കാട്ടിലും നാട്ടിലുമല്ലാത്ത ജീവിതം!
കാട്ടിലും നാട്ടിലുമല്ലാത്ത ജീവിതം!
ഒരു ജീവനു ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്‌ഥലം എവിടെയായിരിക്കും? രണ്ടാമതൊ ന്ന് ആലോചിക്കാതെ മിക്കവരും പറയുന്ന ഉത്തരം അമ്മയുടെ ഗർഭപാത്രം എന്നതായിരിക്കും. ഒരു പരിധി വരെ ഇതു ശരിയാണ്. പുറം ലോകത്തിന്റേതായ ശല്യപ്പെടുത്തലുകൾ ഇല്ലാതെ, അലോസരങ്ങൾ ഇല്ലാതെ, ഒരു ജീവന് ഏറ്റവും സുരക്ഷിതമായി കഴിയാൻ കഴിയുന്ന സ്‌ഥലങ്ങളിലൊന്നാണ് അമ്മയുടെ ഗർഭപാത്രം. പ്രത്യേക പരിചരണങ്ങളും കരുതലും ശ്രദ്ധയുമൊക്കെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ ഒരു കുഞ്ഞിനു ലഭിക്കുന്നു. എന്നാൽ, എല്ലായിടത്തും ഇങ്ങനെയാണോ*? എല്ലാ കുഞ്ഞുങ്ങളും കരുതലിന്റെയും പരിചരണങ്ങളുടെയും തലോടലേറ്റാണോ ഗർഭപാത്രത്തിൽ ഉറങ്ങുന്നത്?
എഴുത്തുകാരി മുനിയ ഖാൻ പറയുന്നതു കേൾക്കുക: ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന അമ്മയുടെ ഗർഭപാത്രത്തിൽ പോലും പലപ്പോഴും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല.

കേരളത്തിൽത്തന്നെ



മുനിയ ഖാൻ പറയുന്നതു ശരിയാണ്, അമ്മയുടെ ഗർഭപാത്രത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലാത്ത ചില പ്രദേശങ്ങളും സാഹചര്യങ്ങളുമുണ്ട്. പറഞ്ഞുവരുന്നത് ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തെയോ സംഘർഷപൂരിതമായ പശ്ചിമേഷ്യൻ രാജ്യങ്ങളിലെയോ ഇന്ത്യൻ വടക്കുകിഴക്കൻ വിദൂരഗ്രാമങ്ങളിലെയോ കഥയല്ല. സാക്ഷരതയിലും ആരോഗ്യസുരക്ഷയിലും വിദ്യാഭ്യാസ നിലവാരത്തിലുമൊക്കെ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിലെ ഒരു നാടു നിശബ്ദമായി വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളാണ്. ഇതാണ് ഇടമലക്കുടി. ഇടുക്കി ജില്ലയിൽ കൊടുംവനത്തിനുള്ളിൽ സ്‌ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ജനവാസകേന്ദ്രം.

മുതിർന്നവരുടെ ജീവിതം പോലും ദുരിതചിത്രങ്ങൾ കോറിയിടുന്ന ഒരു ദേശത്തു കുഞ്ഞുങ്ങളുടെ ജീവിതം എത്രത്തോളം ദുരിതമയമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഇടമലക്കുടിയുടെ ദുരിതകഥകൾ ഏതൊരു മനുഷ്യസ്നേഹിയുടെയും നെഞ്ചിൽ വിങ്ങലായി മാറുന്നതാണ്. ഇങ്ങനെ ദുരിതങ്ങൾ പേറുന്ന നിരവധി പ്രദേശങ്ങൾ കേരളത്തിലെത്തന്നെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കാം എന്നാൽ, ഇതിൽനിന്ന് ഇടമലക്കുടിയെ വ്യത്യസ്തമാക്കുന്നതു മറ്റു ചില കാര്യങ്ങളാണ്. പലേടത്തും ദുരിതങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ സഹായമെത്തിക്കാൻ കഴിയും. എന്നാൽ, ഇടമലക്കുടിയിൽ നടക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളുമൊന്നും പലപ്പോഴും പുറംലോകം അറിയാറുപോലുമില്ല. ഏതെങ്കിലും വിധത്തിൽ പുറംലോകം അറിഞ്ഞാൽത്തന്നെ സഹായം എത്തിക്കുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരിക്കും. അവശ്യനേരത്തു കിട്ടാതെ പോകുന്ന സഹായങ്ങളും കൈത്താങ്ങുമാണ് ഇടമലക്കുടിയിൽ കുട്ടികളുടെയും ഭാവിക്കുമേൽ ഇരുൾ വീഴ്ത്തുന്നത്. ഇടമലക്കുടിയിലെ ബാല്യം കടന്നുപോകുന്ന ദുരിതപർവങ്ങളുടെ കഥകൾ അറിയണമെങ്കിൽ ആദ്യം ഇടമലക്കുടി എന്താണെന്ന് അറിയണം. ഇടമലക്കുടിയുടെ പ്രത്യേകതകളറിയണം. ഈ ജനവാസകേന്ദ്രത്തെ മറ്റു പ്രദേങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ അറിയണം.

ഇടമലക്കുടിയെ എന്തുവിളിക്കും?

ഇടമലക്കുടി ഒരു കാടാണോ? നാടാണോ? അതോ ഒരു ഗ്രാമമാണോ? ഒറ്റയ്ക്കൊറ്റയ്ക്കു ചോദിച്ചാൽ ഇവയൊന്നുമല്ലെന്നു പറയേണ്ടിവരും.. എന്നാൽ, ഇവ എല്ലാമാണു താനും. ഇടുക്കി ജില്ലയിലാണ് ഇടമലക്കുടിയുടെ സ്‌ഥാനം. നേരത്തെ പല പ്രാവശ്യം തെരഞ്ഞെടുപ്പു സമയത്തും മറ്റും വാർത്തകളുടെ തലക്കെട്ടിൽ ഇടമലക്കുടി ഇടം നേടിയിണ്ടെങ്കിലും 2010 നവംബർ ഒന്നിനാണ് കേരളമെമ്പാടും അറിയപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്യുന്ന ഒരു പേരായി ഇടമലക്കുടി മാറിയത്. അന്നാണ് ഇടമലക്കുടിയെ ഒരു പഞ്ചായത്ത് ആയി സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചത്. കൊടുംവനത്തിനു നടുക്കുള്ള പഞ്ചായത്ത് എന്ന പേരിലാണ് ഇടമലക്കുടി ശ്രദ്ധേയമായത്. അതുപോലെ സംസ്‌ഥാനത്തെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. മുതുവാൻ ഗോത്രത്തിൽപ്പെട്ടവർ മാത്രം വസിക്കുന്ന ജനവാസകേന്ദ്രമാണിത്.


എത്തിപ്പെടാൻ

മൂന്നാറിൽനിന്ന് 56 *കിലോമീറ്റർ അകലെ വനത്തിലാണ് ഇടമലക്കുടി. വാഹനത്തിൽ 25 കിലോമീറ്റർ സഞ്ചരിച്ചു പെട്ടിമുടിയിലെത്താം. ഇതു രാജമല വഴിയുള്ള പാതയാണ്. ഇവിടെനിന്നു പതിനഞ്ചു കിലോമീറ്ററോളം അകലെയുള്ള ഇഡ്ഢലിപാറക്കുടി വരെ ദുർഘടമായ ജീപ്പു റോഡുണ്ട്. ജീവൻ കൈയിൽപിടിച്ചുവേണം രാത്ര ചെയ്യാനെന്നു മാത്രം. പ്രത്യേകിച്ചു മഴ തുടങ്ങിയാൽ ഇതു വഴിയുള്ള യാത്ര മുടങ്ങും. ഇവിടെനിന്ന് പിന്നെയും കാൽനടയായി കിലോമീറ്ററുകൾ താണ്ടണം ഇടമലക്കുടിയുടെ ആസ്‌ഥാനമെന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന സൊസൈറ്റിക്കുടിയിൽ എത്താൻ. അന്വേഷണ സംഘങ്ങളും മെഡിക്കൽ സംഘങ്ങളുമൊക്കെ പലപ്പോഴും സൊസൈറ്റിക്കുടി വരെ എത്താറുണ്ട്. 28 കുടികൾ അടങ്ങിയ ഈ ജനവാസകേന്ദ്രത്തിലെ മറ്റു കുടികളിലേക്കു യാത്ര ചെയ്യണമെങ്കിൽ പിന്നെയും ഘോരവനത്തിലൂടെ കിലോമീറ്ററുകൾ നടക്കണം. പത്തും നാൽപതും കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന കോളനികളാണു കുടികൾ എന്നു പറയുന്നത്. ഒരു കുടിയിൽ ഇപ്പോൾ ജനവാസം ഇല്ല.

ഉൾക്കാട്ടിലെ ഈ കുടികളിലേക്കുള്ള യാത്ര വിവരിക്കാവുന്നതിലേറെ ദുഷ്കരവും സാഹസികവുമാണ്. ആനയും കാട്ടുപോത്തും കരടിയുമടക്കമുള്ള വന്യമൃഗങ്ങൾ വിലസുന്ന വനം, പാതകളിൽ പതിയിരിക്കുന്ന വിഷപ്പാമ്പുകൾ, കാൽ ചവിട്ടുന്നതിനുമുമ്പേ ചാടിപ്പിടിച്ചു രക്‌തമൂറ്റുന്ന അട്ടകൾ, പാറക്കെട്ടുകൾ, കുത്തനെയുള്ള കയറ്റങ്ങൾ, ചതുപ്പുകൾ, ചോലകൾ തുടങ്ങി ഒരു വിചിത്രമായ ചിത്രകഥയുടെ വിവരണം പോലെതോന്നും ഇതുവഴിയുള്ള യാത്രയെന്ന് അനുഭവസ്‌ഥർ പറയും. പരിചയമില്ലാത്തവരുടെ യാത്ര പലപ്പോഴും വലിയ ശാരീരിക അധ്വാനം സമ്മാനിക്കുന്നതാണ്. യാത്ര കഴിയുമ്പോൾ കാലിൽ നീരുവയ്ക്കുന്നവരും പരിക്കേൽക്കുന്നവരും സന്ധികളിൽ വേദന അനുഭവപ്പെടുന്നവരുമൊക്കെ നിരവധി. പല കുടികളുമുള്ളവർക്കു പുറംലോകവുമായി യാതൊരു ബന്ധവുമില്ല. പുറംലോകത്തെ സംഭവങ്ങളും മാറ്റങ്ങളുമൊന്നും അറിയാതെ ജീവിക്കുന്നവരുടെയും ജീവിച്ചുമരിച്ചവരുടെയും ഇടം കൂടിയാണ് ഇടമലക്കുടി. ഇങ്ങനെയൊരു ജനവാസകേന്ദ്രത്തിൽ ബാല്യങ്ങളുടെ ജീവിതം ദുരിതമയമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. (തുടരും).