വിളർച്ച തടയാനും മുടിയഴകിനും നെല്ലിക്ക
വിളർച്ച തടയാനും മുടിയഴകിനും നെല്ലിക്ക
ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങൾക്കു(ഡി ടോക്സിഫിക്കേഷൻ)
നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങൾ പറയുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങളെ നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായിക്കുന്നു. നെല്ലിക്കയിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു.

വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. ചർമത്തിന്റെ ആരോഗ്യത്തിന് വിറ്റാമിൻ സി ഗുണം ചെയ്യും. പ്രതിരോധശക്‌തി മെച്ചപ്പെടും. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകളെ തടയുന്നു. ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്; ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ്. ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാർഥങ്ങളാണ് ആന്റി ഓക്സിഡന്റുകൾ. നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാിക്കലുകളെ തകർക്കുന്നു. കോശങ്ങളെ വിഷമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു.

വിളർച്ച തടയാൻ നെല്ലിക്ക സഹായകം. നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്‌താണുക്കളുടെ എണ്ണം കുട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയെന്നത് നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേർത്തു കഴിച്ചാൽ വിശപ്പില്ലാത്തവർക്കു വിശപ്പുണ്ടാകും. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം.

മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.

കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും ഉത്തമം.


പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ അളവ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.

ത്രിഫല എന്നാൽ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂർണം. ദിവസവും രാത്രി ഇതു വെളളത്തിൽ കലക്കിക്കുടിച്ചാൽ മലബന്ധം മൂലം പ്രയാസപ്പെടുന്നവർക്ക് ആശ്വാസം കിട്ടും. ശോധന ഉണ്ടാകാൻ സഹായകം. രോഗപ്രതിരോധശക്‌തി മെച്ചപ്പെടും

തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. ശ്വാസകോശം ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്‌ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഇനി നെല്ലിക്ക ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ടോണിക്കിനെക്കുറിച്ച്. നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേൻ, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂൺ അളവിൽ കഴിച്ചാൽ രോഗങ്ങൾ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടും. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.