ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കണം–3
ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കണം–3
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 10 ഓളം മോഷണകേസുകളിൽ പ്രതിയായ യുവാവിന്റെ പേരും ചിത്രവും പത്രത്തിൽ കണ്ടു എറണാകുളത്തെ ഒരു ഓർഫനേജിലെ കെയർടേക്കർക്ക് വിശ്വസിക്കാനായില്ല. പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയപ്പോൾ അവന്റെ കുറേ അലിയാസ് പേരുകളിൽ യഥാർഥ പേരുമുണ്ട്. ക്വട്ടേഷൻ സംഘത്തിന്റെ സഹായിയായ യുവാവ് പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായതിന്റെ വിവരങ്ങൾ. താൻ അനാഥാലയത്തിൽ വളർത്തിയ പയ്യൻ. പഠിത്തത്തിലും ഫുട്ബോളിലും മിടുക്കനായിരുന്ന കുട്ടി. ഡൽഹിയിൽ നിന്നെത്തിയ ദമ്പതികൾ അവന്റെ ചുറുചുറുക്ക് കണ്ട് ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടപടിക്രമങ്ങളിലെ നൂലാമാലകൾ തടസമായി. പിന്നീട് പലപ്രാവിശ്യം അവർ അവനെ കൊണ്ടുപോകാൻ വന്നിരുന്നതായി ഓർക്കുന്നു. കോടതികളും സർക്കാർ ഓഫീസുകളും ഏജൻസികളും കയറിയിറങ്ങിയെങ്കിലും ഫലംകണ്ടില്ല. ദത്തെടുക്കാൻ സാധിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം മെച്ചപ്പെട്ട നിലയിൽ കാണാമായിരുന്നുവെന്ന് കെയർടേക്കറുടെ ആത്മഗതം.

18 വയസിനു ശേഷം അവന് എന്തു സംഭവിച്ചുവെന്ന് അറിയില്ല. എങ്ങോട്ടുപോയെന്നും വിവരമില്ലായിരുന്നുവെന്ന് കെയർടേക്കർ പറഞ്ഞു. അനാഥാലയത്തിൽ വളർന്ന പ്രായപൂർത്തിയായശേഷമുള്ള കുട്ടികളുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ സംഭവം വിവരിച്ചത്. ഇതൊരു ഉദാഹരണം മാത്രം. അനാഥാലയങ്ങളിൽ വളരുന്ന കുട്ടികളുടെ ദത്തെടുക്കൽ പ്രഹസനമായി മാറുന്നതുകൊണ്ടുതന്നെ കുട്ടികളുടെ ഭാവിജീവിതവും തുലാസിലാണ്. ലോകമെങ്ങും സ്‌ഥാപനവൽകരണമെന്ന കാഴ്ചപ്പാട് മാറിവരുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും കുട്ടികളുടെ ജീവിതം അനാഥാലയങ്ങളിൽ തളച്ചിടപ്പെടുകയാണ്. കുടുംബാന്തരീക്ഷവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നൽകാൻ ഉതകുന്ന ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കണമെന്ന നയവും അവഗണനയിലാണ്. അനാഥാലയങ്ങളിൽ നിന്ന് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി വഴി സ്പെഷൽ അഡോപ്ഷൻ ഏജൻസികൾ ദത്തെടുക്കുന്നതും കുറവാണ്. അറിവില്ലായ്മയും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അനാഥാലയത്തിലെ എണ്ണം കുറയുമെന്നതിനാൽ അധികൃതർ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് പരസ്യമായ രഹസ്യം.

ദത്തെടുക്കൽ മികച്ച ‘നോൺ ഇൻസ്റ്റിറ്റ്യൂഷണൽ’ സപ്പോർട്ടായാണ് കണക്കാക്കുന്നത്. ആ കുട്ടികളെ പുനരധിവസിപ്പിക്കുന്നത് ഒരു ഫാമിലി അന്തരീക്ഷം കൊടുക്കുന്നതിലൂടെയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, സാമൂഹികക്ഷേമം എന്നിവയടക്കമുള്ള കുട്ടികളുടെ വളർച്ചക്ക് കുടുംബത്തിന്റെ പിന്തുണ പ്രധാനഘടകമാണ്. ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. കുട്ടികളെ സമ്പത്തായി കണക്കാക്കുന്ന രാജ്യത്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഓരോ പൗരനും പ്രതിജ്‌ഞാബദ്ധമാണ്. മാനവവിഭവശേഷി വികസനത്തിനായുള്ള രാജ്യത്തിന്റെ ദേശീയ പദ്ധതികളിലെല്ലാം കുട്ടികൾക്കായുള്ള പരിപാടികൾ ആവിഷ്കരികരിക്കാൻ സർക്കാരുകൾ ശ്രദ്ധപുലർത്തുന്നു. ദത്തെടുക്കലിൽ കച്ചവടതാത്പര്യങ്ങൾ ഒരിക്കലും പാടില്ലെന്ന് നിയമം നിഷ്കർഷിക്കുന്നു. അവഗണന, തെറ്റായ പരിചരണം, ചൂഷണം, പീഡനം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കണം. കുട്ടികളുടെ ക്ഷേമമായിരിക്കണം ഓരോ ദത്ത് പ്രോഗ്രാമുകളിലും മുൻഗണന നൽകേണ്ടത്. അഡോപ്ഷൻ സെന്ററിലോ ദത്തെടുക്കൽ കേന്ദ്രത്തിലോ അപേക്ഷ ആദ്യം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം രണ്ടുമാസത്തിനകം ബന്ധപ്പെട്ട ഏജൻസി റിപ്പോർട്ട് തയാറാക്കും. കൗൺസിലിംഗും ദത്തെടുക്കുന്നവർക്ക് നൽകും.



രജിസ്റ്റർ ചെയ്യുന്നതിനു ആവശ്യമായ രേഖകൾ: ദത്തെടുക്കുന്നവരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സമഗ്രവൈദ്യപരിശോധന റിപ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന രേഖകൾ, ഭൂമി കെട്ടിടാവകാശം തെളിയിക്കുന്ന രേഖകൾ, ദമ്പതികൾ കഴിഞ്ഞ രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയാണെന്ന രേഖകൾ, പ്രദേശത്തെ രണ്ടുമാന്യവ്യക്‌തികൾ നൽകുന്ന സാക്ഷ്യപത്രം, കുട്ടികളെ ദത്തെടുത്ത് സംരക്ഷിച്ചുകൊള്ളാമെന്ന സമ്മതപത്രം തുടങ്ങിയവ അടക്കം സമർപ്പിക്കണം.


കൂടുതൽ സംരക്ഷണം ലഭ്യമാക്കാൻ കഴിയുന്ന ദമ്പതികൾക്കാകും മുൻപ് രജിസ്റ്റർ ചെയ്തവരുണ്ടെങ്കിലും ആദ്യപരിഗണന. കുട്ടിയെ പരിപാലിക്കാനുള്ള ചുറ്റുപാടാണ് കർശനമായ നടപടി ക്രമങ്ങളിലൂടെ പരിഗണിക്കുന്നത്. അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സംവിധാനവും നിലവിലുണ്ട്. അപേക്ഷ ലഭിച്ചതിനുശേഷം ദമ്പതികൾ ദത്തെടുക്കാൻ അർഹരായണോ എന്ന് അഡോപ്ഷൻ ഏജൻസി പരിശോധിക്കും. ദമ്പതികളുടെ പ്രീ അഡോപ്ഷൻ കൗൺസിലിംഗും ഹോം സ്റ്റഡിയും ഇതിന്റെ ഭാഗമായി ഏജൻസി നടത്തും. തുടർന്ന് കുഞ്ഞിനെ ദത്തെടുക്കുന്നതിനായി കോടതിയിൽ പെറ്റീഷൻ നൽകുന്നു.

കോടതിയാണ് ദത്തെടുക്കൽ നടപടികൾ അനുവദിക്കുന്നത്. തുടർന്ന് താത്കാലിക അഡോപ്ഷൻ ഓർഡർ അനുവദിക്കും. ജില്ലാ കോടതിയാണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തീകരിക്കുന്നത്. തുടർന്ന് രണ്ടുവർഷത്തേക്ക് തുടർച്ചയായ നിരീക്ഷണവും കോടതിയുടെ മേൽനോട്ടത്തിലുണ്ടാകും. കേരളത്തിൽ 17 ദത്തെടുക്കൽ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കാസർഗോഡ്, മലപ്പുറം, കൊല്ലം, പത്തനംതിട്ട എന്നിവടങ്ങളിലൊഴികെയുള്ള ജില്ലകളിൽ ദത്തെടുക്കൽ കേന്ദ്രങ്ങളുണ്ട്. അഡോപ്ഷൻ ഏജൻസികൾക്ക് കുട്ടികളെ ലഭിക്കുന്നത് വിവിധ രീതികളിലായാണ്. അമ്മ സറണ്ടർ ചെയ്യുന്ന കുട്ടികൾ, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എന്നിവയിലൂടെയാണ് ഏജൻസികളിൽ എത്തപ്പെടുന്നത്. അതാത് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റി അനുമതിപത്രം നൽകിയാൽ ഈ കുട്ടികളെ നിയമപരമായി ദത്തെടുക്കാം. അനുമതിപത്രം നൽകുന്നതിനുമുൻപായി പോലീസ് അന്വേഷണവും നടത്തുന്നു. വഴിയരികിൽ നിന്നും അമ്മതൊട്ടലിൽ നിന്നും കിട്ടുന്ന കുട്ടികളെയും ദത്തെടുക്കലിനായി പരിഗണിക്കുന്നു. കർശനമായ നിയമങ്ങളും നിബന്ധനകളും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പ്രാബല്യത്തിലുണ്ട്. കുട്ടിയെ ദത്തെടുക്കണമെങ്കിൽ അപേക്ഷകനു കുറഞ്ഞത് 21 വയസെങ്കിലും ആയിരിക്കണം. 55 വയസാണ് ഉയർന്ന പ്രായപരിധി.

സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് അഡോപ്ഷൻ സംവിധാനം പ്രവർത്തിക്കുന്നത്. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി (സിഎആർഎ)യാണ് മുഖ്യഅഡോപ്ഷൻ ഏജൻസി. ഇൻ കൺട്രി അഡോപ്ഷനും ഇന്റർകൺട്രി അഡോപ്ഷനും ഒരുപോലെ സിഎആർഎ പ്രോത്സാഹിപ്പിക്കുന്നു. ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക എന്നത് അഡോപ്ഷൻ ഏജൻസികളുടെ ധർമമാണ്. ദത്തെടുക്കൽ സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക, ദത്തെടുക്കുന്ന കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കുക എന്നിവയെല്ലാം അഡോപ്ഷൻ ഏജൻസികളുടെ ഉത്തരവാദിത്വമാണ്. മൂന്നുവയസിൽതാഴെ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കണമെങ്കിൽ ദമ്പതികളുടെ പ്രായം (രണ്ടുപേരുടെയും) 90 വയസിൽ താഴെ ആയിരിക്കണം. സ്ത്രീയുടെ വയസ് 25–ൽ കുറയാനോ പുരുഷന്റെ പ്രായം 50ൽ കൂടാനോ പാടില്ല. മൂന്നുവയസിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുക്കുമ്പോൾ ദമ്പതികളുടെ പ്രായം 105 വരെയാകാം. ജില്ലാ പ്രൊബേഷൻ ഓഫീസർ വോളന്ററി കോ–ഓർഡിനേറ്റിംഗ് ഏജൻസി അംഗീകൃത ദത്തെടുക്കൽ കേന്ദ്രത്തിലെ സോഷ്യൽ വർക്കറോ തയാറാക്കുന്ന ഹോംറിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും ദത്തെടുക്കാൻ അർഹരാണോ എന്ന് തീരുമാനിക്കുന്നത്.

(തുടരും..)

രഞ്ജിത് ജോൺ