കാട്ടുവഴികളിലെ നിലവിളികൾ!
കാട്ടുവഴികളിലെ നിലവിളികൾ!
ഇടമലക്കുടിയിൽ മാസം തികയാതെ പ്രസവം; കുഞ്ഞു മരിച്ചു... ഇടമലക്കുടിയിൽനിന്നു പത്രങ്ങളിൽ ഇടയ്ക്കിടെ ഇടംപിടിക്കുന്ന തലക്കെട്ടുകളിൽ ഒന്നാണ്. ദുരിതങ്ങളുടെയും ഇല്ലായ്മകളുടെയും ആചാരങ്ങളുടെയും കുരുക്കിൽപ്പെട്ട് ഓരോ വർഷവും കുഞ്ഞുങ്ങൾ മരിക്കുന്നു, ചിലപ്പോൾ അമ്മമാരുടെ ജീവനും അപകടത്തിലാകുന്നു. ഏറ്റവുമൊടുവിലായി ഇടമലക്കുടിയിൽനിന്ന് ഒരു ഇത്തരമൊരു കണ്ണീർവാ ർത്തയെത്തിയത് ഏതാനും ആഴ്ചകൾക്കു മുമ്പാണ്. ഇടമലക്കുടിയിൽ വാലായ്മപ്പുരയിൽ (വാലായ്മപ്പുര എന്താണെന്നു പിന്നാലെ നോക്കാം) മാസം തികയാതെ പ്രസവിച്ച കുഞ്ഞാണു മരിച്ചത്,അമ്മ ഗുരുതരാവസ്‌ഥയിലും. മീൻകൊത്തി സെറ്റിൽമെന്റിലെ താമസക്കാരനായ ആനിയപ്പിന്റെ ഭാര്യ സെൽവി എന്ന ഇരുപത്തഞ്ചുകാരിയാണ് ദുരിതങ്ങളുടെ ഒടുവിലത്തെ ഇര. അസൗകര്യങ്ങളുടെ വാലായ്മപ്പുരയിൽ പ്രസവിച്ച സെൽവിക്കു രക്‌തസ്രാവം നിലയ്ക്കാതെ വന്നതോടെയാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. സ്‌ഥിതി ഗുരുതരമായതോടെ ബന്ധുക്കളും വനംവകുപ്പ് ഉദ്യോഗസ്‌ഥരും ആരോഗ്യവകുപ്പ് അധികൃതരും എത്തി. ഇവരെ ചുമന്നു ഒറ്റയടി കാട്ടുപാതയിലൂടെ ആശുപത്രിയിലെത്തിച്ചു.

പത്തു കിലോമീറ്ററോളം ഇങ്ങനെ കാട്ടുവഴിയിലൂടെ ചുമന്നാണു രാത്രിയോടെ ആശുപത്രിയിൽ എത്തിക്കാനായത്. മീൻകൊത്തി കുടിയിൽനിന്ന് ആനക്കുളം വഴി മാങ്കുളത്തേക്ക് എത്തിക്കുകയാണ് എളുപ്പമെങ്കിലും ആ ഭാഗത്ത് ആനക്കൂട്ടം ഇറങ്ങിയെന്നു വിവരം ലഭിച്ചതാണു പ്രതിസന്ധിയായി മാറിയത്. ഇതിനെത്തുടർന്നാണ് കമ്പിളിപ്പുതപ്പിൽ കിടത്തി പത്തുകിലോമീറ്ററോളം ചുമന്ന് ഇഡ്ഢലിപ്പാറയിൽ എത്തിച്ചത്. അവിടെനിന്നു വാഹനത്തിൽ മൂന്നാറിലെത്തിച്ചു.

ഒന്നും അവസാനിക്കുന്നില്ല

ഈ സംഭവം ഉണ്ടാകുന്നതിന്ആഴ്ചകൾക്കു മുമ്പ് ഇടമലക്കുടിയിൽ നടന്ന സമാനമായ മറ്റൊരു സംഭവം ജനമനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയിരുന്നു. കന്നിയമ്മ ശ്രീരംഗന്റെ മകൾ വൈദേഹിയുടെ ആൺകുഞ്ഞാണ് അവശ്യസമയത്തു ചികിത്സ കിട്ടാതെ മരിച്ചത്. കുഞ്ഞിന്റെ സ്‌ഥിതി ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതിനിടെ മൂവാറ്റുപുഴയിൽ എത്തിയപ്പോഴേക്കും മരിച്ചു. രണ്ടാമത്തെ കുഞ്ഞിനാണു വൈദേഹി വാലായ്മപ്പുരയിൽ ജന്മം നൽകിയത്. വൈകിട്ടോടെ ഇവർ രക്‌തം വാർന്ന് അവശനിലയിലായി. വിവരമറിഞ്ഞു ദേവികുളം സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.ആർച്ചയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പുലർച്ചെയോടെ ഇടമലക്കുടിയിലേക്കു തിരിച്ചു. ഇതിനിടെ, വൈദേഹിയെ ട്രൈബൽ വാച്ചറും ഇടമലക്കുടി നിവാസികളും ചേർന്നു ഇഡ്ഢിപ്പാറക്കുടിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ പോലീസ് മേധാവി ഇടപെട്ടു ഏർപ്പാടാക്കിയ ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നതിനിടയിലാണ് കുഞ്ഞുമരിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കന്നിയമ്മ ശ്രീരംഗൻ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണെന്നതാണ്. അവരുടെ കുടുംബത്തിന് ഇത്തരം ദുരിതമാണ് നേരിടേണ്ടി വരുന്നതെങ്കിൽ അവരേക്കാൾ സാധാരണക്കാരായ മറ്റുള്ളവരുടെ സ്‌ഥിതി പറയേണ്ടതില്ലല്ലോ.

ചികിത്സയും പരിചരണവും

ഗർഭിണികൾക്കും നവജാതശിശുക്കൾക്കും ആവശ്യമായ അടിയന്തര ചികിത്സയും പരിചരണവും ലഭിക്കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു കാരണം. വൈദേഹിയുടെ കുഞ്ഞ് മരിച്ച സംഭവം പുറത്തറിഞ്ഞതോടെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ തന്നെ ഇടപെട്ടിരുന്നു. ഇടമലക്കുടിയിൽ പ്രാഥമികാരോഗ്യകേന്ദ്രം സ്‌ഥാപിക്കുന്നതിന്റെ സാധ്യതകൾ ആരായുമെന്നാണ് മന്ത്രി പറഞ്ഞത്. സംസ്‌ഥാന ബാലാവകാശ കമ്മീഷനും റിപ്പോർട്ട് തേടി. എന്നാൽ, ആഴ്ചകൾക്കു ശേഷം ഇടമലക്കുടയിൽ സമാനദുരന്തം ആവർത്തിക്കുന്നതിനു കേരളം സാക്ഷ്യംവഹിച്ചു.


2500ലേറെ പേർ പാർക്കുന്ന ഒരു ജനവാസകേന്ദ്രത്തിൽ ഇക്കാലമത്രയും മാറിവന്ന സർക്കാരുകൾക്ക് ആവശ്യമായ ചികിത്സാ സൗകര്യമോ പരിചരണകേന്ദ്രങ്ങളോ ഒരുക്കാൻ കഴിയുന്നില്ല എന്നതാണു ദയനീയം. ഇതിനു നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വനപ്രദേശമാണെന്നതും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും മാത്രമല്ല, ഇടമലക്കുടിയിൽ നിലനിൽക്കുന്ന ചില ആചാരങ്ങളും ഇത്തരം പ്രശ്നങ്ങളിലേക്കു നയിക്കുന്നുണ്ട് എന്നതാണു മന്ത്രി അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ തന്നെ യാത്രാസൗകര്യങ്ങളോ മറ്റു ജീവിതസൗകര്യങ്ങളോ ഇല്ലാത്ത വിദൂരപ്രദേശത്തു താമസിച്ചു ഡ്യൂട്ടി ചെയ്യുന്നതിനു പലരും തയാറാകാത്തതും സൗകര്യങ്ങളൊരുക്കുന്നതിനു വിഘാതമായി നിൽക്കുന്നു.

വിലപ്പെട്ട മണിക്കൂറുകൾ

ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് ഉരുവാകുന്ന നിമിഷം മുതൽ ഒരു സ്ത്രീക്കു പരിചരണവും ശുശ്രൂഷയുമൊക്കെ ആവശ്യമാണ്. ഇത് അവളുടെ സുരക്ഷയ്ക്കും കുഞ്ഞിന്റെ സുരക്ഷയ്ക്കും അത്യാവശ്യമാണ്. എന്നാൽ, ഇടമലക്കുടിയിലെ പ്രത്യേക സാഹചര്യങ്ങൾ പലപ്പോഴും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുന്നുവെന്നതാണു യാഥാർഥ്യം.

വാലായ്മപ്പുരയിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ ശേഷം പ്രശ്നത്തിലാകുമ്പോഴാണു പലപ്പോഴും പുറം ലോകവും ആരോഗ്യപ്രവർത്തകരും അറിയുന്നത്. അറിഞ്ഞാലും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൂലം പിന്നെയും മണിക്കൂറുകൾക്കു ശേഷമേ പ്രാഥമിക പരിചരണമെങ്കിലും നൽകാൻ കഴിയൂ. വിലപ്പെട്ട ഈ മണിക്കൂറുകളാണു പലപ്പോഴും ജീവനെടുക്കുന്നത്. അവശ്യസമയത്തു പുറത്തുനിന്നു സേവനങ്ങളും ശുശ്രൂഷകളും എത്തിക്കുക എന്നതു അപ്രായോഗികമായ കാര്യമാണെന്നു മുൻ അനുഭവങ്ങളെല്ലാം വ്യക്‌തമാക്കുന്നു.

സ്‌ഥിരമായ ആരോഗ്യപരിചരണ സംവിധാനങ്ങൾ ഇടമലക്കുടിയിൽത്തന്നെ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. മുതുവാൻ സമൂഹത്തിന്റെ പൊതുവായ ജീവിതരീതികളെയും സാഹചര്യങ്ങളെയും ഹനിക്കാത്ത രീതിയിൽ ഇതെങ്ങനെ പ്രായോഗികമാക്കാമെന്നതാണു സമൂഹത്തിനു മുന്നിലുള്ള വെല്ലുവിളി.

സർക്കാർ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്യാനാകുമോയെന്നതും ഗൗരവതരമായ ചർച്ചയ്ക്കു വിധേയമാകേണ്ട വിഷയമാണ്. നിസ്വാർഥമായും ത്യാഗസന്നദ്ധതയോടെയും സേവനം ചെയ്യാൻ തയാറുള്ള സന്നദ്ധപ്രവർത്തകരെയോ ജീവകാരുണ്യസംഘടനകളെയോ സർക്കാരിനോടു ചേർന്നു പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താമെന്നതിൽ സംശയമില്ല. അപ്പോഴും ഈ സമൂഹത്തെ ചൂഷണം ചെയ്യാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

ഇടമലക്കുടിയിലെ വാലായ്മപ്പുരയെന്ന സംവിധാനവും ആചാരവുമാണു പലപ്പോഴും സ്ത്രീകളുടെയും നവജാതശിശുക്കളുടെയും ജീവിതത്തിനു ദുരിതങ്ങൾ സമ്മാനിക്കുന്നത്. വാലായ്മപ്പുരകളിലാണ് മിക്കപ്പോഴും വേണ്ടത്ര പരിചരണം ലഭ്യമാകാതെ കുഞ്ഞുങ്ങൾ ജനിച്ചുവീഴുന്നത്. കുഞ്ഞുങ്ങൾക്കു മാത്രമല്ല, ഋതുമതികളായ പെൺകുട്ടികൾക്കൊക്കെയും വാലായ്മപ്പുര ഒരു പേടിസ്വപ്നം തന്നെയാണ്.

(തുടരും)