സനാഥ ബാല്യങ്ങളുടെ നാട്–1
സനാഥ ബാല്യങ്ങളുടെ നാട്–1
ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാണ്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സുമനസുകളായ കുടുംബങ്ങൾ ഏറ്റെടുക്കുന്ന വിവിധ പദ്ധതികൾ ഇതുവരെ പാതിവഴിയിലായിരുന്നു. എന്നാൽ ഇത്തരം കുട്ടികൾക്ക് തണൽ നൽകുന്ന ഫോസ്റ്റർ കെയർ പദ്ധതി, വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി, ദത്തെടുക്കൽ എന്നിവ വിജയകരമാക്കുന്നതിന് സാമൂഹികനീതി വകുപ്പും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ഉണർന്നുകഴിഞ്ഞു. രാഷ്ര്‌ടദീപിക മലപ്പുറം ലേഖകൻ രഞ്ജിത് ജോൺ തയാറാക്കുന്ന ‘തണൽ തേടുന്ന നഷ്‌ടബാല്യം’ എന്ന പരമ്പര

ഇന്നവർ ചിത്രശലഭങ്ങളുടെ വീട്ടിലെ സനാഥരാണ്. രക്‌തബന്ധത്തേക്കാളും ഇഴയടുപ്പമുള്ള സ്നേഹക്കൂട്ടിലെ അംഗങ്ങൾ. ഹൃദയബന്ധം ഇമ്പം തീർക്കുന്ന കുടുംബത്തിൽ അവർ ശലഭങ്ങളായി പാറിനടക്കുകയാണ്. അച്ഛൻ ഉപേക്ഷിച്ചതോടെ തണൽ നഷ്‌ടപ്പെട്ട പറക്കമുറ്റാത്തെ കുരുന്നുകളെ അമ്മയും ഒറ്റക്കാക്കി മറ്റൊരു ലോകത്തേക്ക് പറന്നകന്നതോടെ രണ്ടുപേരും അനാഥത്വത്തിന്റെ ഇരുട്ടിൽ നൊമ്പരങ്ങളുടെ ചിറകിട്ടടിക്കുകയായിരുന്നു. ബാലമന്ദിരത്തിലേക്ക് പറിച്ചുനട്ട കുട്ടികൾക്ക് ദൈവദൂതരായാണ് അവരെത്തിയത്. മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ആവിഷ്കരിച്ച വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി യാദൃശ്ചികമായാണ് വർഷങ്ങളോളം മക്കളില്ലാതെ കഴിഞ്ഞ തിരൂരിലെ ദമ്പതികൾ അറിയുന്നത്. എല്ലാ വിധ ചികിത്സകൾ നടത്തിയെങ്കിലും കുഞ്ഞുങ്ങളുണ്ടാവാത്തതിനാൽ അവർ അതീവദുഃഖിതരായിരുന്നു. ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി അന്വേഷിച്ചെത്തുന്നത്. സമ്മർട്രീറ്റ് എന്ന പേരിലുള്ള രണ്ടുമാസത്തെ കുട്ടികളുടെ സംരക്ഷണം നൽകുന്ന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി ദമ്പതികൾക്ക് പുതിയൊരു ജീവിതം തന്നെ നൽകുകയായിരുന്നു. അവർക്ക് ലഭിച്ചത് 10 ഉം 17 ഉം വയസുള്ള ഈ രണ്ടുപെൺകുട്ടികളെയായിരുന്നു.

നെഞ്ചിൽ അടക്കിപിടിച്ചിരുന്ന സ്നേഹം മുഴുവൻ ദമ്പതികൾ കുട്ടികൾക്കായി വാരിക്കോരി നൽകി. മതിവരുവോളം അവരെ സ്നേഹിച്ചു. രണ്ടുമാസം തീരാനായപ്പോൾ കുട്ടികളെ വിടാൻ അവർക്ക് മനസുണ്ടായിരുന്നില്ല. മനസില്ലാ മനസോടെ തിരിച്ചേൽപ്പിച്ചെങ്കിലും ബാലമന്ദിരത്തിൽ കഴിയുന്ന കുട്ടികളെ കാണാൻ അവർ വീണ്ടും വീണ്ടും എത്തി. അങ്ങനെ പദ്ധതിയുടെ രണ്ടാം വർഷവും കുട്ടികൾക്കായി അപേക്ഷിച്ചെങ്കിലും സാങ്കേതികതടസങ്ങൾ അവരെ കാത്തിരിപ്പുണ്ടായിരുന്നു. കുടുംബകോടതി കനിഞ്ഞതോടെ കുട്ടികളെ അവർക്ക് തന്നെ ലഭിച്ചു. കുട്ടികൾ ഇപ്പോഴും അവരോടൊപ്പം തന്നെയാണ്. വെക്കേഷൻ ഫോസ്റ്റർ കെയറിലൂടെ ഏറ്റെടുത്ത കുട്ടികളെ ഫോസ്റ്റർ കെയർ പദ്ധതി, ദത്തെടുക്കൽ എന്നീ നടപടിക്രമങ്ങളിലൂടെ കുട്ടികളെ സ്വന്തമാക്കാനാണ് ദമ്പതികളുടെ ആഗ്രഹം. ആ വീടിന്നു സ്നേഹത്തിന്റെ പൂന്തോട്ടമാണ്. സ്നേഹക്കൂടിനുള്ളിൽ മതിവരുവോളം അവർ പരസ്പരം സ്നേഹിക്കുകയാണ്. നിർവചിക്കാനാകാത്ത വൈകാരികബന്ധം അവർക്കിടയിൽ രൂപപ്പെട്ടിരിക്കുന്നു.

ആത്മവിശ്വാസവും ആഹ്ളാദവും കുരുന്നുകളുടെ മുഖത്ത് വിളയാടുന്നതു കാണാം. കുട്ടികളെ സ്വന്തം മക്കളായി തന്നെ ദമ്പതികൾ കണ്ടു. ബന്ധുക്കളുടെ അടുത്തേക്ക് പോയാലും അവരെ കൊണ്ടുംപോകും. അവർക്കിഷ്‌ടമുള്ള ഡ്രസുകൾ വാങ്ങി നൽകും. കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകുന്നു. തിരൂരിലെ അവരുടെ വീട്ടിലെത്തി അവരുടെ സ്നേഹം കണ്ടപ്പോൾ തോന്നിയത് എല്ലാ അനാഥമന്ദിരങ്ങളിലെയും കുട്ടികളെ ഇങ്ങനെ ദത്തെടുത്താലെന്തായിരുന്നുവെന്നാണ്. വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിൽ കുടുംബകോടതിയിലൂടെ കുട്ടികളെ വീണ്ടും വിട്ടുകൊടുത്ത കേരളത്തിലെ ആദ്യത്തെ കേസാണിത്. പരീക്ഷണാടിസ്‌ഥാനത്തിൽ തുടങ്ങിയ വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയുടെ വിജയമായി ഇതിനെ ശിശുക്ഷേമപ്രവർത്തകർ കാണുന്നു. ഇതുപോലെയുള്ള സുമനസുകളായ ദമ്പതികൾ കുടുംബാന്തരീക്ഷം നൽകി കുട്ടികളെ ഏറ്റെടുക്കാൻ തയാറായാൽ കേരളം സനാഥബാല്യങ്ങളുടെ നാടായി മാറുമെന്നതിൽ സംശയമില്ല. സ്നേഹം നന്മയും കൈവിടാത്തെ ഇതുപോലെ ദമ്പതിമാർ നിരവധിയുണ്ടാകും. അവർക്കായി സനാഥബാല്യപദ്ധതി കാര്യക്ഷമമായി ആവിഷ്കരിച്ചാൽ കൂട്ടിലടച്ച ശലഭബാല്യങ്ങളെ തുറന്നുവിടാം. അവർ പൂമ്പാറ്റകളായി പാറി നടക്കട്ടെ....



പ്രകാശം ചൊരിയുന്ന ഫോസ്റ്റർ കെയർ

അനാഥക്കുട്ടികൾക്ക് കുടുംബാന്തരീക്ഷം നൽകുന്ന ഫോസ്റ്റർ കെയർ പദ്ധതിയെ സമൂഹം സ്വാഗതം ചെയ്തു കഴിഞ്ഞു. ഇതുവരെ പദ്ധതിയോടു മുഖം തിരിച്ചുനിന്നിരുന്ന കേരളത്തിൽ ഫോസ്റ്റർ കെയറിലൂടെ അടുത്തകാലത്തു കുടുംബതണൽ നൽകിയത് 186 കുട്ടികൾക്കാണ്. ഈവർഷം മാർച്ചു വരെയുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം വിഭാഗത്തിന്റെ കണക്കാണിത്. മൂന്നുവർഷക്കാലമാണ് ഫോസ്റ്റർ കെയർ നൽകുന്നത്. അതിനുശേഷം ദമ്പതികൾ വീണ്ടും അപേക്ഷ നൽകിയാൽ രണ്ടുവർഷക്കാലവും നൽകുന്നു. മൊത്തം അഞ്ചുവർഷക്കാലമാണ് ഫോസ്റ്റർ കെയർ. തുടർന്നു ഈ കുട്ടിയെതന്നെ വേണമെന്നുള്ളവർ ദത്തിലൂടെ ഏറ്റെടുത്തു പരിപാലിക്കാം.


തിരുവനന്തപുരവും കോഴിക്കോടും ഫോസ്റ്റർ കെയർ പദ്ധതിയെ ഏറ്റെടുത്തുകഴിഞ്ഞു. തിരുവനന്തപുരത്ത് 31 കുട്ടികളാണ് പുനരധിവസിക്കപ്പെട്ടത്. ബാലനീതി നിയമപ്രകാരം 33 സ്‌ഥാപനങ്ങളിൽ നിന്നായി 100 കുട്ടികളെ പോറ്റിവളർത്തലിനു നൽകുകയാണ് തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ലക്ഷ്യം. അച്ഛനമ്മമാർക്കു പല കാരണങ്ങൾ കൊണ്ടും കൂടെനിർത്താൻ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളർത്തുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയർ. പദ്ധതി ഊർജിതപ്പെടുത്തുന്നതിനായി സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ‘സനാഥബാല്യം’എന്ന പേരിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. കോഴിക്കോട് 24 കുട്ടികളെയാണ് ഫോസ്റ്റർ കെയറിന്റെ ഭാഗമായി കുടുംബാന്തരീക്ഷത്തിൻ തണൽ നൽകിയത്.

വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിലൂടെ സംസ്‌ഥാനത്ത് മൊത്തം 200 ഓളം കുട്ടികളെയാണ് വീടകങ്ങൾ വരവേറ്റത്. മലപ്പുറത്ത് വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയാണ് വിജയകരമായത്. ഫോസ്റ്റർ കെയർ പദ്ധതിയിലൂടെ രണ്ടുകുട്ടികളെ മാത്രമാണ് ജില്ല ഏറ്റെടുത്തത്. എന്നാൽ വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി 21 അനാഥബാല്യങ്ങൾക്കാണ് തുണയായത്. വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയുടെ വിജയം ഫോസ്റ്റർ കെയർ പദ്ധതിയുടെ ജില്ലയിലെ വ്യാപനത്തിനു സഹായകരമാകുമെന്നും ശിശുക്ഷേമപ്രവർത്തകർ പ്രതീക്ഷിക്കുന്നു. വർഷങ്ങളായി അനാഥമന്ദിരങ്ങളിൽ കഴിഞ്ഞ 17 പെൺകുട്ടികളും നാലു ആൺകുട്ടികളുമാണ് വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. സമ്മർട്രീറ്റ് പദ്ധതി എന്ന പേരിട്ടായിരുന്നു രണ്ടുവർഷം മുൻപ് പദ്ധതിയുടെ തുടക്കം. 18 കുടുംബങ്ങളാണ് 21 കുട്ടികളെ സ്വന്തം വീട്ടിലേക്ക് കുട്ടികളെ വരവേറ്റത്.

നാൽപ്പതോളം രക്ഷിതാക്കളാണ് 21 കുട്ടികൾക്കുവേണ്ടി അപേക്ഷ നൽകിയത്. സാമൂഹികക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോൾ അഭൂതപൂർവമായ പ്രതികരണമാണുണ്ടായത്. തുടർച്ചയായ മൂന്നാംവർഷവും പദ്ധതിയെ മലപ്പുറത്തെ സുമനസുകൾ അനാഥകുട്ടികളെ നെഞ്ചോടുചേർത്തു. അമ്മത്തൊട്ടിലിൽനിന്നും അഴുക്കുചാലിൽ നിന്നും തെരുവിൽ കഴിഞ്ഞവർക്കും വീടെന്ന മോഹം ഉണ്ടായിരുന്നു. അച്ഛനും അമ്മയുമുള്ള കുടുംബത്തോടൊന്നിച്ച് ജീവിക്കാനുള്ള മോഹം അത്രമേൽ വലുതുമായിരുന്നു. അച്ഛനും അമ്മയുമുള്ള കുടുംബത്തോടൊന്നിച്ചുള്ള ജീവിതവും മനഃസമാധാനത്തോടെയുള്ള ജീവിതവും അവർക്ക് അന്യമായിരുന്നു. അവർക്കും സ്നേഹത്തിന്റെ കുടുംബമുണ്ടാവുകയായിരുന്നു. സ്വന്തമല്ലെങ്കിലും ഏതാനും ദിവസങ്ങൾക്കു മാത്രമായി ഒരു കുടുംബം. വീടകങ്ങളിലെ വെളിച്ചവും സ്നേഹവും അവരടുത്തറിഞ്ഞു.

അമ്മയും അച്ഛനുമില്ലാത്തവർ മക്കളില്ലാത്തവർക്കു മുന്നിലെത്തിയതോടെ അവിടെ പുതിയൊരു കുടുംബം രൂപപ്പെടുകയായിരുന്നു. അപരിചിതരായിരുന്ന മാതാപിതാക്കളും മക്കളും കൂടിച്ചേർന്ന് ഹൃദയബന്ധത്തിൽ ഇഴചേർക്കപ്പെട്ട കുടുംബങ്ങൾ സമ്മർട്രീറ്റ് പദ്ധതിയുടെ സുന്ദരസൃഷ്‌ടികളായി. വേനലവധി കുടുംബങ്ങൾക്കൊപ്പം എന്ന പേരിൽ മലപ്പുറത്ത് തുടങ്ങിയ പദ്ധതിയെ നന്മയുടെ ഉറവ വറ്റാത്ത കുടുംബങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അപകടത്തിൽ മകൻ മരിച്ച വേദനയിൽ മനസുരുകി കഴിഞ്ഞിരുന്ന അച്ഛനും അമ്മയ്ക്കും അവധിക്കാലത്ത് രണ്ടു മക്കളെ ലഭിച്ചു. അച്ഛനും അമ്മയുമില്ലാതെ അനാഥമന്ദിരത്തിൽ വളർന്ന സഹോദരങ്ങൾക്കാണ് ഇവർ വീടും കുടുംബവുമായത്. സ്നേഹവും പരിചരണവും നൽകി കുട്ടികളെ ചേർത്തുനിർത്തി. മക്കൾ വിദേശത്തുള്ളവരും മക്കളില്ലാത്തവരും മക്കൾ ഉപേക്ഷിച്ചവരും എല്ലാം പദ്ധതിയുടെ ഭാഗഭാക്കായി.

മക്കൾക്കൊപ്പം ഒരു അനാഥനെ പരിപാലിച്ചവരും അനാഥരെ സംരക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടു കുട്ടികളെ വീട്ടിലേക്ക് വരവേറ്റ പ്രവാസി മലയാളികളുമുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ ജീവിതത്തിനു കുളിർമയേകി കുഞ്ഞുമക്കൾ വീട്ടിലേത്തിയ ദിനങ്ങൾ അവർ ആഘോഷിക്കുകയായിരുന്നു. വീടകങ്ങളിൽ കുരുന്നുകൾ ഓടിനടന്നു കളിക്കുന്ന കാഴ്ച അവരുടെ മനം നിറച്ചു. സ്വന്തം വീടുപോലെ കുട്ടികൾ അവിടം കരുതി.

അച്ഛനും അമ്മയ്ക്കും പല കാരണങ്ങളാൽ കൂടെ നിർത്താൻ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളർത്തുന്ന രീതിയാണ് ഫോസ്റ്റർ കെയർ പദ്ധതി (പോറ്റിവളർത്തൽ). മറ്റൊരു കുടുംബം എന്നാൽ അകന്ന ബന്ധമുള്ളവരോ ബന്ധമില്ലാത്തവരോ ആകാം. സ്‌ഥാപനത്തിൽ നിർത്താതെ കുട്ടികളെ സ്നേഹത്തിൽ ചാലിച്ച കുടുംബാന്തരീക്ഷത്തിൽ വളരാൻ അനുവദിക്കുക എന്നതാണ് പോറ്റിവളർത്തലിന്റെ മുഖ്യലക്ഷ്യം. തനിച്ചല്ല, ഒരു കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഫോസ്റ്റർ കെയർ വഴി നൽകുന്നു. ജന്മം നൽകിയ അച്ഛനമ്മമാർക്ക് അവരുടെ കുട്ടികളുടെ മേലുള്ള അവകാശങ്ങളോ ചുമതലകളോ നഷ്‌ടപ്പെടുന്നില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

(തുടരും)

രഞ്ജിത് ജോൺ