫിലിംസിറ്റി പ്രവർത്തിക്കുക.

സിനിമാപ്രേമികളുടെ സ്വപ്നപദ്ധതിയായ ഫിലിംസിറ്റി യാഥാർഥ്യമാക്കുമെന്ന് നിലവിലുള്ള ചലച്ചിത്രവികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രനും പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പു വിഭാവനം ചെയ്ത പദ്ധതിയിൽനിന്നും വ്യത്യസ്തമായി സിനിമാ തീയേറ്ററുകളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും പ്രാധാന്യം നല്കി നിർമിക്കുന്ന ഫിലിംസിറ്റിയിൽ കലാസാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.



നാടകവും വിവിധ കലാരൂപങ്ങളും അരങ്ങേറുന്നതിനുള്ള വേദികളും ഇവിടെയെത്തുന്നവർക്ക് താമസസൗകര്യവുമെല്ലാം ഇവിടെ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ബാങ്കിൽനിന്നാണ് ഫിലിം സിറ്റി നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതെന്നും ലെനിൻ രാജേന്ദ്രൻ പറഞ്ഞു.

–മംഗലം ശങ്കരൻകുട്ടി