തണൽ തേടുന്ന നഷ്ടബാല്യം–2
തണൽ തേടുന്ന നഷ്ടബാല്യം–2
അനാഥസംരക്ഷണ രംഗത്തെ നാലു രീതികളിൽ ദത്തെടുക്കലിനാണ് മുൻഗണന. ഇതിന് കഴിഞ്ഞില്ലെങ്കിൽ മാത്രമാണ് ഫോസ്റ്റർ കെയർ സംവിധാനം. ദത്തെടുക്കൽ നടക്കാതായതോടെ അനാഥരായ കുട്ടികൾ വീടും കുടുംബവുമറിയാതെ അനാഥമന്ദിരങ്ങളിൽ തന്നെ വീർപ്പുമുട്ടിയിരുന്നു. ഫോസ്റ്റർ കെയറിനായി അപേക്ഷ നൽകിയ കുടുംബത്തെകുറിച്ചുള്ള വിശദമായ അന്വേഷണം തന്നെ നടത്തും. അതിനു ശേഷമാണ് കുട്ടികളെ നൽകുന്നത്. കുട്ടികളുടെ അഭിപ്രായവും ഇഷ്‌ടവും അറിഞ്ഞ ശേഷമാണ് കുടുംബങ്ങളിലേക്ക് അയക്കുന്നത്. വിശദമായ കൗൺസലിംഗും കുട്ടികൾക്കും കുടുംബത്തിനും നൽകും. തുടർന്നു ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും ജില്ലാ ചൈൽഡ് പ്രൊട്ടക്്ഷൻ യൂണിറ്റിന്റെയും നിരന്തര നിരീക്ഷണവുമുണ്ടാകും. ബാലമന്ദിരങ്ങളിൽ സംരക്ഷിക്കാൻ ആരുമില്ലാത്തവർ കണ്ണീർക്കയത്തിലാണ്.

അവധിക്കാലത്തു ഇവരെ കൊണ്ടുപോകാൻ ആരും വരാറില്ല. ഇതോടെ അവർ മാനസികമായി തകരുന്നു. ഇതെല്ലാം മറികടക്കാനാണ് സമ്മർട്രീറ്റ് എന്ന പേരിൽ വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതി കൊണ്ടുവന്നതെന്നു മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമീർ മച്ചിങ്ങൽ പറഞ്ഞു. സമ്മർട്രീറ്റ് പദ്ധതിക്ക് തുടക്കത്തിൽ തന്നെ വലിയ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2014–ലായിരുന്നു ആദ്യം തുടങ്ങിയത്. മലപ്പുറത്തെ സമ്മർട്രീറ്റ് ഫോസ്റ്റർ കെയർ പദ്ധതി രണ്ടുമാസത്തേക്കാണ് കുട്ടികളെ വീടുകളിലേക്കയച്ചത്. സമ്മർട്രീറ്റ് ഫോസ്റ്റർ കെയർ പദ്ധതിക്കു ശേഷവും കുട്ടികളെ കൂടുതൽ കാലം ഒന്നിച്ചു താമസിപ്പിക്കുന്നതിന് കോടതി മുഖേനയാണ് അനുമതി നൽകുക. അരക്ഷിതാവസ്‌ഥയിൽ നിന്നുള്ള രക്ഷപ്പെടലാണ് കുട്ടികൾക്ക് ഇതിലൂടെ നൽകുന്നത്. സമൂഹത്തിന്റെ കരുതലും കുടുംബത്തിന്റെ തണലും ഇത്തരം കുട്ടികൾക്ക് അത്യവശ്യമാണ്. മക്കളില്ലാത്ത ദമ്പതിമാർ ഈ കുട്ടികളെ ദത്തെടുത്ത് ജീവിതകാലം മുഴുവൻ കൂടെ നിർത്താനാണ് ആഗ്രഹിക്കുന്നത്. ദത്തെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനും അവസരം ലഭിക്കും. അനാഥസംരക്ഷണത്തിലെ അവസാനമായാണ് അനാഥമന്ദിരങ്ങളെ കാണുന്നത്. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ അനാഥാലയങ്ങളിൽ ആശ്രയിക്കാവുവെങ്കിലും കേരളത്തിലടക്കം നടക്കുന്നത് മറ്റൊന്നാണ്.

എന്നാൽ ഫോസ്റ്റർ കെയർ വഴി അംഗമാക്കപ്പെട്ട കുടുംബത്തിന്റെ തണലിൽ എത്ര കാലം വേണമെങ്കിലും കഴിയാം. സർക്കാരിനു കീഴിലെ അനാഥാലയങ്ങളിൽ 18 വയസുവരെയാണ് താമസിപ്പിക്കുക. പിന്നീട് ഇവരെ ആഫ്റ്റർകെയർ ഹോമിലേക്കു മാറ്റും. 21 വയസു കഴിഞ്ഞാൽ അവിടെ നിന്നു പുറത്തുപോകേണ്ടിവരും. തുടർന്നു ഒറ്റക്കാവുന്ന അവസ്‌ഥ. എന്നാൽ ഫോസ്റ്റൽ കെയർ പദ്ധതി അവർക്ക് കുടുംബതണൽ ജീവിതാവസാനം വരെ സമ്മാനിക്കുന്നു. അനാഥാലയങ്ങളിൽ വളരുന്ന കുട്ടികൾക്കും ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾക്കും കുടുംബാന്തരീക്ഷം പ്രദാനം ചെയ്യുന്ന ഫോസ്റ്റർകെയർ സംവിധാനം കാര്യക്ഷമമാക്കണം. അനാഥകുട്ടികൾക്ക് കുടുംബങ്ങളിലേക്കുള്ള വാതിൽ തുറന്നിടുന്ന സംവിധാനം ബന്ധങ്ങളുടെ ഊഷ്മളതയും സ്നേഹപരിചരണങ്ങളുടെ തണലുമാണ് വാഗ്ദാനം ചെയ്യുന്നത്.




കൂട്ടിലടക്കരുത് ബാലാവകാശം

അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ താത്കാലികമായി ദത്തെടുക്കുന്ന ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാരും ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയമാണ് ഫോസ്റ്റർ കെയറിനുള്ള മാതൃകാ മാർഗനിർദേശങ്ങൾ –2016 എന്ന പേരിൽ മാർഗനിർദേശങ്ങൾ തയാറാക്കിയത്. ശിശുക്ഷേമസമിതി അനുമതി നൽകിയിട്ടും ആരും ദത്തെടുക്കാനില്ലാത്ത കുട്ടികൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇതിനായി 2016–ലെ ബാലനീതി നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്യണം.കുട്ടികൾക്ക് വ്യക്‌തിഗതശ്രദ്ധയും തങ്ങൾ ആവശ്യമുള്ളവരാണെന്ന തോന്നലും വൈകാരിക സുരക്ഷയും നൽകാൻ കഴിയുന്ന സ്‌ഥാപനങ്ങൾക്കോ വീടിനോ എട്ട് കുട്ടികളെവരെ ഏറ്റെടുക്കാം. താത്കാലികമായി പരിപാലിക്കാൻ തയാറുള്ള കുടുംബങ്ങളെ കണ്ടെത്തുംവരെ ഇടക്കാലത്തേയ്ക്ക് ഇത്തരം ഗ്രൂപ്പ് ദത്തുനൽകൽ നടത്തും.


ദത്തുനൽകാൻ യോഗ്യതയുള്ള സ്‌ഥാപനമോ വീടോ ആണോ എന്നു ശിശുക്ഷേമസമിതി വ്യക്‌തമായി പരിശോധിക്കും. കുട്ടികളുടെ സംരക്ഷണത്തിനു സ്‌ഥിരം സംവിധാനം ശരിയാകുന്നതു വരെയുള്ള താത്കാലിക പരിഹാരം എന്ന നിലയിലാണ് സർക്കാർ ഫോസ്റ്റർ കെയർ സംവിധാനം നിർദേശിക്കുന്നത്. മാതാപിതാക്കളില്ലെങ്കിൽ ബന്ധുക്കളെയായിരിക്കും സംരക്ഷണചുമതലയായി ആദ്യം പരിഗണിക്കുന്നത്. അധ്യാപകരെ പോലെ കുട്ടികളുമായി നല്ല രീതിയിൽ ബന്ധം പുലർത്തുന്നവരെയായിരിക്കും രണ്ടാമതായി പരിഗണിക്കുക. ഇതൊന്നുമല്ലെങ്കിലായിരിക്കും അപരിചതരായ ഫോസ്റ്റർ പേരന്റിനെ പരിഗണിക്കുന്നത്. സ്വന്തം മാതാപിതാക്കൾ അവരുടെ കുട്ടികളെ നല്ലവണ്ണം സംരക്ഷിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കുട്ടികളെ ഏറ്റെടുക്കുമ്പോൾ ഫോസ്റ്റർ പേരന്റ് ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണം. ഫോസ്റ്റർ പരിശീലനവും പേരന്റിനു അനുവദിക്കുന്നു.

അനാഥ കുട്ടികൾ ചെല്ലേണ്ട ഫോസ്റ്റർ ഹോം പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടികളെ പരിപാലിക്കാൻ ബന്ധുക്കൾക്ക് വിവിധതരത്തിലുള്ള സഹായങ്ങൾ അധികൃതർ ചെയ്തു നൽകും. അഞ്ചുവയസുമുതലുള്ള കുട്ടികൾക്കാണ് ഫോസ്റ്റ് കെയർ സംവിധാനം നൽകുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റി മുഖേനയാണ് കുട്ടികളെ കൈമാറുന്നത്. ഇതിനായി സിഡബ്ലിയുസി കമ്മിറ്റി മുഖേന മാതാപിതാക്കൾ കരാറിൽ ഏർപ്പെടുന്നു. കഴിവ് പരിപോഷിപ്പിക്കാനുള്ള പരിശീലനം, സാമൂഹികമാനസികവികാസം, അക്കാദമിക് വളർച്ച, സാസ്കാരിക ഉന്നതി, കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള അവബോധം, മികച്ച കുടുംബാന്തരീക്ഷം തുടങ്ങിയ ഗുണങ്ങൾ ഫോസ്റ്റർ പാരൻ്സിനു ഉണ്ടായിരിക്കണം.

കുട്ടികളെ നല്ലവണ്ണം പരിപാലിക്കുന്നവരെയാണ് അഡോപ്റ്റീവ് പാരന്റായി തെരഞ്ഞെടുക്കുന്നത്. പ്രായമുള്ളവർക്കും ഇതുപോലെ കുട്ടികളെ ദത്തെടുക്കാം. ഫോസ്റ്റർ കെയർ വഴി പരിപാലിക്കാം. വിദേശരാജ്യങ്ങളിൽ സെലിബ്രേറ്റികളും ഫോസ്റ്റർ കെയർ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലും ഫോസ്റ്റർ കെയർ സംവിധാനത്തിന്റെ അനിവാര്യതയെക്കുറിച്ചു ഊന്നിപ്പറയുന്നു. എന്നാൽ ഫോസ്റ്റർ കെയർ ഇന്ന് കുറച്ചു സംസ്‌ഥാനങ്ങളിൽ മാത്രമാണ് കാര്യക്ഷമമായി നടപ്പിൽ വരുത്തിയിട്ടുള്ളത്.

(തുടരും..)

രഞ്ജിത് ജോൺ