വാലായ്മപ്പുരയൊരു പേടിസ്വപ്നം!
വാലായ്മപ്പുരയൊരു പേടിസ്വപ്നം!
സ്ത്രീകളുടെയും പ്രത്യേകിച്ചു കൗമാരക്കാരായ പെൺകുട്ടികളുടെയും പേടിസ്വപ്നമാണു വാലായ്മപ്പുരയിലെ വാസം. എന്താണ് വാലായ്മപ്പുര? പണ്ടു കേരളത്തിലെമ്പാടും ചില സമൂഹങ്ങളിൽ നിലനിന്നിരുന്ന ഒരു അനാചാരത്തിന്റെ ഇപ്പോഴുമുള്ള ശേഷിപ്പുകളാണ് ഇടമലക്കുടിയിലേത് അടക്കമുള്ള ചില ആദിവാസിവിഭാഗങ്ങൾക്ക് ഇടയിൽ കാണപ്പെടുന്ന വാലായ്മപ്പുര എന്ന സംവിധാനം.

ആർത്തവം അശുദ്ധിയുടെ പ്രതീകമാണെന്നും അതിനാൽ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ വീടുകളിൽനിന്നു മാറി പ്രത്യേകം താമസിക്കണമെന്നുള്ള നിഷ്ഠ നാട്ടിലെ ചില വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. അതിനായി വീടുകൾക്കു സമീപത്തുതന്നെ പരിമിത സൗകര്യങ്ങളോടുകൂടിയ താമസ സൗകര്യങ്ങൾ ഒരുക്കി നൽകുമായിരുന്നു. ഈ സമയത്ത് ഇവർക്ക് അടുക്കളയിൽ പ്രവേശിക്കാനോ ആരാധനാലയങ്ങൾ സന്ദർശിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഭക്ഷണം എന്തെങ്കിലും താമസസ്‌ഥലത്തേക്ക് എത്തിച്ചു നൽകുന്നതായിരുന്നു പതിവ്. വിദ്യാഭ്യാസവും ജീവിതനിലവാരം ഉയർന്നതോടെ പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. ഇന്നു വീടുകളോടു ചേർന്നു വാലായ്മപ്പുരകൾ കാണാനില്ല. എങ്കിലും ഇക്കാലഘട്ടത്തിലും ഇതിന്റെ സ്വാധീനങ്ങൾ പൂർണമായും സമൂഹത്തിൽനിന്നു മാറിയിട്ടില്ല.

ഇന്നും മാറ്റമില്ലാതെ!

അതേസമയം, ചില ആദിവാസി സമൂഹങ്ങളിൽ ഉൾപ്പെടെ പഴയ ആചാരങ്ങൾ അതേ കാർക്കശ്യത്തോടെ ഇന്നും തുടരുകയാണ്. വാലായ്മപ്പുര സമ്പ്രദായം ഇന്നും പിന്തുടരുന്ന സമൂഹങ്ങളിലൊന്നാണ് ഇടമലക്കുടിയിലെ മുതുവാൻ സമൂഹം. എല്ലാ കുടികളിലുംതന്നെ വാലായ്മപുരകളുണ്ട്. പുരുഷൻമാർക്കു പ്രവേശനം ഇല്ലാത്തവയാണു വാലായ്മപുരകൾ. ആർത്തവകാലത്തു സ്ത്രീകൾ വാലായ്മപുരയിലേക്കു മാറിത്ാമസിക്കണം. യാതൊരുവിധ അടിസ്‌ഥാന സൗകര്യങ്ങളും ഇല്ലാത്തവയാണു മിക്ക വാലായ്മപുരകളും. സൗകര്യങ്ങളും കെട്ടുറപ്പും വൃത്തിയുമില്ലാത്ത, ചോർന്നൊലിക്കുന്ന വാലായ്മപുരകളിൽ ദിവസങ്ങളോളം തങ്ങുകയെന്നതു പെൺകുട്ടികളെ സംബന്ധിച്ചു അതീവദുഷ്കരമായ അനുഭവമാണ്.

ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത ഇവരുടെ ജീവിതക്ലേശം ഇരട്ടിയാക്കുന്നു. ഈ ദിവസങ്ങളിലേക്കുള്ള ഭക്ഷണം ഇവിടെത്തന്നെ തയാറാക്കി കഴിക്കേണ്ടിവരും. ശാരീരികമായും മറ്റും മാനസികമായും പിരിമുറുക്കവും അസ്വസ്‌ഥതയും അനുഭവപ്പെടുന്ന ദിനങ്ങളിൽ കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ട ഈ സാഹചര്യങ്ങൾകൂടിയാവുമ്പോൾ ക്ലേശം ഇരട്ടിയാകും. പിന്നെ ഇവർക്കു മുന്നിലുള്ള മാർഗം എങ്ങനെയും വാലായ്മപ്പുരകളിലെ താമസം ഒഴിവാക്കിയെടുക്കുക എന്നതാണ്. ആർത്തവം ഒഴിവാക്കുകയോ നീട്ടിക്കൊണ്ടുപോവുകയോ ലക്ഷ്യമിട്ടു ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന രീതി അങ്ങനെയാണ് പല ആദിവാസി പെൺകുട്ടികൾക്കിടയിലും കടന്നുകൂടിയത്. ആരോ പഠിപ്പിച്ചുകൊടുത്ത ഈ മാർഗം അങ്ങനെ പലേടത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

രോഗങ്ങൾക്കു വഴി

തത്കാലത്തേക്കു വാലായ്മപ്പുരയിലെ വാസം ഒഴിവാകുമെങ്കിലും ഗുളികളുടെ അശാസ്ത്രീയവും നിരന്തരവുമായ ഉപയോഗം ഇവരുടെ ഭാവി ജീവിതത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു വാതിൽ തുറക്കുകയാണ്. ആർത്തവചക്രത്തെ പിടിച്ചുനിർത്താനായി സ്ട്രിപ്പ് ഗുളികകളാണ് ഇവർ ഉപയോഗിക്കാറുള്ളതെന്ന് ഈ രംഗത്തുപഠനം നടത്തിയിട്ടുള്ള ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആദ്യത്തെ സ്ട്രിപ്പ് ഗുളികകൾ ആർത്തവത്തെ തടഞ്ഞുനിർത്താനും ശേഷമുള്ള സ്ട്രിപ്പ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മറ്റ് അസ്വസ്‌ഥതകളും ഒഴിവാക്കുന്നതിനുമാണ്. എന്നാൽ, മിക്കവരും ആർത്തവം ഒഴിവാക്കാനുള്ള ഗുളികൾ കഴിക്കുകയും രണ്ടാമത്തെ ഗുളികകൾ അവഗണിക്കുകയുമാണു പതിവ്. തുടർന്ന് ഇവർ അടുത്ത മാസം വീണ്ടും ആർത്തവം ഒഴിവാക്കാൻ ഗുളികകൾ ആവർത്തിക്കുന്നു.


സ്‌ഥിരമായ ആവർത്തവവിരാമം ലക്ഷ്യമിട്ടുള്ള ഇത്തരം കുറുക്കുവഴികളുടെ ഗൗരവവും പ്രത്യഘാതവും പല സ്ത്രീകളും തിരിച്ചറിയുന്നില്ല. കൗമാരക്കാരികൾ മുതൽ ഇത്തരം പ്രവണതകളുടെ ഇരകളായി മാറുന്നുവെന്നതാണ് മറ്റൊരു ദുര്യോഗം. ഇത്തരം ഗുളികളുടെ ഉപയോഗം ബ്ലീഡിംഗ് മുതൽ വന്ധ്യത വരെയുള്ള പ്രശ്നങ്ങളാണു സ്ത്രീകൾക്കു സമ്മാനിക്കുന്നത്.

എണ്ണം കുറയുമ്പോൾ

ഇടമലക്കുടിയിൽത്തന്നെ മക്കളില്ലാത്ത ദമ്പതികൾ നിരവധിയാണ്. പത്തു വർഷത്തിലേറെയായിട്ടും കുട്ടികൾ ഉണ്ടാകാത്ത ദമ്പതികളുള്ള നൂറോളം കുടുംബങ്ങൾ ഇടമലക്കുടി മേഖലയിൽ ഉണ്ടെന്നു സന്നദ്ധപ്രവർത്തകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 2006ൽ ആരോഗ്യവകുപ്പ് ഇടമലക്കുടി മേഖലയിൽ ഈ വിഷയത്തെക്കുറിച്ചു പഠനം നടത്തി. കണക്കെടുപ്പിൽ 2810 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ. എന്നാൽ, രണ്ടു വർഷങ്ങൾക്കു മുമ്പ് വീണ്ടും നടത്തിയ പഠനം ഞെട്ടിക്കുന്ന കണക്കുകളാണ് സമൂഹത്തിനു മുന്നിലേക്കു വെളിപ്പെടുത്തുന്നത്. 1816 പേർ മാത്രമാണ് അതുപ്രകാരമുള്ളത്. അതായത് ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യ കൂടിയില്ലെന്നു മാത്രമല്ല, ആയിരം പേരോളം കുറഞ്ഞു. ഇതേത്തുടർന്ന് ഈ മേഖലയിൽ ഗർഭനിരോധന ഗുളികൾ നിർലോഭം വിറ്റഴിക്കുന്നതു ആരോഗ്യവകുപ്പ് തടഞ്ഞിരുന്നെങ്കിലും അതു പൂർണമായും ഫലപ്രദമായിട്ടില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബോധവത്കരണം മതിയോ?

കൗമാരക്കാരായ പെൺകുട്ടികൾ അടക്കമുള്ളവർക്കു ശരിയായ ബോധവത്കരണവും മാർഗനിർദേശവും നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. ഇത്തരം ശീലങ്ങൾ ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചു ദൃശ്യ–ശ്രാവ്യ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ബോധവത്കരണം നൽകണം. അതോടൊപ്പം ഇടമലക്കുടിപോലുള്ള പ്രദേശങ്ങളിലേക്ക് ഇത്തരം മരുന്നുകൾ കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും കർശനമായ നിയന്ത്രണം കൊണ്ടുവരേണ്ടതും അടിയന്തര ആവശ്യമാണ്.

എന്നാൽ, ബോധവത്കരണം സ്ത്രീകൾക്കിടയിൽ മാത്രം നടത്തിയതുകൊണ്ട് ഈ പ്രശ്നത്തിന് അടിസ്‌ഥാനപരമായ മാറ്റം ഉണ്ടാകുമെന്നു കരുതാൻ വയ്യ. കാരണം, വാലായ്മപ്പുര എന്ന സംവിധാനം ഒഴിവായെങ്കിൽ മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാകൂ. വാലായ്മപ്പുര പോലെയുള്ള സംവിധാനങ്ങൾ ഇവരുടെ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ ബോധവത്കരണംതന്നെ ശ്രമകരമായ ദൗത്യമാണ്.

പുതുതലമുറയ്ക്കെങ്കിലും വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണം. ഇത്തരം അനാചാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊടുക്കണം. ഇക്കാര്യങ്ങളിൽ ബോധവത്കരണം നൽകാൻ അവരുടെ ഇടയിൽനിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്കു പരിശീലനം നൽകുന്നതായിരിക്കും ഉചിതം. തങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ചു ബോധ്യമുള്ളവർ നൽകുന്ന മാർഗനിർദേശങ്ങൾ ഒരുപക്ഷേ ഇവർക്കു കൂടുതൽ സ്വീകാര്യമായി തീർന്നേക്കാം.

എന്നാൽ, ഇടമലക്കുടിയിലെ കുട്ടികൾക്കു വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ സമൂഹം കുറ്റബോധത്തോടെ മുഖംതാഴ്ത്തി നിൽക്കേണ്ടി വരും.

(തുടരും)